2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

മതവും ശാസ്ത്രവും സമാന്തരങ്ങളോ?

മതവും ശാസ്ത്രവും സമാന്തരമാണോ? ആണെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തില്‍? ആരാണ് മതവും ശാസ്ത്രവും സമാന്തരമാണെന്ന് വാദിക്കുന്നവര്‍?

ഞാന്‍ സംസാരിക്കുന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് മാത്രമാണ്. ആ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് എനിക്ക് പറയാന്‍ പറ്റും, മതവും ശാസ്ത്രവും സമാന്തരം അല്ല എന്നുള്ളത്. പലരും, പലതും ശാസ്ത്രമാണെന്ന് പറഞ്ഞ് വരുന്നുണ്ട്. ഇതൊക്കെ തെളിയിക്കപെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ലാത്തിടത്തോളം അതിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ പറയേണ്ടതില്ല. പ്രധാനമായും ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ നിരീശ്വര/യുക്തിവാദ പ്രസ്ഥാനക്കാരാണ്. ശാസ്ത്രത്തിന്റെ മൊത്തകുത്തക അവകാശപെടുന്ന ഇവര്‍ മതത്തെ(ഇസ്ലാമിനെ) കുറിച്ച് സ്വന്തമായ തിയറികളുണ്ടാക്കി അതിന് മറുപടി ചമക്കുന്ന വിദ്വാന്മാരായി മാത്രമാണ് എനിക്ക് തോന്നിയിട്ടുള്ളത്. യാഥാര്‍ഥ്യവുമായി ഇത് വളരെ അകലത്തിലായിരിക്കും. എന്താണിതിന്റെ പരിഹാരം എന്ന് ചോദിച്ചാല്‍, ഒരു കാര്യത്തെ കുറിച്ച് അതിന്റെ യഥാര്‍ഥ ഉറവിടത്തില്‍ തന്നെ പഠിക്കുക എന്നുള്ളതാണ്.

ഈ പോസ്റ്റ്, രവീന്ദ്രനാഥ് എന്ന ബ്ലോഗറുടെ atheism എന്ന ബ്ലോഗില്‍ എഴുതിയ മതഭീകരതയുടെ അടിവേരുകള്‍ എന്ന പോസ്റ്റിലും, തുടര്‍ന്ന് വന്ന മതവും ശാസ്ത്രവും വിരുദ്ധം തന്നെ എന്നപോസ്റ്റിലും നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ്. ഈ പോസ്റ്റ് വായിക്കുന്നതിന് മുമ്പ് മേല്‍ സൂചിപിച്ച രണ്ട് പോസ്റ്റുകളും വായിക്കണമെന്നപേക്ഷ.

ഞാന്‍, ശാസ്ത്രത്തെയും ശാസ്ത്ര സത്യങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ട് മതം, എന്ന് സൂചിപിച്ചത് അതിശയോക്തിപരമല്ല. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് തന്നെയാണ്. യുക്തിവാദ/നിരിശ്വരവാദികള്‍ പൊതുവെ ശാസ്ത്രത്തിന്റെ/ശാസ്ത്ര സത്യങ്ങളുടെ മൊത്തകുത്തക തങ്ങളിലാണെന്ന് അവകാശപെടുകയും, മതത്തിലെ(ഇസ്ലാം) പലതും ശാസ്ത്ര സത്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറയുന്നതും വെറും ചര്‍വ്വിത ചര്‍വ്വണമല്ല, താങ്കള്‍/താങ്കളെ പോലുള്ളവര്‍ മതത്തെ അതിന്റെ ഉറവിടത്തില്‍ മനസ്സിലാക്കാത്തത് കൊണ്ട് തന്നെയാണ്.

