2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ബര്‍ണബാസിന്റെ സുവിശേഷങ്ങള്‍

ഇനി നമുക്ക്‌ അന്ത്യപ്രവാചകനെക്കുറിച്ച്‌ മസീഹി(അ)ല്‍നിന്ന്‌ ബര്‍നബാസ്‌ നിവേദനം ചെയ്യുന്ന പ്രവചനങ്ങള്‍ ഉത്തമവിശ്വാസത്തോടെ ഉദ്ധരിക്കാം. ഈ പ്രവചനങ്ങളില്‍ ചിലപ്പോള്‍ ഈസാ (അ) പ്രവാചകന്റെ പേര്‍ പറയുന്നുണ്ട്‌. ചില സ്ഥലങ്ങളില്‍
لاَ إله إلاّ الله محمّد رسول الله
എന്നതിന്‌ സമാനമായ വാക്യവുമുണ്ട്‌. ചില സ്ഥലങ്ങളില്‍ പ്രശംസനീയന്‍ (Admirable) എന്നാണുള്ളത്‌. പ്രസ്തുത പ്രവചനങ്ങളെല്ലാം ഇവിടെ ഉദ്ധരിക്കുക പ്രയാസകരമാണ്‌. പല സ്ഥലങ്ങളില്‍ വ്യത്യസ്ത ശൈലിയിലും സന്ദര്‍ഭങ്ങളിലുമായി വന്നിട്ടുള്ള അവയെ ഒരു ലഘുലേഖയായി സമാഹരിക്കാവുന്നതാണ്‌. ഇവിടെ ചില ഉദാഹരണങ്ങള്‍ മാത്രമേ ഉദ്ധരിക്കുന്നുള്ളൂ:

"പരീശന്‍മാരും ലേവ്യരും ചോദിച്ചു: നീ മിശിഹാ അല്ല, ഏലിയാവുമല്ല, മറ്റൊരു പ്രവാചകനുമല്ലയെങ്കില്‍ നീ പുതിയ നിയമങ്ങള്‍ നല്‍കുന്നതെന്ത്‌? നിന്നെ മിശിഹായേക്കാള്‍ വലിയവനാക്കി കാണിക്കുന്നതെന്ത്‌? യേശു മറുപടി പറഞ്ഞതെന്തെന്നാല്‍, ദൈവം പറയാനിച്ഛിക്കുന്നത്‌ ഞാന്‍ പറയുന്നു എന്നത്രേ, എന്നിലൂടെ ദൈവം പ്രത്യക്ഷപ്പെടുത്തുന്ന ദിവ്യാദ്ഭുതങ്ങള്‍ തെളിയിക്കുന്നത്‌. അല്ലാതെ നിങ്ങള്‍ പറയുന്ന ആ മിശിഹായേക്കാള്‍ വലിയവനായി എണ്ണപ്പെടുന്നതിന്‌ ഞാന്‍ അര്‍ഹനാകുന്നില്ല. നിങ്ങള്‍ മിശിഹ എന്നു പറയുന്ന ആ ദൈവദൂതന്റെ ദാസനോ അവന്റെ ചെരിപ്പിന്റെ വാറ്‌ അഴിക്കുന്നവനോ ആയിരിക്കാനും അര്‍ഹനല്ല. അവന്‍ എനിക്കു മുമ്പേ സൃഷ്ടിക്കപ്പെട്ടവനും എനിക്കുശേഷം ആഗതനാകുന്നവനും സത്യവൃത്താന്തങ്ങള്‍ കൊണ്ടുവരുന്നവനുമാകുന്നു. അതിനാല്‍ അവന്റെ മതം അവസാനിക്കാത്തത്താകുന്നു" (അധ്യായം 42).

"നിശ്ചയമായും ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍, ആഗതനാകുന്ന ഓരോ പ്രവാചകനും ഒരു ജനത്തിനു മാത്രമുള്ള ദൈവാനുഗ്രഹത്തിന്റെ ദൃഷ്ടാന്തമായി ഉളവാകുന്നവരാകുന്നു. അതുകൊണ്ട്‌ ആ പ്രവാചകന്‍മാരുടെ വചനങ്ങള്‍ അവര്‍ നിയോഗിക്കപ്പെട്ട ജനത്തില്‍ മാത്രം പ്രചരിക്കുന്നു. എന്നാല്‍, ദൈവത്തിന്റെ ദൂതന്‍ ആഗതനാകുമ്പോള്‍ ദൈവവചനം അവന്റെ കരത്തില്‍ തന്നെ മുദ്രണം ചെയ്തുകൊടുക്കുന്നു. അങ്ങനെ അവന്റെ വചനങ്ങള്‍ എത്തുന്ന എല്ലാ ജനത്തിനും വിജയവും കാരുണ്യവും ലഭിക്കും. അവന്‍ നിഷേധികളെ ഭരിക്കുകയും വിഗ്രഹാരാധനയെ ഒതുക്കുകയും ചെയ്തുകൊണ്ട്‌ സാത്താനെ പരിഭ്രാന്തനാക്കും." തന്റെ മുമ്പിലുള്ള ശിഷ്യന്‍മാരോട്‌ സുദീര്‍ഘമായി സംസാരിച്ചുകൊണ്ട്‌ ആ പ്രവാചകന്‍, ഇസ്മായീല്‍ സന്തതികളില്‍ നിന്നുള്ളവനായിരിക്കുമെന്ന്‌ ഈസാ (അ) പ്രസ്താവിച്ചു (അ: 43).

"അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നതെന്തെന്നാല്‍ ദൈവദൂതന്‍ മഹാപ്രഭാവമാകുന്നു. അവന്‍ വഴി ദൈവം സൃഷ്ടിച്ച മിക്കവാറും എല്ലാ വസ്തുക്കള്‍ക്കും സൗഭാഗ്യം ചേരും. എന്തുകൊണ്ടെന്നാല്‍ അവന്‍ ബോധനത്തിന്റെയും ഉപദേശത്തിന്റെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ഭയത്തിന്റെയും സ്നേഹത്തിന്റെയും ദൃഢതയുടെയും കാരുണ്യത്തിന്റെയും സൂക്ഷ്മതയുടെയും മാന്യതയുടെയും ക്ഷമയുടെയും ആത്മാവിനാല്‍ അലംകൃതനാകുന്നു. ദൈവത്തിന്റെ സൃഷ്ടികളില്‍ ദൈവം ഈ ചൈതന്യം അരുളിയിട്ടുള്ള മറ്റെല്ലാ വസ്തുക്കളെക്കാള്‍ മൂന്നിരട്ടി ദൈവത്തില്‍ നിന്ന്‌ അവന്‍ നേടിയിരിക്കുന്നു. അവന്‍ ഭൂമിയില്‍ വരുന്ന കാലം അത്യന്തം അനുഗൃഹീതമായിരിക്കും. ഉറപ്പായറിയുക, എല്ലാ പ്രവാചകന്‍മാരും അവനെ കണ്ടിട്ടുള്ളതുപോലെ ഞാനും അവനെ കാണുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. അവന്റെ ആത്മാവിനെ നോക്കുന്നതിലൂടെത്തന്നെ ദൈവം അവനു പ്രവാചകത്വമരുളി. ഞാന്‍ അവനെ കണ്ടപ്പോള്‍ എന്റെ ആത്മാവ്‌ ശാന്തിനിര്‍ഭരമായിക്കൊണ്ട്‌ പറഞ്ഞു: ഓ, മുഹമ്മദ്‌, ദൈവം നിന്നോടൊപ്പമുണ്ടാകട്ടെ. എന്നെ നിന്റെ ചെരിപ്പിന്റെ വാറ്‌ അഴിക്കാന്‍ അര്‍ഹനാക്കട്ടെ. ആ പദവി നേടിയാലും ഞാനൊരു വലിയ പ്രവാചകനും പുണ്യപുരുഷനുമായിത്തീരും "(അ: 44).

"ഞാന്‍ പോകുന്നതുകൊണ്ട്‌ നിങ്ങള്‍ക്കാധിവേണ്ട. ഭയപ്പെടരുത്‌. എന്തെന്നാല്‍ ഞാനല്ല നിങ്ങളെ പടച്ചതു; ദൈവമാണ്‌ നിങ്ങളുടെ സ്രഷ്ടാവ്‌. അവന്‍ നിങ്ങളെ രക്ഷിക്കും. ഞാനോ, ലോകത്തിന്‌ മോക്ഷവുമായി വരുന്ന ഒരു പ്രവാചകന്‌ ഭൂമിയില്‍ ഇന്ന്‌ വഴിയൊരുക്കുന്നതിനുവേണ്ടി വന്നിട്ടുള്ളവനാകുന്നു. ആന്‍ഡ്രിയോസ പറഞ്ഞു: ഗുരോ, ഞങ്ങള്‍ക്കവനെ തിരിച്ചറിയേണ്ടതിന്‌ അവന്റെ ലക്ഷണങ്ങള്‍ പറഞ്ഞുതന്നാലും. യേശു പറഞ്ഞു: അവന്‍ നിങ്ങളുടെ കാലത്തു വരുകയില്ല. നിങ്ങള്‍ക്കുശേഷം കുറേക്കാലം കഴിഞ്ഞേ വരൂ. അന്ന്‌ എന്റെ സുവിശേഷം, മുപ്പതോളം മനുഷ്യര്‍ മാത്രം വിശ്വാസികളായവശേഷിക്കും വിധം മായ്ക്കപ്പെട്ടിരിക്കും. അപ്പോള്‍ ദൈവം ഭൂമിക്ക്‌ കാരുണ്യമരുളി തന്റെ ദൂതനെ അയക്കും. അവന്റെ ശിരസ്സില്‍ ശുഭ്രമേഘങ്ങള്‍ തണലിടും. അതുവഴി അവന്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവനെന്നറിയപ്പെടും. അവന്‍ മുഖേന ലോകത്തിന്‌ ദൈവത്തെക്കുറിച്ച ജ്ഞാനം ലഭിക്കും. അവന്‍ ദൈവധിക്കാരികള്‍ക്കെതിരെ വമ്പിച്ച ശക്തിയുമായിച്ചെല്ലും. ഭൂമിയില്‍ നിന്ന്‌ വിഗ്രഹാരാധന തുടച്ചുനീക്കും. എനിക്കവനില്‍ ഏറെ സന്തുഷ്ടിയുണ്ട്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ മുഖേന നമ്മുടെ ദൈവം അറിയപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യും. എന്റെ സത്യം ലോകത്തിന്‌ ബോധ്യമാകും. എന്നെ മനുഷ്യനുപരിയായി വിധിച്ച ആളുകളോട്‌ അവന്‍ പ്രതികാരം ചെയ്യും... എല്ലാ പ്രവാചകന്‍മാരും കൊണ്ടുവന്ന സാക്ഷ്യത്തേക്കാള്‍ സ്പഷ്ടമായ ഒരു സാക്ഷ്യവുമായാകുന്നു അവന്‍ ആഗതനാവുക" (അ:72).

"ദൈവത്തിന്റെ കരാര്‍ ഉണ്ടായത്‌ യരൂശലമിലെ ശലമോന്‍ പള്ളിക്കുള്ളിലാണ്‌, മറ്റെവിടെയുമല്ല. എന്നാല്‍ എന്റെ വചനം വിശ്വസിപ്പിന്‍, എന്തെന്നാല്‍ ദൈവം അവന്റെ കാരുണ്യം മറ്റൊരു പട്ടണത്തില്‍ ഇറക്കുന്ന ഒരു കാലം ആഗതമാകുന്നുണ്ട്‌. പിന്നെ എങ്ങും അവന്നുള്ള ശരിയായ ആരാധന സാധ്യമാകും. ദൈവം അവന്റെ കാരുണ്യത്താല്‍ എല്ലാ സ്ഥലത്തും ശരിയായ നമസ്കാരം സ്വീകരിക്കും. ഞാന്‍ ഇസ്രായേല്‍ വംശത്തിന്റെ രക്ഷയ്ക്കുള്ള പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, എനിക്കുശേഷം ദൈവം നിയോഗിച്ചവനായിവരുന്ന മിശിഹ അഖില ലോകത്തിലേക്കുമുള്ളവനാകുന്നു. അതിനുവേണ്ടിയാകുന്നു ദൈവം അഖിലലോകവും സൃഷ്ടിച്ചിട്ടുള്ളത്‌. അന്ന്‌ ലോകം മുഴുക്കെ ദൈവം ആരാധിക്കപ്പെടും. അവന്റെ അനുഗ്രഹം വര്‍ഷിക്കുകയും ചെയ്യും" (അ:83)

"യേശു പുരോഹിതമുഖ്യനോട്‌ പറഞ്ഞു: എന്റെ ജീവന്‍ ആരുടെ ഹസ്തത്തിലാണോ, ആ ജീവത്തായ ദൈവമാണ, ഭൂമിയിലെ എല്ലാ ജനവും കാത്തിരിക്കുന്ന ആ മിശിഹയല്ല ഞാന്‍. 'നിന്റെ വംശം മുഖേന ഭൂമിയിലെ എല്ലാ ജനവും അനുഗൃഹീതരാകും' (ഉല്‍പത്തി 18:22) എന്ന്‌ ദൈവം നമ്മുടെ പിതാവിനോട്‌ വാഗ്ദത്തം ചെയ്തിട്ടുള്ളത്‌ എന്നെക്കുറിച്ചല്ല. പക്ഷേ, ദൈവം എന്നെ തിരിച്ചുവിളിച്ചാല്‍ പിന്നെ, സാത്താന്‍ സൂക്ഷ്മതയില്ലാത്ത ആളുകളെ, ഞാന്‍ ദൈവവും ദൈവപുത്രനുമാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കുഴപ്പം പരത്തും. അങ്ങനെ എന്റെ വചനങ്ങളും ഉപദേശങ്ങളും മാഞ്ഞുപോകും. എത്രത്തോളമെന്നാല്‍ 30 വിശ്വാസികള്‍ പോലും അവശേഷിക്കുക പ്രയാസമായിത്തീരും. അന്ന്‌ ദൈവം ലോകത്തിന്‌ കനിവരുളും. അവന്റെ ദൂതനെ അയക്കും. ഈ ലോകത്തിലുള്ള സകലവസ്തുക്കളും നിര്‍മിച്ചിട്ടുള്ളത്‌ അതിനുവേണ്ടിയാകുന്നു. അവന്‍ തെക്കുനിന്ന്‌ ശക്തിയോടെ വരും. വിഗ്രഹങ്ങളെയും വിഗ്രഹപൂജകരെയും നശിപ്പിക്കും. മനുഷ്യരുടെ മേല്‍ സാത്താന്‍ നേടിയ അധികാരം നീക്കിക്കളയും. അവന്‍ അവനില്‍ വിശ്വസിക്കുന്ന ജനത്തിന്റെ രക്ഷയ്ക്കുവേണ്ടി ദൈവാനുഗ്രഹം കൊണ്ടുവരും. അവന്റെ വചനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കാശംസകള്‍" (അ:96).

