ശാസ്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ശാസ്ത്രം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ജനുവരി 20, വ്യാഴാഴ്‌ച

ഈശ്വേര വവിശ്വാസത്തിന്റെ ശാസ്ത്രാടിസ്ഥാനം

പ്രഫ: പി.എ വാഹിദ്

ശാസ്ത്ര യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌.ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്താണ്‌ഏതൊരാശയത്തിന്റെയും സത്യത നിണയിക്കുന്നത്‌. ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം ശാസ്ത്ര ഗവേഷണ വിഷയമായി പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു. അതിനു കാരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത്‌ ദൈവം ഉണ്ടോ ഇല്ലയോ എന്നത്‌ തെളിയിക്കാൻ പറ്റാത്ത ആശയമാണെന്നാണ്‌.എന്നിരുന്നാലും അവർ പ്രചരിപ്പിക്കുന്നത്‌ നിരീശ്വരവാദമാണു താനും. ദൈവം ഉണ്ടോ ഇല്ലയോ എന്ന്‌ തെളിയിക്കാൻ പറ്റില്ല എന്നു പറയുന്നതും തെറ്റിദ്ധാരണാജനകമാണ്‌. നിരീശ്വരവാദം തെളിയിക്കാൻ പറ്റാത്ത ആശയമാകാം. പക്ഷേ, ഈശ്വരാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാനാവുന്നതാണ്‌. ആ തെളിവ്‌ നിരീശ്വരവാദം തെറ്റാണെന്നു സ്ഥിരീകരിക്കുകയും ചെയ്യും.നേരിട്ടുള്ള പരീക്ഷണ മാർഗം സ്വീകരിച്ചു ദൈവം ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്തുക അസാധ്യമാണ്‌. പക്ഷേ, ഇതുപോലുള്ള ധാരാളം വിഷയങ്ങൾ ശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ അനുയോജ്യമായ മറ്റു ശാസ്ത്ര വഴികൾ അവലംബിക്കുകയാണ്‌ പതിവ്‌. ശാസ്ത്രമാനമുള്ള ഖുർആനിക സന്ദേശങ്ങളെ ശാസ്ത്ര വിശകലനത്തിനു വിധേയമാക്കി ഈശ്വരാസ്തിത്വത്തെ ശാസ്ത്രീയമായി തെളിയിക്കാനാകുമെന്ന്‌ സ്ഥാപിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.

ശാസ്ത്രീയ വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ

ഒരു ആശയമോ അവകാശവാദമോ ശാസ്ത്രസിദ്ധാന്തമായി അംഗീകരിക്കപ്പെടുന്നത്‌, പരീക്ഷണ വിധേയമാക്കി അതിന്റെ സാധുത തെളിയിക്കാനോ (testability) അല്ലെങ്കിൽ അത്‌ തെറ്റാണെന്നു തെളിയിക്കാനോ (falsifiability) വകയുണ്ടെങ്കിലാണ്‌. ആശയം തെളിയിക്കപ്പെട്ടാൽ അതിനെ ശാസ്ത്രസത്യമായി കണക്കാക്കാം. തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വക നൽകുന്ന സിദ്ധാന്തത്തെയാണ്‌ ശാസ്ത്ര സിദ്ധാന്തമായി പൊതുവെ കണക്കാക്കുന്നത്‌. ഈ സവിശേഷത ശാസ്ത്ര സിദ്ധാന്തങ്ങൾക്കു ഉണ്ടായിരിക്കണമെന്നു നിർദേശിച്ചത്‌ ബ്രിട്ടീഷ്‌ തത്ത്വചിന്തകനായ കാൾ പോപ്പറാണ്‌. ശാസ്ത്രത്തെ അശാസ്ത്രത്തിൽ നിന്നു വേർതിരിക്കാനുള്ള മാനദണ്ഡമായാണ്‌ അതിനെ കാണുന്നത്‌. പക്ഷേ, ഈ മാനദണ്ഡം മാത്രമേ ശാസ്ത്രസിദ്ധാന്തത്തെ തിരിച്ചറിയാൻ സഹായകമാകുകയുള്ളൂ എന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. പല വിമർശകരും ഈ സവിശേഷത ഇല്ല‍ാത്തവയുടെ ഉദാഹരണങ്ങളും ശാസ്ത്രചരിത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പരിമിതികളുണ്ടെങ്കിലും ശാസ്ത്ര രൂപീകരണത്തിനു വഴികാട്ടിയായി ഈ മാനദണ്ഡം (അതായത്‌, falsifiability) ഇന്നും നിലനിൽക്കുന്നു.

ഒരു സിദ്ധാന്തത്തെ നേരിട്ടു തെളിയിക്കാനോ ഖണ്ഡിക്കാനോ (falsify) സാധ്യമല്ലെ‍്ങ്കിൽ അതിന്റെ ശാസ്ത്രീയത വിലയിരുത്താൻ അനുയോജ്യമായ പരോക്ഷമായ വഴികളുണ്ട്‌. ഉൽപത്തി സിദ്ധാന്തങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്‌. ഉദാഹരണമായി പ്രപഞ്ചോൽപത്തി വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം നേരിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്കു വിധേയമാക്കി തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ല. പകരം ആ സിദ്ധാന്തം നൽകുന്ന പ്രവചനങ്ങളെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി സിദ്ധാന്തത്തെ തെളിയിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാവുന്നതാണ്‌. ഈശ്വരാസ്തിത്വത്തെയും നിരീശ്വരവാദത്തെയും ശാസ്ത്രീയമായി പരിശോധിക്കാനും വിലയിരുത്താനും അതുപോലൊരു മാർഗമാണ്‌ ഇവിടെ സ്വീകരിക്കുന്നത്‌. ഈ വിഷയം ആദം പബ്ലിഷേർസ്‌ പ്രസിദ്ധീകരിച്ച Scientific Foundation of Islam എന്ന എന്റെ പുസ്തകത്തിൽ കൂടുതൽ വിശദമായി വിവരക്കുന്നുണ്ട്‌.

നിരീശ്വരവാദത്തിന്റെ അശാസ്ത്രീയത

പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനു ഒന്നുകിൽ അത്‌ സൃഷ്ടിക്കപ്പെട്ടത്‌ അല്ലെ‍്ങ്കിൽ അത്‌ സ്വയം ഭൂവായുണ്ടായത്‌ എന്ന ഉത്തരമാണുള്ളത്‌. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതല്ലെ‍്ന്നും സ്വയം ഭൂവായുണ്ടായതാണെന്നുമാണ്‌ നിരീശ്വരവാദത്തിന്റെ പ്രായോഗിക വശം. ആൽബർട്ട്‌ ഐൻസ്റ്റീന്റെ വിഖ്യാതമായ ഊർജ്ജം = പിണ്ഡം x (പ്രകാശ വേഗം)2 എന്ന സമവാക്യം ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള പരസ്പര രൂപാന്തരീകരണത്തിന്റെ (​‍transformation) ശേഷിയെ സ്ഥിരീകരിക്കുന്നു. അതല്ലാതെ ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവായുണ്ടാകാൻ സാധിക്കുമെന്നതിന്‌ ഒരു ശാസ്ത്ര തെളിവുമില്ല. മഹാവിസ്ഫോടന സിദ്ധാന്തത്തെ എതിർത്തുകൊണ്ട്‌ നാസ്തിക ലോബി അവതരിപ്പിച്ച സുസ്ഥിര പ്രപഞ്ച സിദ്ധാന്തം തള്ളപ്പിെടാനുള്ള മുഖ്യകാരണം തുടർച്ചയായ ദ്രവ്യോൽപാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം ശാസ്ത്ര തത്ത്വങ്ങൾക്കു വിരുദ്ധമായതു കൊണ്ടാണ്‌ (പ്രബോധനം ഒക്ടോബർ 30 ലക്കത്തിൽ വന്ന എന്റെ ലേഖനം കാണുക). ഊർജ്ജ (ദ്രവ്യ) സൃഷ്ടിപ്പ്‌ പ്രപഞ്ചാരംഭം കുറിച്ച, ആവർത്തിക്കപ്പെടാത്ത ഒരു സംഭവമാണ്‌. ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവാകാനുള്ള ഗുണവിശേഷമുണ്ടായിരുന്നെങ്കിൽ ഈ പ്രപഞ്ചത്തിന്റെ കോടാനുകോടി വർഷ ചരിത്രത്തിൽ ഒരു തവണയെങ്കിലും ആ സ്വഭാവം അത്‌ പ്രകടിപ്പിക്കുമായിരുന്നു. ആ ഗുണവിശേഷമില്ല‍ാതിരുന്നതു കൊണ്ടാണ്‌ പ്രപഞ്ചോൽപത്തിയിലുണ്ടായിരുന്ന ഊർജം അളവിൽ മാറ്റമില്ല‍ാതെ ഇന്നും തുടരുന്നത്‌. ഊർജത്തെ ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലെ‍്ന്നും അതിന്റെ അളവ്‌ സംരക്ഷണത്തിലാണുമെന്ന (Energy Conservation) ഘർമപ്രവർത്തന ശാസ്ത്രത്തിന്റെ (Thermodynamics) ഒന്നാം നിയമം ഇതു തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. അപ്പോൾ പ്രപഞ്ചത്തിനു സ്വയംഭൂവായുണ്ടാകാൻ സാധ്യമല്ലെ‍്ന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും തെളിയുന്ന ചിത്രം.

മറ്റൊന്ന്‌, നിരീശ്വരവാദത്തെ സ്വതന്ത്രമായി പരിശോധിക്കുകയാണെങ്കിൽ പരോക്ഷമായെങ്കിലും അതിനെ തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ലെ‍്ന്നു വ്യക്തമാകുന്നതാണ്‌. ഖണ്ഡിക്കാനുതകുന്ന (falsifiable) പ്രവചനവും നിരീശ്വരവാദം നൽകുന്നില്ല. നിരീശ്വരവാദത്തിനു ശാസ്ത്രീയാടിത്തറയില്ലെ‍്ന്നു സ്ഥിരീകരിക്കാൻ ഇത് തന്നെ മതിയായ തെളിവാണ്‌. ഈശ്വരനില്ലെ‍്ന്ന ആശയം തന്നെ ശാസ്ത്ര പരിധിക്കു പുറത്താണ്‌. അക്കാരണം കൊണ്ടു തന്നെ നിരീശ്വരവാദത്തിലധിഷ്ഠിതമായ `ശാസ്ത്ര` സിദ്ധാന്തങ്ങളെല്ല‍ാം മുഖവിലക്കുപോലും എടുക്കാതെ ഈശ്വര വിശ്വാസികൾ തള്ളിക്കളയേണ്ടതാണ്‌. ഈശ്വരവാദത്തെ ബലപ്പെടുത്തുന്ന മഹാവിസ്ഫോടന സിദ്ധാന്തം നിലനിൽക്കുന്നതും, ഈശ്വരാസ്തിത്വത്തെ വെല്ല‍ുവിളിക്കുന്ന സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ശാസ്ത്രരംഗത്തു നിന്ന്‌ പുറംതള്ളപ്പെട്ടതും, പരിണാമ സിദ്ധാന്തം തെളിവുകളില്ല‍ാതെ അടിത്തറയിളകി നിൽക്കുന്നതും സത്യം അസത്യത്തെ അതിജീവിക്കുമെന്നതിന്റെ സാക്ഷാൽക്കാരമായിട്ടേ ബുദ്ധിജീവികൾക്കു കാണാനാവൂ. നിരീശ്വരവാദത്തെ പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രം നിരാകരിക്കുമ്പോൾ, ശാസ്ത്രാടിസ്ഥാനം മാത്രമേ സ്വീകാര്യമാകൂ എന്ന്‌ വാദിക്കുന്നവർ എന്തേ അതംഗീകരിക്കാത്തത്?