ശാസ്ത്ര സത്യമായി തെളിയിക്കപെട്ട ഒരു കാര്യത്തിന് വിരുദ്ധമായ യാതൊന്നും ഖുര്‍ ആനില്‍ ഇല്ല. ഉണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാം. മറ്റുള്ളവരില്‍ നിന്ന് വിത്യസ്തമായി, ഖുര്‍ ആന്‍ ദൈവം തന്നെ നേരിട്ട്, പ്രവാചകന്‍ മുഖേന മനുഷ്യരിലേക്ക് അവതരിപ്പിക്കപെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു മുസ്ലീം ഇത് സ്വീകരിച്ചിട്ടുള്ളത്. അത് കൊണ്ട് .00000000001% തെറ്റ്വന്നാല്‍ പോലും, ഇസ്ലാ‍മിലെ ദൈവ സങ്കല്പത്തിന് അത് വിരുദ്ധമാകും. ദൈവമല്ല ഖുര്‍ആന്‍ അവതരിപ്പിച്ചത് എന്ന് വന്നാല്‍, പിന്നെ ഇസ്ലാം തന്നെയില്ലേയില്ല. ദൈവം ഒരു കാര്യം, ഈ പ്രബഞ്ചാരംഭത്തില്‍ പറഞ്ഞാലും ഏഴാം നൂറ്റാണ്ടില്‍ പറഞ്ഞാലും അത് നിസ്തുലവും,എല്ലാകാലത്തേക്കും അനുയോജ്യമായതും, എല്ലാ കാലാത്തും സത്യവും ആയിരിക്കണം. അല്ലെങ്കില്‍ പിന്നെ അത് ദൈവിക ഗ്രന്ഥമാവാന്‍ ഒരു നിലക്കും വഴിയില്ല.

ഒരു കാര്യം കൂടി വ്യക്തമാക്കാം. ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല; അത് കൊണ്ട് തന്നെ ശാസ്ത്രജ്ഞരെ ഉണ്ടാക്കുക എന്നതല്ല, ദൈവത്തെ അനുസരിക്കുന്ന നല്ല മനുഷ്യരെ ഉണ്ടാക്കുകയും, അനുസരിക്കുന്നവര്‍ക്ക് ശുഭവാര്‍ത്തയും അനുസരിക്കാത്തവര്‍ക്ക് മുന്നറിയിപ്പും നല്കുക എന്നതാണ് ഖുര്‍ആന്‍ തന്നെ അതിനെറ്റ് പ്രാഥമിക ബാധ്യതയായി സ്വയം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ശാസ്ത്രജഞന്‍ മാര്‍ക്കും അന്വേഷണകുതികള്‍ക്കും പ്രോത്സാഹനം നല്‍കുന്ന കാര്യങ്ങള്‍ അതില്‍ ഒരുപാട് സ്ഥലങ്ങളില്‍ സൂചിപിച്ചിട്ടുണ്ട്.

മനുഷ്യന്റെ ബുദ്ധിയുപയോഗിച്ച് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങളില്‍ ഖുര്‍ആന്റെ ആവശ്യകതയില്ല. മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും അപ്പുറത്തുള്ള കാര്യങ്ങളിലാണ് അത് നമുക്ക് ശുഭവാര്‍ത്തയും മുന്നറിയിപ്പും നല്‍ക്കുന്നത്. അത് കൊണ്ട് തന്നെ മനുഷ്യനെ ചിന്തിപ്പിക്കാന്‍ വേണ്ടുന്ന ചില സൂചകങ്ങള്‍ നല്‍കി എന്നല്ലാതെ അതൊന്നും ഖുര്‍ആന്റെ ശാസ്ത്ര കണ്ടു പിടുത്തങ്ങളായി ആരും മനസ്സിലാക്കുന്നില്ല. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തന്നെ ഖുര്‍ ആനിലെ ദൈവ സങ്കല്പത്തിനെതിരാണ്. കാരണം ഈ പ്രപഞ്ചവും അതിലെ സകലതും സംവിധാനിച്ചതും നിയന്ത്രിക്കുന്നതും ദൈവമാണ് എന്ന് പറയുമ്പോള്‍, ദൈവത്തിന് ഇതൊന്നും ശാസ്ത്രകണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കേണ്ട കാര്യവുമില്ല. മനുഷ്യനെ ചിന്തിപ്പിക്കാനുള്ള ചില ദൃഷ്ടാന്തങ്ങള്‍ എന്ന നിലക്ക് മാത്രമേ ഉത്തരം കാര്യങ്ങളെ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുള്ളൂ. ശാസ്ത്രത്തിന്റ് നിരീക്ഷണങ്ങളില്‍ ചിലത്, ഒരു പക്ഷേ, അതില്‍ പൊരുത്തപെടാത്തതായി കാണാന്‍ കഴിഞ്ഞേക്കാം. അത് ഖുര്‍ ആനിലുള്ളത് തെറ്റാണെന്ന് തെളിയിക്കാന്‍ മാത്രം പര്യാപ്തമല്ല. കാരണം മനുഷ്യ ബുദ്ധിയുടെ നിരീക്ഷണ പരീക്ഷണങ്ങളെയാണ് നാം ശാസ്ത്രം എന്നു വിളിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു കാര്യം പരിപൂര്‍ണ്ണസത്യമായി തെളിയിക്കപെടുമ്പോള്‍ മാത്രമേ ഖുര്‍ആനുമായി താരതമ്യപെടുത്തേണ്ടതുള്ളൂ. അത്തരത്തില്‍ തെളിയിക്കപെട്ടതിന് വിരുദ്ധമായ സൂചകങ്ങളൊന്നും ഖുര്‍ആനില്‍ നിന്ന് ഇത് വരെ എനിക്ക് ബോധ്യപെട്ടിട്ടില്ല.