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ ദൈവദൂതന്നുശേഷം വേറെ പ്രവാചകന്‍ വരുമോ? യേശു പറഞ്ഞു: അവനുശേഷം ദൈവത്തിന്റെ സത്യപ്രവാചകന്‍മാര്‍ വരുന്നതല്ല. എന്നാല്‍ വളരെ വ്യാജപ്രവാചകന്‍മാര്‍ വരും. എനിക്കതില്‍ ദുഃഖമുണ്ട്‌. എന്തെന്നാല്‍ സാത്താന്‍ ദൈവത്തിന്റെ ന്യായവിധിയാല്‍ അവരെ എഴുന്നേല്‍പിക്കും. അവര്‍ എന്റെ സുവിശേഷത്തിന്റെ തിരശ്ശീലയില്‍ സ്വയം ഒളിപ്പിക്കും" (അ: 97).

"പുരോഹിത മുഖ്യന്‍ ചോദിച്ചു: ആ മിശിഹ ഏതു പേരില്‍ വിളിക്കപ്പെടും? എന്തെല്ലാം ലക്ഷണങ്ങളാണവന്റെ ആഗമനം വെളിപ്പെടുത്തുക? യേശു പറഞ്ഞു: ആ മിശിഹായുടെ പേര്‍ 'പ്രശംസനീയന്‍' എന്നായിരിക്കും. എന്തെന്നാല്‍ ദൈവം അവനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അവന്‌ ഈ പേര്‍ വെച്ചിരിക്കുന്നു. അവിടെ അവനെ ഒരു ഉപരിലോക മഹത്ത്വത്തില്‍ വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവം പറഞ്ഞു: ഓ, മുഹമ്മദ്‌, കാത്തിരുന്നുകൊള്ളുക, നിനക്കുവേണ്ടി ഞാന്‍ സ്വര്‍ഗവും ഭൂമിയും നിരവധി സൃഷ്ടികളും ഉളവാക്കും. അവ നിനക്ക്‌ സമ്മാനമായിത്തരും. ആര്‍ നിന്നെ ആദരിക്കുന്നുവോ അവന്‍ അനുഗ്രഹിക്കപ്പെടും. നിന്നെ ശപിക്കുന്നവനോ ശപിക്കപ്പെടുകയും ചെയ്യും. ഞാന്‍ നിന്നെ ഭൂമിയിലേക്കയക്കുമ്പോള്‍, രക്ഷാസന്ദേശത്തിന്റെ വാഹകനായിട്ടാണയക്കുക. നിന്റെ വചനം സത്യമായിരിക്കും. ഭൂമിയും ആകാശവും നീങ്ങിപ്പോകുന്നതുവരെ നിന്റെ മതം നീങ്ങിപ്പോവുകയില്ല. അവന്റെ അനുഗൃഹീത നാമം മുഹമ്മദ്‌ എന്നാകുന്നു" (അ: 97).

ബര്‍നബാസ് എഴുതുന്നു: "തന്റെ ശിഷ്യന്‍മാരില്‍ ഒരാള്‍ (അത്‌ യഹൂദയാണെന്ന്‌ പിന്നീട്‌ വെളിപ്പെട്ടു) മുപ്പതു വെള്ളിക്കാശിനു പകരം തന്നെ ശത്രുക്കള്‍ക്ക്‌ ഒറ്റിക്കൊടുക്കുമെന്ന്‌ ഒരിക്കല്‍ യേശു തന്റെ ശിഷ്യന്‍മാരുടെ സദസ്സില്‍ പ്രസ്താവിച്ചു. അനന്തരം അരുള്‍ ചെയ്തു:
'അതിനുശേഷം എനിക്കുറപ്പുണ്ട്‌, എന്നെ വില്‍ക്കുന്നവന്‍ തന്നെ എന്റെ പേരില്‍ കൊല്ലപ്പെടും. എന്തെന്നാല്‍ ദൈവം എന്നെ ഭൂമിയില്‍ നിന്നുയര്‍ത്തും. ആ വഞ്ചകന്റെ രൂപം, എല്ലാവര്‍ക്കും അവന്‍ ഞാനാണെന്നു തോന്നുംവണ്ണം മാറ്റുകയും ചെയ്യും. അങ്ങനെ അവന്‍ ദുര്‍മരണം വരിച്ചാല്‍ ഒരു കാലം വരെ ഞാന്‍ നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കും. പിന്നെ ദൈവത്തിന്റെ വിശുദ്ധദൂതന്‍ മുഹമ്മദ്‌ വരുമ്പോള്‍ എന്റെ ദുഷ്പേര്‌ ദൂരീകരിക്കപ്പെടും. ഞാന്‍ ആ മിശിഹായുടെ സത്യം സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ്‌ ദൈവം ഇപ്രകാരം ചെയ്യുന്നത്‌. ഞാന്‍ ജീവിച്ചിരിക്കുന്നുവേന്നും ആ നിന്ദ്യമായ ദുര്‍മരണവുമായി എനിക്കൊരു ബന്ധവുമില്ലെന്നും ലോകരെ അറിയിക്കുക എന്ന ഔദാര്യം അവന്‍ എനിക്കുവേണ്ടി ചെയ്യും" (അ: 113).

"യേശു ശിഷ്യന്‍മാരോടു പറഞ്ഞു: നിസ്സംശയമായും ഞാന്‍ നിങ്ങളോടു പറയുന്നു: മോശെയുടെ വേദത്തില്‍ സത്യം മായ്ക്കപ്പെട്ടിരുന്നില്ലെങ്കില്‍ ദൈവം നമ്മുടെ പിതാവ്‌ ദാവീദിന്‌ മറ്റൊരു വേദമയക്കുകയില്ലായിരുന്നു. ദാവീദിന്റെ വേദത്തില്‍ ഭേദഗതി വരുത്തിയിരുന്നില്ലെങ്കില്‍ ദൈവം എനിക്ക്‌ പുതിയ വേദം നല്‍കുകയില്ലാരുന്നു. എന്തെന്നാല്‍ ദൈവം ദിവ്യപ്രമാണങ്ങള്‍ മാറ്റുന്നവനല്ല. അവന്‍ സകല ജനത്തിനും ഒരേ സന്ദേശം അയച്ചു. അതിനാല്‍ ദൈവദൂതന്‍ വരുമ്പോള്‍, എന്റെ വേദത്തില്‍ നിഷേധികള്‍ ചേര്‍ത്ത അഴുക്കുകള്‍ നീക്കിക്കളയാനായിട്ടാണ്‌ അവന്‍ വരുക" (അ: 124).

വിശദമായ ഈ പ്രവചനങ്ങളില്‍നിന്ന്‌ മൂന്ന്‌ കാര്യങ്ങളാണ്‌ അനുവാചകന്റെ പ്രഥമദൃഷ്ടിയിലുടക്കുന്നത്‌. ഒന്ന്‌: താന്‍ മസീഹ്‌ ആണെന്നതിനെ ഈസാ (അ) നിഷേധിക്കുന്നു. രണ്ട്‌: ഈ വചനങ്ങളില്‍ മാത്രമല്ല, ഈ സുവിശേഷത്തില്‍ പല സ്ഥലങ്ങളിലും അന്ത്യപ്രവാചകന്റെ അറബിനാമം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, വരാനിരിക്കുന്ന പ്രവാചകന്റെ അസ്സല്‍ നാമം വെളിപ്പെടുത്തുകയെന്നത്‌ പ്രവാചക വചനങ്ങളുടെ പൊതുരീതിയല്ല. മൂന്ന്‌: മുഹമ്മദ്‌ നബി(സ)യെ മിശിഹ (മസീഹ്‌) എന്നു വ്യവഹരിച്ചിരിക്കുന്നു.
ഒന്നാമത്തെ സംശയത്തിനുള്ള മറുപടിയിതാണ്‌: ബര്‍നബാസിന്റെ സുവിശേഷത്തില്‍ മാത്രമല്ല ലൂക്കോസിന്റെ സുവിശേഷത്തിലും (9: 20-21), ഈസാ(അ) തന്റെ ശിഷ്യന്‍മാരോട്‌ അദ്ദേഹത്തെ 'മിശിഹാ' എന്നു വിളിക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌.

ഇതിന്റെ കാരണം മിക്കവാറും ഇതായിരിക്കണം: ഇസ്രായീല്യര്‍ പ്രതീക്ഷിച്ചിരുന്നത്‌ ഖഡ്ഗം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്ന ഒരു മിശിഹായെ ആണെന്നായിരുന്നു അവരുടെ വിചാരം. അതുകൊണ്ട്‌ ആ മിശിഹ താനല്ലെന്നും തനിക്കുശേഷം വരാനിരിക്കുന്നവനാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
രണ്ടാമത്തെ സംശയത്തിന്‌ മറുപടി: അക്കാലത്തു നിലവിലുണ്ടായിരുന്ന ബര്‍നബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയന്‍ തര്‍ജമയില്‍ പ്രവാചകന്റെ നാമം നിസ്സംശയമായും 'മുഹമ്മദ്‌' എന്ന്‌ എഴുതിയിരുന്നു. എന്നാല്‍, ഈ പുസ്തകം ഏതെല്ലാം ഭാഷകളിലൂടെ തര്‍ജമയും തര്‍ജമയുടെ തര്‍ജമയുമായാണ്‌ ഇറ്റാലിയന്‍ ഭാഷയിലെത്തിയതെന്ന്‌ പറയുക എളുപ്പമല്ല. ബര്‍നബാസ്‌ സുവിശേഷത്തിന്റെ മൂലം സുറിയാനിയിലായിരുന്നുവേന്നത്‌ വ്യക്തമാണ്‌. അതായിരുന്നുവല്ലോ യേശുവിന്റെയും ശിഷ്യന്‍മാരുടെയും ഭാഷ. മൂലസുവിശേഷം ലഭിച്ചാലേ അതില്‍ അന്ത്യപ്രവാചകന്റെ തിരുനാമം എന്താണെഴുതിയിരുന്നതെന്ന്‌ നോക്കാന്‍ പറ്റൂ. യോഹന്നാന്റെ സുവിശേഷത്തെ അവലംബിച്ചുകൊണ്ട്‌ ഇബ്നു ഇഷാഖ്‌ പറഞ്ഞതായി നാം നേരത്തെ ഉദ്ധരിച്ചിട്ടുള്ളതുപോലെ മൂലത്തില്‍ ഈസാ(അ) ഉപയോഗിച്ച പദം 'മുന്‍ഹമന്ന' എന്നാണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. പിന്നീട്‌ വ്യത്യസ്ത തര്‍ജമക്കാര്‍ അവരവരുടെ ഭാഷകളില്‍ അത്‌ തര്‍ജമ ചെയ്തിട്ടുണ്ടാവാം. അനന്തരം ഏതെങ്കിലും പരിഭാഷകന്‍ വരാനിരിക്കുന്നുവേന്ന്‌ പ്രവചിക്കപ്പെട്ട പ്രവാചകന്റെ നാമം 'മുഹമ്മദ്‌' എന്ന പദത്തിനു സമാനമാണെന്നുകണ്ട്‌ ആ പദംതന്നെ പ്രവാചകനാമമായി എഴുതിയിരിക്കാം. അതിനാല്‍, ഈ പേര്‍ പ്രസ്താവിച്ചു എന്നതുമാത്രം ബര്‍നബാസ്‌ സുവിശേഷം ഏതോ മുസ്ലിം രചിച്ചതായിരിക്കാമെന്ന്‌ സംശയിക്കാന്‍ മതിയായ കാരണമല്ല.

