2011, ഡിസംബർ 4, ഞായറാഴ്‌ച

റാശിദ് ഗനൂശി ജീവിതം കാലം

റാശിദ് ഗനൂശി ജീവിതം കാലം
കെ. അശ്‌റഫ്


ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദ തുനീഷ്യയില്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. റാശിദ് ഗനൂശിയെന്ന ഇസ്‌ലാമിക ദാര്‍ശനികനാണ് പ്രസ്ഥാനത്തിന്റെ ബൗദ്ധിക കരുത്ത്. അദ്ദേഹത്തിന്റെ പ്രായോഗിക സമീപനങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മറ്റു സംഘടനകളെ മുന്‍കടക്കാന്‍ അതിനെ പ്രാപ്തമാക്കിയത്. ഈ ഘട്ടത്തിലാണ് 2001-ല്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച, ഇസ്‌ലാമിക പ്രവണതകളെക്കുറിച്ചുള്ള പഠനത്തില്‍ ഏറെ മുന്നോട്ടുപോയ അസ്സാം തമീമിയുടെ പുസ്തകത്തിന്റെ പരിചയം പ്രസക്തമാവുന്നത്. പുസ്തകത്തിന്റെ പേര് റാശിദ് ഗനൂശി: എ ഡമോക്രാറ്റ് വിതിന്‍ ഇസ്‌ലാമിസം (റാശിദ് ഗനൂശി: ഇസ്‌ലാമിസത്തിനകത്തെ ജനാധിപത്യ വാദി). രണ്ടു തലമാണ് പുസ്തകത്തിനുള്ളത്. ഒന്ന്, ഗനൂശിയുടെ വ്യക്തി ചിത്രം. രണ്ട്, ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രം. ഗനൂശിയുടെ വ്യക്തിജീവിതവും ആക്ടിവിസവും ബൗദ്ധികജീവിതവും കൂടിക്കലര്‍ന്നാണുള്ളത്. മൗലാനാ മൗദൂദി, സയ്യിദ് ഖുത്വ്ബ് എന്നിവരെപ്പോലെ വിശദമായ ബൗദ്ധിക ചര്‍ച്ചകളോ തര്‍ക്ക-വിതര്‍ക്കങ്ങളോ ഗനൂശി ഉന്നയിക്കുന്നില്ല. വളരെ വ്യക്തതയോടെ മാത്രമേ ഗനൂശി എന്തിനെക്കുറിച്ചും സംസാരിക്കൂ. ഒന്നിനെയും പൂര്‍ണമായി തള്ളിക്കളയാനോ സ്വീകരിക്കാനോ ഗനൂശി തയാറാവുന്നില്ല. അതുകൊണ്ടുതന്നെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ചിന്ത ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്തതിനു ശേഷം നടന്നിട്ടുള്ള എല്ലാ ചര്‍ച്ചകളും ഗനൂശി പരിഗണിക്കുന്നു. അപ്പോള്‍ തന്നെ ഒരു നിശ്ചിതത്വവും (specifity) ആപേക്ഷികതയും(relativity) ഗനൂശി കാത്തുസൂക്ഷിക്കുന്നു.

ഉദാഹരണത്തിന്, ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അടിസ്ഥാനപരമായ ഒരു കാഴ്ചപ്പാടാണല്ലോ ഹാകിമിയ്യത്ത്. ലിബറല്‍ ജനാധിപത്യത്തെ സംബന്ധിച്ചേടത്തോളം ജനങ്ങളുടെ പരമാധികാരം എന്നത് ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്നതാണ്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക ചിന്തകര്‍ ദൈവിക പരമാധികാരത്തെ തള്ളിക്കളയുന്ന ലിബറല്‍ ജനാധിപത്യത്തെ തള്ളിക്കളയുന്നു. എന്നാല്‍ ജനങ്ങള്‍ ആധുനിക ദേശരാഷ്ട്രത്തിനകത്ത് ദൈവിക പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു കക്ഷിയെ തെരഞ്ഞെടുക്കുമ്പോള്‍ ഹാകിമിയ്യത്ത് അവിടെ സ്വയമവതരിക്കുന്നില്ല. മറിച്ച് ഒരു പ്രത്യേക തരത്തിലുള്ള മനുഷ്യ ഇടപെടല്‍ ആവശ്യമായി വരും. ഈ പ്രക്രിയയെ ഇജ്തിഹാദായാണ് ഗനൂശി കാണുന്നത്. മനുഷ്യ ഇടപെടലിലൂടെ സാക്ഷാല്‍ക്കരിക്കേണ്ട ഒന്ന്. എന്താണ് ഈ വിശദീകരണത്തിന് ചരിത്രപരമായ പ്രസക്തി? ഇസ്‌ലാം അല്ലാത്തതിനെയെല്ലാം നിരാകരിക്കുന്നു എന്ന് പറയുന്ന ഉട്ടോപ്യന്‍ വീക്ഷണത്തെ ഇന്നത്തെ ദേശരാഷ്ട്രവും ഭരണകൂടവും ഉള്‍പ്പെട്ട ഘടനകളുടെ വെളിച്ചത്തില്‍ കാണാനുള്ള ശ്രമം. ഇതിലൂടെ പ്രസ്തുത ആശയത്തിന്റെ സാക്ഷാത്കാരത്തിനു മുമ്പിലെ പ്രതിബന്ധങ്ങളെ കൂടി കണ്ടുകൊണ്ടുള്ള സമീപനം. ഈ സംജ്ഞയെ ചരിത്രപരമായി വ്യാഖ്യാനിക്കാന്‍ മൗദൂദിക്കും ഖുത്വ്ബിനും സാധിച്ചില്ലെന്നാണ് ഗനൂശിയുടെ ഒരു പ്രധാന വിമര്‍ശം. ഇതാണ് ഗനൂശിയുടെ ഇടപെടല്‍ രീതി. ഒരേസമയം ഹാകിമിയ്യത്തിന്റെ സാധ്യതയും പ്രതിബന്ധവും കാണാനുള്ള കരുത്ത് ഗനൂശി പ്രകടിപ്പിക്കുന്നു.

ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ സൂക്ഷ്മമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്. മതേതരത്വം, പൗരസമൂഹം, ജനാധിപത്യം, സ്റ്റേറ്റ് ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഗനൂശി നടത്തുന്നുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവെ കണ്ടുവരാറുള്ള ധാരണകളെ കശക്കിയെറിയാന്‍ ഗനൂശി തയാറാവുന്നു. എന്നാല്‍, ഇസ്‌ലാം/ പടിഞ്ഞാറ്, ആധുനികത/ ഇസ്‌ലാം തുടങ്ങിയ ദ്വന്ദ്വങ്ങളെ സവിശേഷമായി പഠിക്കുകയും തന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കുകയും ചെയ്യുന്നു. പലപ്പോഴും ആപേക്ഷികമായ തള്ളിക്കളയലും (relative rejectioni-sm) വസ്തുനിഷ്ഠ വിമര്‍ശനവും (objective interaction) തന്നെയാണ് ഗനൂശിയുടെ ശൈലി എന്നാണ് അസ്സാം തമീമി വിശദീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ ബൗദ്ധിക ജീവചരിത്രമെന്നത് (ജനാധിപത്യം, മതേതരത്വം, പൗരസമൂഹം ഇവയെക്കുറിച്ച് ആത്മ വിമര്‍ശനപരമായ സമീപനങ്ങള്‍) ധാരാളം വിശദീകരണമാവശ്യപ്പെടുന്നതിനാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. മറിച്ച് റാശിദ് ഗനൂശിയുടെ ജീവിതവും കാലവും എങ്ങനെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ രൂപവത്കരിച്ചതെന്ന് ലഘുവായി പരിചയപ്പെടുത്താന്‍ ശ്രമിക്കാം.

