2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

'ഹുവ യംശീ, മിശ്ഹ നംശീ'(അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)

മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്‌നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചണിനിരന്ന ആ സമൂഹം പ്രകടിപ്പിച്ചത്. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 18 ദിവസങ്ങളില്‍ തങ്ങളെ കട്ടുമുടിച്ച സ്വേച്ഛാധിപതിയോടുള്ള പ്രതിഷേധാഗ്‌നി മാത്രമല്ല, ഈജിപ്ഷ്യന്‍ സമൂഹം ലോകത്തിന് കാണിച്ചു കൊടുത്തത്, രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ എത്രമാത്രം പക്വത ആര്‍ജിച്ചിട്ടുണ്ടെന്നതിന്റെ നേര്‍ചിത്രം കൂടിയായിരുന്നു.
അറബ് ലോകത്തിന്റെ ചരിത്രഗതി മാറ്റിയ ഈ സംഭവത്തെ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ടില്‍ വരവുവെക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശരിയാണ്, ഔദ്യോഗികമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്ത ടോണുകളില്‍ മുബാറക് സ്തുതി ഗീതം പാടിക്കൊണ്ടിരുന്നപ്പോള്‍, സംഘടിക്കാനുള്ള മാധ്യമമായി ഈജിപ്ഷ്യന്‍ ജനത ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. അല്‍ജസീറയുടെ നിരന്തരസാന്നിധ്യം വിപ്ലവദിനങ്ങളില്‍ അവരുടെ തുണക്കെത്തുകയും ചെയ്തു. പക്ഷേ, ഈ മാധ്യമങ്ങളെക്കാള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ആ ജനതക്ക് പ്രചോദനമായത് നിരന്തരമായ അടിച്ചമര്‍ത്തലുകളില്‍ മുറിവേറ്റ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പെട്ടെന്നുല്‍ഭൂതമായ ആത്മാഭിമാനബോധമാണ്. ഒരു ജനതയും സ്വയം മാറാന്‍ തയാറായില്ലെങ്കില്‍ ദൈവം പോലും അവരെ മാറ്റാന്‍ മെനക്കെടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉടലെടുത്തത്. വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയപ്പോള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്നവര്‍ അവര്‍ക്ക് കൂട്ടായി വന്നു. സെപ്റ്റംബറിലേക്ക് അവധി നീട്ടിയെടുത്ത് മാന്യമായ ഒരു പുറത്തുപോക്കിന് അവസരം നല്‍കണമെന്ന് അവസാനനിമിഷം വരെ കെഞ്ചിയെങ്കിലും അതുവരെ കാണിക്കാത്ത ഇച്ഛാശക്തിയോടെ ആ ജനത ഒന്നടങ്കം 'നോ' പറഞ്ഞപ്പോള്‍ സ്വേച്ഛാധിപതിക്ക് പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.

സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എന്നും ജനതയെ കാല്‍ച്ചുവട്ടിലാക്കാനുപയോഗിക്കുന്നത് പേടിയെയാണ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും പാവം ജനതയെ പേടിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കും. ഈജിപ്തും അപവാദമായിരുന്നില്ല. എന്നാല്‍, ആ പേടി കുടഞ്ഞുകളഞ്ഞ് സ്വന്തം വിധി നിര്‍ണയിക്കാന്‍ ധൈര്യസമേതം അവര്‍ മുന്നോട്ടുവന്നതാണ് വിപ്ലവം വിജയിക്കാനുള്ള പ്രധാന കാരണം. സൈബര്‍ലോകത്തെ സൂപ്പര്‍ഹൈവേകളില്‍ കൃത്രിമമായ ഐഡന്റിറ്റികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന പലരും തഹ്‌രീര്‍ സ്‌ക്വയറിന്റെ വിശാലവീഥിയിലേക്ക് മുഖമുയര്‍ത്തി കടന്നുവന്നതാണ് മാറ്റത്തിന് നാന്ദിയായത്. ഇറാഖില്‍ ഭരണമാറ്റത്തിന് അമേരിക്കക്ക് ലക്ഷക്കണക്കിന് ഇറാഖികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കുരുതി കൊടുക്കേണ്ടി വന്നെങ്കില്‍, ഈജിപ്തിലെ വിപ്ലവത്തിന് സമര്‍പ്പിക്കേണ്ടി വന്നത് 300 രക്തസാക്ഷികളെയാണ്. അതും ഹുസ്‌നി മുബാറക്കും കങ്കാണിമാരും ഇളക്കിവിട്ട കൂലിപ്പട്ടാളത്തിന്റെ വക ശക്തിപ്രകടനങ്ങളില്‍. അത്തരം വേലത്തരങ്ങളൊന്നും പക്ഷേ, ജനരോഷത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ ചെലവാകില്ലെന്ന് ശക്തിയുക്തം തെളിയിക്കാനായതാണ് ഈജിപ്ത് വിപ്ലവത്തിന്റെ ശക്തി. അമേരിക്കയിലെ എ.ബി.സി ചാനല്‍ ലേഖികയോട് തഹ്‌രീര്‍ സ്‌ക്വയര്‍ പ്രകടനത്തില്‍ അണിചേരാന്‍ വന്ന ഒരു മധ്യവയസ്‌കന്‍ തന്റെ സഞ്ചിയിലിരുന്ന വില്‍പത്രം ഉയര്‍ത്തിക്കാണിച്ച് പറഞ്ഞു: 'ഞാന്‍ മരിക്കാന്‍ തയാറായാണ് വന്നത്. എന്റെ മരണം ഈജിപ്തിന്റെ സ്വാതന്ത്ര്യത്തിന് മുതല്‍ക്കൂട്ടാകുമെങ്കില്‍ സസന്തോഷം അത് സ്വീകരിക്കുന്നു'വെന്ന് പറഞ്ഞ ധീരതയും ആത്മാഭിമാനവുമാണ് വിപ്ലവം വിജയിപ്പിച്ചത്.