മൂന്നാമത്തെ സംശയത്തിനുള്ള മറുപടി: 'മസീഹ്‌' എന്നത്‌ ഒരു ഇസ്രായീലി സാങ്കേതികശബ്ദമാണ്‌. ഖുര്‍ആന്‍ അത്‌ യേശുവിന്റെ മാത്രം വിശേഷണമായി ഉപയോഗിച്ചിട്ടുള്ളത്‌, ഇസ്രായീല്യര്‍ അദ്ദേഹം മിശിഹാ ആണെന്ന സംഗതി നിഷേധിച്ചതുകൊണ്ട്‌ മാത്രമാകുന്നു. അല്ലാതെ ഖുര്‍ആന്റെ ഒരു സാങ്കേതികപദം എന്ന നിലയ്ക്കല്ല. ഖുര്‍ആന്‍ ആ പദം ഒരിടത്തും ജൂതന്‍മാരുടെ സാങ്കേതികാര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുമില്ല. അതിനാല്‍, ഖുര്‍ആന്‍ ഈസാ(അ)യെ മസീഹ്‌ എന്നു വിളിക്കുകയും അന്ത്യപ്രവാചകനെ അങ്ങനെ വിളിക്കാതിരിക്കുകയും ചെയ്ത്തതില്‍നിന്ന്‌ ഖുര്‍ആന്‍ നിഷേധിച്ച എന്തോ ഒന്ന്‌ ബര്‍നബാസ്‌ സുവിശേഷം അന്ത്യപ്രവാചകനില്‍ ആരോപിച്ചിരിക്കുന്നുവേന്ന്‌ നിര്‍ധാരണം ചെയ്യാവതല്ല. ഒരു വസ്തുവോ വ്യക്തിയോ വിശുദ്ധമായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ടാല്‍ ആ വസ്തുവിന്റെയും വ്യക്തിയുടെയും ശിരസ്സില്‍ തൈലം പുരട്ടി അനുഗൃഹീതം (Consecrate) ആക്കുക ഇസ്രായീല്യരുടെ ചിരപുരാതനമായ സമ്പ്രദായമായിരുന്നു. ഇങ്ങനെ തൈലം പുരട്ടുന്നതിന്‌ ഹീബ്രുഭാഷയില്‍ 'മസ്ഹ്' എന്നാണ്‌ പറഞ്ഞിരുന്നത്‌. തൈലം പുരട്ടപ്പെട്ടവരെ 'മസീഹ്‌' എന്നും. ദേവാലയങ്ങളുടെ അകത്തളങ്ങള്‍ ഇവ്വിധം 'മഷ്‌' ചെയ്ത ആരാധനകള്‍ക്കായി വഖ്ഫ്‌ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെ തൈലം പുരട്ടിയിട്ടായിരുന്നു പുരോഹിതന്‍മാരെ പൗരോഹിത്യപദവിയില്‍ വാഴിച്ചിരുന്നത്‌. രാജാക്കന്‍മാരും പ്രവാചകന്‍മാരും ദൈവത്തിങ്കല്‍ നിന്ന്‌ രാജത്വത്തിലും പ്രവാചകത്വത്തിലും നിയുക്തരാകുന്ന വേളയിലും ഇപ്രകാരം 'മഷ്‌' കര്‍മം നടന്നുപോന്നു. ബൈബിളിന്റെ വെളിച്ചത്തില്‍ ഇസ്രായേലീ ചരിത്രത്തില്‍ ഒരുപാട്‌ മിശിഹമാര്‍ കാണപ്പെടുന്നുണ്ട്‌. ഹാറൂന്‍ (അ) പുരോഹിതന്‍ എന്ന നിലയ്ക്കുള്ള മിശിഹയായിരുന്നു. മൂസാ (അ) പുരോഹിതനും പ്രവാകനും എന്ന നിലയ്ക്കും ത്വാലൂത്ത്‌ ചക്രവര്‍ത്തി എന്ന നിലയ്ക്കും ദാവൂട്‌ (അ) ചക്രവര്‍ത്തിയും പുരോഹിതനും എന്ന നിലയ്ക്കും അല്‍യസഅ​‍്‌ പ്രവാചകന്‍ എന്ന നിലയ്ക്കും മസീഹ്‌ (മിശിഹാ) ആയിരുന്നു. പില്‍ക്കാലത്ത്‌ മിശിഹ എന്നു വിളിക്കപ്പെടാന്‍ ഒരു ദൗത്യത്തിനു തൈലം പുരട്ടി വാഴിച്ചിരിക്കണമെന്നില്ലെന്നു വന്നു. ഏതെങ്കിലും കാര്യത്തിന്‌ ദൈവത്താല്‍ നിയുക്തനാവുക എന്നതുതന്നെ ഒരാള്‍ മിശിഹാ ആകുന്നതിന്‌ തുല്യമായിത്തീര്‍ന്നു. ഉദാഹരണത്തിന്‌ (രാജാക്കന്‍മാര്‍ 19-ല്‍) ദൈവം ഏലിയാവിനോട്‌ ഹെസക്കയേലിനെ മസ്ഹ് ചെയ്ത്‌ ആറാമിലെ രാജാവാക്കാനും നിംസിയുടെ പുത്രന്‍ യാഹോവിനെ മസ്ഹ് ചെയ്ത്‌ ഇസ്രായീലില്‍ രാജാവാക്കാനും യോശുവയെ മസ്ഹ് ചെയ്ത്‌ നിന്റെ സ്ഥാനത്ത്‌ പ്രവാചകനാക്കാനും കല്‍പിച്ചതായി പറയപ്പെടുന്നുണ്ട്‌. ഇവരിലാരുടെയും ശിരസ്സില്‍ തൈലം പുരട്ടുകയുണ്ടായിട്ടില്ല. അവരെ നിയോഗിക്കാനുള്ള കല്‍പന ദൈവത്തിങ്കല്‍ നിന്നുണ്ടാകുന്നതുതന്നെ അവര്‍ മസ്ഹ് ചെയ്യപ്പെട്ടതുപോലെയായിരുന്നു. ചുരുക്കത്തില്‍, ഇസ്രായീലീ സങ്കല്‍പമനുസരിച്ച്‌ 'മസീഹ്‌' എന്നാല്‍, 'ദൈവത്താല്‍ നിയുക്തനായവന്‍' എന്നതിനു തുല്യമായിരുന്നു. ഈ അര്‍ഥത്തിലാണ്‌ ഈസാ(അ) അന്ത്യപ്രവാചകനെ മസീഹ്‌ (മിശിഹ) എന്നു വിശേഷിപ്പിച്ചിട്ടുള്ളത്‌. മസീഹ്‌ (മിശിഹാ) എന്ന പദത്തിന്റെ ഇസ്രായേലി ആശയം വിശദമായി മനസ്സിലാക്കാന്‍ എന്‍സൈക്ലോപീഡിയാ ഓഫ്‌ ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ 'മീസിയാഹ്‌' എന്ന പദം നോക്കുക.

അവസാനിച്ചു.

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4
പോസ്റ്റ്5
പോസ്റ്റ്6

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ക്രിസ്ത്യാനികള്‍ ബര്‍നബാസിനെ തള്ളിക്കളഞ്ഞെതെന്ത് കൊണ്ട്?

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.

മസീഹിന്റെ ആദിശിഷ്യന്‍മാര്‍ അദ്ദേഹത്തെ കേവലം പ്രവാചകനായിട്ടായിരുന്നു കരുതിയിരുന്നത്‌. അവര്‍ മൂസവി ശരീഅത്തിന്റെ അനുകര്‍ത്താക്കളായിരുന്നു. വിശ്വാസപ്രമാണങ്ങളിലോ നിയമങ്ങളിലോ ആരാധനകളിലോ ഇസ്രായീല്യരില്‍നിന്ന്‌ തികച്ചും ഭിന്നരായി ഗണിക്കപ്പെട്ടിരുന്നില്ല. ജൂതന്‍മാരും അവരും തമ്മിലുള്ള വ്യത്യാസം, അവര്‍ ഈസാ(അ)യെ മിശിഹയായി അംഗീകരിച്ചു വിശ്വസിച്ചുവേന്നതും ജൂതന്‍മാര്‍ അദ്ദേഹത്തിന്റെ മസീഹിയ്യത്ത്‌ നിഷേധിച്ചുവേന്നതുമായിരുന്നു. പിന്നീട്‌ സെന്റ്‌ പോള്‍ ഈ സംഘത്തില്‍ ചേര്‍ന്നതോടെ, അദ്ദേഹം റോമക്കാരെയും ഗ്രീക്കുകാരെയും മറ്റു ജൂതേതര ജനങ്ങളെയും ഈ മതത്തിലേക്ക്‌ പ്രബോധനം ചെയ്തുതുടങ്ങി. ഇതിനുവേണ്ടി അദ്ദേഹം ക്രോഡീകരിച്ചതു ഹ. ഈസാ (അ) അവതരിപ്പിച്ച മതത്തിന്റേതില്‍നിന്നു തികച്ചും ഭിന്നമായ വിശ്വാസപ്രമാണങ്ങളോടും നിയമങ്ങളോടും കൂടിയ ഒരു മതമായിരുന്നു. സെന്റ്‌ പോളാകട്ടെ ഈസാ(അ)യുടെ ശിഷ്യത്വം ലഭിച്ചയാളല്ല. യേശുവിന്റെ ജീവിതകാലത്ത്‌ അദ്ദേഹത്തിന്റെ കടുത്ത വിരോധിയായിരുന്നു സെന്റ്‌ പോള്‍. യേശുവിന്റെ തിരോധാനത്തിനു ശേഷവും വളരെക്കാലം സെന്റ്‌ പോള്‍ ക്രിസ്തുശിഷ്യന്‍മാരുടെ ശത്രുവായിരുന്നു. പിന്നീട്‌ ഈ സംഘത്തില്‍ ചേര്‍ന്ന്‌ ഒരു പുതിയ മതം കെട്ടിപ്പടുക്കാന്‍ തുടങ്ങിയപ്പോഴും അദ്ദേഹം അതിന്നാധാരമാക്കിയത്‌ യേശുവിന്റെ വചനങ്ങളെയല്ല; മറിച്ച്‌ സ്വന്തം വെളിപാടുകളെയും ബോധോദയങ്ങളെയുമാണ്‌. പുതിയ മതത്തിന്‌ രൂപം നല്‍കുമ്പോള്‍ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യം അത്‌ ജൂതേതര (Gentile) ലോകത്തിന്‌ സ്വീകാര്യമാവുക എന്നതായിരുന്നു. ജൂതനിയമങ്ങളില്‍ നിന്ന്‌ സ്വതന്ത്രമായ ഒരു ക്രൈസ്തവ ശരീഅത്ത്‌ അദ്ദേഹം പ്രഖ്യാപിച്ചു. അന്നപാനീയങ്ങളിലുണ്ടായിരുന്ന എല്ലാ വിധിവിലക്കുകളും അദ്ദേഹം അവസാനിപ്പിച്ചു. ജൂതേതരന്‍മാര്‍ക്ക്‌ അരോചകമായിരുന്ന പരിച്ഛേദനനിയമം ദുര്‍ബലപ്പെടുത്തി. ഈസാമസീഹ്‌ ദൈവമാണ്‌, ദൈവപുത്രനാണ്‌, അദ്ദേഹം കുരിശിലേറി മനുഷ്യപുത്രന്‍മാരുടെ ആദിപാപത്തിന്‌ പ്രായശ്ചിത്തം ചെയ്തു തുടങ്ങിയ വിശ്വാസപ്രമാണങ്ങളും ആവിഷ്കരിച്ചു. കാരണം, ഇത്തരം സങ്കല്‍പങ്ങള്‍ സാധാരണ വിഗ്രഹാരാധകരുടെ മാനസികഘടനയുമായി എളുപ്പത്തില്‍ ഇണങ്ങുമായിരുന്നു. ക്രിസ്തുവിന്റെ പ്രാഥമിക ശിഷ്യന്‍മാര്‍ ഈ ബിദ്‌അത്തുകളെ (പ്രക്ഷിപ്ത സങ്കല്‍പങ്ങളെ) എതിര്‍ക്കുകയുണ്ടായി. പക്ഷേ, സെന്റ്‌ പോള്‍ തുറന്നിട്ട കവാടത്തിലൂടെ ജൂതേതര ക്രിസ്ത്യാനികള്‍ ഒരു മഹാപ്രവാഹമായി ഈ മതത്തില്‍ പ്രവേശിച്ചുകൊണ്ടിരുന്നു. യേശുവിന്റെ ഒരുപിടി ആദിശിഷ്യന്‍മാര്‍ക്ക്‌ അതിനെതിരില്‍ പിടിച്ചുനില്‍ക്കാനായില്ല. എങ്കിലും മൂന്നാം നൂറ്റാണ്ട്‌ അവസാനിക്കുന്നതുവരെ, ഈസായുടെ ദിവ്യത്വത്തെ നിഷേധിക്കുന്ന ധാരാളം ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്നാല്‍, നാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ (ക്രി. 325) ചേര്‍ന്ന നികയ്യ(Nicaea)കൗൺസില്‍ പൗലോസീയ വിശ്വാസങ്ങളെ ക്രിസ്തുമതത്തിന്റെ ഔദ്യോഗികവും ആധികാരികവുമായ വിശ്വാസപ്രമാണങ്ങളായി അംഗീകരിച്ചു. പിന്നീട്‌ റോമാസാമ്രാജ്യം തന്നെ ക്രിസ്തുമതം ആശ്ലേഷിച്ചു. സീസര്‍ തിയോഡോഷ്യസിന്റെ കാലത്ത്‌ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായിത്തീരുകയും ചെയ്തു. അതിനുശേഷം പ്രസ്തുത വിശ്വാസത്തിനെതിരായ മതഗ്രന്ഥങ്ങളെല്ലാം തള്ളപ്പെട്ടതായും പ്രസ്തുത വിശ്വാസങ്ങള്‍ക്ക്‌ അനുയോജ്യമായവ മാത്രം ആധികാരികങ്ങളായും പ്രഖ്യാപിക്കപ്പെടുക സ്വഭാവികമായിരുന്നു. എ.ഡി. 367-ല്‍ അഥനേഷ്യസ്‌ ഒരു ലേഖനത്തിലൂടെ ആദ്യമായി ആധികാരിക സുവിശേഷങ്ങളുടെ ഒരു സമുച്ചയം വിളംബരം ചെയ്യുകയുണ്ടായി. പിന്നീട്‌ എ.ഡി. 382-ല്‍ മാര്‍പ്പാപ്പ ഡമാസിയസി (Damasius)ന്റെ അധ്യക്ഷതയിലുള്ള ഒരുസഭ അതിനെ പൈന്താങ്ങി. അഞ്ചാം നൂറ്റാണ്ടില്‍ മാര്‍പ്പാപ്പ ഗെലാസിയസ്‌ (Gelasius) ഈ സുവിശേഷങ്ങളെ അംഗീകൃതങ്ങളായി വിധിച്ചതോടൊപ്പം പ്രക്ഷിപ്ത സുവിശേഷങ്ങളുടെ ഒരു പട്ടികയുമുണ്ടാക്കി. എന്നാല്‍, മതഗ്രന്ഥങ്ങളെ ആധികാരികങ്ങളെന്നും പ്രക്ഷിപ്തങ്ങളെന്നും വിധിക്കാന്‍ ആധാരമാക്കിയ പൗലോസീയ വിശ്വാസങ്ങളിലൊന്നുപോലും ഈസാ മസീഹ്‌ നേരിട്ടു നല്‍കിയിട്ടുള്ളതാണെന്ന്‌ വാദിക്കാന്‍ ഒരു ക്രൈസ്തവ പണ്ഡിതന്നും ഒരു കാലത്തും സാധിച്ചിട്ടില്ല. എന്നല്ല പുതിയ നിയമത്തിലുള്‍പ്പെട്ട ആധികാരിക സുവിശേഷങ്ങളില്‍ത്തന്നെയുമുള്ള യേശുവിന്റേതായ വചനങ്ങളൊന്നും പ്രസ്തുത വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്നുമില്ല.

