2010, ജൂലൈ 31, ശനിയാഴ്‌ച

വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍


എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.

അന്തരിച്ച സ്വാമി ശാശ്വതികാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി സേവാനന്ദ തുടങ്ങിയ നിരവധി ഹൈന്ദവ ആചാര്യന്മാരുമായും ബിഷപ്പുമാരായ സുസൈപാക്യം, റാഫേല്‍ തട്ടില്‍, ഫാദര്‍ ജിയോ പയ്യപ്പിള്ളി പോലുള്ള ക്രൈസ്തവ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവരാരുംതന്നെ മതമില്ലാത്ത കമ്യൂണിസ്റ്റ് നേതാവും കേരള മുഖ്യമന്ത്രിയുമായ അച്യുതാനന്ദനെപ്പോലെ വര്‍ഗീയ ചേരിതിരിവും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കുന്നതില്‍ പങ്കുവഹിച്ചതായി അറിയില്ല.

ഒരാള്‍ യഥാര്‍ഥ മതവിശ്വാസിയാവുകയും ജീവിതത്തിലുടനീളം തന്റെ മതാധ്യാപനങ്ങള്‍ പാലിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം സങ്കുചിതനും അസഹിഷ്ണുവുമായി മാറുമോ? സാമുദായികവാദിയും വര്‍ഗീയനുമാകുമോ? മറുഭാഗത്ത് മതരഹിത ജീവിതം നയിക്കുന്നതുകൊണ്ടു മാത്രം ആരെങ്കിലും വര്‍ഗീയതയില്‍നിന്നും സങ്കുചിത ജാതി സാമുദായിക വികാരങ്ങളില്‍നിന്നും മുക്തനാവുമോ? ഇല്ലെന്നു മാത്രമല്ല, മറിച്ചാണ് സംഭവിക്കുകയെന്നതിന് നിരവധി ഇന്ത്യന്‍ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

മഹാത്മാ ഗാന്ധി ഹിന്ദുമതത്തിന്റെ ഭാഗമെന്നു കരുതിയ എല്ലാറ്റിനെയും ഏറ്റവും മഹിതമെന്ന് വിശ്വസിച്ച് സ്വീകരിച്ചു. അദ്ദേഹം അവക്കുവേണ്ടി സദാ നിലകൊണ്ടു. ജീവിതത്തിലുടനീളം മതത്തെ മുറുകെപ്പിടിച്ചു. 'പ്രാര്‍ഥനക്കുശേഷമല്ലാതെ ഒരു തീരുമാനവും ഞാനെടുക്കാറില്ല. സ്വന്തമായി എനിക്കൊരു ശക്തിയുമില്ല. എന്റെ സര്‍വശക്തിയും ദൈവദത്തമാണ്' എന്ന് അവകാശപ്പെട്ട ഗാന്ധിജി ഇത്രകൂടി പറഞ്ഞു: 'ഞാന്‍ കണ്ടുമുട്ടിയ പല മതനേതാക്കളും വേഷപ്രച്ഛന്നരായ രാഷ്ട്രീയക്കാരാണ്. പക്ഷേ, ഞാന്‍ രാഷ്ട്രീയക്കാരന്റെ വേഷമണിയുന്നുവെങ്കിലും മുഖ്യമായും ഒരു മതപ്രവര്‍ത്തകനാണ്' (ഉദ്ധരണം: എം.പി. സദാശിവന്‍ വിവര്‍ത്തനം ചെയ്ത ഡോക്ടര്‍ അജിത് ജാവേദിന്റെ 'മുഹമ്മദലി ജിന്ന: അറിയപ്പെടാത്ത മുഖം' -ഇംപ്രിന്റ് ബുക്‌സ്, പുറം: 99).

ഹിന്ദുമതത്തില്‍ അഭിമാനംകൊള്ളുന്ന നേതാവുകൂടിയായിരുന്നു ഗാന്ധിജി. അദ്ദേഹം പറഞ്ഞു: 'എന്റെ ശരീരത്തിലെ ഓരോ തന്തുവും ഹിന്ദുവാണ്. മറ്റു മതങ്ങളിലെ സാരമായ തത്ത്വങ്ങളെല്ലാം ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതത്തിലില്ലാത്തവ അപ്രധാനമോ അനാവശ്യമോ ആണ്' (യങ് ഇന്ത്യ, 17 സെപ്റ്റംബര്‍ 1925).