ഖുർആനിക വെളിപാടുകളുടെ ശാസ്ത്രീയത

പ്രപഞ്ചത്തിനു സ്വയംഭൂവാകാനാകില്ലെ‍ന്ന ശാസ്ത്ര നിഗമനം വ്യക്തമാക്കുന്നത്‌ പ്രപഞ്ചം സൃഷ്ടിക്കന്നെട്ടതാണെന്നാണ്‌. അതായത്‌ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്നാണ്‌. അങ്ങനെ പറയുമ്പോൾ ആ സ്രഷ്ടാവിനെ ആര്‌ സൃഷ്ടിച്ചു എന്ന ചോദ്യമാണ്‌ നിരീശ്വരവാദികൾ ഉയർത്തുക. സ്രഷ്ടാവിനെ മറ്റൊരു ദൈവം സൃഷ്ടിച്ചു എന്നാണ്‌ ഉത്തരം നൽകുന്നതെങ്കിൽ ആദ്യത്തെ ചോദ്യത്തിലേക്കു തന്നെയാണ്‌ അത്‌ വീണ്ടും എത്തിക്കുക. അങ്ങനെ അന്ത്യമില്ല‍ാത്ത ആവർത്തനമായി ആ ചോദ്യം നിലനിൽക്കുകയേയുള്ളു. ഇവിടെ നിരീശ്വരവാദികൾ മനസ്സിലാക്കാത്തത്‌ സൃഷ്ടിക്കപ്പെടാത്ത, എന്നെന്നും ജീവിക്കുന്ന, സൃഷ്ടിക്കാൻ കഴിവുള്ള ഒരു ശക്തിയെയാണ്‌ ഈശ്വരവിശ്വാസികൾ സ്രഷ്ടാവായി കണക്കാക്കുന്നതെന്നാണ്‌. നിരീശ്വരവാദത്തിനു ശാസ്ത്രാടിസ്ഥാനമില്ലെ‍്ന്നു തെളിഞ്ഞിരിക്കെ ഈശ്വരവിശ്വാസത്തെ അവർ ചോദ്യം ചെയ്യുന്നതിൽ ഒരു കഴമ്പുമില്ല.

നിരീശ്വരവാദത്തിന്റെ ശാസ്ത്രീയാടിസ്ഥാനമില്ല‍ായ്മഈശ്വരവാദത്തെ പരോക്ഷമായേ തെളിയിക്കാനുതകുവെന്നും അത്‌ ഈശ്വരാസ്തിത്വത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണമാവില്ലെ‍്ന്നും വാദിച്ചേക്കാം. ശാസ്ത്ര വീക്ഷണത്തിൽ അത്‌ ശരിയാണു താനും. ഈശ്വരാസ്തിത്വത്തിനു സ്വതന്ത്രമായ ശാസ്ത്രാടിത്തറയുണ്ടെന്നു കൂടി സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈശ്വരവിശ്വാസിയെ സംബന്ധിച്ചേടത്തോളം ദൈവം അദൃശ്യതയിൽ നിലകൊള്ളുന്നുന്നെന്ന്‌ സ്ഥിരീകരിക്കാനാവശ്യമായ ശാസ്ത്ര തെളിവുകൾ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.

ഖുർആനിൽ അല്ല‍ാഹു മനുഷ്യനോടു കൽപിക്കുന്നത്‌ അദൃശ്യമായ നിലയിൽ അവനിൽ വിശ്വസിച്ചു അനുസരിക്കാനാണ്‌ (ഖു. 5:94). അദൃശ്യമായ ദൈവത്തെ ശാസ്ത്രീയമായി സ്ഥിരീകരിക്കാനുള്ള ഏക മാർഗം അവന്റെ വെളിപാടുകൾ സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കലാണ്‌. അദൃശ്യ ദൈവത്തിൽ അന്ധമായി വിശ്വസിക്കാനുള്ള ആഹ്വാനമായ്‌ ഈ ഖുർആൻ നിർദേശത്തെ (ഖു. 5:94) കാണേണ്ടത്‌. മറിച്ച്‌ അല്ല‍ാഹു മനുഷ്യനു പ്രദാനം ചെയ്ത ബുൻ​‍ിയുപയോഗിച്ചു (ഈകാലഘട്ടത്തിലെ ജനങ്ങൾ ശാസ്ത്രവിജ്ഞാനത്തിന്റെ സഹായത്തോടെയും) അവന്റെ അനുഗ്രഹങ്ങളെയും കഴിവിനെയും അധികാരത്തെയും ചിന്തിച്ചു മനസ്സിലാക്കി വിശ്വാസിക്കാനാണ്‌ അല്ല‍ാഹു കൽപിക്കുന്നത്‌. ഈ വസ്തുത ഖുർആനിൽ പലയിടത്തും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ നിന്നു വ്യക്തമാകുന്നതാണ്‌. അങ്ങനെയൊരു നിർദേശം, മറ്റു വേദഗ്രന്ഥങ്ങൾക്കൊന്നുമില്ല‍ാത്ത ഖുർആന്റെ മാത്രം സവിശേഷതയാണ്‌. ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു:“അല്ല‍ാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ല‍ാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ല‍ാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായിസൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ” (ഖു.3:189­191). “അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക്‌ അവ മുഖേന വഴിയറിയാൻ പാകത്തിലാക്കിത്തന്നത്‌. മനസിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി നാമിതാദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു” (ഖു. 6:97). “ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലുംവർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌” (ഖു. 30:22). “(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ അനുഭവിപ്പിക്കാൻ വേണ്ടിയും, തന്റെ കൽപനപ്രകാരം കപ്പൽ സഞ്ചരിക്കാൻ വേണ്ടിയും, തന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടാൻ വേണ്ടിയും, നിങ്ങൾ നന്ദികാണിക്കാൻ വേണ്ടിയും അവൻ കാറ്റുകളെ അയക്കുന്നത്‌ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ” (ഖു. 30:46).

ഖുർആൻ ദിവ്യഗ്രന്ഥമാണെന്നു വിശ്വസിക്കുന്നതു കൊണ്ടും ഖുർആനിക വെളിപ്പെടുത്തലുകളെ ശാസ്ത്രക്കണ്ടെത്തലുകളുമായി വിലയിരുത്തി തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വകയുള്ളതു കൊണ്ടും, ഈശ്വരനുണ്ടെന്ന ആശയം ഒരു ശാസ്ത്ര സിദ്ധാന്തത്തോടു തുലനം ചെയ്യാവുന്നതാണ്‌. ഖുർആനിക വെളിപ്പെടുത്തലുകൾ ആ സിദ്ധാന്തത്തിന്റെ പ്രവചനങ്ങളായും കണക്കാക്കാവുന്നതാണ്‌. ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾ ശരിയാണെന്നു തെളിയിക്കപ്പെട്ടാൽ ആ സിദ്ധാന്തം ശാസ്ത്ര സത്യമായി സ്ഥിരീകരിക്കപ്പെടുന്നതു പോലെ ഖുർആനിക വെളിപ്പെടുത്തലുകൾ ശാസ്ത്ര കണ്ടെത്തലുകളുമായി വിലയിരുത്തി ശരിയാണെന്നു സമർഥിക്കപ്പെട്ടാൽ ഖുർആൻ ശാസ്ത്ര സത്യമാണെന്നും തദ്വാരാ അതിന്റെ കർത്താവായ ദൈവം യാഥാർഥ്യമാണെന്നും തെളിയുന്നതാണ്‌. പ്രപഞ്ച സൃഷ്ടിപ്പിനെയും അതിന്റെ സംവിധാനത്തെയും പ്രകൃതി നിയമങ്ങളെയും മനുഷ്യ-‌പ്രപഞ്ച ഭാവി കാര്യങ്ങളെയും സംബന്ധിച്ച പല സന്ദേശങ്ങളും ഖുർആൻ നൽകുന്നുണ്ട്‌. ഈ വിഷയങ്ങളിലുള്ള മിക്ക സന്ദേശങ്ങളും ശാസ്ത്രമാനമുള്ളവയാണ്‌. അവയുടെ സാധുതയെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ.

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുങ്ക (falsifiable) ഖുർആനിക വെളിപ്പെടുത്തലുകൾ

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഒട്ടേറെ സൂക്തങ്ങൾ ഖുർആനിലുണ്ട്‌. അവയിൽ ചിലത്‌ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളു.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “ആകാശമാകട്ടെ നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാമാണ്‌ വികസിപ്പിക്കുന്നത്‌” (ഖു. 51:47). അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തം വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കുന്നതായിരുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ എത്രയോ വർഷങ്ങൾക്കു മുമ്പ്‌ പ്രപഞ്ചഘടകങ്ങളെല്ലം ഒന്നിച്ചായിരുന്നുവെന്നാണ്‌. “സത്യനിഷേധികൾ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും...” (ഖു. 21:30). മഹാവിസഫോടന സിദ്ധാന്തത്തിന്റെ രൂപീവൽക്കരണത്തിനു വഴി തെളിച്ചതും ഈ വസതുതകളൊക്കെ ആയിരുന്നു.

മറ്റൊന്ന്‌ സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായുമാണ്‌ ഖുർആൻ വിവരിക്കുന്നത്‌. “നിങ്ങൾ കണ്ടില്ലേ, എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (ഖു. 71:15ന്ന16). ശാസ്ത്ര കണ്ടെത്തലുകൾ ശരിവെക്കുന്നതാണ്‌ ഈ ഉപമകൾ. സൂര്യൻ ഊർജവും പ്രകാശവുമുള്ള വൈദ്യുതകാന്ത തരംഗങ്ങൾ ഉൽപാദിന്നിക്കുന്ന നക്ഷത്രമാണ്‌. അതിനെ വിളക്കോടു ഉപമിക്കാം. ചന്ദ്രൻ പ്രകാശം ഉൽപാദിന്നിക്കുന്നി​‍്‌. അതിന്റെ ഉപരിതലത്തിൽ പതിക്കുന്ന സൂര്യകിരണങ്ങളെ പ്രതിഫലിന്നിക്കുന്നതുകൊണ്ടാണ്‌ അത്‌ പ്രകാശമാനമായി കാണപ്പെടുന്നത്‌. ഈ യാഥാർഥ്യം ഖുർആനിക വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നു.

സൂര്യനും ചന്ദ്രനും അവയുടേതായ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു ഖുർആൻ പ്രസ്താവിക്കുന്നു. “അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു” (ഖു.21:33). ജ്യോതിർഗോളങ്ങളായ നക്ഷത്രം, ഗ്രഹം, ഉപഗ്രഹംഎന്നിവയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം (orbital motion) ശാസ്ത്രം സ്ഥിരീകരിച്ച വസ്തുതയാണ്‌.

