2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?


മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു. അതൊളിച്ചുവയ്ക്കാന്‍ ക്രിസ്ത്യാനികള്‍ നന്നായി പ്രയത്നിച്ചുനോക്കിയിട്ടുണ്ട്‌. നൂറ്റാണ്ടുകളോളം അത്‌ ലോകത്തുനിന്നപ്രത്യക്ഷമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ബര്‍നബാസ്‌ സുവിശേഷത്തിന്റെ ഇറ്റാലിയന്‍ തര്‍ജമയുടെ ഒരു കോപ്പി മാത്രം പോപ്പ്‌ സിക്സ്റ്റസി (Sixtus)ന്റെ ലൈബ്രറിയില്‍ കാണപ്പെട്ടു. ആര്‍ക്കും അതു വായിക്കാനനുവാദമുണ്ടായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത്‌ ജോൺ ടോളിയന്റ്‌ എന്നയാളിന്റെ കൈയിലെത്തി. പിന്നീടത്‌ നിരവധി കൈകളിലൂടെ കറങ്ങിത്തിരിഞ്ഞ്‌ 1738-ല്‍ വിയന്നയിലെ ഇംപീരിയല്‍ ലൈബ്രറിയിലെത്തിച്ചേര്‍ന്നു. 1907-ല്‍ ഈ കോപ്പിയുടെ ഇംഗ്ലീഷ്‌ തര്‍ജമ ഓക്സ്ഫോര്‍ഡിലെ ക്ലാരിംഗ്ടൺ പ്രസ്സില്‍നിന്ന്‌ പ്രസിദ്ധീകരിക്കപ്പെട്ടു. അതു പുറത്തുവന്നപ്പോള്‍, ഈ പുസ്തകം തങ്ങള്‍ യേശുക്രിസ്തുവിന്റെ പേരില്‍ കെട്ടിപ്പടുത്ത മതത്തിന്റെ മൂടിളക്കുമെന്ന്‌ ക്രിസ്ത്യാനികള്‍ക്ക്‌ തോന്നിയിരിക്കാം. അതിനാല്‍, അതിന്റെ മുദ്രണം ചെയ്യപ്പെട്ട കോപ്പികളെല്ലാം ആസൂത്രിതമായി അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടൊരിക്കലും അതു പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഇതേ ഇറ്റാലിയന്‍ തര്‍ജമയുടെ ഒരു സ്പാനിഷ്‌ പതിപ്പ്‌ പ്രത്യക്ഷപ്പെടുകയുണ്ടായി. ജോര്‍ജ്‌ സെയില്‍ തന്റെ ഇംഗ്ലീഷ്‌ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ അതേപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. ഇന്നിപ്പോള്‍ നെറ്റില്‍ പലസ്ഥലത്തും, ചിലമുങ്കരുതലോട്കൂടി അത് പ്രസിദ്ധപെടുത്തിയിരിക്കുന്നതായി കാണാം. ക്രിസ്ത്യാനികള്‍ കേവലം പക്ഷപാതിത്വത്തിന്റെയും വിരോധത്തിന്റെയും പേരില്‍ തങ്ങള്‍ക്കുതന്നെ വിലക്കിക്കളഞ്ഞ ഒരു മഹാനുഗ്രഹമാണതെന്നാണെനിക്കു തോന്നിയിട്ടുള്ളത്‌.

ക്രൈസ്തവ സാഹിത്യങ്ങള്‍ ഈ സുവിശേഷത്തെ പരാമര്‍ശിക്കേണ്ടിവരുമ്പോഴൊക്കെ ഇപ്രകാരം തള്ളിപ്പറയാറുണ്ട്‌: 'ഇതൊരു പ്രക്ഷിപ്ത സുവിശേഷമാകുന്നു. ഏതോ മുസല്‍മാന്‍ രചിച്ച്‌ ബര്‍നബാസിന്റെ പേരില്‍ ആരോപിച്ചതായിരിക്കാം ഇത്‌.' എന്നാല്‍, ഈ സുവിശേഷത്തില്‍ പലയിടത്തും മുഹമ്മദ്‌ നബി(സ)യുടെ ആഗമനം സംബന്ധിച്ചു സുവ്യക്തമായ പ്രവചനങ്ങള്‍ കാണപ്പെടുന്നുണ്ട്‌ എന്നതിന്റെ പേരില്‍ കെട്ടിച്ചമച്ച ഒരു കരിങ്കള്ളമാണിത്‌. ഒന്നാമതായി, ഈ സുവിശേഷം വായിച്ചുനോക്കിയാല്‍തന്നെ അറിയാം ഇതൊരു മുസല്‍മാന്റെ രചനയാവുക വയ്യെന്ന്‌.