സ്വന്തം മതത്തെ ഇവ്വിധം ഉയര്‍ത്തിക്കാട്ടിയ ഗാന്ധിജിയോളം പരമത സഹിഷ്ണുതയും സമുദായ സൗഹാര്‍ദവും പുലര്‍ത്തിയ നേതാക്കള്‍ നമ്മുടെ നാട്ടില്‍ അത്യപൂര്‍വമത്രെ. ഗാന്ധിജി പറയുന്നു: 'ദൈവമാണ് സാക്ഷി- നാം ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ മാതാവിന്റെ മക്കളെപ്പോലെ പെരുമാറുമെന്ന് പ്രഖ്യാപിക്കുക. നാം തമ്മില്‍ വ്യത്യാസമില്ല. ഓരോരുത്തരുടെയും ദുഃഖം മറ്റുള്ളവരുടെയും ദുഃഖമാണ്. അത് നീക്കാന്‍ ഓരോരുത്തരും മറ്റുള്ളവരെ സഹായിക്കുക. മതങ്ങളെയും മതവികാരങ്ങളെയും പരസ്‌പരം ആദരിക്കുക. മതാനുഷ്ഠാനങ്ങളില്‍ പരസ്‌പരം വിഘാതം സൃഷ്ടിക്കരുത്. മതത്തിന്റെ പേരില്‍ പരസ്‌പരം ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം' (ഉദ്ധരണം: അംബേദ്കര്‍, Pakistan or Partition of India, P: 135).

1924 മുതല്‍ ഗാന്ധിജി ഏതാനും മാസം താമസിച്ചത് വീറുറ്റ ഇസ്‌ലാം മതാനുയായിയായ മൗലാനാ മുഹമ്മദലിയുടെ വീട്ടിലായിരുന്നു. സെപ്റ്റംബര്‍ 28ന് അദ്ദേഹം ഉപവാസം നടത്തിയതും അതേ വീട്ടില്‍വെച്ചുതന്നെ. ഉപവാസത്തിനു തൊട്ടുമുമ്പ് അദ്ദേഹം എഴുതി: 'ഒരു മുസ്‌ലിമിന്റെ വീട്ടില്‍ ഉപവസിക്കുന്നത് എനിക്ക് അനുയോജ്യമാണോ? അതേ, അനുയോജ്യമാണ് . ഈ ഉപവാസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഒരു മുസ്‌ലിമിന്റെ വീട്ടിലാണെന്നത് ഏറ്റവും ഉചിതമാണ്' (Collected Works of Mahatma Gandhi xxv/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

കടുത്ത ഹിന്ദുമത വിശ്വാസിയായിരുന്ന ഗാന്ധിജി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ശുദ്ധികര്‍മത്തിലൂടെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാനായി രൂപംകൊണ്ട ശുദ്ധിപ്രസ്ഥാനത്തിന്റെ ശക്തനായ വിമര്‍ശകനായിരുന്നു. അദ്ദേഹം എഴുതി: 'എനിക്കെങ്ങനെ 'ശുദ്ധി'യില്‍ പങ്കാളിയാകാന്‍ കഴിയും? ഞാനോ എന്റെ മതമോ അപകടത്തിലാകുമ്പോഴൊക്കെ സ്വയം ശുദ്ധീകരണത്തെ ആശ്രയിക്കാനാണ് ഗീതയും തുളസീരാമായണവും എന്നെ പഠിപ്പിച്ചത്... നമ്മില്‍ ചിലര്‍ ക്ഷമാശീലനായ ദൈവത്തെ നിന്ദിക്കുകയും മതത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഭ്രാതൃഹത്യയോ കൊലപാതകമോ മതത്തെ രക്ഷിക്കുകയില്ല. പേരില്‍ മാത്രം അവശേഷിക്കുന്ന മതത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അതിന്റെ വാഹകര്‍ക്ക് ആത്യന്തികമായ നിര്‍ഭയത്വവും ശുദ്ധിയും താഴ്മയും വേണം. അതു മാത്രമാണ് 'ശുദ്ധി'. അതു മാത്രമാണ് പ്രചാരണവും (യങ് ഇന്ത്യ, 3 മാര്‍ച്ച് 1927, 16 ജൂണ്‍ 1927).