1941-ല്‍ ജനിച്ച റാശിദ് ഗനൂശി തെക്കു കിഴക്കന്‍ തുനീഷ്യയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് തന്റെ ബാല്യവും കൗമാരത്തിന്റെ ആദ്യ കാലവും പിന്നിട്ടത്. ഗ്രാമത്തിലെ പാരമ്പര്യ മതപഠന രീതിയില്‍ വളര്‍ന്ന ഗനൂശി കൊളോണിയല്‍ വിരുദ്ധനും അതിന്റെ ഫലമായി ഒരു നാസറിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്റെ സ്വാധീന ഫലമായിരുന്നു ഇത്. പതിനൊന്നാം വയസ്സില്‍ തുനീഷ്യയില്‍ നടന്ന ഫ്രഞ്ച് അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പിന് ഗനൂശി സാക്ഷിയായിരുന്നു. എന്നാല്‍ ഗനൂശിയുടെ വായനയും ചിന്തകളും വികസിക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി കിട്ടിയ മതപരമായ വിജ്ഞാനം വെല്ലുവിളിക്കപ്പെട്ടു. വീടിനടുത്തുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ടോള്‍സ്റ്റോയ്, ദസ്തയോവ്‌സ്‌കി തുടങ്ങിയവരെ വായിച്ചുതുടങ്ങിയപ്പോള്‍ തന്റെ ഹൃദയം കിഴക്കും പടിഞ്ഞാറുമായി വലിച്ചു കീറപ്പെട്ടുവെന്ന് ഗനൂശി വിശദീകരിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ഏണസ്റ്റ് ഹെമിംഗ്‌വേ, മാക്‌സിം ഗോര്‍ക്കി, ബര്‍ണാഡ് ഷാ തുടങ്ങിയവരെയും പതിനെട്ടു വയസ്സാവുമ്പോഴേക്കും ഗനൂശി പരിചയപ്പെട്ടിരുന്നു. ഇതോടു കൂടി പാരമ്പര്യ മതബോധം ഒലിച്ചുപോകാന്‍ തുടങ്ങി. മതാനുഷ്ഠാനങ്ങളൊക്കെ വലിയ ബാധ്യതയായി തോന്നിത്തുടങ്ങി. കാരണം, ഇസ്‌ലാമിന്റെ ലോകബോധം ഗനൂശിക്കന്യമായിരുന്നു.

1959-ല്‍ പതിനെട്ടാം വയസ്സില്‍ നഗരത്തിലെ അസ്സയ്തൂന എന്ന മതകലാലയത്തില്‍ ചേര്‍ന്നു. 1959-1962 വരെയാണ് ഗനൂശി അവിടെ പഠിച്ചത്. അക്കാലത്ത് ഫ്രഞ്ച് കൊളോണിയല്‍ സ്വാധീനം നഗരങ്ങളില്‍ വ്യാപകമായിരുന്നു. അന്നത്തെ തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബൂറഖീബ പാശ്ചാത്യവത്കരണത്തെ നന്നായി പിന്തുണച്ചിരുന്നു. അധികാരമുപയോഗിച്ച് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിച്ചതിനാല്‍ പള്ളികളിലൊന്നും വിദ്യാര്‍ഥികളും ചെറുപ്പക്കാരും പോകാറുണ്ടായിരുന്നില്ല. ഔഖാഫ് ദേശസാല്‍ക്കരിക്കുകയും റമദാന്‍ മാസങ്ങളില്‍ ഗവണ്‍മെന്റ് ജോലികള്‍ക്ക് പോകുന്നവരോട് നോമ്പ് മുറിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള അന്തരീക്ഷത്തില്‍ മതപഠനം ജോലി നേടാനും നഗര പരിചയത്തിനുമുള്ള വഴി മാത്രമായിരുന്നു. നഗര ജീവിതമാകട്ടെ മതബോധം ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗവും.

തന്റെ പഠനത്തിന്റെ അവസാന ഘട്ടത്തില്‍ തത്ത്വചിന്തയില്‍ ആകൃഷ്ടനായ ഗനൂശി തന്റെ മതാധ്യാപകരെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കി. താന്‍ യുക്തിവാദ ചിന്തയിലൂടെയും ദൈവനിരാസത്തിലൂടെയും കടന്നുപോവുകയാണെന്ന് ഇക്കാലത്ത് ഗനൂശിക്ക് തോന്നിയിരുന്നു. ഇസ്‌ലാമെന്നത് ഗനൂശിയെ സംബന്ധിച്ചേടത്തോളം ഒരു ചരിത്ര മ്യൂസിയമായിരുന്നു. അധ്യാപകര്‍ ആ മ്യൂസിയത്തെ ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് ഗൈഡുകളും. 1959-1962-ലെ അള്‍ജീരിയന്‍ വിപ്ലവം പുതിയൊരു ആവേശമാണ് ഗനൂശിയില്‍ ഉണ്ടാക്കിയത്. ജമാല്‍ അബ്ദുന്നാസിറിന് പുറമെ ആദ്യത്തെ അള്‍ജീരിയന്‍ പ്രസിഡന്റായ ബെന്‍ബെല്ലയും ഗനൂശിയുടെ ആരാധനാപാത്രമായി. അറബിസത്തിന്റെ വസന്തകാലമായിരുന്നു അത്. ഞങ്ങള്‍ അറബികള്‍ എന്ന് ജനം ആര്‍ത്തു വിളിച്ച സന്ദര്‍ഭം.

