2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?

നാം എല്ലാവരും തന്നെ പല പല വിശ്വാസങ്ങളുടെയയും ആചാരങ്ങളുടെയും മുറ്റത്ത് ജനിച്ചവരാണ്. ബഹുഭൂരിപക്ഷം ആളുകളും ജനിച്ചമുറ്റത്ത് തന്നെ, കൂടുതലൊന്നും ചിന്തിക്കാതെ, നിലയുറപ്പിക്കുന്നു. എന്നാല്‍ ചിലര്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളെ കുറിച്ച് പഠിക്കുകയും, യുക്തിപരമായും ശാസ്ത്രീയമായും അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ശേഷം മനസ്സിന് യുക്തി സഹമല്ല എന്ന് ബോധ്യപെട്ടാല്‍ തന്റെ പാരമ്പര്യ വിശ്വാസം ത്യജിക്കാന്‍ അയാള്‍ തയ്യാറാകുന്നു. അവര്‍ വീണ്ടും അന്വേഷണം തുടരുന്നു. എന്താണ് തന്റെ ബുദ്ധിക്കും യുക്തിക്കും ഏറ്റവും അനുയോജ്യമായത് എന്ന അന്വേഷണം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

ആദ്യം പറഞ്ഞ വിഭാഗത്തെ കുറിച്ച് നമുക്കല്‍പം ചിന്തിക്കാം. ഇത്തരക്കാര്‍ പൂര്‍വികര്‍ ചെയ്തത് അനുകരിക്കുകയല്ലാതെ അതിന്റെ പിന്നിലെ യുക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ ഒന്നും ചിന്തിക്കുകയേ ഇല്ല. നിങ്ങള്‍ എന്ത് കൊണ്ട് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ പൂര്‍വ്വികരെല്ലാം ചെയ്തത് ഞങ്ങളും ചെയ്യുന്ന് എന്ന് മാത്രമാണ് അവരുടെ ഉത്തരം. യാതൊരു ന്യായവുമില്ലാതെ അന്ധമായി പിന്തുടരുന്നതിനെ ‘അന്ധവിശ്വാസം‘ എന്നാണ് നാം സാധാരണ വിളിക്കാറുള്ളത്.

ഇത്തരക്കാര്‍ പൊതുവെ മറ്റൊന്നിനെകുറിച്ചും പഠിക്കാന്‍ തയ്യാറാവില്ല. ഇതില്‍ തന്നെ പല തരത്തിലുള്ള ആളുകളുണ്ട്. മറ്റു വിശ്വസങ്ങളോടും, വിശ്വാസികളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ അതിലൊന്നാണ്. ഏത് വിശ്വാസമായാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം. തന്റെ വിശ്വാസമാണ് ഏറ്റവും ശരി എന്നാല്‍ അപരനും ഇത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന് കരുതുന്നു വേറൊരു വിഭാഗം. ഇതില്‍ ആദ്യത്തെ വിഭാഗക്കാര്‍ വളരെ ന്യൂനപക്ഷമാണെങ്കിലും സമൂഹത്തിലെ ഏറ്റവും അപകടകാരികളാണ് ഇവര്‍. മറ്റുള്ളവര്‍ അവരുടെ വിശ്വാസങ്ങളുമായി ജീവിച്ച് പോകുന്നു എന്നല്ലാതെ ഇതര വിശ്വാസങ്ങളോട് അസഹിഷ്ണുത കാണിക്കാറില്ല.