ശാസ്ത്രം കണ്ടെത്തിയ ഒരു കാര്യത്തില്‍, ഖുര്‍ ആനില്‍ അതിന്റെ സൂചകങ്ങളുണ്ട് എന്ന് പറയുമ്പോള്‍ നിരീശ്വര/യുക്തിവാദികള്‍ വിഷമിക്കേണ്ടതിന്റെ ആവശ്യകതയെന്ത്? ശാസ്ത്രം എന്നത് അവര്‍ക്ക് മാത്രമായി ആരെങ്കിലും തീറെഴുതി കൊടുത്തിട്ടുണ്ടോ. ? ശാസ്ത്രത്തെ തള്ളിപറയുന്നതിന്റെ ഭാഗമാണ് അതെന്ന് ഇത്തരക്കാര്‍ സ്വയം അങ്ങ് തീരുമാനിക്കും. ആരാണ് ഇതൊക്കെ തീരുമാനിക്കാന്‍ ഇവരെ ഏത്പിച്ചത് എന്നെനിക്കറിയില്ല. ശാസ്ത്രത്തില്‍ ഇത് വരെ കണ്ടുപിടിച്ചിട്ടില്ലാത്തതും ഇനിയൊട്ട് കണ്ടു പിടിക്കാന്‍ തീരെ സാധ്യതയില്ലാത്തതുമായ ചില കാര്യങ്ങള്‍ ഖുര്‍ ആനിലുണ്ട്. നമ്മുടെ ജനനത്തിന് മുമ്പുള്ളതും(അമ്മയുടെ ഗര്‍ഭപാത്രത്തിനും മുമ്പ്) മരണാനന്തരവുമായ കാര്യങ്ങളെ കുറിച്ച്. ഇതേ കുറിച്ച് ശാസ്ത്ര ത്തിന്റെ ഇപ്പോഴുള്ള നിരീക്ഷണങ്ങള്‍ വെറും ശൂന്യമാണ്/ശൂന്യതയാണ്. നമ്മുടെ വെറും രണ്ടവസ്ഥകളെകുറിച്ച് മാത്രമേ ശാസ്ത്രത്തിന്റെ നീരീക്ഷണ പരിതിയിലുള്ളൂ. ഒന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലേയും, മറ്റൊന്ന് അതിന് ശേഷമുള്ള നമ്മുടെ ജീവിതവും . എന്നാല്‍, അതിനും മുമ്പും പിമ്പുമായി, മൊത്തം, ആറ് അവസ്ഥകളെ കുറിച്ച് ഖുര്‍ ആന്‍ പ്രസ്ഥാവിക്കുന്നുണ്ട്.

കാര്യങ്ങളുടെ കാരണത്തെ കുറിച്ചുള്ള അറിവാണ് ശാസ്ത്രം എന്ന് മനസ്സിലാക്കിയാല്‍ അതില്‍ ഇസ് ലാമുമായി ഒരു വൈരുദ്ധ്യവുമില്ല എന്നത് എന്റെ ബോധ്യമാണ്(മറ്റു മതങ്ങളെ കുറിച്ച് പറയാന്‍ ഞാനാളല്ലാത്തത് കൊണ്ട് അതിനെ കുറിച്ച് അവര്‍ പറയട്ടെ) ഇവിടെയും | ഇവിടേയും പിന്നെ ഇവിടെയുമെല്ലാം നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്ന കാര്യങ്ങളുമായി ഇസ്ലാമിന് യൊതൊരു ബന്ധവുമില്ല. മതങ്ങളുടെ അറിവുകള്‍ ശാസ്ത്രം ഖണ്ഡിച്ചു എന്നു പറയുമ്പോള്‍ ഞാന്‍ ഉള്‍പെടുന്ന മതവിശ്വാസം ഒരിക്കലും ക്ഷുഭിതമാകുന്നില്ല. ക്ഷുഭിതരാവുന്നത് പലപ്പോഴും നിരീശ്വര/യുക്തിവാദികളാണ്. ഖുര്‍ആനില്‍ ചില കണ്ടുപിടുത്തങ്ങളിലെ അറിവിലേക്കുള്ള സൂചനകള്‍ ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ ചാടിവീഴുന്നവര്‍ അവരാണ്. ആരാണ് ഇവരെ ചാടിവീഴാന്‍ ഏത്പിച്ചതെന്ന് സത്യത്തില്‍ എനിക്കറിയില്ല.