മനുഷ്യവർഗത്തിൽ ലിംഗം നിർണയിക്കുന്നത്‌ പുരുഷ ബീജമാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “മനുഷ്യൻ വിചാരിക്കുന്നുവോ, അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവൻന്ന പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി” (ഖു. 75:36-39). “ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്‌ ആൺ, പെൺ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും” (ഖു. 53:45-46). ഈ വെളിപ്പെടുത്തൽ
ജീവശാസ്ത്രം നൽകുന്ന മനുഷ്യന്റെ ലിംഗനിർണ്ണയ വിശദീകരണത്തോടു പൂർണമായും യോജിക്കുന്നു. മനുഷ്യന്റെ ശരീരകോശത്തിൽ (2) 23 ജോഡി ക്രോമൊസോമുകളുള്ളതിൽ 22 ജോഡികൾ ഓട്ടോസോമുകളും (autosomes) ഒരു ജോഡി ലിംഗ (sex) ക്രോമൊസോമുകളുമാണ്‌. ലിംഗ ക്രോമൊസോമുകൾ അറിയപ്പെടുന്നത്‌ X, Y എന്നീ നാമങ്ങളിലാണ്‌. സ്ത്രീയുടെ ലിംഗ (sex) ക്രോമൊസോമുകൾ രണ്ട്‌ X ക്രോമൊസോമുകളാണ്‌; പുരുഷന്റേത്‌ ഒരു X ക്രോമൊസോമും ഒരു Y ക്രോമൊസോമുമാണ്‌. അതായത്‌ XX ചേരുവ സ്ത്രീത്വത്തെയും, XY ചേരുവ പുരുഷത്വത്തെയും തീരുമാനിക്കുന്നു. ബീജകോശത്തിൽ (n) 23 ക്രോമൊസോമുകളാണുള്ളത്‌. അതായത്‌ 22 ഓട്ടോസോമുകളും ഒരു ലിംഗ ക്രോമൊസോമും. പുരുഷ ബീജകോശത്തിൽ X അല്ലെങ്കിൽ Y ക്രോമൊസോമായിരിക്ക‍ും ലിംഗ ക്രോമൊസോം. സ്ത്രീ ബീജകോശ(അണ്ഡം)ങ്ങളിലെല്ലം ലിംഗ ക്രോമൊസോം X ക്രോമൊസോമായിരിക്കും. ശരീരകോശത്തിൽ നിന്നാണ്‌ ബീജകോശമുന്നാകുന്നത്‌. അതു കാരണം, ശരീരകോശത്തിലെ ലിംഗ ക്രോമൊസോമുകൾക്കു മാത്രമേ ബീജകോശത്തിൽ സാന്നിധ്യമുണ്ടാകയുള്ളു. സ്ത്രീപുരുഷ ലൈംഗികബന്ധ ഫലമായി X ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XX ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും (zygote) ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. മറിച്ച്‌ Y ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XY ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ ആണായിരിക്കും. അതായത്‌ ആണിനെയും പെണ്ണിനെയും തീരുമാനിക്കുന്നത്‌ പുരുഷ ബീജമാണെന്ന്‌ സാരം.

മോറിസ്‌ ബുക്കായ്‌ (Maurice Bucaille)യുടെ 1979ൽ പ്രസിൻ​‍ീകരിച്ച The Bible, The Qura'an and Science എന്ന പുസ്തകമാണ്‌ ഖുർആനിലെ പല വെളിപ്പെടുത്തലുകളും ആധുനിക ശാസ്ത്ര കണ്ടെത്തലുകളോട്‌ യോജിക്കുന്നവയാണെന്ന്‌ ലോകത്തെ അറിയിച്ചത്‌. പാരീസ്‌ സർവകലാശാലയിലെ സർജിക്കൽ ക്ളിനിക്കിന്റെ മേധാവിയായിരുന്നു അദ്ദേഹം. പത്തു വർഷത്തോളം നീണ്ടുനിന്ന തന്റെ ഖുർആൻ ഗവേഷണത്തിൽ നിന്നും മനന്നിലാക്കിയ ശരീരശാസ്ത്രത്തെയും (physiology) പ്രത്യുൽപാദനത്തെയും സംബന്ധിച്ച ഖുർആനിക വെളിപാടുകളെ 1976ൽ വൈദ്യശാസ്ത്ര ഫ്രഞ്ച്‌ അക്കാദമി മുമ്പാകെ അവതരിപ്പിച്ചുകൊണ്ട്‌ ഡോ. ബുകായ്‌ പറഞ്ഞതിങ്ങനെയായിരുന്നു “...ഈ ആധുനിക കാലത്ത്‌ മാത്രം കണ്ടെത്തിയ ഈ വിഷയങ്ങളിലെ ആശയങ്ങൾ ഖുർആന്റെ അവതരണക്കാലത്ത്‌ ഒരു പ്രസ്താവ (text) ത്തിൽ എങ്ങനെ ഉണ്ടായിയെന്നു വിശദീകരിക്കുവാൻ സാധ്യമല്ല.”

കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ അനാടൊമി ആന്റ‍്‌ സെൽ ബയോളജി വകുപ്പിൽ പ്രഫസറായിരുന്ന ഡോ. കീത്ത്‌ മൂർ ഖുർആനിലെ മനുഷ്യഭ്രൂണ സംബന്ധമായ വെളിപ്പെടുത്തലുകൾ ആധുനിക ഭ്രൂണശാസ്ത്രവുമായി വളരെ യോജിക്കുന്നതായി കണ്ടെത്തി. ഈ കണ്ടെത്തലുകൾ
1982ൽ പ്രസിൻ​‍ീകരിച്ച The Developing Human with Islamic Additions എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭ്രൂണശാസ്ത്രവുമായി യോജിക്കുന്ന സൂക്തങ്ങൾ ഇവയാണ്‌: “ഒരൊറ്റ അസ്തിത്വത്തിൽ നിന്ന്‌ അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതിൽ നിന്ന്‌ അതിന്റെ ഇണയെയും അവൻ ഉണ്ടാക്കി...നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു, മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ല‍ാഹു. അവന്നാണ്‌ ആധിപത്യം. അവൻ​‍ാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്” (ഖു. 39:6). “പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും ന്‌സൃഷ്ടികർത്താവായ അല്ല‍ാഹു അനുഗ്രഹപൂർണനായിരിക്കുന്നു” (ഖു. 23:13-14). “മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച്‌ നോക്കുക:) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം
നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌...“ (ഖു. 22:5). ഡോ. കീത്ത്‌ മൂർ പറയുന്നു: ”ഭ്രൂണശാസ്ത്രത്തിന്റെ പിറവിക്കു മുമ്പ്‌ ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ പ്രസ്താവനകളുടെ കൃത്യതയിൽ ഞാൻ ആശ്ചര്യം കൂറുകയാണ്‌.“ കൂടാതെ ഖുർആന്റെ ദിവ്യത്വത്തെയും അദ്ദേഹം സൂചിപ്പിച്ചു: ”ഈ വിവരങ്ങൾ ദൈവം അല്ലെ‍്ങ്കിൽ അല്ല‍ാഹുവിൽ നിന്നാണ്‌ മുഹമ്മദിനു ലഭിച്ചതെന്നത്‌ എനിക്കു വ്യക്തമാണ്‌. കാരണം മിക്ക വിവരങ്ങളും കണ്ടുപിടിക്കപ്പെട്ടതു തന്നെ അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. ഇത്‌ എനിക്ക്‌ തെളിയിക്കുന്നത്‌ മുഹമ്മദ്‌ ദൈവത്തിന്റെ അല്ലെ‍്ങ്കിൽ അല്ല‍ാഹുവിന്റെ ദൂതനെന്നാണ്‌.“

ഈജിപ്ഷ്യൻ ഫിസിസിസ്റ്റായ ഡോ. മൻസൂർ ഹന്നബ്‌ എൽ നബി ഖുർആനിലെ 10:5, 21:33, 32:5 എന്നീ സൂക്തങ്ങളിലെ വിവരങ്ങൾ, നക്ഷത്ര വർഷം (Sydereal Month Calendar System), ചന്ദ്രവേഗത എന്നിവയുടെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ വേഗത കണ്ടുപിടിച്ചിട്ടുണ്ട്‌. അങ്ങനെ കണ്ടുപിടിച്ച വേഗത ഒരു സെക്കന്റിൽ 299792.5 കി.മീറ്റർ ആണ്‌. ഇത്‌ ശാസ്ത്രം അംഗീകരിച്ച വേഗതയായ 299792.4574 കി.മീ.ന്‌ തുല്യമാണെന്നു പറയാം (http://www.islamicity.com/Science/960703A.SHTML).

ഖുർആനിലെ ശാസ്ത്ര സന്ദേശങ്ങളെ സംബന്ധിച്ചു ധാരാളം പുസ്തകങ്ങളും വെബസൈറ്റുകളും ഇന്നുണ്ട്‌. എങ്കിലും അവയെല്ല‍ാം മികച്ച ശാസ്ത്ര നിലവാരം പുല ർത്തുന്നുണ്ടെന്നു പറയാൻ വയ്യ.ശാസ്ത്ര വിജ്ഞാനത്തെ രണ്ടു ഭാഗങ്ങളായിക്കാണാവുന്നതാണ്‌ ന്ന പ്രകൃതി പ്രതിഭാസങ്ങളും അവയുടെ വിശദീകരണങ്ങളും. പ്രതിഭാസങ്ങൾ മാറ്റമില്ല‍ാതെ നിലനിൽക്കുന്ന പ്രകൃതി സത്യങ്ങളാണെങ്കിലും അവയ്ക്കു നൽകുന്ന വിശദീകരണങ്ങൾ ശാസ്ത്ര പുരോഗതിക്കനുസരിച്ചു മാറാവുന്നതാണ്‌. ഉദാഹരണമായി വൈദ്യുതിയെ എടുക്കാം. വൈദ്യുതി ഒരു പ്രകൃതി പ്രതിഭാസമാണ്‌. അതിനു മാറ്റം വരുന്നത്‌. അതിനെ നിലവിലുള്ള ശാസ്ത്ര വിജ്ഞാനമുപയോഗിച്ചു വിശദീകരിക്കുന്നത്‌ ഇലക്ട്രോണുകളുടെ ഒഴുക്കാണെന്നാണ്‌. ശാസ്ത്ര പുരോഗതിക്കനുസരിച്ചു ഭാവിയിൽ ഈ വിശദീകരണം മാറിയേക്കാം. ഈ വസ്തുത മനസ്സിലാക്കി വേണം ഖുർആനിക വെളിപാടുകളെ ശാസ്ത്രീയവിശദീകരണത്തിനു വിധേയമാക്കേണ്ടത്‌. ഇവിടെ എടുത്തു പറയേന്ന ഒരു കാര്യം ഖുർആനിലുള്ള പ്രപഞ്ചത്തെ സംബന്ധിച്ച പരാമർശങ്ങളെല്ല‍ാം തന്നെ പ്രതിഭാസങ്ങളെയാണ്‌, പ്രതിഭാസങ്ങളുടെ വിശദീകരണങ്ങളെയ്‌. മേൽ വിശകലനം ചെയ്യപ്പെട്ട ഉദാഹരണങ്ങളിൽ (പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ ലിംഗനിർണയ ക്രോമൊസോമുകൾ, ജ്യോതിർഗോളങ്ങളുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം, മുതലായവയെല്ല‍ാം) നിന്നു ഇത്‌ വ്യക്തമാകുന്നതാണ്‌.