മുസ്‌ലിംകളോടുള്ള തന്റെ സമീപനം വിവരിക്കവെ ഗാന്ധിജി പറഞ്ഞു: 'ഒരു ഇന്ത്യക്കാരനെന്ന നിലക്ക് എന്റെ സഹവാസികളുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും പങ്കുകൊള്ളാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മുഹമ്മദീയനെ ഞാന്‍ സഹോദരനായി കാണുന്നുവെങ്കില്‍ ന്യായമായ പ്രതിസന്ധികളില്‍ പരമാവധി അവനെ സഹായിക്കുക നമ്മുടെ ബാധ്യതയാണ്' (ibid, 2 jun 1920).

ഹിന്ദുമതം പരമമായ സത്യവും അന്യൂനവുമാണെന്ന് അടിയുറച്ച് വിശ്വസിച്ച ഗാന്ധിജിക്ക് മതമൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ശക്തനായ വക്താവാകാന്‍ സാധിച്ചു. എന്നാല്‍, നിരീശ്വരവാദിയായ വി.ഡി. സവര്‍ക്കര്‍ മതവൈരത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും എക്കാലത്തെയും ഏറ്റവും വൃത്തികെട്ട രൂപമായിരുന്നു. ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത് അദ്ദേഹമാണല്ലോ. 'ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കാന്‍ സാധ്യമല്ല. മറിച്ച് മുഖ്യമായും അത് രണ്ട് രാഷ്ട്രങ്ങളാണ്' എന്ന് 1937ല്‍ ഹിന്ദു മഹാസഭ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സവര്‍ക്കര്‍ ഇത്രകൂടി പറഞ്ഞു: 'പരസ്‌പരം ശത്രുക്കളായ ഈ രണ്ട് രാഷ്ട്രങ്ങള്‍ ഇന്ത്യയില്‍ അടുത്തടുത്ത് ജീവിക്കുകയാണ്' (ഉദ്ധരണം: താരാചന്ദ്, History of the Freedom Movement in India, 1983, P: 317).

ഇന്ദ്രപ്രകാശ് എഴുതുന്നു: 'ദ്വിരാഷ്ട്ര വാദമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരുദര്‍ശനം രൂപപ്പെടുത്തിയതില്‍ ബഹുമതി വീര്‍ സവര്‍ക്കര്‍ക്കുള്ളതാണ്. ഭാരതത്തിന് ദേശീയാത്മാവ് പകരുകയും ഹിന്ദുക്കള്‍ സ്വയം ഒരു രാഷ്ട്രമാണെന്ന് ഊന്നിപ്പറയുകയും ചെയ്തത് സവര്‍ക്കറാണ്' (Indra Prakash, Hindu Maha Sabha: It's Contribution to Indian Politics, 1966, P: 59).
കടുത്ത വര്‍ഗീയതയുടെ കാണപ്പെടുന്ന രൂപമായിരുന്ന 'സവര്‍ക്കര്‍ മതവിരുദ്ധനും യുക്തിവാദിയുമായിരുന്നു' (Dhananjay Keer: Veer Savarkar, P: 201).