ഖുര്‍ ആനില്‍ തെറ്റൊന്നുമില്ലാ എന്ന് പറയുന്നത് ഒരു അഹങ്കാരമായി താങ്കള്‍ കരുതുന്നുവെങ്കില്‍ ഞാന്‍ അതില്‍ നിസ്സഹായനാണ്. ഞാന്‍ നേരെത്തെ സൂചിപിച്ചില്ലോ ഖുര്‍ആനെ ഏതെങ്കിലും മാറ്റത്തിന് വിധേയമാക്കേണ്ടതായിട്ടുണ്ടെങ്കില്‍ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമല്ല, പിന്നെ ഇസ്ലാമുമില്ല. അത് കൊണ്ട് തന്നെ ഖുര്‍ആന്‍ ദൈവം ഇറക്കിയതാണെന്നും ദൈവം സര്‍വ്വജ്ഞാനാണെന്ന കാര്യവും ഒഴിവാക്കാന്‍ മുസ്ലീമായ ഒരാള്‍ക്കും സാധ്യമേ അല്ല. ഇത് ഒഴിവാക്കിച്ചത് കൊണ്ട് താങ്കളുടെ ലക്ഷ്യമെന്തെന്നും എനിക്ക് മനസ്സിലായില്ല.

കത്തോലിക്കാ സഭ മുമ്പ് പറഞ്ഞത് പലതും തിരുത്തിയിട്ടുണ്ടാവാം. അത് പോലെ ഖുര്‍ ആനില്‍, തിരുത്തേണ്ടതായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല എന്നതാണ് എന്റെ ഉത്തരം.

കാരണങ്ങടെ ആദ്യന്തിക കാരണമാണ് ദൈവം എന്ന് പറഞ്ഞാല്‍ അതിനപ്പുറത്തുള്ള ഒരു കാരണത്തിന്റെ കാരണത്തെ പറ്റിചോദിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. ദൈവം പ്രപഞ്ചത്തിന് പുറത്തോണോ/അകത്താണോ, ആകാശത്തിലാണോ/ഭൂമിയിലാണോ - പ്രപഞ്ചം എന്നത് ഉള്ളതില്‍ നിന്ന് ഉണ്ടാക്കിയതാണോ/ഇല്ലാത്തതില്‍ നിന്ന് ഉണ്ടാക്കിയതാണോ ആദിയും അന്തവുമായ അവസ്ഥയില്‍ നിറഞ്ഞ് നില്‍ക്കുന്നതാണോ/ ദൈവത്തെ ഉണ്ടാക്കിയതാരാണ്/ ദൈവത്തിന് പൊക്കാന്‍ കാഴിയാത്ത ഒരു കല്ല് ഉണ്ടാക്കാന്‍ ദൈവത്തിനാവുമോ - എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും പിന്നെ പ്രസ്ക്തിയില്ല. ആവുന്നിടത്തോളം മനസ്സിലാക്കാന്‍ ശാസ്ത്രത്തെ നമുക്ക് ഉപയോഗപെടുത്താം.
എല്ലാം ശാസ്ത്രീയമായി, നാം നമ്മുടെ ബുദ്ധിയുപയോഗിച്ച് കണ്ടുപിടിക്കുന്നത് വരെ, കാത്തിരുന്നാല്‍ ദൈവം നീതിമാനാകുമായിരുന്നില്ല. ചിലകാര്യങ്ങള്‍ നമുക്ക് നേരെത്തെ തന്നെ അറിയിച്ചു തരേണ്ടതുണ്ട്. ഒന്നാമത്തെ മനുഷ്യന്‍ മുതല്‍ തന്നെ ദൈവം അത് പ്രവാചകന്‍മാരിലൂടെ/ദൈവദൂതന്മാരിലൂടെ , ദിവ്യബോധനം എന്ന ഒരു വഴിയിലൂടെ അറിയിച്ച് തന്നിട്ടുമുണ്ട്.അത് നിഷേധിച്ചു തള്ളുന്നവര്‍ സ്വന്തത്തോട് തന്നെയാണ് അനീതി ചെയ്യുന്നത്. മറ്റുള്ളവര്‍ക്കോ ദൈവത്തിനോ യാതൊരു തകരാറും ഇത് കൊണ്ട് ഉണ്ടാകാനും പോകുന്നില്ല.