ഖുർആനിൽ പ്രതിപാദിച്ച പ്രപഞ്ച രഹസ്യം ശാസ്ത്രം തുറന്നു കാട്ടു​‍േമ്പാൾ അങ്ങോട്ടേക്കു നോക്കാനാണ്‌ അവിശ്വാസികളെ അല്ല‍ാഹു ആഹ്വാനം ചെയ്യുന്നത്‌. “അല്ലയോ സത്യനിഷേധികളേ, നിങ്ങൾകണ്ടി​‍േല്ല, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും വെള്ളത്തിൽ നിന്നാണ്‌ നാം എല്ല‍ാ ജീവവസ്തുക്കളെയും സൃഷ്ടിച്ചതെന്നും. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?” (ഖു. 21:30). ഇവിടെ അല്ല‍ാഹു സംബോധന ചെയ്യുന്നത്‌ അവിശ്വാസികളെയാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇനിയും വിശ്വസിക്കുന്നില്ലെ‍്ങ്കിൽ കൂടുതൽ തെളിവുകൾ നൽകി ഖുർആൻ സത്യമാണെന്നു അവരെ ബോധ്യപ്പെടുത്തുമെന്നും അല്ല‍ാഹു പറയുന്നു: ”നീ പറയുക: നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ (ഖുർആൻ) അല്ല‍ാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും എന്നിട്ട്‌ നിങ്ങളതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാളും കൂടുതൽ പിഴച്ച്‌ പോയവൻ ആരുണ്ട്ന്ന ഇത്‌ (ഖുർആൻ) സത്യമാണെന്ന്‌ അവർക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ“ (ഖു. 41:52ന്ന53). ഖുർആനിക സന്ദേശങ്ങൾ സത്യമാണെന്ന്‌ ഖുർആനിൽ വിശ്വസിക്കാത്തവർക്കു ശാസ്ത്രത്തിലൂടെ തെളിയിച്ചു കൊടുക്കുകയാണ്‌ അല്ല‍ാഹു. അത്‌ അല്ല‍ാഹുവിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ നാം കാണേണ്ടത്‌.
(തുടരും...)
പ്രഫ: പി എ വാഹിദ് | http://www.prabodhanam.net/15.1.2011.html

2010 നവംബർ 3, ബുധനാഴ്‌ച

ഡാര്‍വിനിസത്തിന്റെ ശാസ്ത്രവിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും


പ്രഫ. പി.എ വാഹിദ്
ഏതാണ്ട് നാലു നൂറ്റാണ്ടു മുമ്പ് ആധുനികശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മതത്തോടുള്ള നീരസം സമൂഹത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങുന്നത്. ശാസ്ത്രസംഭാവനയായ ടെക്‌നോളജി ജീവിതത്തിന്റെ അവശ്യ ഘടകമായി മാറിയപ്പോള്‍ ശാസ്ത്രത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കൂടുകയായിരുന്നു. ഇത് മുതലെടുത്ത് ചില സിദ്ധാന്തങ്ങളുടെ ബലത്തില്‍ മതം അന്ധമായ വിശ്വാസമാണെന്നും യുക്തിക്ക് നിരക്കാത്ത ആശയമാണെന്നും നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിലെ എല്ലാ അന്ധവിശ്വാസങ്ങളെയും മതത്തിന്റെ കണക്കില്‍ കുറിക്കാനും, ശാസ്ത്രവും മതവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്നു സ്ഥാപിക്കാനുമാണ് നിരീശ്വരലോബി ലക്ഷ്യമിടുന്നത്. ശാസ്ത്രത്തോടുള്ള മതപണ്ഡിതന്മാരുടെ നിഷേധാത്മക സമീപനം ഈ തെറ്റായ ധാരണ ജനമനസ്സുകളില്‍ സ്ഥലം പിടിക്കാന്‍ പരോക്ഷമായെങ്കിലും സഹായകമാകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ ദൈവവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുതകുന്ന ഏറ്റവും ഫലവത്തായ രീതി നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രമെന്ന വ്യാജേന ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉണ്ടാക്കുക എന്നതാണ്. നാസ്തികലോബിയുടെ ഈ പദ്ധതിയും അതിലടങ്ങിയിരിക്കുന്ന ഒളിയജണ്ടയും ഈശ്വരവിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈശ്വര വിശ്വാസമുള്ള ധാരാളം ശാസ്ത്രജ്ഞര്‍ ശാസ്ത്ര സമൂഹത്തിലുണ്ടെങ്കിലും നാസ്തിക ശാസ്ത്രജ്ഞരുടെ കൈകളിലാണ് ശാസ്ത്രത്തിന്റെ നിയന്ത്രണം. അവരുടെ ശക്തമായ സ്വാധീനവും, ശാസ്ത്ര മാധ്യമങ്ങളിലുള്ള ആധിപത്യവും, സാമ്പത്തികശേഷിയും ഈ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ സഹായിക്കുന്നു. ശാസ്ത്ര അക്കാദമികള്‍ ഏതെങ്കിലും ഒരു പ്രത്യേക മതത്തോടു വിദ്വേഷം പുലര്‍ത്തുകയല്ല ചെയ്യുന്നത്, മറിച്ച് മതത്തിന്റെ കാതലായ ഈശ്വരവിശ്വാസത്തിനെതിരെയാണ് പൊരുതുന്നത്. ബ്രിട്ടന്റെ റോയല്‍ സൊസൈറ്റി, സൃഷ്ടിപ്പ് വാദത്തെ (creationism) ശാസ്ത്രീയാടിത്തറയില്ലാത്ത ആശയമായാണ് കാണുന്നത്. അക്കാരണം കൊണ്ടുതന്നെ അത് ശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാകരുതെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു. അമേരിക്കയിലെ നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് 1981ല്‍ പുറപ്പെടുവിപ്പിച്ച പ്രമേയം മതത്തെയും ശാസ്ത്രത്തെയും വിലയിരുത്തിയത് ഇങ്ങനെയാണ്: ''മതവും ശാസ്ത്രവും മനുഷ്യചിന്തയുടെ വ്യത്യസ്തങ്ങളായ മേഖലകളാണ്. ഒരേ സന്ദര്‍ഭത്തിലുള്ള അവയുടെ അവതരണം ശാസ്ത്രസിദ്ധാന്തങ്ങളെയും മതവിശ്വാസത്തെയും തെറ്റിദ്ധരിപ്പിക്കുകയേയുള്ളു.'' കൂടാതെ അറുപത്തേഴു രാഷ്ട്രങ്ങളിലെ ശാസ്ത്ര അക്കാദമികള്‍, ഇന്റര്‍ അക്കാദമി പാനല്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ഇഷ്യൂസ് എന്ന സംയുക്ത ബാനറില്‍ പുറപ്പെടുവിച്ച പ്രസ്താവനയും മറ്റൊന്നായിരുന്നില്ല - ''വേദഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ജീവശാസ്ത്രപഠനം ഇളം മനസ്സുകളെ വികൃതമാക്കാനേ സഹായിക്കുകയുള്ളു.''

ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ വരവോടെ കഴിഞ്ഞ നൂറ്റിയമ്പത് വര്‍ഷങ്ങളായി ശാസ്ത്രസമൂഹം ദൈവവിശ്വാസത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ട്. ഇന്നും പൂര്‍വാധികം ശക്തിയോടെ സമരം തുടരുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തതിലുള്ള നിരാശയിലാണ് നാസ്തികലോബി. അമേരിക്കന്‍ അസോസിയേഷന്‍ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സും പ്യൂ റിസര്‍ച്ച് സെന്ററും ഒരുമിച്ചു കഴിഞ്ഞ വര്‍ഷം (2009ല്‍) നടത്തിയ ശാസ്ത്ര സര്‍വെ സൂചിപ്പിക്കുന്നത് മിക്ക (83%) അമേരിക്കക്കാരും ഈശ്വരവിശ്വാസമുള്ളവരാണെന്നും, അവരില്‍ 82 ശതമാനം പേരും ഏതെങ്കിലുമൊരു മതത്തില്‍ വിശ്വസിക്കുന്നവരാണെന്നുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്രസമൂഹത്തിലെ മൂന്നില്‍ രണ്ടുഭാഗവും നിരീശ്വരവാദികളാണെന്നാണ് സര്‍വെ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഭൗതികശാസ്ത്രങ്ങളിലെ അശാസ്ത്രീയ സിദ്ധാന്തങ്ങള്‍
ഒരു മുന്‍വിധിയുമില്ലാതെ, ഏതെങ്കിലും ആശയത്തോടോ വിശ്വാസത്തോടോ ചായ്‌വില്ലാതെ നിഷ്പക്ഷമായി വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രത്തിനു മാത്രമേ വിശുദ്ധിയും വിശ്വാസ്യതയും അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. അങ്ങനെയല്ലാത്ത 'ശാസ്ത്ര' വീക്ഷണങ്ങളെ തെറ്റിദ്ധാരണാജനകമായ ആശയമായിട്ടേ കാണാന്‍ പറ്റുകയുള്ളു. ശാസ്ത്രസമുദായത്തിലെ നിരീശ്വര ലോബിയുടെ അശാസ്ത്രീയവും അധാര്‍മികവും മനഃപൂര്‍വവുമായ ഇടപെടലുകളാണ് ശാസ്ത്രത്തെ ദൈവികപാതയില്‍ നിന്ന് തെറ്റായ ദിശയിലേക്ക് നയിക്കുന്നതെന്ന് ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാലറിയാം.

ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉത്ഭവം വിശദീകരിച്ചുകൊണ്ട് മഹാവിസ്‌ഫോടനസിദ്ധാന്തം (big bang theory) 1920 കളുടെ മധ്യത്തില്‍ അവതരിപ്പിക്കപ്പെട്ടതോടെയാണ് നിരീശ്വരലോബിയുടെ ഒളിയജണ്ട അക്ഷരാര്‍ഥത്തില്‍ പ്രകടമായത്. ഭൗതികശാസ്ത്രത്തിലെ ഈ സിദ്ധാന്തം പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു. ക്രിസ്ത്യന്‍ കാത്തലിക്ക് ചര്‍ച്ച് 1951ല്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുകയുണ്ടായി. ഈശ്വര വിശ്വാസത്തിനു ശാസ്ത്രമുദ്ര ലഭിക്കുമെന്നുറപ്പായപ്പോള്‍ നാസ്തികലോബി ആ സിദ്ധാന്തത്തിനു പകരമായി മറ്റൊന്നു കൊണ്ടുവരാന്‍ നെട്ടോട്ടമോടുകയായിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ് A Brief History of Time എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്: ''കാലത്തിനു (സമയത്തിനു) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ് സത്യം. അതു സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.... അക്കാരണത്താല്‍ ആത്യന്തികമായി മഹാവിസ്‌ഫോടനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകളെ തടയാനുള്ള ശ്രമം പലഭാഗത്തുനിന്നുമുണ്ടായി. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത് സുസ്ഥിര പ്രപഞ്ചസിദ്ധാന്ത(steady state theory)ത്തിനായിരുന്നു.... റഷ്യന്‍ ശാസ്ത്രജ്ഞരായ ഇവാന്‍ജെനി ലിഫ്ഷിറ്റ്‌സും ഐസക് കലത്‌നിക്കോവും 1963ല്‍ മഹാവിസ്‌ഫോടനം ഒഴിവാക്കിക്കൊണ്ടുള്ള സിദ്ധാന്തത്തിനായി മറ്റൊരു ശ്രമവും കൂടി നടത്തിയിരുന്നു.'' ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഈശ്വരവിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ശാസ്ത്രസമുദായത്തിലെ നിരീശ്വരലോബിയുടെ കരുതിക്കൂട്ടിയുള്ള പദ്ധതിയെയാണ്. ശാസ്ത്രത്തിന്റെ മറവില്‍ അശാസ്ത്രം ജനിക്കുകയാണിവിടെ. ശാസ്ത്രം പുരോഗമിക്കുകയല്ല, മറിച്ച് നാസ്തിക ലോബിയുടെ ഹിതത്തിനൊത്ത് ശാസ്ത്രം രൂപപ്പെടുകയാണ്. അതിനു സഹായകമായ അന്തരീക്ഷവുമാണ് ലോകത്തുള്ളതും.