രണ്ടാമതായി, മുസ്ലിം രചിച്ചതായിരുന്നുവേങ്കില്‍ മുസ്ലിംകള്‍ക്കിടയില്‍ ഇത്‌ വ്യാപകമായി പ്രചരിക്കേണ്ടതും മുസ്ലിം പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കേണ്ടതുമായിരുന്നു. പക്ഷേ, ഇവിടെ സ്ഥിതി നേരെ മറിച്ചാണ്‌. ജോര്‍ജ്‌ സെയിലിന്റെ ഇംഗ്ലീഷ്‌ ഖുര്‍ആന്‍ പരിഭാഷയ്ക്കു മുമ്പ്‌ ഇങ്ങനെയൊരു സുവിശേഷമുള്ളതായിത്തന്നെ മുസ്ലിംകളറിഞ്ഞിരുന്നില്ല. ത്വബരി, യഅ​‍്ഖൂബി, അല്‍ബിറൂനി, ഇബ്നുഹസം തുടങ്ങി നിരവധി മുസ്ലിം ഗ്രന്ഥകാരന്‍മാര്‍ ക്രൈസ്തവസാഹിത്യങ്ങളില്‍ അഗാധമായ വ്യുല്‍പത്തിയുള്ളവരായിരുന്നു. അതിലാരുംതന്നെ ക്രിസ്തുമതം ചര്‍ച്ച ചെയ്യുമ്പോള്‍ ബര്‍നബാസിന്റെ സുവിശേഷത്തെ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല. മുസ്ലിംലോകത്തുണ്ടായിരുന്ന ഗ്രന്ഥങ്ങളുടെ ഏറ്റവും നല്ല സൂചികയാണ്‌ ഇബ്നുന്നദീമിന്റെ അല്‍ഫിഹ്‌റസ്തും ഹാജി ഖലീഫയുടെ കശ്ഫുള്ളുനൂനും. അവയും ഈ സുവിശേഷത്തെ പരാമര്‍ശിക്കുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പ്‌ ഏതെങ്കിലും മുസ്ലിം പണ്ഡിതന്‍മാര്‍ ബര്‍നബാസ്‌ സുവിശേഷത്തിന്റെ പേരു പറഞ്ഞതായിപ്പോലും കാണുന്നില്ല.

ബര്‍നബാസ്‌ സുവിശേഷം മുസ്ലിംരചനയാണെന്ന വാദം കളവാണെന്നുള്ളതിന്റെ മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ തെളിവ്‌ ഇതത്രേ: മുഹമ്മദ്‌ നബി(സ)യുടെ ജനനത്തിന്‌ എഴുപത്തഞ്ചുവര്‍ഷം മുമ്പ്‌ പോപ്പ്‌ ഗെലാസിയൂസി (Gelasius)ന്റെ കാലത്തുതന്നെ അബദ്ധവിശ്വാസങ്ങളുടെയും പിഴച്ച (Heretical) പുസ്തകങ്ങളുടെയും പട്ടിക തയ്യാറാക്കിയിരുന്നു. ഒരു ഇടയലേഖനത്തിലൂടെ മാര്‍പ്പാപ്പ പാരായണം നിഷിദ്ധമാക്കിയവയുടെ കൂട്ടത്തില്‍ ബര്‍നബാസിന്റെ സുവിശേഷ (Evangelium Barnaba) വും ഉള്‍പ്പെടുകയും ചെയ്തിരുന്നു. അക്കാലത്ത്‌ ഏതു മുസ്ലിമായിരിക്കാം ഈ പ്രക്ഷിപ്ത സുവിശേഷം തട്ടിപ്പടച്ചതു?! സ്പെയിന്‍, സിറിയ, ഈജിപ്ത്ങ്ങ തുടങ്ങിയ നാടുകളിലെ പ്രാഥമിക ക്രൈസ്തവസഭകളില്‍ ഈ കാലയളവുവരെ ബര്‍നബാസിന്റെ സുവിശേഷം പ്രചാരത്തിലുണ്ടായിരുന്നുവേന്നും ആറാം നൂറ്റാണ്ടിലാണ്‌ അത്‌ നിഷിദ്ധമായി വിധിക്കപ്പെട്ടതെന്നും ക്രൈസ്തവ പണ്ഡിതന്‍മാര്‍തന്നെ സമ്മതിച്ചിട്ടുള്ളതാണ്‌.