തത്വമസിയും, അഹംബ്രഹ്മാസ്മിയും നിരീശ്വരവാദവും തമ്മില്‍, താങ്കള്‍ സൂചിപ്പിച്ചപോലെ തന്നെ, ഈശ്വരന്‍ എന്ന ഒരു പദപ്രയോഗത്തിന്റെ അന്തരം മാത്രമേ ഞാനും കാണുന്നുള്ളൂ. അദ്വൈതവും ദ്വൈതവും ഒരിക്കലും ഒന്നാവില്ല. ശരിക്കുപറഞ്ഞാല്‍ അദ്വൈതവാദവും നിരീശ്വര വാദവും ഏതാണ്ട് ഒന്ന് തന്നെയാണ്. അല്ലാ എന്ന് തോന്നുന്നവര്‍ അതിവിടെ വ്യക്തമാക്കട്ടെ. കാര്യമെന്തെന്നാല്‍, ഞാന്‍ തന്നെ എന്റെ ഈശ്വരനും എന്നുവന്നാല്‍ മറ്റൊരു ശക്തി ഇതിന്റെ പിന്നിലില്ല എന്നാണര്‍ത്ഥം. എല്ലാം സ്വയം രൂപപെടുകയായിരുന്നു. ഇത് തന്നെയല്ലേ നിരീശ്വരവാദികളും പറയുന്നുള്ളൂ. എന്നാല്‍ അദ്വൈത ആത്മീയവാദികള്‍ നാം നമ്മെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന ചില ഊഡായിപ്പുകളും വയറ്റു പിഴപുകളുമായി ഇറങ്ങുന്നു എന്ന വിത്യാസമേ കാര്യമായുള്ളൂ. എല്ലാം നാം തന്നെയാണെങ്കില്‍ പിന്നെ അതിനെ അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്ന് പറയുന്നതിലെ അര്‍ത്ഥ ശൂന്യത ഏതൊരു കുട്ടിക്കും ബോധ്യപെടാവുന്നതേയുള്ളൂ. ഇത്തരം ഒരു ഊഡായിപ്പു വാദത്തേക്കാള്‍ എന്ത് കൊണ്ടും നല്ലത് നിരീശ്വരവാദികളുടെ നിലപാട് തന്നെയാണ്.

ഒരു കാറും അതിന്റെ നിര്‍മ്മാതാവും/ഒരു ഫര്‍ണിച്ചറും അതിന്റെ ആശാരിയും/ഒരു പ്രോഗ്രാമുംഅതിന്റെ പ്രോഗ്രാമറും/ ഒരു ഫാക്ടറിയും അതിന്റെ അതിന്റെ ഉടമസ്ഥനും/ ഒരു കെട്ടിടവും അതിന്റെ ഡിസൈനറും ഒന്നു തന്നെയാണെന്ന് പറയുന്നത് എത്രമാത്രം വിഡ്ഢിത്തമാണോ അത് പോലെ തന്നെ തന്നെ വിഡ്ഢിത്തമാണ് സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്നു പറയുന്നതും.