ശാസ്ത്രവിജ്ഞാനത്തെ രണ്ടായി തിരിക്കാവുന്നതാണ് - സാങ്കേതികവിദ്യയെ ലക്ഷ്യമാക്കുന്നതും അല്ലാത്തതും. ഏതെങ്കിലും സാങ്കേതികവിദ്യയില്‍ ചെന്നെത്തിക്കുന്ന ശാസ്ത്രമാണെങ്കില്‍ അതിനെ ആ ടെക്‌നോളജി തന്നെ നേരായ ദിശയിലൂടെ നയിക്കും; അല്ലെങ്കില്‍ ആ ടെക്‌നോളജി ഉടലെടുക്കില്ല. ആ ശാസ്ത്രം സത്യമായി വികസിക്കുകയും ചെയ്യും. ഏതെങ്കിലും സാങ്കേതികവിദ്യ ലക്ഷ്യമിടാത്ത പൊതുവിജ്ഞാനമാണെങ്കില്‍ ആ ശാസ്ത്രത്തെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയോടും അറിവോടും കൂടി ഇഷ്ടാനുസരണം രൂപപ്പെടുത്താന്‍ സാധിക്കും. പ്രപഞ്ചത്തെയും ജീവനെയും സംബന്ധിച്ച പല സിദ്ധാന്തങ്ങളും ഈ ഗണത്തില്‍ പെടുന്നവയാണ്. ശാസ്ത്രത്തിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിക്കുന്ന സാധാരണ ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാന്‍ അത്തരം അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ പര്യാപ്തമാണ്. പക്ഷേ, വ്യാജശാസ്ത്രം ഇന്നല്ലെങ്കില്‍ നാളെ ശാസ്ത്രമേഖലയില്‍ നിന്നും പുറംതള്ളപ്പെടുമെന്നാണ് ചരിത്രം ചൂണ്ടുന്നത്.

ഉദാഹരണമായി മഹാവിസ്‌ഫോടന സിദ്ധാന്തത്തിനെതിരെ ദുരുദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട സുസ്ഥിരപ്രപഞ്ചസിദ്ധാന്തത്തെ തന്നെ എടുക്കാം. റഷ്യന്‍ ഗണിതശാസ്ത്രജ്ഞനായ അലക്‌സാണ്ടര്‍ ഫ്രീഡ്മാന്‍ 1922ല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ 1915ല്‍ രൂപം കൊടുത്ത പൊതു ആപേക്ഷിക സിദ്ധാന്തം (General Theory of Relativity) ഉപയോഗിച്ചു പ്രപഞ്ചോല്‍പ്പത്തി വിശദീകരിക്കുന്ന താത്ത്വിക മാതൃകകള്‍ അവതരിപ്പിക്കുകയുണ്ടായി. പൊതു ആപേക്ഷിക സിദ്ധാന്തം അസ്ഥിര (non-static) പ്രപഞ്ചത്തെയാണ് സൂചിപ്പിച്ചതെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന സുസ്ഥിര (static) പ്രപഞ്ചമെന്ന ആശയത്തിന്റെ സ്വാധീനത്താല്‍ ഐന്‍സ്റ്റീന്‍ തന്റെ സിദ്ധാന്തത്തെ ആ ആശയത്തിനനുകൂലമായി ഭേദഗതി വരുത്തുകയുണ്ടായി. 'ഗുരുത്വാകര്‍ഷണവിരുദ്ധബലം' എന്ന ഘടകം അതില്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ആ ഭേദഗതി. ഈ ഭേദഗതിയില്‍ അദ്ദേഹം പിന്നീട് ഖേദിക്കുകയും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. അതേസമയം ഫ്രീഡ്മാന്‍ ആപേക്ഷിക സിദ്ധാന്തത്തിന്റെ അസ്ഥിര പ്രപഞ്ച വിവക്ഷയെ തെളിയിക്കുകയായിരുന്നു, ഫ്രീഡ്മാന്റെ ഗണിതമാതൃകകള്‍ എല്ലാ താരസമൂഹങ്ങളും (galaxies) പരസ്പരം അകലുകയാണെന്നു പ്രവചിച്ചു. അതായത് പ്രപഞ്ചം അതിന്റെ ഉത്ഭവം തൊട്ട് വികസിച്ചുകൊണ്ടേയിരിക്കുന്നുവെന്നര്‍ഥം. പതിനായിരം മുതല്‍ ഇരുപതിനായിരം മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാലബിന്ദുവില്‍ താരസമൂഹങ്ങളെല്ലാം അനന്ത സാന്ദ്രതയോടെ ഏതാണ്ട് പൂജ്യം വലുപ്പത്തില്‍ ഒന്നിച്ചായിരുന്നുവെന്നും ഈ ഗണിതമാതൃകകള്‍ സൂചിപ്പിച്ചു. പ്രപഞ്ച ചരിത്രത്തിലെ ഈ കാലബിന്ദുവിനു കേംബ്രിഡ്ജ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയല്‍ 'മഹാവിസ്‌ഫോടനം' (big bang) എന്ന സുന്ദരവിശേഷണം നല്‍കി. ഈശ്വരനുണ്ടെന്നുള്ളതിനു തെളിവ് നല്‍കുന്ന ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് 1949ലാണ് ഫ്രെഡ് ഹോയലുമായിച്ചേര്‍ന്ന് ആസ്ട്രിയന്‍ ശാസ്ത്രജ്ഞരായ ഹെര്‍മാന്‍ ബോണ്ടിയും തോമസ് ഗോള്‍ഡും 'സുസ്ഥിര പ്രപഞ്ച സിദ്ധാന്തം' അവതരിപ്പിച്ചത്. ഈ സിദ്ധാന്ത പ്രകാരം, പ്രപഞ്ചം ആരംഭമില്ലാത്ത, അവസാനമില്ലാത്ത, മാറ്റമില്ലാതെ എന്നെന്നും നിലനില്ക്കുന്ന ഒരു വ്യവസ്ഥയാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടുകാലം ഈ സിദ്ധാന്തത്തിനു ലോകശ്രദ്ധ പിടിച്ചു നിര്‍ത്താന്‍ സാധിച്ചെങ്കിലും തുടര്‍ച്ചയായ ദ്രവ്യോല്‍പാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം സ്ഥാപിത ശാസ്ത്ര തത്ത്വങ്ങള്‍ക്കെതിരായതിനാല്‍, മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ പ്രവചനങ്ങള്‍ക്കു തെളിവുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിനു നിലനില്‍പില്ലാതാവുകയായിരുന്നു.

പ്രധാനപ്പെട്ട മൂന്നു തെളിവുകളാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിനു അംഗീകാരം നേടിക്കൊടുത്തത്. അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തമാണ് ഇവയില്‍ ആദ്യത്തേത്. പ്രപഞ്ചത്തില്‍ നമ്മുടെ ഗാലക്‌സി മാത്രമല്ല ഉള്ളതെന്നും അതിവിദൂരതയില്‍ സ്ഥിതിചെയ്യുന്ന കോടിക്കണക്കിന് നക്ഷത്രസമൂഹങ്ങള്‍ ഉണ്ടെന്നുമുള്ള അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്ന സൂചന നല്‍കുന്നതായിരുന്നു. നക്ഷത്രങ്ങളില്‍ നിന്നുള്ള വികിരണത്തെ വര്‍ണ്ണരാജി വിശകലനത്തിനു (spectral analysis) വിധേയമാക്കിയപ്പോള്‍ മിക്ക താരസമൂഹങ്ങളില്‍ നിന്നുമുള്ള രശ്മികള്‍ ചുവന്ന തരംഗത്തില്‍ (red shift) ഉള്‍പ്പെട്ടവയായിട്ടാണ് കണ്ടത്. ഈ വസ്തുത വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കാനുതകുന്നതായിരുന്നു.

മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ മറ്റൊരു പ്രവചനം, പ്രപഞ്ചവികാസം കാലാനുസൃതമായി താപനില കുറയാന്‍ കാരണമാകുമെന്നും പ്രപഞ്ചോല്‍പ്പത്തി സമയത്തെ അനന്ത താപനിലയില്‍ നിന്നും വളരെയധികം തണുത്തു ഏതാണ്ട് 5 ഡിഗ്രി കെല്‍വിന്‍ (5K) വരെ ഇപ്പോള്‍ എത്തിയിട്ടുണ്ടായിരിക്കുമെന്നുമാണ്. ഈ പ്രവചനത്തെ ശരിവെക്കുന്നതായിരുന്നു 1964ല്‍ അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ ഗവേഷകരായിരുന്ന ആര്‍ണോ പെന്‍സിയാസും റോബര്‍ട്ട് വില്‍സനും യാദൃശ്ചികമായി കണ്ടുപിടിച്ച പ്രപഞ്ചത്തിലെ മൈക്രോവേവ് പശ്ചാത്തല വികിരണം (Cosmic Background Radiation). ഇതിന്റെ താപനില 3K ആണ്.

മൂന്നാമത്തെ പ്രധാന തെളിവ് പ്രപഞ്ചത്തില്‍ ലഘുമൂലകങ്ങളുടെ ആധിക്യമാണ്. ഡ്യൂട്ടെരിയം, ട്രിഷിയം, ഹീലിയം, ലിഥിയം എന്നീ മൂലകങ്ങളുടെ അളവ് പ്രവചനങ്ങള്‍ക്കനുസൃതമായാണ് പ്രപഞ്ചത്തിലുള്ളത്. അങ്ങനെ ഈശ്വരന്‍ സത്യമാണെന്ന വിശ്വാസത്തെ തകര്‍ക്കാനായി രൂപം കൊണ്ട അശാസ്ത്രീയ സിദ്ധാന്തമായ സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ഒരു തെളിവും ലഭിക്കാതെ തള്ളപ്പെട്ടപ്പോള്‍ പ്രബലമായ തെളിവുകള്‍ സഹിതം ഈശ്വരന്‍ സത്യമാണെന്നു പ്രഖ്യാപിക്കുന്ന മഹാവിസ്‌ഫോടന സിദ്ധാന്തം ശാസ്ത്രത്തില്‍ സ്ഥിരപ്പെടുകയായിരുന്നു.