സ്വതന്ത്ര ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷവും വര്‍ഗീയവിദ്വേഷവും വളര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത് ബാബരി മസ്ജിദ്-രാമജന്മഭൂമി പ്രശ്‌നമാണല്ലോ. അത് ആളിക്കത്തിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചതോ, 1990ലെ എല്‍.കെ. അദ്വാനിയുടെ രഥയാത്രയും. പ്രസ്തുത യാത്രയില്‍ ഹിന്ദുഭക്തന്മാരില്‍നിന്ന് ലഭിച്ച വെള്ളി കൊണ്ടുള്ള ദേവീദേവന്മാരുടെ പ്രതിമകള്‍ ഉരുക്കി പാത്രവും കത്തിയും കയിലുമാക്കി മാറ്റിയ അദ്ദേഹം ഞാനൊരു മതവിശ്വാസിയല്ലെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് (Times of India, 25.12.1991).

മുസ്‌ലിം പക്ഷത്ത് വിഭജനത്തിന് നേതൃത്വംനല്‍കിയ മുഹമ്മദലി ജിന്നക്ക് മതവുമായുള്ള ബന്ധം എന്തായിരുന്നുവെന്നറിയാത്ത ആരുമുണ്ടാവില്ല. ശീഇകളിലെ ഖ്വാജാ വിഭാഗത്തില്‍പെട്ട അദ്ദേഹത്തിന് മതം ഒരു പ്രശ്‌നമേ ആയിരുന്നില്ല. മറുഭാഗത്ത് ഇസ്‌ലാമിക ജീവിതം നയിക്കുന്നതില്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ അടിയുറച്ച മതവിശ്വാസിയായിരുന്ന മൗലാനാ മുഹമ്മദലി തികഞ്ഞ അവര്‍ഗീയനായിരുന്നു. മഹാത്മാ ഗാന്ധിയെ ആറുമാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച അദ്ദേഹം അക്കാലമത്രയും മല്‍സ്യമാംസാദികള്‍ പൂര്‍ണമായും ഉപക്ഷേിക്കുകയുണ്ടായി. ഗാന്ധിജിയുടെ വാക്കുകള്‍ അദ്ദേഹവും ഗാന്ധിജിയും തമ്മിലുള്ള ഗാഢമായ ബന്ധം വ്യക്തമാക്കുന്നു: 'ആരാണ് മുഹമ്മദലി, ഒരു സ്വകാര്യ ചര്‍ച്ചയില്‍ ഞാന്‍ മുഹമ്മദലിയോടുപറഞ്ഞു: 'എന്‍േറതെല്ലാം താങ്കളുടേതും താങ്കളുടേതെല്ലാം എന്‍േറതുമാണ്.' മുഹമ്മദലിയുടെ വീട്ടില്‍നിന്ന് ലഭിച്ച പെരുമാറ്റം എവിടെനിന്നും എനിക്ക് ലഭിച്ചിട്ടില്ല. എനിക്ക് സൗകര്യം ചെയ്തുതരുന്നതിലും എന്നെ സന്തോഷിപ്പിക്കുന്നതിലുമാണ് വീട്ടിലെ ഓരോ അംഗത്തിന്റെയും മുഖ്യശ്രദ്ധ' (Collected Works of Mahatma Gandhi XXV/21, ഉദ്ധരണം: 'സ്വാതന്ത്ര്യം വിഭജനത്തില്‍', പുറം: 204).

മൗലാനാ മുഹമ്മദലിയെയും ഷൗക്കത്തലിയെയും സംബന്ധിച്ച് ഗാന്ധിജി എഴുതി: 'അലി സഹോദരന്മാരുടെ ചുമലില്‍ ഒരു വലിയ ഭാരമുണ്ട്. ഇസ്‌ലാമിന്റെ അന്തസ്സ്. ആ ഉത്തരവാദിത്തം അവര്‍ക്കാണ്. പെരുമാറ്റത്തില്‍ അവര്‍ക്ക് സത്യസന്ധതയോടുള്ള അവക്രമായ ആദരവും സഹനത്തിലുള്ള വിനയവും ധൈര്യവുമാണ് ഇതിന്റെ മാനദണ്ഡം' (യങ് ഇന്ത്യ, 1 ജൂണ്‍ 1921).