എല്ലാം കിറുകൃത്യമായല്ല സംവിധാനിച്ചത് എന്നറിയണമെങ്കില്‍ ഈ പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്ന ഒരറിവ് നമുക്ക് ആവശ്യമായി വരും. അങ്ങനെയൊരറിവുള്ള ആള്‍ ആരാണു ഉള്ളത്. എല്ലാ കാര്യങ്ങളും കൃത്യമായ അതിന്റെ നിയമങ്ങള്‍ അനുസരിച്ച് തന്നെയാണ് നീങ്ങുന്നത്. നമുക്കതൊരു ന്യൂനതായി തോന്നുന്നെങ്കില്‍ അത് നമ്മുടെ മാത്രം പരിമിതികൊണ്ടാണ്. ഈ ലോകത്ത് കഴിഞ്ഞുപോയതും നിലവിലുള്ളതുമായ ആളുകളുടെ മുഴുവന്‍ കഴിവുകള്‍/അറിവുകള്‍ എടുത്താലും ഈ പ്രപഞ്ചത്തിലെ ഒരു പ്രതിഭാസത്തെ/പ്രവര്‍ത്തനത്തെ നോക്കി അത് ദൈവത്തിന്റെ സൃഷ്ടിപ്പിലുള്ള ന്യൂനത കൊണ്ടാണെന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം ഭാവി എന്നത് നമ്മുടെ മുന്നില്‍ അജ്ഞാതമാണ്. ഭൂകമ്പങ്ങള്‍, പ്രളയങ്ങള്‍, കെടുതികള്‍, പ്രയാസങ്ങള്‍, ഉല്‍ക്കാപതനം, കൊടുംകാറ്റ്, ജനനം/മരണം എല്ലാം തന്നെ ചില അലംഘനീയ നിയമങ്ങളുടെ ഭാഗമാണ്. കാര്യങ്ങള്‍ മൈക്രോലവലില്‍ നിന്ന് മാത്രം കാണുമ്പോള്‍ നമുക്കിതൊക്കെ ചില ന്യൂനതകാളായി അനുഭവപെട്ടേക്കാം. എന്നാല്‍ ഒരു മാക്രോ ലവല്‍ വിഷന്‍ (ഭൂതം,വര്‍ത്തമാനം,ഭാവി എല്ലാം ഉള്‍ക്കൊണ്ടുള്ള) ,നമ്മെ സംബന്ധിച്ചേടൊത്തോളം, ഇക്കാര്യത്തില്‍ അസാധ്യവുമാണ്.

നീതിയുടെ തേട്ടമാണ് ഒരാള്‍ അന്യായമായി അനുഭവിച്ച ദുരിതത്തിനും/പ്രയാസത്തിനും അവര്‍ക്ക് നീതി ലഭ്യമാവുക എന്നത്. വിശ്വാസിയെ സംബന്ധിച്ചേടൊത്തോളം യഥാര്‍ഥ നീതിയുടെ ഒരു ലോകം വരാനിരിക്കുന്നു എന്ന പ്രതീക്ഷയെങ്കിലുമുണ്ട്.( ദൈവം പറഞ്ഞതനുസരിച്ച് ജീവിച്ചാല്‍ ദാരിദ്രം അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് അവന്‍ മോചനം നേടാവുന്നതേയുള്ളൂ. )എന്നാല്‍ ഇതേ ചോദ്യത്തിന് ഒരു ഭൌതീക വാദിയുടെ ഉത്തരം ശൂന്യതമാത്രമായിരിക്കും. ഈ ലോകത്തില്‍ പ്രയാസവും ദുരിതവും കെടുതികളും പീഡനങ്ങളും മൂലം കടുത്ത അനീതികളും അനുഭവിച്ചവരെ കടുത്ത വിധിയുടെ ആഴങ്ങളിലേക്ക് വിട്ടുകൊടുക്കുക എന്നതല്ലാതെ ഒരു ഭൊതിക വാദിക്കും മറ്റൊരു പരിഹാരവും ഇക്കാര്യത്തില്‍ നല്‍കാനേ സാധ്യമല്ല. അതേസമയം ഈ പീഡകരായും, സുഖലോലുപരായും, ദുഷ്ടരായും, അന്യന്റെ സ്വത്തുകള്‍ അന്യായമായി അനുഭവിക്കുകയും ചെയ്ത ചെകുത്താന്‍മാര്‍ യാതൊരു പ്രയാസവുമനുഭാവിക്കാതെ മരിച്ചു പോകുന്നു. നിരീശ്വര/യുക്തി/അദ്വൈത വാദികള്‍ക്ക് ഇതിന് ഏതെങ്കിലും തരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കാനുണ്ടോ?

അത്കൊണ്ട് ചിന്തിക്കുക. ഈ ലോകത്ത് നമുക്ക് ജീവിതം ഒന്ന് മാത്രമേയുള്ളൂ. മരണത്തിന് മുമ്പ് നമുക്ക് സത്യമന്വേഷിച്ച് കണ്ടുപിടിക്കാം....