ജീവശാസ്ത്രത്തിലെവ്യാജ സിദ്ധാന്തങ്ങള്‍
സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിന്റെ പരാജയവും മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ വിജയവും നാസ്തിക ലോബിയെ സംബന്ധിേച്ചടത്തോളം അപ്രതീക്ഷിത പ്രഹരമായിരുന്നു. താങ്ങാവുന്നതിനപ്പുറമായിരുന്ന ആ ആഘാതത്തില്‍ നിന്ന് നേരിയ തോതിലെങ്കിലും ആശ്വാസം ലഭിക്കുവാനായി നിരീശ്വരവാദികള്‍ ഏതാണ്ട് പൂര്‍ണമായും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അങ്ങനെ നിരീശ്വരവാദം നിലനിര്‍ത്താന്‍ അവസാനത്തെ വൈക്കോല്‍ തുമ്പായി നാസ്തിക ലോബി ജഡിക പ്രപഞ്ചശാസ്ത്രത്തില്‍ നിന്നും ജീവശാസ്ത്രത്തിലേക്ക് ചുവടുമാറിയ കാഴ്ചയാണ് നമ്മള്‍ ഇപ്പോള്‍ കാണുന്നത്. ഇന്ന് ജീവശാസ്ത്രം പല വ്യാജസിദ്ധാന്തങ്ങളുടെയും വിളനിലമായിരിക്കയാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം കൂടാതെ ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളും ജീന്‍-ജീനോം സിദ്ധാന്തങ്ങളുമെല്ലാം എങ്ങുമെത്താതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജീവന്റെ ശാസ്ത്രമായ ജീവശാസ്ത്രത്തില്‍ 'ജീവനെ' നിര്‍വചിക്കാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. ജീവനെന്താണെന്നറിയാതെയാണ് ജീവോല്‍പ്പത്തി സംബന്ധിച്ച ധാരാളം സിദ്ധാന്തങ്ങള്‍ ജീവശാസ്ത്രത്തില്‍ പ്രമുഖ സ്ഥാനം കൈയടക്കിയിരിക്കുന്നത്. തന്മാത്ര ജീനില്‍ (molecular gene) നിന്ന് ഉടലെടുത്ത ജിനോം (genome) സിദ്ധാന്തം ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയാണെന്നു പറയാമെങ്കിലും ജീന്‍ എന്താണെന്നു നിര്‍വചിക്കാന്‍ ഇതുവരെ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവിധയിനം ജീവികള്‍ അഥവാ സ്പീഷിസുകള്‍ എങ്ങനെയാണ് ഈ ഭൂമുഖത്ത് ഉണ്ടായതെന്നു വിശദീകരിക്കുന്ന സിദ്ധാന്തമായിട്ടാണ് പരിണാമ സിദ്ധാന്തത്തെ കാണുന്നതെങ്കിലും അതിന്റെ കര്‍ത്താവായ ഡാര്‍വിന്നോ, അതിനെ പിന്താങ്ങുന്ന ശാസ്ത്രജ്ഞന്മാര്‍ക്കോ 'സ്പീഷിസ്' എന്താണെന്ന് നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. ജീവശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ സ്പീഷിസിനെ സംബന്ധിച്ചു വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇരുപതില്‍പരം നിര്‍വചനങ്ങള്‍ സ്പീഷിസിനുണ്ട്. ഇത് വ്യക്തമാക്കുന്നത് ജീവികളുടെ വംശപരമ്പര കാണിക്കുന്ന പരിണാമ വൃക്ഷം (evolutionary tree) വസ്തുനിഷ്ഠമല്ലെന്നും സ്പീഷിസിനെ എങ്ങനെ നിര്‍വചിക്കുന്നുവോ അതനുസരിച്ച് മാറുമെന്നുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ജനിതകാടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചാണുണ്ടായതെന്നായിരിക്കും ശാസ്ത്രജ്ഞന്മാര്‍ പറയുക. രൂപ (morphological) സ്പീഷിസ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീഷിസിനെ നിര്‍വചിച്ചതെങ്കില്‍ മറ്റൊരു വംശപരമ്പരയായിരിക്കും മനുഷ്യനു ലഭിക്കുക. പരിണാമവാദത്തിന്റെ അശാസ്ത്രീയ വശങ്ങളില്‍പെട്ട ഒരു പ്രശ്‌നമാണിത്. ഈ സാഹചര്യത്തില്‍ ജീവശാസ്ത്രത്തിനു ജീവനെ സംബന്ധിച്ചോ, ജീവികളുടെ ഉല്പത്തിയെ സംബന്ധിച്ചോ, അര്‍ഥവത്തായ വിജ്ഞാനം സംഭാവനചെയ്യാന്‍ സാധ്യമല്ല.
ജീനോമാണ് (DNA) ജീവികളുടെ ജനിതക പ്രോഗ്രാമെന്നതാണല്ലോ ജീവശാസ്ത്രത്തിന്റെ പ്രഖ്യാപിത തത്ത്വം. ഒരു ജീവിയുടെ ശരീരത്തിലുള്ള എല്ലാ കോശങ്ങളിലും ഒരേ ജീനോമാണ് സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിച്ചു പോന്നിരുന്നത്. ഈ ധാരണ ശരിയാണോയെന്ന് ഉറപ്പ് വരുത്താതെ (അതിനുള്ള എല്ലാ സാങ്കേതിക വിദ്യകളുണ്ടായിട്ടും)യാണ് ക്ലോണിംഗ് വഴി (ഒരു ജീവിയുടെ ശരീരകോശമുപയോഗിച്ച് ആ ജീവിയെതന്നെ സൃഷ്ടിക്കല്‍) ഒരു ജീവിയുടെ അതേ പതിപ്പ് (ഉദാ: ഡോളിയെന്ന ചെമ്മരിയാട്) ഉണ്ടാക്കിയെന്ന അത്ഭുതവാര്‍ത്ത ശാസ്ത്രലോകം പുറത്ത് വിട്ടത്. പക്ഷേ, കഴിഞ്ഞ വര്‍ഷം (2009ല്‍) ഹ്യൂമന്‍ മ്യൂട്ടേഷന്‍ എന്ന ശാസ്ത്രജേര്‍ണലില്‍ ശരീരത്തിലെ വിവിധ കോശങ്ങളില്‍ ഒരേ ജീനോമല്ല സ്ഥിതിചെയ്യുന്നതെന്നും വ്യത്യസ്തമായ ജീനോമുകളാണെന്നും പഠനങ്ങള്‍ തെളിയിച്ച വിവരം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ വസ്തുത സൂചിപ്പിക്കുന്നത് ക്ലോണിംഗ് എന്ന ആശയം തന്നെ തെറ്റാണെന്നും ക്ലോണിംഗ് സാധ്യമല്ലെന്നുമാണ്. അതായത് ഡോളിയെ അതിന്റെ ദാതാവിന്റെ പതിപ്പായി കാണുന്നത് ശരിയല്ല എന്നാണ്. പ്രകൃതിയില്‍ ക്ലോണിംഗിനോട് ഏറ്റവും അടുത്ത പ്രതിഭാസമാണ് ഒരു സിക്താണ്ഡത്തില്‍ നിന്നു വേര്‍തിരിഞ്ഞ രണ്ടുകോശങ്ങളില്‍ നിന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins). ഈ രണ്ടു കുട്ടികളെ 'ഒരേപോലുള്ള ഇരട്ടക്കുട്ടികള്‍' (identical twins) എന്നു വിളിക്കുന്നുണ്ടെങ്കിലും വ്യത്യസ്ത സ്വഭാവഗുണങ്ങളുള്ള കുട്ടികളാണവരെന്നു പഠനങ്ങള്‍ നേരത്തെ തെളിയിച്ചതാണ്. ഈ പഠന ഫലങ്ങളെ അവഗണിച്ചാണ് ക്ലോണിംഗ് എന്ന തെറ്റായ ആശയം ജീവശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം
ആധുനിക ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഒരു സിദ്ധാന്തം അതിന്റെ അവതരണം മുതല്‍ വിവാദമായി തുടരുന്നത് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം മാത്രമാണ്. കഴിഞ്ഞ 150 വര്‍ഷക്കാലമായി നിരീശ്വരവാദികള്‍ ഈ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമാണെന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. ഡാര്‍വിന്റെ സിദ്ധാന്തപ്രകാരം ഭൂമുഖത്തെ എല്ലാ ജീവികളും ഏതാനും കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് യാദൃശ്ചികമായുണ്ടായ ഒരു ജീവിയില്‍ നിന്നു കാലക്രമേണ പരിണമിച്ചമുണ്ടായതാണെന്നാണ്. പ്രകൃതിയില്‍ എല്ലാ ജീവികളും സ്വന്തം നിലനില്പിനുള്ള കടുത്ത മാത്സര്യത്തിലാണ്. ഒരു ജീവിയില്‍ അതിന് ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്ന ഒരു പൈതൃകവ്യതിയാനം ഉണ്ടാകുമ്പോള്‍ അത് മാത്സര്യത്തെ അതിജീവിക്കാന്‍ ജീവിയെ സഹായിക്കുകയും അടുത്ത തലമുറക്ക് കൈമാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുന്ന ചെറുമാറ്റങ്ങള്‍ ജീവിയില്‍ ഒന്നിച്ചുകൂടി നീണ്ടകാലത്തിനുള്ളില്‍ പുതിയ ഘടനകളുണ്ടാകുന്നതോടെ പൂര്‍വാധികം മത്സരശേഷിയുള്ള പുതിയ ജീവിയായി രൂപാന്തരപ്പെടുന്നു. ഇങ്ങനെയാണ് ലക്ഷക്കണക്കിനു ജീവികള്‍ യാദൃഛികമായി ഭൂമിയിലുണ്ടായതെന്നാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം വാദിക്കുന്നത്.