ജനിച്ച മതത്തില്‍ തന്നെ നിലയിറപ്പിക്കണമെന്ന അഭിപ്രായമൊന്നും എനിക്കില്ല. അങ്ങിനെയുള്ള യാതൊരു നിയന്ത്രണവും എന്റെമേല്‍ ഇത് വരെ ആരും അടിച്ചേല്പിച്ചിട്ടുമില്ല. എന്നാല്‍ ഞാന്‍ ആദ്യം പഠിക്കാന്‍ ശ്രമിച്ചത് ജനിച്ച് വളര്‍ന്ന വിശ്വാസത്തെ കുറിച്ച് തന്നെയാണ്. അത് പോലെ മറ്റു വിശ്വാസങ്ങളെ കുറിച്ചും പഠിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമായി ആളുകളുമായി സംവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം പങ്ക് കൊള്ളുന്നു. എന്നാല്‍ എന്റെ യുക്തിക്ക് നിരക്കുന്നതല്ലാ എന്ന് കരുതി മറ്റെല്ലാ വിശ്വാസങ്ങളെയും ഇകഴ്ത്താനോ പരിഹസിക്കാനോ ഒരിക്കലും ശ്രമിക്കാറുമില്ല. നിലവിലുള്ള എന്റെ വിശ്വാസം അത്തരം കാര്യങ്ങളെ കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. എന്റ് അഭിപ്രയത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും എന്ത് വിശ്വാസമാണോ പാരമ്പര്യമായി കിട്ടിയത് അതിനെകുറിച്ച് അടിസ്ഥാനപരമായും യുക്തിസഹമായും ചരിത്രപരമായും പഠിക്കേണ്ടതുണ്ട് എന്നാണ്. നാം ഈ വിശ്വസിച്ചു കൂട്ടുന്നതിലെല്ലാം വല്ല ശരിയുമുണ്ടോ? അത് കൊണ്ട് തനിക്കോ താ‍ന്‍ ജീവിക്കുന്ന സമൂഹത്തിനോ വല്ല പ്രയോജനവുമുണ്ടോ? എന്നെല്ലാം നാം ചിന്തിക്കേണ്ടതുണ്ട്. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്തതാണെങ്കില്‍ വെറുതെ അതിന് പിന്നില്‍ സമയം ചിലവഴിച്ചത് കൊണ്ട് എന്ത് കാര്യം!

എന്നാല്‍ ചിലയാളുകളെങ്കിലും തങ്ങളുടെ വിശ്വാസത്തെകുറിച്ച്തന്നെ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അങ്ങിനെ അതില്‍ നിന്നവര്‍ പുറത്ത് കടക്കുകയും പിന്നീട് അവര്‍ എന്താണ് തെറ്റായി മനസ്സിലാക്കിയത് അത് തന്നെ മറ്റുള്ളവരെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സത്യ സന്ധമായ ഒരന്വേഷണം ഇത്തരക്കാര്‍ നടത്താറുണ്ടെന്നു തോന്നുന്നില്ല. യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാതെ/ മനപൂര്‍വ്വമായോ അല്ലാതെയോ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഉദ്ദേശിച്ച് കൊണ്ട് മാത്രമുള്ള പ്രചാരണമായിരിക്കും പിന്നീട് നടത്തുന്നത്. മേലെ ഒന്നാമത് സൂച്പിപ്പിച്ച വിഭാഗത്തിലെ, മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരെ ഇത്തരക്കാര്‍ അറിഞ്ഞോ അറിയാതെ സഹായിക്കുന്നു. അല്ലെങ്കില്‍ ഇത്തരക്കാരോട് സമാനമാണ് ഇവരുടെ അവസ്ഥ.

ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍. ഇസ് ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതിനും, ആരോപണങ്ങള്‍ക്ക് ശരിയായ രീതിയില്‍ മറുപടി പറയുന്നതിനുമായി അഞ്ച് പുതിയ ബ്ലോഗുകള്‍ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ശൈലികൊണ്ടും ഭാക്ഷകൊണ്ടും വളരെ നല്ല നിലവാരം പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗുകള്‍. ജബ്ബാര്‍ മാഷുടെ ആരോപണങ്ങളിലെ വസ്തുകകളെ അംഗീകരിച്ച് കൊണ്ടും , ചരിത്രത്തിന്റെയും, ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍, യുക്തിപരമായി ആരോപണങ്ങളുടെ പൊള്ളത്തരം ബോധ്യപെടുത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ

യുക്തിവാദികളും വിശ്വാസികളും
ലോകാനുഗ്രഹി
ഖുര്‍ആന്‍ വെളിച്ചം
ഇസ്ലാമും രാഷ്ട്രീയവും
ജമാഅത്തെ ഇസ്ലാമി