ക്രൈസ്തവതയുടെ സര്‍ക്കാര്‍ വിശ്വാസത്തിന്‌ വിരുദ്ധമായതുകൊണ്ടാണ്‌ ബര്‍നബാസിന്റെ സുവിശേഷം അസ്വീകാര്യമായിത്തീര്‍ന്നത്‌. അതിന്റെ രചയിതാവ്‌ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്റെ രചനാലക്ഷ്യം ഇപ്രകാരം വ്യക്തമാക്കിയിട്ടുണ്ട്‌: "സാത്താന്റെ വഞ്ചനയില്‍പ്പെട്ട്‌ യേശുവിനെ ദൈവപുത്രനെന്നു കരുതുകയും പരിച്ഛേദത്തെ അനാവശ്യമെന്നു വിധിക്കുകയും നിഷിദ്ധഭക്ഷണങ്ങളെ ഹിതകരമാക്കുകയും ചെയ്യുന്ന-പോളും ഈ വഞ്ചനയില്‍പെട്ടിരിക്കുന്നു-വരുടെ വിശ്വാസത്തെ സംസ്കരിക്കുക." ഈസാ(അ)യുടെ ദിവ്യാദ്ഭുതങ്ങള്‍ കണ്ട ബഹുദൈവ വിശ്വാസികളായ റോമന്‍ പടയാളികളാണ്‌ അദ്ദേഹത്തെ ദൈവപുത്രനാണെന്ന്‌ ആദ്യം പറഞ്ഞുതുടങ്ങിയതെന്ന്‌ ബര്‍നബാസ്‌ വിശദീകരിക്കുന്നുണ്ട്‌. പിന്നീട്‌ ഈ രോഗം സാധാരണക്കാരായ ഇസ്രായീല്യരിലേക്കും പകര്‍ന്നു. ഇതില്‍ യേശുവിന്‌ വലുതായ പരിഭ്രമമുണ്ടായിരുന്നു. തന്നെ സംബന്ധിച്ചുള്ള ഈ തെറ്റിദ്ധാരണയെ അദ്ദേഹം അതിരൂക്ഷമായും ആവര്‍ത്തിച്ചും നിഷേധിക്കുകയും അതു പ്രചരിപ്പിക്കുന്നവരെ കഠിനമായി ശപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജൂതന്‍മാരില്‍നിന്ന്‌ ഈ വിശ്വാസം തുടച്ചുനീക്കുന്നതിനായി തന്റെ ശിഷ്യന്‍മാരെ നിയോഗിച്ചു. തന്റെ പ്രാര്‍ഥന മുഖേന അവരുടെ കരങ്ങളിലൂടെയും തന്നില്‍നിന്നുളവായ പോലെ ദിവ്യാദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. ദിവ്യാദ്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നവര്‍ ദൈവങ്ങളോ ദൈവപുത്രന്‍മാരോ ആണ്‌ എന്ന തെറ്റിദ്ധാരണ തകര്‍ക്കുന്നതിനായിരുന്നു ഇത്‌. ഈ അബദ്ധവിശ്വാസത്തെ ശക്തിയായി ഖണ്ഡിക്കുന്ന യേശുവിന്റെ വിശദമായ പ്രഭാഷണങ്ങള്‍ ബര്‍നബാസ്‌ ഉദ്ധരിക്കുന്നു. ഇങ്ങനെയൊരന്ധവിശ്വാസം പ്രചരിക്കുന്നതില്‍ അദ്ദേഹം എന്തുമാത്രം വ്യസനിച്ചിരുന്നുവേന്ന്‌ അടിക്കടി വ്യക്തമാക്കുന്നുമുണ്ട്‌. മസീഹിന്റെ കുരിശുമരണത്തെയും ബര്‍നബാസ്‌ അസന്ദിഗ്ധമായി നിഷേധിച്ചിരിക്കുന്നു. അദ്ദേഹം സംഭവത്തിന്റെ ദൃക്സാക്ഷ്യം ഇങ്ങനെ വിവരിക്കുന്നു: ജൂതന്‍മാരുടെ പുരോഹിത മുഖ്യനില്‍നിന്ന്‌ കൈക്കൂലി വാങ്ങി യഹൂദ യേശുവിനെ പിടിക്കാന്‍ ഭടന്‍മാരെയും കൂട്ടിവന്നപ്പോള്‍ ദൈവത്തിന്റെ ആജ്ഞാനുസാരം നാല്‌ മാലാഖമാര്‍ അദ്ദേഹത്തെ മേലോട്ടുയര്‍ത്തി. ദൈവം യേശുവിന്റേതുപോലെയുള്ള രൂപവും സ്വരവും യഹൂദക്കു നല്‍കി. അയാളാണ്‌ കുരിശിലേറ്റപ്പെട്ടത്‌, യേശുവല്ല. ഈ വിധം ബര്‍നബാസിന്റെ സുവിശേഷം പൗലോസീയ ക്രൈസ്തവതയുടെ വേരുപൊട്ടിക്കുകയും ഖുര്‍ആനിക പ്രസ്താവനയെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രസ്താവനകളുടെ പേരില്‍ത്തന്നെയാണ്‌ ഖുര്‍ആന്‍ അവതരിക്കുന്നതിന്‌ 115 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ക്രൈസ്തവ പുരോഹിതന്‍മാര്‍ ബര്‍നബാസിന്റെ സുവിശേഷത്തെ തള്ളിക്കളഞ്ഞത്‌.

അംഗീകൃത ചതുര്‍ സുവിശേഷങ്ങളെക്കാള്‍ അവലംബാര്‍ഹമാണ്‌ ബര്‍നബാസിന്റെ സുവിശേഷമെന്ന്‌ ഈ ചര്‍ച്ചയില്‍നിന്ന്‌ വ്യക്തമാണല്ലോ. അതാണ്‌ മസീഹി(അ)ന്റെ അധ്യാപനങ്ങളുടെയും ചര്യയുടെയും വചനങ്ങളുടെയും താരതമ്യേന ശരിയായ ഭാഷ്യം. യേശുമിശിഹായുടെ യഥാര്‍ഥ അധ്യാപനങ്ങള്‍ അറിയാനവസരം ലഭിച്ചിട്ടും ദുശ്ശാഠ്യത്തിന്റെ പേരില്‍ അത്‌ നഷ്ടപ്പെടുത്തിയത്‌ ക്രൈസ്തവരുടെ ദൗര്‍ഭാഗ്യം എന്നേ പറയേണ്ടൂ.

തുടരും......
ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4
പോസ്റ്റ്5

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

ബര്‍നബാസ് ആരായിരുന്നു?

ആരായിരുന്നു ഈ ബര്‍നബാസ്‌? 'ബൈബിളിലെ അപ്പോസ്തലന്‍മാരുടെ പ്രവൃത്തികള്‍' എന്ന പുസ്തകത്തില്‍ ഈ പേരില്‍ ഒരാളെ ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്‌. അദ്ദേഹം സൈപ്രസിലെ ഒരു ജൂതകുടുംബാംഗമാണ്‌. ക്രിസ്തുമത പ്രബോധനത്തിനും ക്രിസ്തുവിശ്വാസികളെ സഹായിക്കുന്നതിനും അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ വളരെ പ്രശംസിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അദ്ദേഹം ക്രിസ്തുമതത്തില്‍ പ്രവേശിച്ചതെപ്പോഴാണെന്ന്‌ എവിടെയും പറഞ്ഞുകണ്ടില്ല. മൂന്നു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള പന്ത്രണ്ട്‌ ഹവാരികളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ പേര്‍ കാണാനുമില്ല. അതുകൊണ്ട്‌ ഇദ്ദേഹം സുവിശേഷ കര്‍ത്താവായ ബര്‍നബാസ്‌ തന്നെയാണോ അതല്ല മറ്റൊരാളാണോ എന്നു പറയാനാവില്ല. മത്തായിയും മാര്‍ക്കോസും നല്‍കുന്ന ഹവാരികളുടെ (അപ്പോസ്തലന്‍മാരുടെ) പട്ടികയും ബര്‍നബാസ്‌ നല്‍കുന്ന പട്ടികയും തമ്മില്‍ രണ്ടു പേരുകളുടെ വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന്‌, തോമാ. ഇതിനു പകരം ബര്‍നബാസ്‌ സ്വന്തം പേരാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. രണ്ട്‌, ശീമോന്‍ ഖനാനി. ഈ സ്ഥാനത്ത്‌ ബര്‍നബാസ്‌ ചേര്‍ത്തിട്ടുള്ളത്‌ യാക്കോബിന്റെ പുത്രന്‍ യൂദായുടെ പേരാണ്‌. ലൂക്കോസിന്റെ സുവിശേഷത്തില്‍ ഈ രണ്ടാമത്തെ പേരുമുണ്ട്‌. ഈ വസ്തുതകള്‍ മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇങ്ങനെ അനുമാനിക്കാവുന്നതാണ്‌: ബര്‍നബാസിനെ അപ്പോസ്തലന്‍മാരില്‍നിന്ന്‌ പുറത്താക്കാനും അതുവഴി അദ്ദേഹത്തിന്റെ സുവിശേഷം തള്ളിക്കളയാനുംവേണ്ടി പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പേരിന്റെ സ്ഥാനത്ത്‌ തോമായുടെ പേരു ചേര്‍ക്കുകയായിരുന്നു. തങ്ങളുടെ വിശുദ്ധ പുസ്തകത്തില്‍ ഇത്തരം ഭേദഗതികള്‍ നടത്തുന്നത്‌ ക്രൈസ്തവ പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം അനാശാസ്യമൊന്നുമായിരുന്നില്ലല്ലോ.

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌. നാല്‌ സുവിശേഷങ്ങളെ അപേക്ഷിച്ച്‌ അതിലാണ്‌ ഈസാ(അ)യുടെ അധ്യാപനങ്ങള്‍ ഏറെ സ്പഷ്ടമായും വിശദമായും പ്രതിഫലനം സൃഷ്ടിക്കുന്ന രീതിയിലും വിവരിച്ചിട്ടുള്ളതും. ഏകദൈവത്വം, ബഹുദൈവത്വത്തിന്റെ ഖണ്ഡനം, ദൈവികഗുണങ്ങള്‍, ആരാധനകളുടെ ആന്തരാര്‍ഥം, ഉത്തമധര്‍മങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അതില്‍ സമര്‍ഥമായ തെളിവുകള്‍ നിരത്തി പ്രതിപാദിച്ചിരിക്കുന്നു. ഈ വിഷയങ്ങള്‍ ഗ്രഹിക്കാന്‍ യേശുക്രിസ്തു അവതരിപ്പിച്ച സാരസമ്പൂര്‍ണമായ ഉപമാലങ്കാരങ്ങളുടെ പത്തിലൊന്നുപോലും നാല്‌ സുവിശേഷങ്ങളില്‍ കാണപ്പെടുന്നില്ല. ഈസാ(അ) തന്റെ ശിഷ്യന്‍മാര്‍ക്ക്‌ ശിക്ഷണം നല്‍കിയിരുന്നത്‌ എന്തുമാത്രം യുക്തിപരമായ രീതിയിലായിരുന്നുവെന്ന്‌ ഈ സുവിശേഷത്തിലൂടെ നന്നായി ഗ്രഹിക്കാം. ഹ. ഈസാ(അ)യുടെ ഭാഷയെയും പ്രഭാഷണശൈലിയെയും സ്വഭാവപ്രകൃതിയെയും സംബന്ധിച്ച്‌ അല്‍പമെങ്കിലും ജ്ഞാനമുള്ളവര്‍ ബര്‍നബാസിന്റെ സുവിശേഷം വായിച്ചുനോക്കിയാല്‍, അത്‌ പില്‍ക്കാലത്ത്‌ ഏതോ മുസല്‍മാന്‍ കെട്ടിച്ചമച്ച കഥയൊന്നുമല്ലെന്ന്‌ സമ്മതിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന്‌ തീര്‍ച്ച. നാലു സുവിശേഷങ്ങളെ അപേക്ഷിച്ച്‌ യേശുക്രിസ്തുവിന്റെ യഥാര്‍ഥ മഹത്ത്വം നമുക്കു മുന്നില്‍ തെളിഞ്ഞുവരുന്നത്‌ അതിലൂടെയാണെന്ന്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടിവരും. നാല്‌ സുവിശേഷങ്ങളില്‍ വിവിധ വചനങ്ങള്‍ തമ്മില്‍ കാണപ്പെടുന്ന വൈരുധ്യത്തിന്റെ നിഴല്‍ പോലും ബര്‍നബാസിന്റെ സുവിശേഷ വചനങ്ങളിലില്ല എന്നും അവര്‍ക്ക്‌ ബോധ്യമാകും.

