2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

കഅബയിലും വിഗ്രഹാരാധനയോ?

അനിൽ@ബ്ലൊഗ് said...
മാഷെ,
പബ്ലീഷ് ചെയ്യണമെന്നില്ല.
എന്തിനു വലിച്ചു നീട്ടുന്നു?
ഫൈസലിലെയോ മറ്റാരെയെങ്കിലുമോ ഇതൊക്കെ പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?

എന്റെ പ്രിയ ബ്ലോഗ് സുഹൃത്ത് അനില്‍@ബ്ലോഗ് ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ കഅബയും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയില്‍ ഇട്ട ഒരു കമന്റാണ് മുകളില്‍...കഅബയും അതിലെ കറുത്ത കല്ലും ഒരു വിഗ്രഹവും ആരാധാന വസ്തുവുമാണെന്ന് ജബ്ബാര്‍ മാഷ് സ്ഥാപിച്ച് കഴിഞ്ഞു എന്ന ഒരു പ്രഖ്യാപനമാണ് അദ്ദേഹം ഇവിടെ നടത്തുന്നത്. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനുള്ള സാമാന്യമായ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചുട്ടുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഒരു കാര്യം ഇവിടെ വ്യക്തമായി, ചില അടിസ്ഥാന കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള അജ്ഞത ശ്രീ ജബ്ബാറിനെ പോലുള്ളവര്‍ നന്നായി മുതലെടുക്കുന്നുണ്ട്.

എന്താണ് ആരാധന?
ഇസ് ലാമൊഴിച്ച് മറ്റൊരു മതവും ദൈവത്തിനുള്ള ആരാധന ക്രമം ഇന്ന രൂപത്തില്‍ മാത്രമേ ആകാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചതായി അറിവില്ല. (അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ അതുമായ ബന്ധപ്പെട്ട സഹോദരങ്ങള്‍ അതിവിടെ വ്യക്തമാക്കുമെന്ന് കരുതുന്നു.) അതിനാല്‍ തന്നെ ഇസ് ലാമിലെ ആരാധന കേവലം മലയാളത്തില്‍ ഉപയോഗിക്കുന്ന ‘ആരാധന‘ എന്ന പദം ഉപയോഗിച്ച് മാത്രം അളക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ. ഇസ് ലാം ഇതിന് പ്രയോഗിച്ചത് ‘ഇബാദത്ത്‘ എന്ന പദമാമാണ്. അബ്ദ്(ദാസന്‍) എന്ന പദത്തിന്റെ തന്നെ മറ്റൊരു രൂപമാണ് ‘ഇബാദത്ത്‘. പറഞ്ഞ് വരുന്നത്.. ഒരാള്‍ സ്വന്തമായി ഒരാരാധനക്രമം തീരുമാനിച്ചാലോ അത് പോലെ പ്രാര്‍ഥിച്ചാലോ ‘ഇബാദത്ത്‘ ആവുന്നില്ല. അത് കേവലമായ ഒരു ‘ആരാധന‘ മാത്രമേ ആകുന്നുള്ളൂ. ‘ഇബാദത്ത്‘ എന്നാല്‍ ദൈവാനുസരണത്തില്‍ അധിഷ്ടിതമായ പ്രാര്‍ഥനായാണ്.. പ്രാര്‍ത്ഥനാ മാത്രമാണോ ‘ഇബാദത്ത്‘ എന്ന് ചോദിച്ചാല്‍ അല്ല എന്നാണുത്തരം. ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാണ് ഇസ് ലാമില്‍ ‘ഇബാദത്ത്‘ അഥവാ ദൈവാരാധന. അത് കേവലം പൂജയും കര്‍മ്മങ്ങളും മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധപ്പെട്ട് സകലതും ദൈവേച്ഛക്കനുസരിച്ച് മാത്രം ചലിപ്പിക്കുക എന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ആദ്യം പ്രവേശിക്കുന്നവരില്‍ ഒന്നാമതാണ് നീതിമാനായ ഭരണാധികാരിയുടെ സ്ഥാനം.

ഒരാള്‍ നമസ്കരിച്ചാലോ ഹജ്ജ് ചെയ്താലോ മാത്രമല്ല ഇസ് ലാമില്‍ ആരാധന എന്ന് പറയുന്നത്. ഒരാള്‍ തന്റെ കച്ചവടത്തില്‍ സത്യ സന്ധത പുലര്‍ത്തിയാല്‍ അത് ദൈവാരധനയാണ്. ഒരാള്‍ മറ്റോരാളോട് മാന്യമായി പെരുമാറിയാല്‍ അത് ദൈവാരാധനയാണ്. ഒരാള്‍ വഴിയിലുള്ള ഉപദ്രവം നീക്കിയാല്‍ അത് ദൈവാരാധനയാണ്.സകാത്ത് ദൈവാരധനയാണ്. എന്തിനേറെ പറയുന്നു ഉപകാരപ്രദമാകുന്ന ഒരു ഒരു മൊട്ടു സൂചി മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അതും ഇസ്ലാമില്‍ ദൈവാരാധനയാണ്. നിസ്സാരമായ പരോപകരവസ്തുക്കള്‍ പോലും മുടക്കുന്നവനെ മത നിഷേധിയാണ് ഇസ് ലാം കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമില്‍ ആരാധന എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടല്ല. ഇസ്ലാമിലെ ആരാധനകലെല്ലാം സംഘടിത രൂപത്തില്‍ സംഘടിത രൂപത്തില്‍ നിര്‍വ്വഹിക്കുന്നതിലാണ് ദൈവ പ്രീതി നിലകൊള്ളുന്നതു. അതിനാല്‍ എല്ലാ ആരാധനകള്‍ക്കും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. നമസ്കാരം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ കേന്ദ്ര ബിന്ദുവിലേക്ക് മുഖം തിരിച്ചാണ് അത് നിര്‍വ്വാഹിക്കേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ വര്‍ണ ഭാഷ ദേശ മെന്നോ, പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തില്‍ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവില്‍ ഒത്തു കൂടുന്നു. അവിടെയുള്ള പ്രവാചകന്‍ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളില്‍ അവരുടെ ത്യാഗ സ്മരണകള്‍ അയവിറക്കുന്നു. ഹജറുല്‍ അസ് വദും ത്വവാഫും സഅയും(സഫാ മര്‍വ്വ കുന്നുകള്‍കിടയിലെ ഓട്ടം) എല്ലാ അതിന്റെ ഭാഗം മാത്രം.