ഗനൂശി തുനീഷ്യന്‍ തെരുവുകളില്‍ പ്രകടനം നടത്തിയിരുന്നു. ഫ്രാന്‍സിനെതിരായ യുദ്ധത്തില്‍ പരിക്ക് പറ്റിയ ഒരു അള്‍ജീരിയന്‍ മുജാഹിദിന് സ്വന്തം മുറിയില്‍ വിശ്രമിക്കാന്‍ അവസരം നല്‍കി ഗനൂശി അറബിസത്തെ നെഞ്ചേറ്റി. അങ്ങനെയാണ് അറബിസത്തിന്റെ നടുമുറ്റമായ ഈജിപ്തിലേക്ക് ഗനൂശി പോകുന്നത്. 1964-ല്‍ കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് അഗ്രികള്‍ച്ചറില്‍ ഗനൂശി ചേര്‍ന്നു. എന്നാല്‍ മഗ്‌രിബില്‍ നിന്ന് മശ്‌രിഖിലെത്തിയ ഗനൂശി നാസറും ബൂറഖീബയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതനായി. ഇതോടെ അറബിസം എന്നത് മറ്റൊരു മര്‍ദക വ്യവസ്ഥയാണെന്ന് ഗനൂശി തിരിച്ചറിഞ്ഞു. മാത്രമല്ല, നാസറിന്റെ ജനപ്രിയ സ്റ്റണ്ടുകളുടെ കാപട്യവും നേരിട്ടറിഞ്ഞു. തന്നെയും സഹവിദ്യാര്‍ഥികളെയും ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കുമെന്നറിഞ്ഞതോടെ കേട്ടറിഞ്ഞു മാത്രം പരിചയമുള്ള 'അല്‍ബേനിയ'യിലേക്ക് രക്ഷപ്പെടാന്‍ വിമാന ടിക്കറ്റെടുത്തു. അല്‍ബേനിയയിലെ ചുകപ്പന്‍ ഭരണകൂടം നാസറിന്റെ മാസ്റ്റര്‍ ബ്രെയ്‌നാണെന്ന വിവരം കിട്ടിയതോടെ ഗനൂശി സിറിയയിലേക്ക് രക്ഷപ്പെട്ടു. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍ തത്ത്വചിന്ത പഠിക്കാന്‍ അവസരം ലഭിച്ചു. ആ യൂനിവേഴ്‌സിറ്റി അന്നത്തെ എല്ലാ സാമൂഹിക വൈരുധ്യങ്ങളെയും പ്രതിഫലിപ്പിച്ചിരുന്നു. ഈ നാലു വര്‍ഷത്തിനിടക്കാണ് നാസറിസ്റ്റുകളെയും ബഅ്‌സിസ്റ്റുകളെയും സെക്യുലരിസ്റ്റുകളെയും ഇസ്‌ലാമിസ്റ്റുകളെയും സലഫികളെയും സൂഫികളെയും ഇഖ്‌വാനികളെയും ഹിസ്ബുല്‍ തഹ്‌രീറുകാരെയും ഗനൂശി കണ്ടുമുട്ടുന്നത്. അക്കാലത്തെ ഇസ്രയേല്‍വിരുദ്ധ റാലികളില്‍ ഒരു നാഷനലിസ്റ്റ് എന്ന നിലയിലാണ് ഗനൂശി പങ്കെടുത്തത്. എന്നാല്‍, ഈ നാഷനലിസ്റ്റ് ചായ്‌വ് അവസാനിച്ചത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്, തത്ത്വചിന്താ പഠനം. രണ്ട്, 1965-ല്‍ നടത്തിയ യൂറോപ്യന്‍ യാത്ര.

നാഷനലിസത്തോടുള്ള താല്‍പര്യം ക്ഷയിക്കുന്നതോടു കൂടി ഇസ്‌ലാമിസ്റ്റുകളുടെ പരിപാടികളിലും ഒന്നു പോയി നോക്കാമെന്നായി. നാല് പ്രധാന വിഭാഗങ്ങളെ അവിടെ കണ്ടുമുട്ടുന്നു.

1. ഇഖ്‌വാനികള്‍ (ഇഖ്‌വാനിയും സിറിയന്‍ പണ്ഡിതനുമായ മുസ്ത്വഫസ്സിബാഇ, ഗനൂശി ദമസ്‌കസില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു).

2. നാസിറുദ്ദീന്‍ അല്‍ബാനിയുടെ പ്രഭാഷണം.

3. ഹിസ്ബുതഹ്‌രീര്‍

4. അദീബ് സ്വാലിഹ്, ശൈഖ് അല്‍ ബൂത്വി, ജൗദത് സഈദ് എന്നീ ബുദ്ധിജീവികള്‍.

എന്നാല്‍, സിറിയന്‍ പ്രവാസകാലത്ത് ഒരു പാര്‍ട്ടിയിലും ചേരുന്നില്ല. മുഹമ്മദ് ഇഖ്ബാല്‍, അബുല്‍ അഅ്‌ലാ മൗദൂദി, മുഹമ്മദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, മുസ്ത്വഫസ്സിബാഇ, മാലിക് ബിന്നബി, അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയവരെ വായിക്കാനാരംഭിക്കുകയും ചെയ്തു. മാത്രമല്ല, ഇസ്‌ലാമിസ്റ്റുകള്‍ കമ്യൂണിസത്തെയും നാഷനലിസത്തെയും എതിര്‍ക്കാന്‍ കൂട്ടുപിടിച്ചിരുന്ന പാശ്ചാത്യ ബുദ്ധിജീവികളായ ആര്‍നള്‍ഡ് ടോയന്‍ബി, അലക്‌സിസ് കാറല്‍, ആര്‍തര്‍ കെസ്‌ലര്‍ ഇവരെയും പുസ്തകങ്ങളിലൂടെ പരിചയപ്പെട്ടു.

1965-ലെ യൂറോപ്യന്‍ യാത്ര ഗനൂശിയുടെ ചിന്തകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. ജര്‍മനിയില്‍ ടാക്‌സി ഡ്രൈവറായും ഫ്രാന്‍സില്‍ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരനായും ബെല്‍ജിയത്തില്‍ റെസ്റ്റോറന്റുകളില്‍ പാത്രം കഴുകിയും ഹോളണ്ടില്‍ മരപ്പണി ചെയ്തും ഗനൂശി ഉപജീവനമാര്‍ഗം കണ്ടെത്തി. തിരിച്ചുവന്ന ഉടനെ ഹദീസ്, ഖുര്‍ആന്‍, തഫ്‌സീര്‍ ഇവയിലൂടെയുള്ള വായന ആരംഭിച്ചു. ഇഖ്‌വാനികള്‍ വീണ്ടും വീണ്ടും ക്ഷണിച്ചെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല. എന്നാല്‍ നാസിറുദ്ദീന്‍ അല്‍ബാനിയുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും സലഫിസത്തോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തു.

ഇങ്ങനെയുള്ള ഒരു ബൗദ്ധിക യാത്രയുടെ ഭാഗമായാണ് 1968-ല്‍ ഗനൂശി ഫ്രാന്‍സിലേക്ക് പോവുന്നത്. സോര്‍ബോണില്‍ ഗവേഷകനായി (തത്ത്വചിന്ത) ചേര്‍ന്നു. 1968-ലെ പാരിസ് വിദ്യാര്‍ഥി കലാപത്തിന് തൊട്ടുടനെയുള്ള മാസങ്ങളിലാണ് ഗനൂശി അവിടെയെത്തുന്നത്. അവിടെ വെച്ച് തുനീഷ്യന്‍ വിദ്യാര്‍ഥികളെ പരിചയപ്പെട്ടു. അവര്‍ പ്രധാനമായും രണ്ട് ക്യാമ്പുകളിലാണ് ഉണ്ടായിരുന്നത്. ഒരു കൂട്ടര്‍ നാഷ്‌നലിസ്റ്റുകളും മറ്റൊരു കൂട്ടര്‍ മാര്‍ക്‌സിസ്റ്റുകളുമായിരുന്നു. ഇവരുമായി ഒത്തുപോകാനാവാതെ ഗനൂശി തുനീഷ്യക്കാരായ ഒരു സംഘം തബ്‌ലീഗുകാര്‍ക്കൊപ്പം പോകുന്നു. മാത്രമല്ല, പാരീസിലെ ഭൗതികതയുടെ അതിപ്രസരം മറികടക്കുന്നതിന് ഒരു കാത്തലിക് ചര്‍ച്ചില്‍ സ്ഥിരമായി പോകാനും തുടങ്ങി. അക്കാലത്തെ ഫ്രാന്‍സില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന മെഹ്ദി ബസര്‍ഗനെ പോലുള്ള ആധുനിക ഇറാനിയന്‍ ബുദ്ധിജീവികളെയും ഇക്കാലത്ത് ഗനൂശി കാണുന്നുണ്ട്. ഇറാനിയന്‍ വിദ്യാര്‍ഥികളിലൂടെ ശീഈ അവാന്തര വിഭാഗങ്ങളിലേക്കും ഗനൂശി ആകൃഷ്ടനാകുന്നുണ്ട്. ഇവരൊക്കെ ചേര്‍ന്ന് ഫ്രഞ്ചുകാരനും ഇന്ത്യന്‍ വംശജനുമായ ഡോ. മുഹമ്മദ് ഹമീദുല്ലയുടെ കീഴില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു.