ഈ സുവിശേഷത്തില്‍ ഈസാനബി(അ)യുടെ ജീവിതവും സന്ദേശവും ഒരു പ്രവാചകന്റെ ജീവിതത്തിനും സന്ദേശത്തിനും യോജിച്ച വിധത്തില്‍ ദൃശ്യമാകുന്നുണ്ട്‌. അദ്ദേഹം തന്നെ ഒരു പ്രവാചകനായിട്ടാണവതരിപ്പിക്കുന്നത്‌. എല്ലാ പൂര്‍വ പ്രവാചകന്‍മാരെയും വേദങ്ങളെയും സത്യപ്പെടുത്തുന്നു. പ്രവാചകാധ്യാപനങ്ങളല്ലാതെ സത്യജ്ഞാനമാര്‍ജിക്കാന്‍ വേറെ ഉപാധികളില്ലെന്നും പ്രവാചകന്‍മാരെ വെടിയുന്നവര്‍ വാസ്തവത്തില്‍ അല്ലാഹുവിനെയാണ്‌ വെടിയുന്നതെന്നും അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. ഏകദൈവത്വം, പ്രവാചകത്വം, പരലോകം തുടങ്ങിയ വിഷയങ്ങളില്‍ മറ്റെല്ലാ പ്രവാചകന്‍മാരും നല്‍കിയ വിശ്വാസപ്രമാണങ്ങള്‍ തന്നെയാണദ്ദേഹവും അവതരിപ്പിക്കുന്നത്‌. നമസ്കാരവും നോമ്പും സകാത്തും കല്‍പിക്കുന്നു. അദ്ദേഹത്തിന്റെ നമസ്കാരത്തെ ബര്‍നബാസിന്റെ സുവിശേഷത്തില്‍ അനേകം സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍നിന്ന്‌ ഫജ്ര്, ളുഹ്ര്, അസ്വ്ര്, മഗ്‌രിബ്‌, ഇശാ, തഹജ്ജുദ്‌ സമയങ്ങള്‍ എന്നീ നേരങ്ങളില്‍ തന്നെയാണദ്ദേഹവും നമസ്കരിച്ചിരുന്നതെന്ന്‌ വ്യക്തമാകുന്നുണ്ട്‌. നമസ്കാരത്തിനു മുമ്പ്‌ അംഗസ്നാനം (വുദു) നടത്തുകയും ചെയ്തിരുന്നു. ഹ. ദാവൂദിനെയും ഹ. സുലൈമാനെയും അദ്ദേഹം പ്രവാചകന്‍മാരായി അംഗീകരിച്ചിരുന്നു. ജൂതന്‍മാരും ക്രിസ്ത്യാനികളും അവരെ പ്രവാചകന്‍മാരുടെ പട്ടികയില്‍നിന്ന്‌ പുറംതള്ളിയിരിക്കുകയാണ്‌. ഹ. ഇബ്‌റാഹീമി(അ)ന്റെ ബലിപുത്രന്‍ (ദബീഹ്‌) ഇസ്മാഈലാണെന്ന്‌ അദ്ദേഹം വാദിച്ചു. യഥാര്‍ഥ ബലിപുത്രന്‍ ഹ. ഇസ്മാഈല്‍ തന്നെയാണെന്നും ഇസ്രാഈല്യര്‍ ശാഠ്യപൂര്‍വം തര്‍ക്കിച്ച്‌ ഹ. ഇഷാഖിനെ വ്യാജമായി ബലിപുത്രനാക്കുകയാണെന്നും ഒരു ജൂതപണ്ഡിതനെക്കൊണ്ട്‌ അദ്ദേഹം അംഗീകരിപ്പിക്കുകയുമുണ്ടായി. പരലോകം, പുനരുത്ഥാനം, സ്വര്‍ഗനരകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ഏറക്കുറെ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളതുതന്നെയാണ്‌.
തുടരും....

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3
പോസ്റ്റ്4

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?


മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു. അതൊളിച്ചുവയ്ക്കാന്‍ ക്രിസ്ത്യാനികള്‍ നന്നായി പ്രയത്നിച്ചുനോക്കിയിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം അത്‌ ലോകത്തുനിന്നപ്രത്യക്ഷമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ബര്‍നബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയന്‍ തര്‍ജമയുടെ ഒരു കോപ്പി മാത്രം പോപ്പ്‌ സിക്സ്റ്റസി (Sixtus)ന്റെ ലൈബ്രറിയില്‍ കാണപ്പെട്ടു. ആര്‍ക്കും അതു വായിക്കാനനുവാദമുണ്ടായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത്‌ ജോൺ ടോളിയന്റ്‌ എന്നയാളിന്റെ കൈയിലെത്തി. പിന്നീടത്‌ നിരവധി കൈകളിലൂടെ കറങ്ങിത്തിരിഞ്ഞ്‌ 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയിലെത്തിച്ചേര്‍ന്നു. 1907-ല്‍ ഈ കോപ്പിയുടെ ഇംഗ്ലീഷ്‌ തര്‍ജമ ഓക്സ്ഫോര്‍ഡിലെ ക്ലാരിംഗ്ടൺ പ്രസ്സില്‍നിന്ന്‌ പ്രസിദ്ധീകരിക്കപ്പെട്ടു. അതു പുറത്തുവന്നപ്പോള്‍, ഈ പുസ്തകം തങ്ങള്‍ യേശുക്രിസ്തുവിന്റെ പേരില്‍ കെട്ടിപ്പടുത്ത മതത്തിന്റെ മൂടിളക്കുമെന്ന്‌ ക്രിസ്ത്യാനികള്‍ക്ക്‌ തോന്നിയിരിക്കാം. അതിനാല്‍, അതിന്റെ മുദ്രണം ചെയ്യപ്പെട്ട കോപ്പികളെല്ലാം ആസൂത്രിതമായി അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടൊരിക്കലും അതു പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഇതേ ഇറ്റാലിയന്‍ തര്‍ജമയുടെ ഒരു സ്പാനിഷ്‌ പതിപ്പ്‌ പ്രത്യക്ഷപ്പെടുകയുണ്ടായി. ജോര്‍ജ്‌ സെയില്‍ തന്റെ ഇംഗ്ലീഷ്‌ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ അതേപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. ഇന്നിപ്പോള്‍ നെറ്റില്‍ പലസ്ഥലത്തും, ചിലമുങ്കരുതലോട്കൂടി അത് പ്രസിദ്ധപെടുത്തിയിരിക്കുന്നതായി കാണാം. ക്രിസ്ത്യാനികള്‍ കേവലം പക്ഷപാതിത്വത്തിന്റെയും വിരോധത്തിന്റെയും പേരില്‍ തങ്ങള്‍ക്കുതന്നെ വിലക്കിക്കളഞ്ഞ ഒരു മഹാനുഗ്രഹമാണതെന്നാണെനിക്കു തോന്നിയിട്ടുള്ളത്‌.

ക്രൈസ്തവ സാഹിത്യങ്ങള്‍ ഈ സുവിശേഷത്തെ പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ ഇപ്രകാരം തള്ളിപ്പറയാറുണ്ട്‌: 'ഇതൊരു പ്രക്ഷിപ്ത സുവിശേഷമാകുന്നു. ഏതോ മുസല്‍മാന്‍ രചിച്ച്‌ ബര്‍നബാസിന്റെ പേരില്‍ ആരോപിച്ചതായിരിക്കാം ഇത്‌.' എന്നാല്‍, ഈ സുവിശേഷത്തില്‍ പലയിടത്തും മുഹമ്മദ്‌ നബി(സ)യുടെ ആഗമനം സംബന്ധിച്ചു സുവ്യക്തമായ പ്രവചനങ്ങള്‍ കാണപ്പെടുന്നുണ്ട്‌ എന്നതിന്റെ പേരില്‍ കെട്ടിച്ചമച്ച ഒരു കരിങ്കള്ളമാണിത്‌. ഒന്നാമതായി, ഈ സുവിശേഷം വായിച്ചുനോക്കിയാല്‍തന്നെ അറിയാം ഇതൊരു മുസല്‍മാന്റെ രചനയാവുക വയ്യെന്ന്‌.

രണ്ടാമതായി, മുസ്ലിം രചിച്ചതായിരുന്നുവേങ്കില്‍ മുസ്ലിംകള്‍ക്കിടയില്‍ ഇത്‌ വ്യാപകമായി പ്രചരിക്കേണ്ടതും മുസ്ലിം പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കേണ്ടതുമായിരുന്നു. പക്ഷേ, ഇവിടെ സ്ഥിതി നേരെ മറിച്ചാണ്‌. ജോര്‍ജ്‌ സെയിലിന്റെ ഇംഗ്ലീഷ്‌ ഖുര്‍ആന്‍ പരിഭാഷയ്ക്കു മുമ്പ്‌ ഇങ്ങനെയൊരു സുവിശേഷമുള്ളതായിത്തന്നെ മുസ്ലിംകളറിഞ്ഞിരുന്നില്ല. ത്വബരി, യഅ​‍്ഖൂബി, അല്‍ബിറൂനി, ഇബ്നുഹസം തുടങ്ങി നിരവധി മുസ്ലിം ഗ്രന്ഥകാരന്‍മാര്‍ ക്രൈസ്തവസാഹിത്യങ്ങളില്‍ അഗാധമായ വ്യുല്‍പത്തിയുള്ളവരായിരുന്നു. അതിലാരുംതന്നെ ക്രിസ്തുമതം ചര്‍ച്ച ചെയ്യുമ്പോള്‍ ബര്‍നബാസിന്റെ സുവിശേഷത്തെ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. മുസ്ലിംലോകത്തുണ്ടായിരുന്ന ഗ്രന്ഥങ്ങളുടെ ഏറ്റവും നല്ല സൂചികയാണ്‌ ഇബ്നുന്നദീമിന്റെ അല്‍ഫിഹ്‌റസ്തും ഹാജി ഖലീഫയുടെ കശ്ഫുള്ളുനൂനും. അവയും ഈ സുവിശേഷത്തെ പരാമര്‍ശിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പ്‌ ഏതെങ്കിലും മുസ്ലിം പണ്ഡിതന്‍മാര്‍ ബര്‍നബാസ്‌ സുവിശേഷത്തിന്റെ പേരു പറഞ്ഞതായിപ്പോലും കാണുന്നില്ല.

ബര്‍നബാസ്‌ സുവിശേഷം മുസ്ലിംരചനയാണെന്ന വാദം കളവാണെന്നുള്ളതിന്റെ മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ തെളിവ്‌ ഇതത്രേ: മുഹമ്മദ്‌ നബി(സ)യുടെ ജനനത്തിന്‌ എഴുപത്തഞ്ചുവര്‍ഷം മുമ്പ്‌ പോപ്പ്‌ ഗെലാസിയൂസി (Gelasius)ന്റെ കാലത്തുതന്നെ അബദ്ധവിശ്വാസങ്ങളുടെയും പിഴച്ച (Heretical) പുസ്തകങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. ഒരു ഇടയലേഖനത്തിലൂടെ മാര്‍പ്പാപ്പ പാരായണം നിഷിദ്ധമാക്കിയവയുടെ കൂട്ടത്തില്‍ ബര്‍നബാസിന്റെ സുവിശേഷ (Evangelium Barnaba) വും ഉള്‍പ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത്‌ ഏതു മുസ്ലിമായിരിക്കാം ഈ പ്രക്ഷിപ്ത സുവിശേഷം തട്ടിപ്പടച്ചതു?! സ്പെയിന്‍, സിറിയ, ഈജിപ്ത്ങ്ങ തുടങ്ങിയ നാടുകളിലെ പ്രാഥമിക ക്രൈസ്തവസഭകളില്‍ ഈ കാലയളവുവരെ ബര്‍നബാസിന്റെ സുവിശേഷം പ്രചാരത്തിലുണ്ടായിരുന്നുവേന്നും ആറാം നൂറ്റാണ്ടിലാണ്‌ അത്‌ നിഷിദ്ധമായി വിധിക്കപ്പെട്ടതെന്നും ക്രൈസ്തവ പണ്ഡിതന്‍മാര്‍തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌.