അലി സഹോദരന്മാരെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹം എഴുതി: ' ഈ അറസ്റ്റിനെ സ്വരാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി കണക്കാക്കാം.സ്വരാജ്യ പാര്‍ലമെന്റിനുമാത്രമേ ജയിലിന്റെ കവാടങ്ങള്‍ തുറക്കാനും അലി സഹോദരന്മാരെയും മറ്റു ജയില്‍വാസികളെയും മോചിപ്പിക്കാനും അവരെ ആദരിക്കാനും കഴിയൂ. ഇതൊരു അന്തിമ സമരമാവട്ടെ (ibid, 22 september 1923).

വിഭജനത്തെ അവസാന നിമിഷം വരെ എതിര്‍ത്ത സാമുദായിക സൗഹാര്‍ദത്തിന്റെയും മതമൈത്രിയുടെയും ശക്തനായ വക്താവായിരുന്ന മൗലാനാ അബുല്‍കലാം ആസാദ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതവും ഭക്തനായ വിശ്വാസിയുമായിരുന്നു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയും വിഭജനത്തിനെതിരായിരുന്നു. വിഭജനത്തിനുമുമ്പോ ശേഷമോ വര്‍ഗീയമായ ഒരു സമീപനവും സ്വീകരിക്കാത്ത ജമാഅത്ത് സാമുദായിക സൗഹാര്‍ദവും മതമൈത്രിയും സംരക്ഷിക്കാന്‍ നിരന്തരം യത്‌നിച്ചു പോന്നിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയില്‍ നാല്‍പതിനായിരത്തോളം വര്‍ഗീയ കലാപങ്ങളുണ്ടായിട്ടും മുഴു ജീവിതമേഖലകളിലും ഇസ്‌ലാമിനെ മുറുകെ പിടിക്കാന്‍ ജാഗ്രത പുലര്‍ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒരൊറ്റ പ്രവര്‍ത്തകന്‍പോലും ഒരൊറ്റ കലാപത്തിലും പ്രതിയായിട്ടില്ല. മുപ്പത്തി മൂവായിരംപേര്‍ വധിക്കപ്പെട്ടതില്‍ ഒരാളുടെപോലും കൊലയില്‍ പങ്കുള്ളതായി ഒരു പ്രവര്‍ത്തകനെതിരിലും ആരോപണം ഉയര്‍ന്നിട്ടില്ല. അതോടൊപ്പം മതസഹിഷ്ണുതയുടെയും സാമുദായിക സൗഹാര്‍ദത്തിന്റെയും നിരവധി മികച്ച മാതൃകകള്‍ സൃഷ്ടിക്കാനും ജമാഅത്തിന് സാധിച്ചു.

അതിനാല്‍ വര്‍ഗീയതയുടെ വേരുകള്‍ തേടേണ്ടത് മതവിശ്വാസത്തിലും മതകീയ ജീവിതത്തിലുമല്ല, സങ്കുചിതമായ സാമുദായികതയിലും ജാതീയതയിലും വംശീയതയിലുമാണ്്. തന്റെ വിശ്വാസവും ജീവിതക്രമവുമാണ് പരമമായ സത്യമെന്നും ശരിയെന്നും വിശ്വസിച്ച് അതനുസരിച്ച് ജീവിക്കുന്നതുകൊണ്ടുമാത്രം ആരും അസഹിഷ്ണുവോ വര്‍ഗീയവാദിയോ ആവുകയില്ല, മതരഹിതനോ നിരീശ്വരനോ യുക്തിവാദിയോ ആയതുകൊണ്ടുമാത്രം അവര്‍ഗീയനും സഹിഷ്ണുവും ആവാത്തപോലെത്തന്നെ. 'വര്‍ഗീയതയുടെ വേര് കിടക്കുന്നത് മതത്തിലാണെന്ന് സെക്കുലറിസം കരുതുന്നില്ല' എന്ന, പ്രമുഖ ചരിത്ര പണ്ഡിതന്‍ ബിപന്‍ചന്ദ്രയുടെ പ്രസ്താവം ഏറെ പ്രസക്തമത്രെ (Communalism in Modern India -Vikas Publication New Delhi, 1996, P:150).

ശൈഖ് മുഹമ്മദ് കാരകുന്ന് | മാധ്യമം | Sunday, August 1, 2010