നീണ്ട താടിയും പാകിസ്താനി തൊപ്പിയും ധരിച്ച് പാരീസിലെ തെരുവുകളില്‍ ദഅ്‌വത്തും തബ്‌ലീഗുമായി നടന്ന ഗനൂശിയുടെ ഭാവമാറ്റം കുടുംബത്തിനകത്ത് അത്ഭുതവും ആകാംക്ഷയുമുണ്ടാക്കി. ഒരു തനി ഭൗതികവാദിയായി തിരിച്ചുവരുമെന്നു കരുതിയയാള്‍ എല്ലാ കണക്കുകൂട്ടലുകളെയും തിരുത്തി ഇവിടെയിതാ അലഞ്ഞു നടക്കുന്നു. അപ്പോഴാണ് സഹോദരന്‍ മുഖ്താര്‍, ഉമ്മക്ക് അസുഖമാണെന്ന് പറഞ്ഞ് ഗനൂശിയെ തുനീഷ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ പാരീസിലെത്തുന്നത്. ഇസ്‌ലാമില്ലാത്ത തുനീഷ്യയിലേക്ക് താനില്ലെന്നായിരുന്നു ഗനൂശിയുടെ ആദ്യ പ്രതികരണം. മാത്രമല്ല, തബ്‌ലീഗ് പ്രവര്‍ത്തകനായി പാകിസ്താനിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു അദ്ദേഹം. ഒടുവില്‍ സഹോദരനോടൊത്ത് വീട്ടില്‍ പോയി ഉമ്മയെ കാണാന്‍ തീരുമാനിക്കുന്നു. സ്‌പെയിനിലൂടെയായിരുന്നു യാത്ര. തകര്‍ക്കപ്പെട്ട കൊര്‍ദോവയിലെത്തിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നഷ്ടബോധം ഗനൂശിയെ അലട്ടാന്‍ തുടങ്ങി. കൊര്‍ദോവയിലെ ഗ്രാന്റ് മസ്ജിദിനുള്ളില്‍ വെച്ച് ഗനൂശിയും മുഖ്താറും അജ്ഞാതമായ ആ നഷ്ടബോധത്തെ പ്രതി കരഞ്ഞുപോയി. പാരീസിലേക്ക് തിരിച്ചുവരുമെന്ന് തന്നെയായിരുന്നു ഗനൂശി കരുതിയത്. അതിനാല്‍ തന്റെ വസ്തുവകകള്‍ അവിടെ ഉപേക്ഷിച്ചാണ് പാരീസിനോട് വിടപറയുന്നത്. എന്നാല്‍ 1969-1980 വരെയുള്ള കാലം തുനീഷ്യയില്‍ തന്നെ ഗനൂശി കഴിച്ചുകൂട്ടുകയാണുണ്ടായത്.

തുനീഷ്യയിലെത്തിയ ശേഷം അസ്സയ്ത്തൂന മസ്ജിദില്‍ ഗനൂശി വെറുതെയൊന്ന് കയറി നോക്കി. അവിടെ പള്ളിമൂലയില്‍ കുറച്ച് ചെറുപ്പക്കാര്‍ ഖുര്‍ആന്‍ ഓതുന്നത് കാണാനിടയായി. ഒരിക്കല്‍ ഒരു ചെറുപ്പക്കാരനും തിരിഞ്ഞു നോക്കാതെ പൊടി പിടിച്ചുകിടന്നിരുന്ന ആ പള്ളിമൂല ഇപ്പോള്‍ സജീവമായതെന്തുകൊണ്ടാണെന്ന് ഗനൂശി അന്വേഷിച്ചു. ഈ അന്വേഷണമാണ് അബ്ദുല്‍ ഫതാഹ് മോറോയെ പരിചയപ്പെടാനിടയാക്കിയത് (അബ്ദുല്‍ ഫതാഹ് മോറോയുമായി ചേര്‍ന്നാണ് പിന്നീട് ഇസ്‌ലാമിക് ടെന്‍ഡന്‍സി മൂവ്‌മെന്റ് ആരംഭിക്കുന്നത്). അങ്ങനെ തബ്‌ലീഗ് ജമാഅത്തിന്റെ തുനീഷ്യന്‍ പതിപ്പായ പള്ളിമൂലയിലെ ആ ചെറുപ്പക്കാരുടെ സംഘത്തില്‍ ഗനൂശി ചേര്‍ന്നു. 1970-ല്‍ തബ്‌ലീഗുകാരുടെ സംഘം അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ (ഇസ്‌ലാമിക് ഗ്രൂപ്പ്) എന്ന 'രഹസ്യ' സംഘടനക്ക് രൂപം നല്‍കി. അന്ന് തുനീഷ്യയില്‍ നിലനിന്നിരുന്നത് ഏക പാര്‍ട്ടി സംവിധാനമായിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആയ ഖുര്‍ആനിക പ്രിസര്‍വേഷന്‍ സൊസൈറ്റിയാണ് അവര്‍ ഉപയോഗപ്പെടുത്തിയത്.

തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ ഗനൂശിയും സുഹൃത്തുക്കളും മാലിക് ബിന്നബി അള്‍ജീരിയയില്‍ സംഘടിപ്പിച്ചിരുന്ന സെമിനാറുകളിലേക്ക് മുടക്കമില്ലാതെ പോയിരുന്നു. അന്നത്തെ സുഹൃത്തുക്കള്‍ അബ്ദുല്‍ ഫതാഹ് മോറോ, സ്വാലിഹ് ബിന്‍ അബ്ദില്ല എന്നിവരായിരുന്നു.

ഗനൂശിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപരമായി സ്വാധീനിച്ചത് മാലിക് ബിന്നബിയാണ്. അതുവരെ ചിന്താപരമായി തന്നെ സ്വാധീനിച്ച മൗദൂദിയും ഖുത്വ്ബും യാഥാര്‍ഥ്യത്തെയും (reality) പാഠ(text)ത്തെയും വേര്‍തിരിച്ചു കണ്ട്, പാഠമാണ് യാഥാര്‍ഥ്യത്തെക്കുറിച്ച കാഴ്ചപ്പാട് ഉണ്ടാക്കുന്നത് എന്നായിരുന്നു ഗനൂശിയെ പഠിപ്പിച്ചത്. എന്നാല്‍ ബിന്നബി യാഥാര്‍ഥ്യത്തെ സൂക്ഷ്മമായി അപഗ്രഥിക്കുകയും ഈ അപഗ്രഥനത്തിലൂന്നി മതപാഠ(religious text)ത്തെ സംവാദവിധേയമാക്കുകയുമാണ് ചെയ്തത് (മാലിക് ബിന്നബി, അല്‍ഖദായ അല്‍ കുബ്‌റ, ബെയ്‌റൂത്ത്, ദാറുല്‍ ഫിക്ര്‍, 1991).