പരിണാമസിദ്ധാന്തത്തെ നിഷ്പക്ഷമായി വിലയിരുത്തുകയാണെങ്കില്‍ അതിനെ ശാസ്ത്രമായി അംഗീകരിക്കാന്‍ സാധ്യമല്ല. നേരത്തെ വിവരിച്ച മഹാവിസ്‌ഫോടന സിദ്ധാന്തം പോലെ പരിണാമ സിദ്ധാന്തവും പല പ്രവചനങ്ങള്‍ നല്‍കുന്നുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ ശാസ്ത്രീയതയെ വിലയിരുത്താന്‍ ഒന്നു രണ്ടു പ്രവചനങ്ങള്‍ ഉദാഹരണങ്ങളായി എടുക്കാം. അതിപ്രാചീനകാലത്തെ അവശിഷ്ടങ്ങള്‍ (fossils) പരിണാമസിദ്ധാന്തത്തിനു തെളിവാണെന്നുള്ള ഡാര്‍വിന്റെ പ്രസ്താവന തന്നെ പരിശോധിക്കാം. അദ്ദേഹത്തിന്റെ 'ഒറിജിന്‍ ഓഫ് സ്പീഷിസ്' എന്ന വിശിഷ്ട കൃതിയില്‍ ഇങ്ങനെ പറയുന്നു: ''സ്പീഷിസുകള്‍ തമ്മിലും വംശനാശം സംഭവിച്ച ജീവികള്‍ തമ്മിലും പരിണാമത്തിനിടയില്‍, നിര്‍ണയിക്കാന്‍ പോലും സാധ്യമല്ലാത്തത്ര ധാരാളം ഇടനില ഇനങ്ങള്‍ (intermediate forms) ഉണ്ടായിരിക്കും. ഈ സിദ്ധാന്തം (അതായത് പരിണാമസിദ്ധാന്തം) ശരിയാണെങ്കില്‍ അത്തരം ജീവരൂപങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടുണ്ട്.'' ''പ്രകൃതി തിരഞ്ഞെടുപ്പിന്റെ (natural selection) ഫലമായി മാതൃജീവികളും ഇടയിലുള്ള ഇനങ്ങളും ഉന്മൂലനം ചെയ്യപ്പെട്ടതിനാല്‍ അവ പണ്ട് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവ് പുരാതന അവശിഷ്ടങ്ങളിലാണ് കണ്ടെത്തുക.'' പക്ഷേ, ഫോസ്സിലുകള്‍, ഇടയിലുള്ള ഇനങ്ങളെ കുറിച്ച് തെളിവൊന്നും നല്‍കാത്തതിനാല്‍ ഡാര്‍വിന്‍ ഇങ്ങനെ പ്രതികരിച്ചു: ''ഇതായിരിക്കാം എന്റെ സിദ്ധാന്തത്തിനോടുള്ള ഏറ്റവും ഗുരുതരമായ എതിര്‍പ്പ്. ഇതിന്റെ വിശദീകരണം, ഞാന്‍ വിശ്വസിക്കുന്നത്, ഫോസ്സില്‍ രേഖ അങ്ങേയറ്റം അപൂര്‍ണമാണെന്നാണ്.'' പരിണാമസിദ്ധാന്തത്തിനു രൂപം കൊടുക്കുമ്പോള്‍ തന്നെ ഡാര്‍വിനു അറിയാവുന്നതാണ് ഫോസ്സില്‍ രേഖ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനു തെളിവ് നല്‍കില്ലെന്ന്. ഈ വസ്തുത നല്ലപോലെ അറിയാമായിരുന്നിട്ടും ഫോസ്സിലിലാണ് പരിണാമസിദ്ധാന്തത്തിനനുകൂലമായ ഏറ്റവും വലിയ തെളിവ് കണ്ടെത്തുകയെന്നു പ്രസ്താവിക്കുന്നതു ശാസ്ത്ര പാരമ്പര്യത്തിനു കടകവിരുദ്ധമാണെന്നു മാത്രമല്ല അപഹാസ്യവുമാണ്. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള മൂഢശ്രമമാണ് ഡാര്‍വിന്‍ നടത്തിയത്. സ്പീഷീസുകള്‍ക്കിടയിലുള്ള ഇനങ്ങള്‍ ഉണ്ടാകണമെന്നുള്ളത് ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ ആവശ്യമാണെന്നല്ലാതെ സ്രഷ്ടാവിന്റെ ആവശ്യമല്ല. അതുകൊണ്ടാണ് ഫോസ്സില്‍ രേഖയില്‍ ഇടനില ജീവികള്‍ ശൂന്യമായിരുന്നത്. ഫോസ്സില്‍ റിക്കാര്‍ഡ് അപൂര്‍ണമാണെന്നു പ്രഖ്യാപിച്ചു തന്റെ സിദ്ധാന്തത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ശാസ്ത്രത്തോടുള്ള അവഹേളനമാണ്. ഒരു സിദ്ധാന്തം പ്രവചിക്കുന്ന തെളിവ് പ്രകൃതിയിലില്ലെങ്കില്‍ ആ സിദ്ധാന്തം തെറ്റാണെന്നാണത് സമര്‍ഥിക്കുന്നത്. ഇതിലേറെ വിസ്മയമുളവാക്കുന്നത്, പ്രകൃതിയെ പഴിച്ചുള്ള വിശദീകരണത്തെ തള്ളിക്കളയുന്നതിനു പകരം അതിനെ ശരിവെക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരലോബി ഏര്‍പ്പെട്ടിട്ടുള്ളതെന്നതാണ്. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഫോസ്സില്‍ റിക്കാര്‍ഡിന്റെ 'അപൂര്‍ണത'യുടെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം ലക്ഷ്യമിടുന്നത് ഫോസ്സില്‍ ജീവികളില്‍ നിന്നു തന്നെ (ഇല്ലാത്ത) ഇടവര്‍ഗങ്ങളെ തെരഞ്ഞെടുക്കാനാണ്.

പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു തത്ത്വം ഒരു ജീവിക്ക് പ്രയോജനപ്പെടാത്ത ഒരു ഘടകവും പ്രകൃതി തെരഞ്ഞെടുപ്പി (natural selection) ലൂടെ അതിന്റെ ജൈവരൂപ (phenotype) ത്തിലുണ്ടാകില്ലെന്നാണ്. ഈ ആശയപ്രകാരം ഒരു ജീവിക്കും മരണം തന്നെ സംഭവിക്കാന്‍ പാടില്ല. പക്ഷേ, ഈ ഭൂമുഖത്തുണ്ടായ ആദ്യ ജീവി തന്നെ മരണവുമായാണ് പ്രത്യക്ഷപ്പെട്ടത്. കൂടാതെ ഒരു ജീവിയുടെ സ്വഭാവഗുണങ്ങളില്‍ ഒന്നുപോലും മറ്റൊരു ജീവിക്ക് പ്രയോജനമാകരുതെന്ന് പരിണാമസിദ്ധാന്തം നിഷ്‌കര്‍ഷിക്കുന്നു. കാരണം, അങ്ങനെ സംഭവിച്ചാല്‍ ജീവികള്‍ തമ്മില്‍ നിലനില്‍പ്പിനുള്ള മാത്സര്യത്തിലാണെന്ന വാദം തന്നെ തകരും. പക്ഷേ, ആ ആശയത്തിനെതിരെയും ധാരാളം തെളിവുകള്‍ പ്രകൃതിയില്‍ നിഷ്പ്രയാസം കണ്ടെത്താവുന്നതാണ്. ഉദാഹരണമായി സസ്യ ഇനമായ വാഴയെ തന്നെ എടുക്കാം. വാഴ ഉല്‍പാദിപ്പിക്കുന്ന പഴം അതിനു പ്രയോജനം ചെയ്യുന്നില്ലെന്ന് മാത്രമല്ല മറ്റു ജീവികളുടെ (ഡാര്‍വിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ശത്രുക്കള്‍') ഭക്ഷണമായാണ് പ്രകൃതിയില്‍ അതുല്‍പാദിക്കപ്പെടുന്നത്. ഇതെപോലെ പരിണാമസിദ്ധാന്തത്തിന്റെ ഏതുവശം പരിശോധിച്ചാലും അതിനു ശാസ്ത്രബലമില്ലെന്നും തെളിവുകളെല്ലാം സിദ്ധാന്തത്തിനെതിരാണെന്നും മനസ്സിലാകുന്നതാണ്. പരിണാമസിദ്ധാന്തത്തിനെതിരായി പ്രതിഷേധമുയരുന്നത് കൂടുതലും ശാസ്ത്രസമൂഹത്തില്‍ നിന്നാണ്; പരിണാമവാദികള്‍ പ്രചരിപ്പിക്കുന്നത്‌പോലെ മതത്തില്‍ നിന്നല്ല. (കൂടുതല്‍ വിവരങ്ങള്‍ ഞാനെഴുതിയ Darwinism, The Great Gene Fiasco എന്നീ രണ്ടു പുസ്തകങ്ങളില്‍ കൊടുത്തിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ www.islamic scienceforum.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.)

വിമര്‍ശനത്തോടുള്ള നാസ്തിക ലോബിയുടെ സമീപനം
പരിണാമ സിദ്ധാന്തത്തിനെതിരായ ശബ്ദം അടിച്ചമര്‍ത്താനും സിദ്ധാന്തത്തിനെതിരായ ശാസ്ത്ര കണ്ടെത്തലുകളെ പ്രാധാന്യം കൊടുക്കാതെ മുഖ്യധാരയില്‍ നിന്നു മാറ്റി നിര്‍ത്താനുമുള്ള പ്രവണത ജീവശാസ്ത്രത്തില്‍ വ്യക്തമായി കാണാവുന്നതാണ്. ശാസ്ത്ര മേഖലയുടെ നിയന്ത്രണം പൂര്‍ണമായും കൈയടക്കിക്കൊണ്ടു പക്ഷപാതപരവും അശാസ്ത്രീയവുമായ നിരീശ്വരലോബിയുടെ ഇടപെടല്‍ യഥാര്‍ഥ ശാസ്ത്രത്തിന്റെ വികസനത്തിനുതന്നെ ഹാനികരമാണ്. ഈശ്വരവിശ്വാസികളെ ശാസ്ത്രരംഗത്തുനിന്നു അകറ്റി നിര്‍ത്തുകയോ നിരോധിക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങള്‍ ജെറി ബെര്‍ഗ്മാന്റെ The Criterion എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഈശ്വരവിശ്വാസിയെന്ന ഏകകാരണത്താല്‍ ഡോക്ടറേറ്റ് ബിരുദം നിഷേധിക്കപ്പെട്ടതും അധ്യാപന ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ടതുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ അതില്‍ വിവരിക്കുന്നുണ്ട്.

പരിണാമ സിദ്ധാന്തത്തിന്റെ വിമര്‍ശകരെ അപമാനിക്കുകയെന്നത് പരിണാമവാദികളുടെ മറ്റൊരു തന്ത്രമാണ്. ബയോകെമിസ്റ്റ് മൈക്കല്‍ ബെഹെ Darwin’s Black Box: The Biochemical Challenge to Evolution എന്ന തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ചോദ്യം ചെയ്തപ്പോള്‍ പരിണാമവാദികള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: ''ബെഹെയുടെ പരിണാമസിദ്ധാന്തത്തിലുള്ള അറിവിനെ സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം ശാസ്ത്രമേഖലയിലുള്ള അറിവും സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലുമുള്ള വിജ്ഞാനവും അങ്ങനെതന്നെയാണ്.'' പ്രശ്‌സ്ത ഫ്രഞ്ച് സുവോളജിസ്റ്റും, Traite de Zoologie യുടെ 28 വാല്യങ്ങളുടെ എഡിറ്ററും, ഫ്രഞ്ച് ശാസ്ത്രഅക്കാദമിയുടെ മുന്‍ പ്രസിഡന്റുമായിരുന്ന പിയറി പോള്‍ ഗ്രാസ്സെ ഡാര്‍വിനിസത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ പ്രമുഖ പരിണാമവാദിയായ ഡോബ്‌ഴാന്‍സ്‌കി പറഞ്ഞത്, ''സമുന്നതനായ ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞന് ശാസ്ത്രനിഗമനത്തിന്റെ നിയമങ്ങള്‍ മനസ്സിലാകില്ല'' എന്നാണ്. അടുത്തകാലത്തുണ്ടായ ഒരു സംഭവവും ഇവിടെ ഓര്‍മിക്കുന്നു. പ്രസിദ്ധമായ ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ (NIH) മേധാവിയുമായ ഫ്രാന്‍സിസ് കോളിന്‍സ് ശാസ്ത്ര ലോകത്ത് അറിയപ്പെടുന്ന ക്രിസ്തുമത വിശ്വാസിയും ഈശ്വരവാദിയുമാണ്. അദ്ദേഹത്തെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ നിരീശ്വര ലോബിക്ക് അതിനോടു യോജിക്കാന്‍ പ്രയാസമായിരുന്നു. പ്രശസ്ത ശാസ്ത്ര ജേര്‍ണലായ നേച്ചര്‍ (Nature 2009, 460, പേജ് 654) ഇതിനോടു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ''അമേരിക്കന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായി ഫ്രാന്‍സിസ് കോളിന്‍സിനെ ഈയിടെ നാമനിര്‍ദ്ദേശം ചെയ്തത് ആ സ്ഥാപനത്തിന്റെ ഭാവി ദിശയെ സംബന്ധിച്ച ചോദ്യം ഉയര്‍ത്തുന്നതിലും കൂടുതലാണ്. അത് മറ്റൊരു ചോദ്യവും ഉയര്‍ത്തുന്നു. ശാസ്ത്രരംഗത്തെ ഉദ്യോഗം മതവിശ്വാസവുമായി പൊരുത്തപ്പെട്ടു പോകുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു മഹാനായ ശാസ്ത്രജ്ഞന് കടുത്ത മതവിശ്വാസിയാകാമോ? ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ ഒരു ശില്പിയായിട്ടാണ് കോളിന്‍സ് നന്നായറിയപ്പെടുന്നത്. അഗാധ മതവിശ്വാസമുള്ള ബഹുമാന്യനായ ഒരു ശാസ്തജ്ഞനെന്ന കുപ്രസിദ്ധിയും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇരുപത്തേഴാം വയസ്സു മുതല്‍ ഒരു സുവിശേഷ പ്രസംഗകനായ കോളിന്‍സ് 2006ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ The Language of God: A Scientist Presents Evidence for Belief എന്ന ഗ്രന്ഥത്തില്‍ മതവും ശാസ്ത്രവും പൊരുത്തപ്പെടുത്താനുള്ള തന്റെ വീക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.''

ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കുറച്ച് മാസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം പുറത്തു വന്നു. അത് മറ്റൊരു വിവാദത്തിനു തിരികൊളുത്തി. പ്രമുഖ ശാസ്ത്ര ജേര്‍ണലായ സയന്‍സ് നൗ വീക്കിലി (Science NOW Weekly, ഫിബ്രവരി 25, 2010) ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് വളരെ ഗൗരവത്തോടുകൂടിയായിരുന്നു: ''നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടറായ ഫ്രാന്‍സിസ് കോളിന്‍സ് തന്റെ മതവിശ്വാസങ്ങള്‍ പങ്കുവെച്ചു ചില ശാസ്ത്രജ്ഞന്മാരെ വീണ്ടും വെറുപ്പിക്കുകയാണ് - ഇത്തവണ മതവിശ്വാസത്തെക്കുറിച്ച് ഒരു പുതിയ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്....കഴിഞ്ഞ വേനലില്‍ കോളിന്‍സ് NIH ന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചുരുക്കുമെന്നു പലരും ധരിച്ചിരുന്നു....ദൈവമുണ്ടോയെന്ന ചോദ്യത്തെ സംബോധനം ചെയ്യുന്ന Belief: Readings on the Reason for Faith (പുസ്തകം) പുറത്തിറങ്ങുന്നത് അറിയിച്ചുകൊണ്ട് (പ്രസാധകരായ) ഹാര്‍പര്‍ കോളിന്‍സില്‍ നിന്നുള്ള പത്രക്കുറിപ്പ് പലരിലും ആശ്ചര്യമുളവാക്കി. എങ്ങനെയാണ് അദ്ദേഹം ഒരു സുവിശേഷ പ്രസംഗകനായ ക്രിസ്ത്യാനിയായതെന്നു വിവരിച്ചുകൊണ്ടുള്ള കോളിന്‍സിന്റെ 2006ലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. സൃഷ്ടിവാദ വിമര്‍ശന ബ്ലോഗറായ ജെറി കോയ്‌നെ ഇങ്ങനെ എഴുതുന്നു - കോളിന്‍സിനു നിയമപരമായി ആ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ അവകാശമുണ്ടെങ്കിലും ''ദൈവം ഉണ്ടെന്നുള്ളതിനു ശാസ്ത്ര തെളിവുകളുണ്ടെന്നു അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞന്‍ പരസ്യമായി വാദിക്കുന്നത് വിവേകമല്ല.'' അദ്ദേഹത്തിന്റെ അഭിപ്രായം കോളിന്‍സ് രാജിവെക്കണമെന്നാണ്.''

നിരീശ്വരവാദികളില്‍ നിന്നുള്ള ഇത്തരം സന്ദേശങ്ങള്‍ ഈശ്വര വിശ്വാസികള്‍ വളരെ ഗൗരവമായിത്തന്നെ കാണേണ്ടതാണ്. കൂടാതെ, ശാസ്ത്രത്തെ നിരീശ്വരവാദം പ്രചരിപ്പിക്കാനുള്ള ഒരു മാധ്യമമായാണ് അവര്‍ ഉപയോഗിക്കുന്നതെന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.
അമേരിക്കയിലും ഇതര പാശ്ചാത്യരാജ്യങ്ങളിലും പരിണാമ സിദ്ധാന്തത്തിനെതിരായ പ്രതിഷേധം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കയാണ്. ക്രൈസ്തവ പുരോഹിതരും ക്രിസ്ത്യന്‍ ശാസ്ത്രജ്ഞന്മാരുമാണ് ഇതിനു പിന്നില്‍. സൃഷ്ടിവാദം എന്ന ലളിതമായ ആശയത്തില്‍ നിന്നും കൂടുതല്‍ ശാസ്ത്രീയമായ ‘Intelligent Design (ID)’എന്ന ആശയത്തിലേക്കു മാറി ഈശ്വരവാദത്തിനു പുതിയ മാനങ്ങള്‍ നല്‍കുകയാണ്. ഈശ്വരവാദം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു മാത്രമല്ല അവ നിയമയുദ്ധങ്ങള്‍ക്കുവരെ വഴി തെളിച്ചിരിക്കുന്നു.

മതനേതാക്കളും പരിണാമവാദികളും തമ്മിലുള്ള ആദ്യ വാഗ്വാദം നടന്നത് 1860ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സിന്റെ യോഗത്തില്‍ വെച്ചാണ്. 1926ലെ സ്‌കോപ്‌സ് കേസാണ് ആദ്യത്തെ നിയമയുദ്ധം. മൂന്നുതവണ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായിരുന്ന വില്യം ജെന്നിന്‍ഗ്‌സ് ബ്രയാന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പാഠ്യവിഷയങ്ങളില്‍ നിന്നും ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നീക്കം ചെയ്യുവാന്‍ നീണ്ട പോരാട്ടം തന്നെ നടന്നിരുന്നു. തദ്ഫലമായി അമേരിക്കയിലെ പതിനഞ്ചു സ്റ്റേറ്റുകളിലെ സ്‌കൂളുകളില്‍ പരിണാമസിദ്ധാന്തം പഠിപ്പിക്കുന്നതിനെതിരായി നിയമം വന്നു.

ജീവോല്‍പ്പത്തി സിദ്ധാന്തങ്ങള്‍
ജീവോല്‍പ്പത്തിയെ സംബന്ധിച്ചു നിരവധി സിദ്ധാന്തങ്ങളുണ്ട്. അവയെല്ലാം ഒരു കാര്യത്തില്‍ സമാനമാണ് - ജീവന്‍ എങ്ങനെയുണ്ടായിയെന്ന ഒരു നിര്‍ദ്ദേശം പോലും മുമ്പോട്ടുവെക്കുന്നില്ല. എന്നിരുന്നാലും അവയെല്ലാം ജീവോല്‍പ്പത്തി സിദ്ധാന്തങ്ങളായാണ് ശാസ്ത്രത്തില്‍ അറിയപ്പെടുന്നത്!

പ്രാചീന അന്തരീക്ഷത്തില്‍ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് രാസപദാര്‍ഥങ്ങള്‍ പല ഘട്ടങ്ങളിലായി യാദൃഛികമായി സംയോജിച്ചു ജീവന്‍ രൂപപ്പെടുകയായിരുന്നു എന്നാണ് ശാസ്ത്ര സിദ്ധാന്തങ്ങളുടെയെല്ലാം വിവക്ഷ. ഈയൊരു ഊഹത്തെ ആസ്പദമാക്കിയാണ് കൃത്രിമ ജീവന്‍ സൃഷ്ടിക്കാനുള്ള പഠനങ്ങള്‍ ഇന്നു ലോകത്ത് തകൃതിയായി നടക്കുന്നത്. ജീവനെ ഒരു ഭൗതിക (പദാര്‍ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. ഒരു ജീവി പൂര്‍ണമായും രാസപദാര്‍ഥങ്ങളുടെ മിശ്രിതമല്ലാതെ മറ്റൊന്നുമല്ല എന്നാണ് വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ജീനോമും (synthetic genome) കൃത്രിമകോശവും (synthetic cell) സൃഷ്ടിച്ചു എന്നുള്ള വാര്‍ത്തകള്‍ ഈയിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പക്ഷേ യഥാര്‍ഥത്തില്‍ വാര്‍ത്തകളില്‍ വന്നതുപോലെ 'കൃത്രിമ' മായിരുന്നില്ല. ആ ഗവേഷണങ്ങളിലെല്ലാം തന്നെ ജീവനുള്ള കോശത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജീവനുള്ള കോശം ഉപയോഗിച്ചാണ് കൃത്രിമ ജീനോമും കൃത്രിമകോശവും നിര്‍മിച്ചത്. ജീവനുള്ള കോശം ഉപയോഗിക്കാതെ രാസപ്രക്രിയയെ മാത്രം ആശ്രയിച്ച് ഉണ്ടാക്കുകയാണെങ്കില്‍ മാത്രമേ കൃത്രിമ ജീനോമെന്നും കൃത്രിമകോശമെന്നും വിളിക്കുന്നതില്‍ അര്‍ഥമുള്ളു. 'ക്ലോണിംഗ്' എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതുപോലെ 'കൃത്രിമ ജീനോം', 'കൃത്രിമകോശം', 'കൃത്രിമ ജീവന്‍' എന്നിങ്ങനെ പ്രയോഗിച്ച് നാസ്തികലോബി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണിപ്പോള്‍.

കൃത്രിമ ജീവനുണ്ടാക്കാനുള്ള ശ്രമം കൃത്രിമ കോശത്തില്‍ നിന്നു തുടങ്ങുന്നതിനു പകരം കൂടുതല്‍ പ്രായോഗികമായ വഴി ജീവനില്ലാത്ത കോശത്തെ രാസപ്രക്രിയകളുപയോഗിച്ച് ജീവനുള്ള കോശമായി മാറ്റുകയെന്നതാണ്. ജീവനില്ലാത്ത കോശവും ജീവനുള്ള കോശവും പദാര്‍ഥപരമായി ഒരു വ്യത്യാസവുമില്ല. അവ രണ്ടിലും ഒരേപോലെ ജീനോമും മറ്റെല്ലാ പദാര്‍ഥ ഘടകങ്ങളും ഉണ്ട്. ജീവനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. കൃത്രിമമായി (അതായത് ജീവനുള്ള കോശത്തിന്റെ സഹായമില്ലാതെ പൂര്‍ണമായും രാസപ്രക്രിയ ഉപയോഗിച്ച്) ജീവനുണ്ടാക്കാന്‍ കഴിയുകയാണെങ്കില്‍ മതത്തിന്റെയും ദൈവത്തിന്റെയും പ്രസക്തിയില്ലാതാവും. ജീവന്‍ ഒരു ഭൗതികപ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടത്തിയിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. അത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്നും, ജീവന്‍ ഈശ്വരനുമാത്രം സൃഷ്ടിക്കാവുന്ന പ്രതിഭാസമാണെന്നുള്ള തിരിച്ചറിവ് ഉണ്ടാകുന്നതുവരെ ഈ വിഷയത്തില്‍ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ജീവന്‍ ഭൗതിക (പദാര്‍ഥ) പ്രതിഭാസമല്ലെന്നു ഗവേഷണ പരാജയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ഈശ്വരന്‍ സത്യമാണെന്നതിനുള്ള ജീവശാസ്ത്രത്തിന്റെ സ്ഥിരീകരണമായിട്ടാണ്. അങ്ങനെ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലൂടെ ഭൗതികശാസ്ത്രവും ജീവനെന്ന അഭൗതിക പ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതോടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.
പ്രഫ. പി.എ വാഹിദ് |http://www.prabodhanam.net
e mail: pawahid@hotmail.com