ആ സുവിശേഷത്തില്‍ മുഹമ്മദീയ പ്രവാചകത്വം സംബന്ധിച്ച്‌ ഈസാ (അ) നല്‍കിയ പ്രവചനം ഉദ്ധരിക്കുന്നതിനു മുമ്പ്‌ അതിനെ സംക്ഷിപ്തമായി പരിചയപ്പെടേണ്ടതുണ്ട്‌. അതിന്റെ പ്രാധാന്യമെന്താണെന്നും ക്രൈസ്തവ മാന്യന്‍മാര്‍ക്ക്‌ അതിത്ര അരോചകമായതെന്തുകൊണ്ടാണെന്നും മനസ്സിലാക്കുവാന്‍ അതു സഹായകമാകും.
കാനോനികവും പ്രബലവും എന്നു വിധിച്ചുകൊണ്ട്‌ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാലു സുവിശേഷങ്ങളിലൊന്നിന്റെ പോലും ലേഖകന്‍ ഈസാ(അ)യുടെ നേര്‍ ശിഷ്യനല്ല. യേശുമിശിഹായുടെ നേര്‍ശിഷ്യന്‍മാരില്‍നിന്നു ലഭിച്ച വിവരങ്ങളാണ്‌ അവര്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവരാരും വാദിച്ചിട്ടില്ല. വിവരങ്ങള്‍ നേടാന്‍ അവലംബിച്ച യാതൊരാധാരവും അവര്‍ വെളിപ്പെടുത്തുന്നുമില്ല. അതുകൊണ്ട്‌ സംഭവങ്ങള്‍ക്ക്‌ നിവേദകന്‍ ദൃക്സാക്ഷിയാണോ, അവര്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ നേരിട്ട്‌ കണ്ടതാണോ, അതല്ല പ്രസ്തുത വചനങ്ങള്‍ അവര്‍ക്ക്‌ ലഭിച്ചതു മറ്റൊരുപാധിയിലൂടെ അല്ലെങ്കില്‍ പല ഉപാധികളിലൂടെയാണോ എന്നൊന്നും തീരുമാനിക്കുക സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. നേരെ മറിച്ച്‌ ബര്‍നബാസ്‌ സുവിശേഷത്തിന്റെ കര്‍ത്താവ്‌ പ്രസ്താവിക്കുന്നു: 'യേശുക്രിസ്തുവിന്റെ പ്രഥമ ശിഷ്യന്‍മാരായ പന്ത്രണ്ട്‌ ഹവാരികളിലൊരാളാണ്‌ ഞാന്‍. ആരംഭം മുതല്‍ അന്ത്യവേള വരെ ഞാന്‍ മിശിഹായോടൊപ്പമുണ്ടായിരുന്നു. എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട്‌ കണ്ടതും കാതുകള്‍കൊണ്ടു കേട്ടതുമായ വചനങ്ങളാണ്‌ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്‌.' മാത്രമല്ല, പുസ്തകത്തിന്റെ സമാപനത്തില്‍ അദ്ദേഹം പറയുന്നു: ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ യേശു മിശിഹാ എന്നോട്‌ പറഞ്ഞതെന്തെന്നാല്‍, തന്നെക്കുറിച്ച്‌ ജനത്തില്‍ പരന്നിട്ടുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടതും യഥാര്‍ഥ വസ്തുതകള്‍ ലോകസമക്ഷം കൊണ്ടുവരേണ്ടതും നിന്റെ ബാധ്യതയാണെന്നത്രേ.

തുടരും.......

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം)

ആദ്യപോസ്റ്റില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടേ രണ്ട് സാധ്യതകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഒന്ന്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് പൂര്‍ണമായി സത്യമായിരിക്കണം. രണ്ട്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് കളവാണ്. ഒന്നാമത്തെ ഉത്തരമാണ് സത്യമെങ്കില്‍ കൃസ്ത്യാനികള്‍ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടതായി വരും. മറിച്ച് രണ്ടാമത്തേതാണ് സത്യമെങ്കില്‍ ഖുര്‍ ആന്‍ കളവാണെന്ന് മുസ്ലീങ്ങളും അംഗീകരിക്കേണ്ടിവരും. ഈ രണ്ടിലൊന്ന്, രണ്ട് കൂട്ടരും അംഗീകരിക്കണമെങ്കില്‍ യേശു സംസാരിച്ച ഭാഷയിലെ അതേ സുവിശേഷം തന്നെ നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കണം. ആ ഭാഷയിലെ സുവിശേഷങ്ങളോന്നും ഇന്ന് ലഭ്യമല്ല എന്നത് രണ്ടാമത്തെ പോസ്റ്റിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ബൈബിളിലെ സുവിശേഷകരൊന്നും തന്നെ യേശുവില്‍ നിന്ന് നേരിട്ടല്ല കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും വ്യക്തമായി കഴിഞ്ഞു.

ഇവിടെയും ചില സാധ്യതകളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുക്തിക്ക് ബോധ്യപെടുന്നതാണെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളായാം.

യവനഭാഷയില്‍തന്നെ പെരിക്ലിറ്റസ്‌ (Periclytos) എന്ന മറ്റൊരു വാക്കുണ്ടെന്നതാണ്‌ കൗതുകകരമായ കാര്യം. സ്തുതിക്കപ്പെട്ടവന്‍ എന്നാണതിനര്‍ഥം. ഇത്‌ അറബിഭാഷയിലെ 'മുഹമ്മദ്‌' എന്ന പദത്തിന്‌ തികച്ചും സമാനമായ അര്‍ഥമാണ്‌. ഉച്ചാരണത്തിലാവട്ടെ, അത്‌ Paracletus എന്ന പദത്തോട്‌ സാദൃശ്യം പുലര്‍ത്തുകയും ചെയ്യുന്നു. വേദവാക്യങ്ങളില്‍ സ്വന്തം ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായ ഭേദഗതികളാവാമെന്നു കരുതുന്ന ക്രൈസ്തവ പണ്ഡിതന്‍മാര്‍ തങ്ങളുടെ വിശ്വാസത്തിനെതിരായി കണ്ട ഈ വാക്ക്‌ പകര്‍ത്തിയെഴുതിയപ്പോള്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കാമെന്നു കരുതുന്നതില്‍ അസാംഗത്യമൊന്നുമില്ല. യോഹന്നാന്‍ എഴുതിയ മൂലസുവിശേഷത്തിന്റെ കോപ്പി എവിടെയും ലഭ്യമല്ലാത്തതിനാല്‍, മൂലവുമായി ഒത്തുനോക്കി പ്രസ്തുത പദങ്ങളില്‍ ഏതാണ്‌ അദ്ദേഹം ഉപയോഗിച്ചതെന്ന്‌ കണ്ടെത്തുക അസാധ്യമാകുന്നു.

എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം, യോഹന്നാന്‍ യവനഭാഷയിലെഴുതിയ മൂലസുവിശേഷത്തിലുപയോഗിച്ച പദമേത്‌ എന്നതിനെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്‌. എന്തുകൊണ്ടെന്നാല്‍, എന്തൊക്കെയായാലും അതും തര്‍ജമ തന്നെയാണല്ലോ. ഈസാ(അ)യുടെ ഭാഷ നാം നേരത്തെ വ്യക്തമാക്കിയപോലെ ഫലസ്തീനി സുറിയാനിയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം തന്റെ സുവിശേഷത്തില്‍ ഉപയോഗിച്ചത്‌ അനിവാര്യമായും ഒരു സുറിയാനി പദംതന്നെയായിരിക്കണം. ഭാഗ്യവശാല്‍ ആ സുറിയാനി മൂലപദം സീറതു ഇബ്നി ഹിശാമില്‍നിന്ന്‌ (ഇബ്നു ഹിശാം രചിച്ച ചരിത്രഗ്രന്ഥം) നമുക്ക്‌ ലഭിക്കുന്നുണ്ട്‌. അതിനു സമാനമായ യവനപദമേതാണെന്നും ആ ഗ്രന്ഥത്തില്‍നിന്നു തന്നെ മനസ്സിലാക്കാം. മുഹമ്മദുബ്നു ഇഷാഖിനെ അവലംബിച്ചുകൊണ്ട്‌ ഇബ്നുഹിശാം യോഹന്നാന്റെ സുവിശേഷം 15-​‍ാം അധ്യായം 23 മുതല്‍ 27 വരെ വാക്യങ്ങളുടെയും 16-​‍ാം അധ്യായം ഒന്നാം വാക്യത്തിന്റെയും തര്‍ജമ ഉദ്ധരിച്ചിട്ടുണ്ട്‌. അതില്‍ 'പാറക്കലീറ്റ്‌' എന്ന യൂനാനി പദത്തിനു പകരം 'മുന്‍ഹമന്നാ' എന്ന സുറിയാനി പദമാണുപയോഗിച്ചിട്ടുള്ളത്‌. തുടര്‍ന്ന്‌ ഇബ്നു ഹിശാം (അല്ലെങ്കില്‍ ഇബ്നു ഇഷാഖ്‌ തന്നെ) അതിനെ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: "മുന്‍ഹമന്നാ എന്ന സുറിയാനി പദത്തിന്‌ അറബിയില്‍ 'മുഹമ്മദ്‌' എന്നും യവനഭാഷയില്‍ ബര്‍ക്കലീത്വുസ്‌ എന്നുമാണര്‍ഥം"(ഇബ്നു ഹിശാം വാ. 1 പേ. 248).

ഇനി നോക്കുക: ചരിത്രപരമായി ഫലസ്തീനിലെ സാധാരണക്കാരായ ക്രൈസ്തവ പൗരന്‍മാരുടെ ഭാഷ ക്രി. 9-​‍ാം നൂറ്റാണ്ടുവരെ സുറിയാനിയായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ ആദ്യാര്‍ധത്തില്‍തന്നെ ഈ പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇബ്നു ഇഷാഖ് ക്രി.വ. 768-ലും ഇബ്നു ഹിശാം ക്രി.വ. 828-ലുമാണ്‌ മരിച്ചത്‌. ഈ രണ്ടു പേരുടെയും കാലത്ത്‌ ഫലസ്തീനീ ക്രൈസ്തവര്‍ സുറിയാനി ഭാഷ സംസാരിച്ചിരുന്നുവെന്നാണിതിനര്‍ഥം. തങ്ങളുടെ നാട്ടിലെ ക്രിസ്ത്യന്‍ പൗരന്‍മാരുമായി ബന്ധപ്പെടുവാന്‍ ഈ രണ്ടുപേര്‍ക്കും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അതുപോലെ യവനഭാഷ സംസാരിക്കുന്ന ലക്ഷക്കണക്കില്‍ ക്രിസ്ത്യാനികളും അക്കാലത്ത്‌ മുസ്ലിം പ്രദേശങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട്‌ സുറിയാനി ഭാഷയിലെ ഏതുപദം യവനഭാഷയിലെ ഏതു പദത്തിനു തുല്യമാണെന്നു മനസ്സിലാക്കുക ആര്‍ക്കും പ്രയാസകരമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇബ്നു ഇഷാഖ്‌ ഉദ്ധരിച്ച തര്‍ജമയില്‍ 'മുന്‍ഹമന്നാ' എന്ന സുറിയാനി പദം ഉപയോഗിക്കുകയും ഇബ്നു ഇഷാഖോ ഇബ്നു ഹിശാമോ ആ പദത്തിന്‌ സമാനമായ അറബിപദം 'മുഹമ്മദ്‌' എന്നും യവനപദം 'ബര്‍ക്കലീത്വുസ്‌' എന്നുമാണെന്നും വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ഈസാ (അ) അന്ത്യപ്രവാചകന്റെ പേര്‌ പ്രസ്താവിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ആഗമന സുവാര്‍ത്ത നല്‍കിയതാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും പഴുതില്ല. യോഹന്നാന്‍ യവനഭാഷയിലെഴുതിയ സുവിശേഷത്തിലുപയോഗിച്ച പദം Periclytos ആയിരുന്നുവെന്നും ക്രിസ്ത്യാനികള്‍ പില്‍ക്കാലത്തെപ്പോഴോ അതു Paracletus ആക്കി ഭേദഗതി ചെയ്തതാണെന്നും കൂടി അതോടൊപ്പം വ്യക്തമാകുന്നുണ്ട്‌.