മാലിക് ബിന്നബിയെ റാശിദ് ഗനൂശി വിശേഷിപ്പിക്കുന്നത് ഇസ്‌ലാമിക ചിന്തയുടെ നെടുന്തൂണെന്നും ഇബ്‌നുല്‍ ഖല്‍ദൂന്റെ പിന്‍മുറക്കാരനെന്നുമാണ്. സിറിയയില്‍ പഠിച്ചിരുന്ന കാലത്ത് ബിന്നബി ഖുത്വ്ബിനെ നന്നായി വായിച്ചിരുന്നു. ബിന്നബിയുടെ ചിന്തകള്‍ തന്നെയാണ് 'മഗ്‌രിബ്' ചിന്താസരണയിലേക്കും 'മശ്‌രിഖ്' ചിന്താവിമര്‍ശനത്തിലേക്കും നയിക്കുന്നത്. മാത്രമല്ല, പാരീസില്‍ നിന്ന് വരുമ്പോള്‍ ഒരുതരം സലഫിസം ഗനൂശിയെ ബാധിച്ചിരുന്നു. ബിന്നബിയുടെ സെമിനാറുകളാണ് സലഫി ചിന്തയുടെ പരിമിതി ഗനൂശിയെ ബോധ്യപ്പെടുത്തിയത്. തുനീഷ്യയില്‍ കൊളോണിയല്‍ ആധുനികതയും ഇസ്‌ലാമിക പാരമ്പര്യത്തിലൂന്നിയ ഫിഖ്ഹ്, കലാം, സൂഫി ത്വരീഖത്ത് എന്നിവയും തമ്മിലെ സംഘര്‍ഷമാണ് ഗനൂശി കണ്ടത്. അതുകൊണ്ടുതന്നെ തന്റെ ചിന്താ പ്രവര്‍ത്തന പരിപാടികളെ മാലിക് ബിന്നബിയുടെ മഗ്‌രിബ് ചിന്തകളുടെ അടിസ്ഥാനത്തില്‍ അല്‍-ഖുസൂസിയ്യ അത്തൂനിസിയ്യ (Tunisian specificity) എന്ന രീതിയിലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു ഗനൂശി.

തുനീഷ്യന്‍ മാര്‍ക്‌സിസ്റ്റുകളുമായി ഗനൂശി സംഘര്‍ഷപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ഘടകങ്ങളുടെ പ്രാധാന്യം ഗനൂശി ഒരിക്കലും തള്ളിക്കളയുന്നുമില്ല. ഇത് പാശ്ചാത്യ ചിന്തയോടുള്ള ഗനൂശിയുടെ സമീപനത്തിന്റെ പ്രത്യേകതയാണ്. അറബ് സെക്യുലരിസ്റ്റുകള്‍ കൊളോണിയല്‍ ആധുനികതയെ പൂര്‍ണമായും സ്വീകരിച്ചപ്പോള്‍ ഇസ്‌ലാമിസ്റ്റുകള്‍ പൂര്‍ണമായും തള്ളിക്കളയുന്നു. ഗനൂശിയുടെ സമീപനം ഇസ്‌ലാം/ പടിഞ്ഞാറ് എന്ന വിഭജനം നിലനില്‍ക്കുന്നില്ല എന്നാണ്. യൂറോപ്യന്‍ നവോത്ഥാനം തന്നെ ഇസ്‌ലാമിന്റെ സ്വാധീനഫലമായി ഉണ്ടായതാണ്. ഇന്നത്തെ കോളനിയാനന്തര സാഹചര്യത്തില്‍ പാശ്ചാത്യ സ്വാധീനമുണ്ടെങ്കില്‍ അതിനോട് സംവദിക്കുകയാണ് വേണ്ടതെന്നാണ് ഗനൂശി കരുതുന്നത്. 1973 വരെ 'തബ്‌ലീഗ്' രീതിയില്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയയില്‍ ഗനൂശി പ്രവര്‍ത്തിച്ചു. പുതിയ പ്രസ്ഥാനത്തിന്റെ വളര്‍ച്ച ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഗനൂശിയുടെ ശ്രദ്ധ ഇഖ്‌വാനുല്‍ മുസ്‌ലിമീനിലേക്കും മൗദൂദിയിലേക്കും വീണ്ടും തിരിയാനിടയായത്. ഗനൂശിയെ സംബന്ധിച്ചേടത്തോളം ഇഖ്‌വാനെന്നത് ഒരു മാതൃകയും പ്രചോദന കേന്ദ്രവുമായി മാറി. ഇതിനെയാണ് 'മശ്‌രിഖ് സ്വാധീനം' എന്നു വിളിക്കുന്നത്.

സാഹചര്യത്തിനനുസരിച്ച് മാറുകയും തിരുത്തുകയും ചെയ്യുക എന്നതാണ് ഗനൂശിയുടെ രീതി. ഒരു പ്രത്യേക നിലപാട് പറ്റില്ല എന്നു തോന്നിയാല്‍ അത് സത്യസന്ധമായി തുറന്നു പറയാനുള്ള ബുദ്ധിപരമായ ആര്‍ജവം തന്നെയാണ് ഗനൂശിയുടെ കരുത്ത്. പലപ്പോഴും മറ്റു പല ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കുമില്ലാതെ പോയതും ഇതുതന്നെയാണ്.

തുനീഷ്യയില്‍ ആദ്യഘട്ടത്തില്‍ പാരമ്പര്യ ഇസ്‌ലാമിക ഘടകങ്ങളെ നിശിതമായി തന്നെയാണ് ഗനൂശി വിമര്‍ശിച്ചത്. കാരണം, കൊളോണിയലിസത്തോട് സംവദിക്കാനോ സംസാരിക്കാനോ ആ പാരമ്പര്യം മുസ്‌ലിമിന് കരുത്തേകുന്നില്ല. എന്നാല്‍, മാലികി മദ്ഹബിനോടും അശ്അരി ദൈവശാസ്ത്രത്തോടും സൂഫി ധാരകളോടും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന നിലപാടിലേക്ക് ഗനൂശി പിന്നീട് എത്തുന്നു. ഇത്തരം പാരമ്പര്യങ്ങളെ രചനാത്മകമായി പുനഃസംഘടിപ്പിക്കുന്ന ഒരു രാഷ്ട്രീയ വീക്ഷണമാണ് വേണ്ടതെന്നാണ് ഗനൂശി പിന്നീട് മനസ്സിലാക്കുന്നത്.