'അരാഷ്ട്രീയക്കാരായ ഫേസ്ബുക് തലമുറയാണ് നിങ്ങളെ'ന്ന മുതിര്‍ന്നവരുടെ പരിഹാസത്തിന് ഈജിപ്ഷ്യന്‍ യുവത അവരുടെ സ്‌ഫോടനാത്മകമായ ക്രിയാമ്തകത കൊണ്ട് സുന്ദരമായ മറുപടി പറഞ്ഞുവെന്നാണ് ഒരു യുവ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ പ്രതികരിച്ചത്. അവര്‍ക്ക് പിന്തുണയുമായി അല്‍ ജസീറയും ഒപ്പം വന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പതിവുപോലെ മുസ്‌ലിം ബ്രദര്‍ ഹുഡ് അധികാരത്തില്‍ വന്നാലുണ്ടായേക്കാവുന്ന 'ഇസ്‌ലാമിക ഭരണ'ത്തിന്റെ പൊല്ലാപ്പുകളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അല്‍ ജസീറ ഈജിപ്ഷ്യന്‍ജനതയുടെ യഥാര്‍ഥ ശബ്ദത്തെ കലര്‍പ്പില്ലാതെ പുറത്ത് കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ആറ് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ഉപകരണങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ അല്‍ജസീറക്ക് ഈജിപ്തിലെ എട്ട് കോടി ജനങ്ങള്‍ ലേഖകരായുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങള്‍ വിളിച്ചുപറഞ്ഞു. അല്‍ ജസീറയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. ഇനി മുതല്‍ അറബ് ലോകത്തും മധ്യപൂര്‍വ ദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ഘോഷിക്കാന്‍ ബി.ബി.സിയോ സി.എന്‍.എന്നോ മാധ്യമ സാമ്രാജ്യാധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െ ചാനലുകളോ കടന്നുവരേണ്ടതില്ലെന്നും അതിന് തങ്ങള്‍ തന്നെ മതിയെന്നുമുള്ള പുതിയ മാധ്യമ പാഠവും അല്‍ ജസീറ നല്‍കി. അയ്മന്‍ മുഹ്‌യുദ്ദീനെയും റാവിയ റാജിഹിനെയും പോലെ നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും വിശകലന പാടവവുമുള്ള ഈജിപ്ഷ്യന്‍ യുവാക്കളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കിയാണ് ആ രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വന്തം സന്തതികളുടെ പങ്കാളിത്തം മാധ്യമ മേഖലയിലും ചാനല്‍ ഉറപ്പാക്കിയത്. വിപ്ലവാവേശം നിലനിര്‍ത്തുന്നതിന് മൊബൈല്‍ഫോണുകളും നല്ലൊരു പങ്ക് വഹിച്ചു. അല്‍ ജസീറയുടെ കീഴിലുള്ള 'യൂമീഡിയ' പോലെയുള്ള സൈറ്റുകള്‍ സിറ്റിസണ്‍ ജേണലിസത്തിനുള്ള അപാരസാധ്യതകളും കാണിച്ചുതന്നു. വിപ്ലവത്തിനിടയില്‍ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ ചെയ്ത അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രകടനക്കാര്‍ മൊബൈല്‍ഫോണുകളില്‍ ഷൂട്ട് ചെയ്ത ധാരാളം വീഡിയോകള്‍ സഹായിച്ചു. അവയൊക്കെ ഈ സൈറ്റിലൂടെ വെളിച്ചം കണ്ടു. ഒപ്പം പ്രകടനക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഗാനരൂപത്തിലവതരിച്ച പല മുദ്രാവാക്യങ്ങളും തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് സൈബര്‍സ്‌പേസിലേക്ക് കുടിയേറി. അവയിലേറ്റവും ജനപ്രീതിയാര്‍ജിച്ചതാണ് മുബാറക്കിനോട് അധികാരം വിടാനാവശ്യപ്പെട്ടുകൊണ്ടുള്ള 'ഹുവ യംശീ മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല) എന്ന ഗാനശകലം. കൈറോക്കപ്പുറം അലക്‌സാന്‍ഡ്രിയയിലും സൂയസിലും ഇസ്മാഈലിയ്യയിലുമൊക്കെ ഇച്ഛാശക്തി വിതറിയ ആ വീഡിയോ ക്ലിപ് ഇപ്പോഴും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ അത്യധികം പോപുലറാണ്.

അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ സഖ്യകക്ഷികളുടെയും ഉള്ളിലിരിപ്പ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നതാണ് സംഭവങ്ങളുടെ മറുവശം. ജനമുന്നേറ്റത്തിന്റെ ആദ്യനാളുകളില്‍ മുബാറക്ഗവണ്‍മെന്റ് സുസ്ഥിരമാണെന്ന് പറഞ്ഞ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മൂന്നാം ദിവസം അത് വിഴുങ്ങേണ്ടി വന്നു. പിന്നെ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന നിലപാടിലേക്ക് മാറി. ജനങ്ങളെ ഉപദ്രവിക്കരുതെന്നും (എന്തൊരു കനിവ്!) നിലവിലെ ടേം കഴിഞ്ഞാല്‍ മുബാറക്ക് ഒഴിഞ്ഞുകൊടുക്കണമെന്നുമായി അടുത്ത നിലപാട്. ക്രമാനുഗതമായ ഭരണമാറ്റം സാധ്യമാക്കണമെന്നും ആദ്യപടിയായി വൈസ് പ്രസിഡന്റിലേക്ക് മുഖ്യഅധികാരങ്ങള്‍ കൈമാറണമെന്നുമായി ശേഷമുള്ള നിലപാട്. അവസാനം വരെയും ഈജിപ്ഷ്യന്‍ താല്‍പര്യങ്ങള്‍ക്കെതിര് നിന്നു അമേരിക്ക. തുനീഷ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍, യമനിലും അല്‍ജീരിയയിലും ജോര്‍ഡനിലും ലിബിയയിലുമൊക്കെ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിന് വേണ്ടി വായ തുറക്കാത്ത ഒബാമക്ക് ഇറാന്‍ ജനതയുടെ കാര്യത്തില്‍ വലിയ വ്യസനമുണ്ട്. അവിടെ ഭരണകൂടം ഇപ്പോള്‍ത്തന്നെ ജനഹിതത്തിന് വഴിമാറണമത്രെ!

ഈ ഇരട്ടത്താപ്പ് പുനഃപരിശോധിക്കണമെന്നും ഈജിപ്തില്‍ നിന്നുള്ള പാഠങ്ങള്‍ കൃത്യമായി പഠിക്കണമെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' കോളമിസ്റ്റ് നിക്കോളസ് ക്രിസ്‌റ്റോഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. 'ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച വികല കാഴ്ചപ്പാടുകള്‍ അമേരിക്കയുടെ വിദേശനയത്തിന്റെ മൂലശിലയാകുന്നത് അവസാനിക്കണ'മെന്നാണ്. അങ്ങനെയായില്ലെങ്കില്‍ നമ്മുടെ ശത്രുവെന്ന് പേരിട്ട് വിളിക്കുന്ന മതമൗലികവാദത്തേക്കാള്‍ നാശം വിദേശനയം തന്നെയായിരിക്കുമെന്നും ക്രിസ്‌റ്റോഫ് പറയുന്നു. വിചാരിച്ചത്ര മോശമല്ല ഇസ്‌ലാമെന്ന് ചുരുക്കം. അല്‍ ഖാഇദയെപോലുള്ളവര്‍ തോല്‍ക്കുകയും അഹിംസയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ നവ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ മേഖലയില്‍ പിറവിയെടുക്കുകയും ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാന്‍ ഫലസ്തീനികളും ഇത്തരം അഹിംസാ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അറബ്‌ലോകം ജനാധിപത്യത്തിന് പാകമായിരുന്നില്ലെന്ന പൊള്ളയായ വാദത്തെ കേവലം 18 ദിവസം കൊണ്ട് തൂത്തെറിഞ്ഞു ഈജിപ്ത്. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന് അടിതെറ്റിയതുപോലെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലും ഏകാധിപത്യത്തിനും അടിതെറ്റി. തുനീഷ്യയും ഈജിപ്തും ഒരു തുടക്കം മാത്രമാണെന്ന് എല്ലാ നിരീക്ഷകരും പറയുന്നു. പൂര്‍ണാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും ആസ്വദിക്കാന്‍ ഈ പ്രദേശത്തെ ജനത്തിന് കഴിയുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, ഒന്നുറപ്പ്. ജനഹിതവും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും പരിഗണിച്ചുകൊണ്ടല്ലാതെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 2011 ജനുവരി 25 (അന്നാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ആദ്യമായി ജനങ്ങള്‍ തടിച്ചുകൂടിയത്) എന്ന തീയതി ഇനി കാലത്തിന്റെ കലണ്ടറില്‍നിന്നു മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല.
tajaluva@gmail.com |http://www.madhyamam.com/news/49484/110219