ഇതിനെക്കാള്‍ പുരാതനമായ ചരിത്രസാക്ഷ്യമാണ്‌ ഹ. അബ്ദുല്ലാഹിബ്നു മസ്‌ഊദിന്റെ ഈ നിവേദനം: അബിസീനിയന്‍ മുഹാജിറുകളെ നജ്ജാശി(നേഗസ്) രാജാവ്‌ തന്റെ രാജധാനിയില്‍ വിളിച്ചുവരുത്തിയപ്പോള്‍ ജഅ​‍്ഫറുബ്നു അബീത്വാലിബ്‌ (റ) റസൂല്‍ (സ) തിരുമേനിയുടെ ഉപദേശങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കുകയുണ്ടായി. അതു കേട്ടപ്പോള്‍ നജ്ജാശി രാജാവ്‌ പറഞ്ഞു:

مَرْحَبًا بِكُمْ ومِمَّنْ جِئْتُمْ مِنْ عِنْدِهِ، أَشْهَدُ أَنَّهُ رَسُولُ اللهِ وَاَنَّهُ الَّذِي نَجِدُ فِى الإنْجِيلِ وَاَنَّهُ الَّذِي بَشَّرَ بِهِ عِيسَى بْنُ مَريَم

(നിങ്ങള്‍ക്ക്‌ സ്വാഗതം! നിങ്ങള്‍ ആരുടെ അടുക്കല്‍നിന്നു വരുന്നുവോ അദ്ദേഹത്തിനും സ്വാഗതം. അദ്ദേഹം ദൈവദൂതനാണെന്നും സുവിശേഷങ്ങളില്‍ ഞങ്ങള്‍ കാണുന്നവനാണെന്നും മര്‍യമിന്റെ മകന്‍ ഈസാ സുവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ അദ്ദേഹത്തെക്കുറിച്ചാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) (മുസ്നദ്‌ അഹ്മദ്‌). ഈ കഥ ഹദീസുകളില്‍ ഹ. ജഅ​‍്ഫറില്‍നിന്നും ഹ. ഉമ്മുസല്‍മയില്‍നിന്നുംച ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഈസാ (അ) ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിട്ടുണ്ടെന്ന്‌ ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ച നജ്ജാശി(നേഗസ്) രാജാവിന്നറിയാമായിരുന്നുവെന്നു മാത്രമല്ല ഇതില്‍നിന്നു തെളിയുന്നത്‌; പ്രത്യുത, ആ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യാണെന്ന്‌ നജ്ജാശിക്ക്‌ സംശയലേശമന്യേ തിരിച്ചറിയാന്‍ കഴിയുംവണ്ണമുള്ള അടയാളങ്ങള്‍ സുവിശേഷങ്ങളിലുണ്ടായിരുന്നുവെന്നുകൂടി തെളിയുന്നുണ്ട്‌. എന്നാല്‍, യേശുവിന്റെ ഈ പ്രവചനം സംബന്ധിച്ച്‌ നജ്ജാശിക്കുണ്ടായിരുന്ന അറിവുകളുടെ മാധ്യമം യോഹന്നാന്റെ ഈ സുവിശേഷം മാത്രമായിരുന്നുവോ അതല്ല, അതറിയാന്‍ വേറെ ചില മാധ്യമങ്ങള്‍ കൂടി അന്നു ലഭ്യമായിരുന്നുവോ എന്ന്‌ ഈ നിവേദനങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നില്ല.

തുടരും......

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?

ഈസാ (അ), തനിക്ക് ശേഷം, ‘അഹ്മദ്‘ എന്നപേരില്‍ ഒരു പ്രവാചകന്‍ വരുമെന്ന്, അദ്ദേഹത്തിന് ദൈവത്തില്‍ നിന്ന് ലഭിച്ച സുവിശേഷം(ഇഞ്ചീല്‍) മുഖേന വ്യക്തമാക്കപെട്ടു എന്ന് ആദ്യപോസ്റ്റില്‍ സൂചിപിച്ച ഖുര്‍ ആന്‍ സൂക്തത്തില്‍(വി.ഖു.61:6) നിന്ന് നാം മനസ്സിലാക്കി. ഇന്ന് നാം കാണുന്ന ബൈബിളില്‍, ഇതേ വാക്യം ഉണ്ട് എന്ന് ഖുര്‍ആനോ ,അതിന്റെ അനുയായികളോ അവകാശപെടുന്നില്ല. യേശുവിന് അവതരിച്ച സുവിശേഷങ്ങളുടെ ചിലഭാഗങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന കാര്യം അംഗീകരിക്കുകയും ചെയ്യുന്നു. എന്ത്കൊണ്ടാണ് ഇങ്ങനെ, എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ബൈബിളിലെ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള ചിലവാക്യങ്ങളെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഉദ്ധരിക്കുകയുണ്ടായി. ഞാന്‍ സൂചിപിച്ച ഖുര്‍ആന്‍ വചനത്തിലെ പ്രസ്ഥാവനയോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിക്കുന്ന വാക്യങ്ങളാണ് ഇവയെന്ന് ഞാന്‍ വാദിക്കുന്നില്ല. ചില സാമ്യതളുള്ള വചനങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം. കൃസ്ത്യാനികളെ സംബന്ധിച്ചേടൊത്തോളം ആ വചനങ്ങളില്‍ സൂചിപിക്കപ്പെട്ട ‘കാര്യസ്ഥന്‍‘ ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവ് ആണെന്നും നാം മനസ്സിലാക്കി കഴിഞ്ഞു. അതാകട്ടെ കൃസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ് താനും.

നിഷ്പക്ഷനായ ഒരാള്‍ക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാന്‍, ഈസാ (അ)( യേശു) യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്. അതിന് അദ്ദേഹം സംസാരിച്ച ഭാഷയും ഇപ്പോള്‍ നിലവലുള്ള ബൈബിള്‍ ഗ്രന്ഥങ്ങളുടെ ഭാഷന്തര ഉറവിടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഖുര്‍ ആന്‍ അത് അവതരിച്ച ഭാഷയില്‍ ലോകത്തേത് കോണിലും ഇന്ന് ലഭ്യമാണ്. എന്നാല്‍ യേശു സംസാരിച്ച ഭാഷയില്‍ സുവിശേഷങ്ങള്‍ ലോകത്തൊരു സ്ഥലത്തും ലഭ്യമല്ല. അത് കൊണ്ട് തന്നെ ചരിത്രപരമായ ചില വസ്തുതകള്‍ പരിശോധിച്ച് ചില നിഗമനങ്ങളില്‍ എത്താന്‍ ഒരു ശ്രമം നടത്തുക മാത്രമാണിവിടെ ചെയ്യുന്നത്.

ഈ വാക്യങ്ങളുടെ അര്‍ഥനിര്‍ണയത്തിന്‌ ആദ്യമായി ഈസാ(അ)യുടെ കാലത്തെ ഫലസ്തീനികളുടെ പൊതുഭാഷയായിരുന്ന അറാമിക്‌ ഭാഷയുടെ ഉപഭാഷയായ സുറിയാനി അറിഞ്ഞിരിക്കേണ്ടതുണ്ട്‌. മസീഹി(അ)ന്റെ ജനനത്തിന്‌ രണ്ടര ദശാബ്ദം മുമ്പ്‌ സലൂക്കി (Seleucide) ആധിപത്യകാലത്തേ ഈ പ്രദേശങ്ങളില്‍നിന്ന്‌ ഹിബ്രുഭാഷ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. തല്‍സ്ഥാനം സുറിയാനി ഭാഷ ഏറ്റെടുക്കുകയും ചെയ്തു. സലൂക്കികളുടെയും പിന്നീട്‌ വന്ന റോമന്‍ ആധിപത്യത്തിന്റെയും സ്വാധീനഫലമായി യവനഭാഷയും ഈ പ്രദേശങ്ങളിലെത്തിച്ചേര്‍ന്നുവേങ്കിലും ഭരണതലങ്ങളില്‍ സ്ഥാനം നേടിയവരും ഭരണകേന്ദ്രങ്ങളിലെ സ്ഥാനം മോഹിച്ച്‌ യവനസംസ്കാരത്തിനു വഴങ്ങിക്കൊടുത്തവരുമായ വിഭാഗങ്ങളില്‍ മാത്രമേ അതിനു പ്രചാരമുണ്ടായിരുന്നുള്ളൂ. സാധാരണ ഫലസ്തീനികള്‍ സംസാരിച്ചിരുന്നത്‌ സുറിയാനിയുടെ ഒരു പ്രത്യേക ദേശ്യഭാഷ (Dialect) ആയിരുന്നു. അതിന്റെ ഉച്ചാരണവും ശൈലിയും ദമസ്കസ്‌ പ്രദേശത്ത്‌ സംസാരിച്ചുവന്ന സുറിയാനി ഭാഷയില്‍നിന്ന്‌ വ്യത്യസ്തമായിരുന്നു. നാട്ടിലെ സാമാന്യജനങ്ങള്‍ക്ക്‌ യവനഭാഷ തികച്ചും അപരിചിതമായിരുന്നു. ക്രി.വ. എഴുപതാം ആണ്ടില്‍ ടൈറ്റസ്‌ എന്ന യവന സൈനികന്‍ ജറുസലേം പിടിച്ചടക്കിയപ്പോള്‍ നാട്ടുകാരെ അഭിമുഖീകരിച്ച്‌ യവനഭാഷയില്‍ അദ്ദേഹം നടത്തിയ പ്രസംഗം സുറിയാനിയില്‍ തര്‍ജമ ചെയ്തു കേള്‍പ്പിക്കേണ്ടിവന്നത്‌ അതുകൊണ്ടായിരുന്നു. ഹ. ഈസാ തന്റെ ശിഷ്യന്‍മാരോട്‌ സംസാരിച്ചിരുന്നത്‌ അനിവാര്യമായും സുറിയാനി ഭാഷയിലായിരുന്നു എന്നാണിത്‌ തെളിയിക്കുന്നത്‌.

ബൈബിളിലെ നാലു സുവിശേഷങ്ങളും എഴുതിയത്‌ ഈസാ(അ)ക്കു ശേഷം ക്രിസ്തുമതത്തില്‍ ചേര്‍ന്ന, യവനഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികളായിരുന്നു എന്നറിഞ്ഞിരിക്കണമെന്നതാണ്‌ മറ്റൊരു കാര്യം. ഈസാ(അ)യുടെ വചനങ്ങളുടെയും കര്‍മങ്ങളുടെയും വിവരങ്ങള്‍ അവര്‍ക്കു ലഭിച്ചതു സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ ലിഖിതങ്ങള്‍ മുഖേനയായിരുന്നില്ല, മറിച്ച്‌, കര്‍ണാകര്‍ണികയാ വന്ന വാമൊഴികളിലൂടെയായിരുന്നു. ഈ സുറിയാനി കഥകളെ അവര്‍ സ്വന്തം ഭാഷയിലേക്ക്‌ തര്‍ജമ ചെയ്യുകയായിരുന്നു. ക്രി.വ. 70 തിനുമുമ്പ്‌ സുവിശേഷങ്ങളൊന്നും എഴുതപ്പെട്ടിരുന്നില്ല. യോഹന്നാന്റെ സുവിശേഷം എഴുതപ്പെട്ടത്‌ ക്രിസ്തുവിന്‌ ഒരു നൂറ്റാണ്ടുശേഷം, മിക്കവാറും ഏഷ്യാമൈനറിലെച ഇഫീസ്‌ പട്ടണത്തില്‍ വെച്ചാണ്‌. ഈ സുവിശേഷങ്ങളുടെയൊന്നും ആദ്യമെഴുതപ്പെട്ട മൂലഏടുകള്‍ യവന ഭാഷയില്‍ സൂക്ഷിക്കപ്പെട്ടിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാകുന്നു. അച്ചടിവിദ്യ കണ്ടുപിടിക്കപ്പെട്ടശേഷം പല സ്ഥലങ്ങളില്‍നിന്നായി അന്വേഷിച്ചു സമാഹരിച്ച സുവിശേഷരേഖകളില്‍ നാലാം നൂറ്റാണ്ടിനു മുമ്പ്‌ എഴുതപ്പെട്ട ഒറ്റയെണ്ണവുമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ മൂന്നു നൂറ്റാണ്ടുകള്‍ക്കിടയിലായി അതിലെന്തൊക്കെ ഭേദഗതികള്‍ നടന്നിട്ടുണ്ടാവുമെന്ന്‌ പറയാനാവില്ല. തങ്ങളുടെ ഭാവനകള്‍ക്കും താല്‍പര്യങ്ങള്‍ക്കും യോജിച്ചവിധം സുവിശേഷങ്ങളില്‍ ഭേദഗതികള്‍ വരുത്തുന്നത്‌ ക്രിസ്ത്യാനികള്‍ അനുവദനീയമായി കരുതിയിരുന്നുവേന്നത്‌ ഇക്കാര്യത്തില്‍ പ്രത്യേകം സംശയമുളവാക്കുന്ന വസ്തുതയാണ്‌. എന്‍സൈക്ലോപീഡിയാ ബ്രിട്ടാനിക്ക(1946-ലെ പതിപ്പ്‌)യിലെ ബൈബിള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ലേഖനത്തില്‍ രേഖപ്പെടുത്തുന്നു: "സുവിശേഷങ്ങള്‍ അറിഞ്ഞുകൊണ്ട്‌ ചില ഭേദഗതികള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌. ചില പൂര്‍ണവാക്യങ്ങള്‍ മറ്റ്‌ സ്രോതസ്സുകളില്‍ നിന്നെടുത്ത്‌ വേദപുസ്തകത്തില്‍ ചേര്‍ത്തത്‌ അതിനുദാഹരണമാകുന്നു... മൂലവേദത്തില്‍ ചേര്‍ക്കാവുന്ന വല്ലതും കണ്ടെത്തുകയും വേദം കൂടുതല്‍ പ്രയോജനകരമാകുന്നതിന്‌ അവ കൂടി അതില്‍ ചേര്‍ക്കുന്നത്‌ ഹിതകരമാണെന്ന്‌ കരുതുകയും ചെയ്തവര്‍ വ്യക്തമായും മനഃപൂര്‍വം നടത്തിയതാണീ ഭേദഗതികള്‍. രണ്ടാം നൂറ്റാണ്ടില്‍തന്നെ നിരവധി കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ട്‌. അവയുടെ ആധാരമെന്താണെന്ന കാര്യം അജ്ഞാതമാകുന്നു."
ഈ പരിതഃസ്ഥിതിയില്‍, സുവിശേഷങ്ങളില്‍ കാണപ്പെടുന്ന ക്രിസ്തുവചനങ്ങള്‍ കൃത്യമായി ഉദ്ധരിക്കപ്പെട്ടതാണോ അതല്ല അവ ഭേദഗതികള്‍ക്കു വിധേയമായിട്ടുണ്ടോ എന്ന്‌ ഉറപ്പിച്ചുപറയുക തികച്ചും അസാധ്യമാകുന്നു.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഗതിയിതാണ്‌: ഇസ്ലാമിന്റെ ആഗമന ശേഷം ഏകദേശം മൂന്നു നൂറ്റാണ്ടുകാലത്തോളം ഫലസ്തീനിലെ ക്രിസ്ത്യാനികളുടെ സംസാരഭാഷ സുറിയാനി തന്നെയായിരുന്നു. ക്രി. 9-​‍ാം നൂറ്റാണ്ടിലാണ്‌ അറബി ഭാഷ ആ സ്ഥാനത്തു വന്നത്‌. സുറിയാനി സംസാരിക്കുന്ന ഫലസ്തീനി ക്രിസ്ത്യാനികളുടെ പൈതൃകങ്ങളെ സംബന്ധിച്ചിടത്തോളം, ആദ്യത്തെ മൂന്നു ഹിജ്‌റാ നൂറ്റാണ്ടുകളില്‍ മുസ്ലിം പണ്ഡിതന്‍മാര്‍ അവരില്‍നിന്നു നേരിട്ടു ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്‌, സുറിയാനിയില്‍നിന്ന്‌ യവനഭാഷയിലേക്കും പിന്നെ അതില്‍നിന്ന്‌ ലാറ്റിന്‍ ഭാഷയിലേക്കും തര്‍ജമയും തര്‍ജമയുടെ തര്‍ജമയും ചെയ്തു നേടിയ വിവരങ്ങളെക്കാള്‍ ആധികാരികം. കാരണം, ക്രിസ്തുവിന്റെ വായില്‍നിന്നുതിര്‍ന്ന സുറിയാനി മൂലവാക്യങ്ങള്‍ സൂക്ഷിച്ചുവെച്ചിരിക്കാനിടയുള്ളത്‌ അവരാണല്ലോ.