എന്നാല്‍, പാരമ്പര്യത്തോടുള്ള ഗനൂശിയുടെ മൃദുസമീപനം സംഘടനയില്‍ പിളര്‍പ്പുണ്ടാക്കി. ഇസ്‌ലാമിക ചിന്താ നവീകരണത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന മുഅ്തസിലി സരണിയും ഡോ. ഫത്ഹി ഉസ്മാന്റെ ഇഖ്‌വാന്‍ വിമര്‍ശനവും സമന്വയിപ്പിച്ച് ഒരു വിഭാഗം രംഗത്തുവരികയുണ്ടായി. അശ്അരി/ മുഅ്തസിലി സംഘര്‍ഷവും തഖ്‌ലീദ്/ ഇജ്തിഹാദ് ഇവയുടെ സാധ്യതയെക്കുറിച്ച ചര്‍ച്ചകളും തുനീഷ്യയിലെ ഗനൂശിയുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാക്കി. മാത്രമല്ല, ഹസന്‍ ഹനഫിയുടെ 'ഇസ്‌ലാമിക ഇടതുപക്ഷം' എന്ന സംജ്ഞയും മുഅ്തസിലികള്‍ ഏറ്റുപിടിച്ചു. ഹാകിമിയ്യത്ത്, ജാഹിലിയ്യത്ത് ഇവയെക്കുറിച്ച് സയ്യിദ് ഖുത്വ്ബ് നടത്തിയ നിരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മുഅ്തസിലികള്‍ ഖുത്വ്ബിനെ തള്ളിക്കളയണമെന്നാണാവശ്യപ്പെട്ടത്. എന്നാല്‍, ഗനൂശി നിരീക്ഷിച്ചത് പത്തൊമ്പത്/ ഇരുപത് നൂറ്റാണ്ടുകളില്‍ ഉയര്‍ന്നുവന്ന ഇസ്‌ലാമിക ചിന്തയെ പരിഗണിച്ചുകൊണ്ടുള്ള വിമര്‍ശനമാണ് കൂടുതല്‍ പ്രസക്തം എന്നാണ്.

ഈ ചര്‍ച്ചകളെല്ലാം ഒരു പ്രത്യേക തരത്തിലുള്ള തുനീഷ്യന്‍ നിശ്ചിതത്വത്തെ (specifity) തിരിച്ചറിയാന്‍ ഗനൂശിയെ സഹായിക്കുകയായിരുന്നു. 1970 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ അഞ്ചു കാര്യങ്ങള്‍ ഗനൂശിയുടെ ചിന്തയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സ്വാധീനിച്ചിരുന്നതായി അസ്സാം തമീമി പറയുന്നു.

ഒന്ന്, 1970-കള്‍ക്ക് ശേഷം തുനീഷ്യയില്‍ ശക്തിപ്പെട്ട ലിബറല്‍ ജനാധിപത്യം.

രണ്ട്, 1978-ല്‍ തൊഴിലാളി സംഘടനകളും ഗവണ്‍മെന്റും തമ്മില്‍ നടന്ന സംഘര്‍ഷം.

മൂന്ന്, കാമ്പസുകളില്‍ ഇസ്‌ലാമിസ്റ്റുകളും ലെഫ്റ്റിസ്റ്റുകളും തമ്മില്‍ നടന്ന സംവാദങ്ങള്‍.

നാല്, ഇറാന്‍ വിപ്ലവം.

അഞ്ച്, സുഡാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്തുണ്ടായ സാമൂഹിക രാഷ്ട്രീയ ചിന്തകള്‍.

ജനാധിപത്യത്തെക്കുറിച്ചുള്ള ഗനൂശിയുടെ കാഴ്ചപ്പാടുകള്‍ ലിബറല്‍ ജനാധിപത്യത്തോടുള്ള വിമര്‍ശനത്തില്‍ നിന്നാണ് രൂപീകൃതമാവുന്നത്. കാരണം, ഏകാധിപത്യത്തേക്കാള്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായും ഒരു പൊതുമിനിമം പരിപാടി എന്ന നിലയിലും ജനാധിപത്യത്തെ ഗനൂശി കാണുന്നു. 'ഏക' ഇസ്‌ലാമിനെതിരെ ഇസ്‌ലാമിന്റെ വ്യാഖ്യാനപരമായ ബഹുസ്വരതയെ കൂടുതല്‍ ഇടം നല്‍കുന്ന ഒരു 'ഇസ്‌ലാമിക ജനാധിപത്യ വ്യവഹാര'മായി അദ്ദേഹം മുന്നോട്ട് വെച്ചു. ട്രേഡ് യൂനിയനുകളെയും പാര്‍ട്ടികളെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലും ജനാധിപത്യത്തെ കണ്ടു. ട്രേഡ് യൂനിയനുകളെ 1978-ല്‍ ഭരണകൂടം തകര്‍ക്കുന്നതോടുകൂടി അവശേഷിച്ച ഏക 'വിമതസ്ഥലം' പള്ളികളായി മാറി. പരമ്പരാഗത ഇടതുപക്ഷം പള്ളിക്കു പുറത്ത് തകര്‍ന്നടിഞ്ഞപ്പോള്‍ ഗനൂശി തുനീഷ്യയുടെ ഇസ്‌ലാമിക ചരിത്രത്തിലാദ്യമായി പള്ളി മിമ്പറുകളെ ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ പ്രഭവകേന്ദ്രങ്ങളാക്കി മാറ്റി. പിന്നീട് ഇറാന്‍ ഇസ്‌ലാമിക വിപ്ലവം തുനീഷ്യയില്‍ പുതിയ ആവേശമുണ്ടാക്കി. അറബ് ഏകാധിപതികളെ മറിച്ചിടാന്‍ ഖുര്‍ആനും മസ്ജിദുകളും തന്നെ ധാരാളമാണെന്ന ആത്മവിശ്വാസമാണ് അത് ഗനൂശിക്ക് നല്‍കിയത്. ഖുമൈനി, ബന്ന, മൗദൂദി ത്രയത്തിന്റെ സ്വാധീനം ലോകമെങ്ങും ഗനൂശിക്ക് കാണാന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാ ആഗോള വൈരുധ്യങ്ങളും അമേരിക്കയിലേക്ക് ചുരുക്കുന്ന ഇറാനെ പിന്നീട് 1990-കളില്‍ ഗനൂശി വിമര്‍ശിക്കുന്നുണ്ട്.

1979-ല്‍ സുഡാനില്‍ ഹസനുത്തുറാബിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളും ഗനൂശിയെ സ്വാധീനിച്ചു. വിശിഷ്യാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് സുഡാനിലെ അനുഭവങ്ങള്‍ ഗനൂശി സ്വാംശീകരിക്കുന്നുണ്ട്. സുഡാനില്‍ നിന്ന് മടങ്ങിവന്ന ഉടനെ 1980-ല്‍ നടത്തിയ പ്രഭാഷണമാണ് അല്‍ മര്‍അ ഫില്‍ ഹറകത്തില്‍ ഇസ്‌ലാമിയ്യ (ഇസ്‌ലാമിക പ്രസ്ഥാനത്തിലെ സ്ത്രീ) എന്ന പുസ്തകമായത്. തന്റെ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ആത്മവിമര്‍ശനപരമായി തുറന്നു പറയാനും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഗനൂശി തയാറാവുന്നു.