ഇസ്ലാമിലെ പ്രമാണങ്ങളുടെ ആധികാരികതയും ആരാധനയും അവരോഹണക്രമത്തിലാണ്. അതായാത് ആദ്യം ഖുര്‍ ആനില്‍ എന്ത് പറഞ്ഞു(ദൈവം)എന്ന് നോക്കും. അത് കൊണ്ട് വ്യക്തമായില്ലെങ്കില്‍ പ്രവാചകന്‍ എന്ത് പറഞ്ഞു എന്ന് നോക്കും. ഒരു പുതിയ വിഷയമാണെങ്കില്‍ തെരെഞ്ഞുടുത്ത നേതാക്കള്‍ ഖുര്‍ ആനിന്റെയും പ്രവാചക വചനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തുന്ന തീര്‍പിനനുസരിച്ചും. ആരാധനയാണെങ്കില്‍ ദൈവത്തെ ആത്യന്തികമായി അനുസരിക്കുക. അതായത് പ്രവാചകനെ അനുസരിക്കണമെന്ന് ദൈവം പറഞ്ഞു. അത്കൊണ്ട് മാത്രം അനുസരിക്കുന്നു.

ശ്രീ ജബ്ബാര്‍ പറഞ്ഞ പോലെ പ്രവാചകന്‍ മുഹമ്മദ് തന്റെ അറബ് ഗോത്രങ്ങളിലെ പഴയ ആചാരങ്ങളെ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നില്ല. പൂര്‍വ്വ പിതാവായ അബ്രഹാമിന് ദൈവം നിശ്ചയിച്ച ആരാധന ക്രമത്തില്‍ കടന്നു കൂടിയ ദൈവ കല്‍പനക്ക് വിരുദ്ധമായ കാര്യങ്ങളെ ഇല്ലാതാക്കി, അതി സംസ്കരിച്ചെടുക്കുകയായിരുന്നു.

ഇതെല്ലാം സൂചിപ്പിച്ചത് വിഗ്രഹം, ആരാധന എന്നൊക്കെ പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍, പ്രത്ര്യേകിച്ചും ഭാരതീയ പാശ്ചാത്തലത്തില്‍, എങ്ങിനെയാണോ മനസ്സിലാക്കിയത് അത് വച്ച് ഇസ് ലാമിലെ ദൈവാരാധനയെ(ഇബാദത്ത്) ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ എന്ന് ബോധ്യപെടുത്താനാണ്. വൃത്തിയാക്കല്‍ ഇസ്ലാമില്‍ ആരാധനയാണ്. വീടായാലും പള്ളിയായാലും പൊതു ജനങ്ങള്‍ കൂടുന്ന സ്ഥലമായാലും. വൃത്തി വിശ്വാസത്തിന്റെ പകുതിയാണെന്നാണ് പ്രവാചക വചനം. വര്‍ഷത്തിലൊരിക്കല്‍ ക അ ബ കഴുകുന്നതും അതിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി.

ഇനി വിഗ്രഹാരാധന എന്നാല്‍ എന്താണ്? ഏതെങ്കിലും ചരിത്ര പുരുഷന്‍മാരെയോ, പുരോഹിതന്മാരെയോ, ഇതിഹസ കഥാപാത്രങ്ങളെയോ, ദേവന്‍ മാരുടെയോ ദേവിമാരുടെയോ ചിത്രങ്ങളെയോ പ്രതിമകളെയോ മുന്നില്‍ വെച്ച് ഇത്തരം ആളുകളുടെ പ്രീതി കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാമെന്നോ, അസുഖങ്ങള്‍ മാറ്റമെന്നോ, പാപ പരിഹാരം നടത്താമെന്നോ മറ്റോ ഉള്ളോ വിശ്വാങ്ങളുടെ പേരില്‍ നടത്തുന്ന ആരാധന. ദൈവത്തിന്റെ അധികാരപരിധിയിലുള്ള ഏത് നിസ്സാര കാര്യമായാലും അത് മറ്റേതിങ്കിലും ഒരു ശക്തിയുടെയോ വസ്തുവിന്റെയോ മേല്‍ ആരോപിച്ചാല്‍ ഇസ് ലാമില്‍ അത് ശിര്‍കിന്റെ (ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) പരിതിയിലാണ് പെടുക. ഇതാകട്ടെ ഏറ്റവും വലിയ പാപവും.

അനിലിന് കാര്യങ്ങള്‍ മനസ്സിലായി കാണുമെന്ന് കരുതുന്നു.

ഒരു കാര്യം കൂടി താങ്കളുടെ അറിവിലേക്കായി.. ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.