ഈ അനിഷേധ്യമായ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വെച്ച്‌ പരിശോധിച്ചുനോക്കുക. യോഹന്നാന്റെ സുവിശേഷത്തിലെ ഉപര്യുക്ത വചനങ്ങളില്‍, ഈസാ (അ) വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച്‌ മൂന്നാര്റിയിപ്പ്‌ നല്‍കുന്നു. ആ പ്രവാചകനെ 'ലോകത്തിന്റെ പ്രഭു', 'എന്നേക്കും നിങ്ങളുടെ കൂടെ ഇരിക്കേണ്ടവന്‍', 'തന്നെക്കുറിച്ച്‌ സാക്ഷ്യം പറയുന്നവന്‍' എന്നൊക്കെയാണ്‌ ഈസാ വിശേഷിപ്പിക്കുന്നത്‌. യോഹന്നാന്റെ വചനങ്ങളിലെ 'റൂഹുല്‍ ഖുദ്സ്‌', 'സത്യത്തിന്റെ ആത്മാവ്‌' തുടങ്ങിയ വാക്കുകള്‍ കൂട്ടിക്കുഴച്ച്‌ ആശയക്കുഴപ്പമുണ്ടാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടെങ്കിലും അതോടൊപ്പം തന്നെ ആ വാക്യങ്ങളെ ആഴത്തില്‍ പഠിക്കുമ്പോള്‍ മൂന്നാര്റിയിപ്പു നല്‍കപ്പെട്ട ആഗമനം കേവലം ഒരാത്മാവിന്റേതല്ലെന്നും മറിച്ച്‌, സാര്‍വജനീനവും സാര്‍വലൗകികവും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമായ അധ്യാപനങ്ങള്‍ നല്‍കുന്ന ഒരു വ്യക്തിയുടേതാണെന്നും ബോധ്യമാകുന്നതാണ്‌. ഈ പ്രത്യേക വ്യക്തിയെ മലയാള തര്‍ജമയില്‍ കാര്യസ്ഥന്‍ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അത്‌ ഫാറഖലീത്ത (Paracletos) ആണെന്ന്‌ ക്രിസ്ത്യാനികള്‍ ശഠിക്കുന്നു. എന്നാല്‍, അതിന്റെ അര്‍ഥനിര്‍ണയത്തില്‍ ക്രിസ്ത്യാനികള്‍തന്നെ വലിയ സങ്കീര്‍ണത നേരിടുന്നുണ്ട്‌. Paraclete എന്ന യവന മൂലപദത്തിന്‌ പല അര്‍ഥങ്ങളാണുള്ളത്‌. ഒരിടത്തേക്ക്‌ വിളിക്കുക, സഹായമര്‍ഥിക്കുക, മൂന്നാര്റിയിപ്പും താക്കീതും, ഇളക്കിവിടുക, ആശ്രയം തേടുക, പ്രാര്‍ഥിക്കുക എന്നിങ്ങനെ. പിന്നീട്‌ ഈ പദത്തിനു ശാന്തിയരുളുക, ആശ്വസിപ്പിക്കുക, ധൈര്യപ്പെടുത്തുക തുടങ്ങിയ അര്‍ഥങ്ങളും നല്‍കപ്പെട്ടു. ബൈബിള്‍ ഈ പദം ഉപയോഗിച്ചിട്ടുള്ള സ്ഥലങ്ങളിലെവിടെയെങ്കിലുമാകട്ടെ, ഈ അര്‍ഥങ്ങളില്‍ ഒന്നുപോലും ചേരുന്നില്ല. ഒറിജെന്‍ (Origen) ചിലപ്പോള്‍ ഇതിനെ Consolator (ആശ്വാസദായകന്‍) എന്നും ചിലപ്പോള്‍ Deprecator (ദൈവത്തിലേക്ക്‌ പശ്ചാത്തപിച്ചു മടങ്ങുന്നവന്‍) എന്നും തര്‍ജമ ചെയ്തിരിക്കുന്നു. പക്ഷേ, മറ്റു ബൈബിള്‍ വ്യാഖ്യാതാക്കള്‍ ഈ രണ്ടു തര്‍ജമകളെയും തള്ളിക്കളഞ്ഞിരിക്കുകയാണ്‌. കാരണം, ഒന്നാമതായി യവന വ്യാകരണ പ്രകാരം അത്‌ അസാധുവാകുന്നു. രണ്ടാമതായി, ഈ പദം വന്നിട്ടുള്ള എല്ലാ വചനങ്ങളിലും ഈ അര്‍ഥം യോജിക്കുകയുമില്ല. മറ്റുചില പരിഭാഷകര്‍ Teacher (ഗുരു) എന്നാണീ പദത്തെ തര്‍ജമ ചെയ്തിട്ടുള്ളത്‌. പക്ഷേ, ഈ പദത്തിന്റെ യവന പ്രയോഗങ്ങളില്‍നിന്ന്‌ ഇങ്ങനെ ഒരര്‍ഥം നിഷ്പാദിപ്പിക്കപ്പെടുക സാധ്യമല്ല. തര്‍ത്തോലിയനും അഗസ്റ്റയിനും Advocate (ശുപാര്‍ശകന്‍) എന്ന തര്‍ജമക്കാണ്‌ മുന്‍ഗണന നല്‍കിയിട്ടുള്ളത്‌. മറ്റു ചിലര്‍ സ്വീകരിച്ചിട്ടുള്ളത്‌ Assistant (സഹായി), Comforter (സുഖദായകന്‍), Consolor (ആശ്വാസകന്‍) തുടങ്ങിയ തര്‍ജമകളാണ്‌ (എന്‍സൈക്ലോപീഡിയാ ഓഫ്‌ ബിബ്ലിക്കല്‍ ലിറ്ററേച്ചറില്‍ Paracletus എന്ന പദം നോക്കുക).(അവലംബം: തഫ്ഹീമുല്‍ ഖുര്‍ ആന്‍)

തുടരും......

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും

പലരിലും ഒരു തെറ്റിദ്ധാരണനിലനില്‍ക്കുന്നുണ്ട്. നാം ഇന്ന് കാണുന്ന ബൈബിളിലെ ,പഴയ നിയമവും സുവിശേഷങ്ങളും സത്യപെടുത്തുന്ന, പ്രവാചകനായിട്ടാണ് മുഹമ്മദ് നബി ആഗതനായത് എന്നത്ര അത്. ഖുര്‍ആനില്‍ പലസ്ഥലത്തും മുഹമ്മദ് (സ) യെ പരിചയപെടുത്തുന്നത് മൂസാ(അ)ക്ക് അവതരിപ്പിക്കട്ട തൌറാത്തിനെയും ഈസാ നബി(യേശു) (അ)ക്ക് അവതരിപ്പിക്കട്ടെ ഇഞ്ചീലിനെയും സത്യപെടുത്തുന്ന പ്രവാചകനായിട്ടാണ്. ഇന്ന് കാണുന്ന ബൈബിളിലെ പഴയ നിയമവും, പുതിയ നിയമവും തന്നെയാണോ, യഥാര്‍ത്ഥത്തില്‍, ഖുര്‍ ആനില്‍ പ്രസ്താവിച്ച തൌറാത്തും ഇഞ്ചീലും എന്ന് പരിശോധിക്കുകയാണിവിടെ.

സ്വാഭാവികമായും ഇത് രണ്ട് തരം വിശ്വാസങ്ങള്‍ തമ്മിലുള്ള, വിരുദ്ധങ്ങളായ വീക്ഷണങ്ങളുടെയും അതിന്റെ ചരിത്രത്തെയും ആധാരമാക്കിയുള്ള ഒരു പഠനമാണ്. അതിനാല്‍ വിശ്വാസികളല്ലാത്ത ആളുകള്‍ ദയവായി എന്നോട് ക്ഷമിക്കുക. നിങ്ങളുടെ യുക്തിയില്‍ വിരിയുന്ന കാര്യങ്ങള്‍ വെച്ച് ഈ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുക. എന്നാല്‍ കൃസ്തുമത വിശ്വാസികളെ സംബന്ധിച്ചേടൊത്തോളം, ഈ പോസ്റ്റിലെ പല കാര്യങ്ങളും, അവരുടെ, ഇപ്പോള്‍ നിലവിലുള്ള വിശ്വാസത്തിന് എതിരായിരിക്കും. അത് കൊണ്ട് തന്നെ, വിഷയത്തിലൂന്നി കൊണ്ട് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണ്.

താഴെകാണുന്ന ഖുര്‍ ആന്‍ സൂക്തങ്ങളെയും തുടര്‍ന്നു നല്‍കുന്ന ബൈബിള്‍ സൂക്തങ്ങളെയും അടിസ്ഥാനത്തിലാണ് ഈ ചര്‍ച്ച മുന്നോട്ട് കൊന്ന്ട് പോകാന്‍ ആഗ്രഹിക്കുന്നത്.

ഖുര്‍ ആന്‍:
.“ മൂസാ അദ്ദേഹത്തിന്റെ ജനത്തോടു പറഞ്ഞതോര്‍ക്കുക: 'എന്റെ ജനമേ, എന്നെ ദ്രോഹിക്കുന്നതെന്ത്? നിങ്ങളിലേക്ക് അല്ലാഹുവിങ്കല്‍നിന്ന് നിയുക്തനായ ദൂതനാണ് ഞാനെന്ന് നിങ്ങള്‍ക്ക് നന്നായറിയാമല്ലോ.' പിന്നെ അവര്‍ വളഞ്ഞപ്പോള്‍ അവരുടെ മനസ്സുകളെ അല്ലാഹുവും വളച്ചുകളഞ്ഞു. അല്ലാഹു ധിക്കാരികളെ മാര്‍ഗദര്‍ശനം ചെയ്യുന്നില്ല.
മര്‍യമിന്റെ പുത്രന്‍ ഈസാ പറഞ്ഞതും ഓര്‍ക്കുക: ഇസ്രായേല്‍വംശമേ, ഞാന്‍
അല്ലാഹുവിങ്കല്‍നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാകുന്നു; എനിക്കു മുമ്പ് ആഗതമായിട്ടുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന, അഹ്മദ് എന്ന് പേരുള്ള ദൈവദൂതനെ സംബന്ധിച്ച് സുവിശേഷമറിയിക്കുന്നവനുമാകുന്നു.“ (ഖുര്‍ആന്‍:61:5-6)‌

ബൈബിള്‍:

നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. ( യോഹന്നാന്റെ സുവിശേഷം:1:19-21))


എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. ( യോഹന്നാന്റെ സുവിശേഷം:14:16-17))

ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.( യോഹന്നാന്റെ സുവിശേഷം:14:25-26))

നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കും അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.(ആവര്‍ത്തനം ,18:18)

ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.( യോഹന്നാന്റെ സുവിശേഷം:15:26))

ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ടു; എന്നാൽ നിങ്ങൾക്കു ഇപ്പോൾ വഹിപ്പാൻ കഴിവില്ല.
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.അവൻ എനിക്കുള്ളതിൽനിന്നു എടുത്തു നിങ്ങൾക്കു
അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും.
പിതാവിന്നുള്ളതു ഒക്കെയും എനിക്കുള്ളതു; അതുകൊണ്ടത്രേ അവൻ എനിക്കുള്ളതിൽ നിന്നു എടുത്തു നിങ്ങൾക്കു അറിയിച്ചുതരും എന്നു ഞാൻ പറഞ്ഞതു.യോഹന്നാന്റെ സുവിശേഷം:16:12-15))

തുടരും....