1979- മുതല്‍ അല്‍ ജമാഅ അല്‍ ഇസ്‌ലാമിയ പുതിയൊരു സംഘടനയാവുന്നതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. 1981-ല്‍ ബൂറഖീബ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. തുടര്‍ന്ന് 1981 ജൂണ്‍ ആറിന് ഇസ്‌ലാമിക് ട്രെന്റ്‌സ് മൂവ്‌മെന്റ് (എം.ടി.ഐ) പിറന്നു. ഒരു മാനിഫെസ്റ്റോയും പുറത്തിറക്കി. ഇതില്‍ ജനാധിപത്യം, അധികാര പങ്കാളിത്തം, ഭരണമാറ്റം, ഇലക്ട്രല്‍ സംവിധാനം ഇവ ഊന്നിപ്പറഞ്ഞു. എന്നാല്‍, സംഘടന രൂപവത്കരിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്കൊപ്പം അഞ്ഞൂറോളം അനുയായികളും ജയിലിനകത്തായി. ഗനൂശി 1981-1984 വരെ ജയിലിലായിരുന്നു. ജയില്‍വാസക്കാലത്താണ് ഗനൂശി തന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെയും പഠനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താനാരംഭിച്ചത്.

ജയിലിലിരുന്നാണ് ഗനൂശി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. പിന്നെ തഫ്‌സീറുകള്‍ വായിക്കാന്‍ തുടങ്ങി. ഇബ്‌നു തൈമിയ്യ, ഇമാം ഗസ്സാലി, ഇബ്‌നു റുശ്ദ്, ഇബ്‌നു ഹസം, സമഖ്ശരി, ഇബ്‌നു ആശൂര്‍, ബാഖിര്‍ സദ്ര്‍ തുടങ്ങിയവരെയൊക്കെ വായിച്ചു. മാത്രമല്ല, തുനീഷ്യന്‍ സമൂഹത്തിന്റെ ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവയെക്കുറിച്ച് ഒരു കരട് തയാറാക്കി ജയിലിലുള്ള സഹപ്രവര്‍ത്തകരുമായി ചര്‍ച്ചയാരംഭിച്ചു. സ്ത്രീകളെക്കുറിച്ച റജാ ഗരോഡിയുടെ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. വിവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് മാലിക് ബിന്നബിയുടെ ഇസ്‌ലാമും ജനാധിപത്യവും എന്ന പുസ്തകം.

ജയിലില്‍ വെച്ചുതന്നെയാണ് Public Liberties in the Islamic State എന്ന പുസ്തകത്തിന്റെ രചനയാരംഭിക്കുന്നത്. ജയിലിലായതിനാല്‍ പുറത്ത് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. മുആദ് അസ്സാബിര്‍ എന്ന തൂലികാ നാമത്തിലാണ് അക്കാലത്തെഴുതിയത്. ഫലസ്ത്വീനെക്കുറിച്ചും ഇറാനെക്കുറിച്ചും ആ പേരില്‍ ലേഖനങ്ങളെഴുതി.

'പബ്ലിക് ലിബര്‍ട്ടീസ്' എഴുതിത്തീരുന്നതിന് മുമ്പ് തന്നെ (1984-ല്‍) ഗനൂശി ജയില്‍ മോചിതനായി. അക്കാലത്ത് ലിബറല്‍ ജനാധിപത്യവാദികള്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്‌ലാമിക ജനാധിപത്യത്തിന് കരുത്തില്ല എന്നാണ് വാദിച്ചിരുന്നത്. ഗനൂശിയുടെ പുസ്തകം പ്രസ്തുത വിമര്‍ശനത്തെയാണ് ഖണ്ഡിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യം, മതപരിത്യാഗം തുടങ്ങിയ ലിബറലുകളുടെ സ്ഥിരം ചോദ്യങ്ങളും ഗനൂശി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാത്രമല്ല, ഇതിന്റെ മറവില്‍ പാശ്ചാത്യ വിരുദ്ധത വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തെയും ഗനൂശി വിമര്‍ശിക്കുന്നു. ജയിലില്‍ നിന്നിറങ്ങി പുസ്തകം എഴുതിത്തീര്‍ത്തയുടനെ 1987- ആഗസ്റ്റില്‍ ഗനൂശിയും 89 മുതിര്‍ന്ന നേതാക്കളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഗനൂശിയെ ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇതുകൊണ്ട് കലിയടങ്ങാതെ തുനീഷ്യന്‍ ഏകാധിപതി ബൂറഖീബ ഗനൂശിയെ വധശിക്ഷക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പുനര്‍വിചാരണക്കൊരുങ്ങി. എന്നാല്‍, സൈനുല്‍ ആബിദീന്‍ ബിന്‍ അലി 1987- നവംബറില്‍ ബൂറഖീബയെ സ്ഥാനഭ്രഷ്ടനാക്കുകയും ഗനൂശിയടക്കമുള്ള തടവുകാരെ ജയില്‍ മോചിതരാക്കുകയും ചെയ്തു. 1988-ല്‍ ബിന്‍ അലി ബഹുപാര്‍ട്ടി സംവിധാനം നടപ്പിലാക്കി. പുതിയ സാഹചര്യത്തില്‍ ഇസ്‌ലാമിക ട്രെന്റ്‌സ് മൂവ്‌മെന്റിന്റെ നയപരിപാടികള്‍ പുനരാലോചിക്കുകയും പേര് മാറ്റി ഹിസ്ബുന്നഹ്ദ (Renaissance party) എന്ന പേരില്‍ 1988 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1989 ഏപ്രിലില്‍ നടന്ന ഇലക്ഷനില്‍ 141 സീറ്റില്‍ 129-ലും അന്നഹ്ദ മത്സരിച്ചു. 15 ശതമാനം വോട്ട് നേടി ഏറ്റവും വലിയ പ്രതിപക്ഷമായി. ബിന്‍ അലിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയാണ് അധികരത്തിലേറിയത്. എന്നാല്‍, ഇലക്ഷനു തൊട്ടു മുമ്പ് കൊടുത്ത ,രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുള്ള രജിസ്‌ട്രേഷന്‍ പൊതു തെരഞ്ഞെടുപ്പുകാരണം പൂര്‍ത്തിയായിരുന്നില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ ഏകപ്രതിപക്ഷമെന്ന നിലയില്‍ അന്നഹ്ദ ഒരു ഭീഷണിയാവുമെന്ന് കണ്ട ഭരണകൂടം രജിസ്‌ട്രേഷനുള്ള അപേക്ഷ നിരസിച്ചു.

ഗനൂശി പറയുന്നത്, അന്നഹ്ദ മറികടക്കാന്‍ പാടില്ലാത്ത അതിരുകള്‍ മറികടക്കാന്‍ ധൃതി കൂട്ടിയെന്നാണ്. ജനപിന്തുണ ആത്മവിശ്വാസം കൂട്ടി. എന്നാല്‍, സുസ്ഥിരമായ രാഷ്ട്രീയ പോരാട്ടത്തിന് സമയമായിട്ടുണ്ടായിരുന്നില്ലേ എന്ന് തിരിച്ചറിയാന്‍ വൈകി. ഇലക്ഷന്‍ കഴിഞ്ഞ തൊട്ടടുത്ത മാസം (1989 മെയ്) ഗനൂശി രാഷ്ട്രീയ പ്രവാസിയായി ലണ്ടനിലേക്ക് തിരിച്ചു. ഗനൂശിയുടെ പോക്ക് ബിന്‍ അലിയുടെ പ്രതികാര ദാഹം കൂട്ടി. 1991 ജനുവരിയില്‍ അബ്ദുല്‍ ഫത്താഹ് മോറോയെ അപകീര്‍ത്തി കേസില്‍ കുടുക്കി. 1991 ഫെബ്രുവരിയില്‍ ഭരണ പാര്‍ട്ടി ഓഫീസില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം അന്നഹദക്കാണെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ സെന്‍സേഷനല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടു. അന്നഹ്ദ തുനീഷ്യയെ ഒരു മതരാഷ്ട്രമാക്കാന്‍ ആയുധമെടുക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ഭരണകൂടം തന്നെ ഏറ്റെടുത്തു. ആയിരക്കണക്കിന് അന്നഹ്ദ പ്രവര്‍ത്തകര്‍ ജയിലിലായി. ജയിലിനുള്ളില്‍ വെച്ച് പ്രവര്‍ത്തകരെ ക്രൂരമായി പീഡിപ്പിച്ചു. കസ്റ്റഡി മരണങ്ങള്‍ പതിവായി. നിരവധി പ്രവര്‍ത്തകര്‍ അണ്ടര്‍ഗ്രൗണ്ടിലായി. മിക്ക പ്രവര്‍ത്തകര്‍ക്കും കിഴക്കന്‍ യൂറോപ്പിലേക്ക് പ്രവാസികളായി പോകേണ്ടിവന്നു. അങ്ങനെ അന്നഹ്ദ പ്രവാസികളുടെ പ്രസ്ഥാനമായും പ്രവാസത്തിലുള്ള പ്രസ്ഥാനമായും മാറി.

ലണ്ടനില്‍ വെച്ചാണ് ഒരു മുഴുസമയ എഴുത്തുകാരനും പ്രഭാഷകനും എന്ന റോളിലേക്ക് ഗനൂശി മാറുന്നത്. അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനും സംഘാടകനും എന്ന നിലയിലുള്ള സമ്മര്‍ദങ്ങളുണ്ടായിരുന്നു. 1993-ല്‍ Public Liberties in the Islamic State എന്ന പുസ്തകം പുറത്തിറങ്ങി. സ്വാതന്ത്ര്യം, പൗരത്വം, അവകാശം, പരമാധികാരം, രാജ്യദ്രോഹം തുടങ്ങിയവയെ ഗനൂശിയുടെ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകളും പുസ്തകത്തിന്റെ ഭാഗമാണ്. തന്റെ രാഷ്ട്രീയ ജനാധിപത്യ പരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ ഔട്ട്‌ലൈനെന്നാണ് ഗനൂശി പറയുന്നത്. ജോര്‍ദാനിലും യമനിലും കുവൈത്തിലും ലബനാനിലും മൊറോക്കോയിലും നടക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ജനാധിപത്യ ഇടപെടലുകളെ ഗനൂശി അനുഭാവ പൂര്‍വം വീക്ഷിച്ചു. എന്നാല്‍, ഇത്തരം പരീക്ഷണങ്ങളെ ഏകാധിപതികള്‍ തകര്‍ത്തെറിയുന്നത്- തുനീഷ്യ, അള്‍ജീരിയ, ഇറാഖ്, സുഡാന്‍- വലിയ പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് 1996-ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. 'അവര്‍ തകര്‍ക്കാന്‍ പറ്റിയ സിദ്ധാന്തത്തിലാണുള്ളത്. അതുകൊണ്ട് തന്നെ ഏകാധിപത്യം തകര്‍ന്നുതരിപ്പണമായിക്കോളും' എന്നാണ് ഗനൂശി പറഞ്ഞത്. ഗനൂശിയുടെ റോള്‍ ചിന്തകന്‍ എന്ന നിലയിലാണോ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലാണോ എന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. തന്റെ പാര്‍ട്ടിയില്‍ 1995-ല്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ അമ്പത്തിരണ്ട് ശതമാനം വോട്ടു നേടിയാണ് ഗനൂശി പ്രസിഡന്റാവുന്നത്.

ഗനൂശിയുടെ അഞ്ചു പ്രധാന നേട്ടങ്ങള്‍ അസ്സാം തമീമിയുടെ പുസ്തകത്തില്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:

ഒന്ന്, ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയില്‍ പൗരസമൂഹത്തിനു നല്‍കിയ പുനര്‍നിര്‍വചനം.

രണ്ട്, സെക്യുലറൈസേഷന്റെ പരിമിതിയെ കുറിച്ചുള്ള നിരീക്ഷണങ്ങളും പോസ്റ്റ് സെക്യുലര്‍ സിവില്‍ സൊസൈറ്റിയെക്കുറിച്ചുള്ള നിലപാടുകളും.

മൂന്ന്, ജനാധിപത്യവും ഇസ്‌ലാമും തമ്മിലുള്ള ബന്ധം. ഇസ്‌ലാമിനെ ഒരു ജീവിതവഴിയെന്ന നിലയില്‍ കാണുന്നതിന് ജനാധിപത്യ പ്രക്രിയക്കുള്ള പങ്ക്.

നാല്, സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള ഇസ്‌ലാമിക കാഴ്ചപ്പാട്.

അഞ്ച്, നവലോകക്രമം എങ്ങനെയാണ് അറബ് പ്രദേശങ്ങളില്‍ ജനാധിപത്യം തടഞ്ഞതെന്ന വിശദീകരണം.

അന്വേഷണവും യാത്രയും ഇടപെടലുകളും സമ്പന്നമാക്കിയ ഗനൂശിയുടെ ജീവിതം തന്നെ വലിയൊരു പാഠപുസ്തകമാണ്. അസ്സാം തമീമിയുടെ പുസ്തകം ദീര്‍ഘകാലം ഗനൂശിയുമായുള്ള സഹവാസത്തിലൂടെ ഉണ്ടായതാണ്. തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ഗനൂശിയുടെ വ്യക്തിചിത്രമാണ് ഈ വായനയിലൂടെ പരിചയപ്പെടുത്താന്‍ ശ്രമിച്ചത്. ഗനൂശിയുടെ ചിന്തകള്‍ (സെക്യുലറിസം, ജനാധിപത്യം, സിവില്‍ സൊസൈറ്റി, ഇസ്‌ലാമിക രാഷ്ട്രീയം എന്നിവയെ കുറിച്ച്) അധികം പരിചയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. വളരെ എളുപ്പത്തില്‍ അത് സാധ്യവുമല്ല. ഗനൂശിയുടെ ജീവചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ബൗദ്ധിക ഇടപെടലുകള്‍ വായിക്കേണ്ടതെന്നാണ് മനസ്സിലാവുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മാറ്റങ്ങളുടെ ആദ്യ വെടി പൊട്ടിയത് തുനീഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗനൂശിയെ അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. സാഹസികരായ വായനക്കാര്‍ ഗനൂശിയുടെ ചിന്തകളെ അഭിമുഖീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഒരു നല്ല എഡിറ്റര്‍ പുസ്തകത്തിലെ ആശയങ്ങളുടെ ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ കൂടുതല്‍ വായനക്ഷമമായേനെ. ഇസ്‌ലാമിക ചിന്തയിലെ പുതിയൊരു നാഴികക്കല്ലായി ഗനൂശിയുടെ ബൗദ്ധിക ജീവിതത്തെ നമുക്ക് കാണാന്‍ കഴിയേണ്ടതാണ്.

Rachid Ghannouchi: A Democrat within Islamism

- Azzam S. Tamimi

- Oxford University Press 2001