ആ സുവിശേഷത്തില്‍ മുഹമ്മദീയ പ്രവാചകത്വം സംബന്ധിച്ച്‌ ഈസാ (അ) നല്‍കിയ പ്രവചനം ഉദ്ധരിക്കുന്നതിനു മുമ്പ്‌ അതിനെ സംക്ഷിപ്തമായി പരിചയപ്പെടേണ്ടതുണ്ട്‌. അതിന്റെ പ്രാധാന്യമെന്താണെന്നും ക്രൈസ്തവ മാന്യന്‍മാര്‍ക്ക്‌ അതിത്ര അരോചകമായതെന്തുകൊണ്ടാണെന്നും മനസ്സിലാക്കുവാന്‍ അതു സഹായകമാകും.
കാനോനികവും പ്രബലവും എന്നു വിധിച്ചുകൊണ്ട്‌ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാലു സുവിശേഷങ്ങളിലൊന്നിന്റെ പോലും ലേഖകന്‍ ഈസാ(അ)യുടെ നേര്‍ ശിഷ്യനല്ല. യേശുമിശിഹായുടെ നേര്‍ശിഷ്യന്‍മാരില്‍നിന്നു ലഭിച്ച വിവരങ്ങളാണ്‌ അവര്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവരാരും വാദിച്ചിട്ടില്ല. വിവരങ്ങള്‍ നേടാന്‍ അവലംബിച്ച യാതൊരാധാരവും അവര്‍ വെളിപ്പെടുത്തുന്നുമില്ല. അതുകൊണ്ട്‌ സംഭവങ്ങള്‍ക്ക്‌ നിവേദകന്‍ ദൃക്സാക്ഷിയാണോ, അവര്‍ ഉദ്ധരിക്കുന്ന വചനങ്ങള്‍ നേരിട്ട്‌ കണ്ടതാണോ, അതല്ല പ്രസ്തുത വചനങ്ങള്‍ അവര്‍ക്ക്‌ ലഭിച്ചതു മറ്റൊരുപാധിയിലൂടെ അല്ലെങ്കില്‍ പല ഉപാധികളിലൂടെയാണോ എന്നൊന്നും തീരുമാനിക്കുക സാധ്യമല്ലാത്ത അവസ്ഥയാണുള്ളത്‌. നേരെ മറിച്ച്‌ ബര്‍നബാസ്‌ സുവിശേഷത്തിന്റെ കര്‍ത്താവ്‌ പ്രസ്താവിക്കുന്നു: 'യേശുക്രിസ്തുവിന്റെ പ്രഥമ ശിഷ്യന്‍മാരായ പന്ത്രണ്ട്‌ ഹവാരികളിലൊരാളാണ്‌ ഞാന്‍. ആരംഭം മുതല്‍ അന്ത്യവേള വരെ ഞാന്‍ മിശിഹായോടൊപ്പമുണ്ടായിരുന്നു. എന്റെ സ്വന്തം കണ്ണുകള്‍കൊണ്ട്‌ കണ്ടതും കാതുകള്‍കൊണ്ടു കേട്ടതുമായ വചനങ്ങളാണ്‌ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്‌.' മാത്രമല്ല, പുസ്തകത്തിന്റെ സമാപനത്തില്‍ അദ്ദേഹം പറയുന്നു: ഈ ലോകത്തോട്‌ വിടപറയുമ്പോള്‍ യേശു മിശിഹാ എന്നോട്‌ പറഞ്ഞതെന്തെന്നാല്‍, തന്നെക്കുറിച്ച്‌ ജനത്തില്‍ പരന്നിട്ടുള്ള തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടതും യഥാര്‍ഥ വസ്തുതകള്‍ ലോകസമക്ഷം കൊണ്ടുവരേണ്ടതും നിന്റെ ബാധ്യതയാണെന്നത്രേ.

തുടരും.......

ആദ്യ പോസ്റ്റുകള്‍ താഴെയുള്ള ലിങ്കുകളില്‍ നിന്ന് വായിക്കാം.

പോസ്റ്റ്1
പോസ്റ്റ്2
പോസ്റ്റ്3

14 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു.

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

hahahaaa, i feel pity towards the men who tries to de-merit bible and christianity. so many emperers and kingdoms tried to vanish christianity from the world. but what happened? because jesus christ is still alive..... nothing to type more. i feel pity towards you

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

ട്രാക്കി ട്രാക്കി തളര്‍ന്നു. എന്നാലും കിടക്കട്ടെ. ട്രാക്കിംഗ്...

അജ്ഞാതന്‍ പറഞ്ഞു...

ഞാന്‍ തപ്പി നോക്കീട്ട് ആകെ ടോട്ടല് മൂന്നെണ്ണമേ കാണുന്നുള്ളല്ലോ.

പള്ളിക്കുളം.. പറഞ്ഞു...

ലേഖനത്തിന്റെ അവതരണത്തിൽ പുലർത്തിയ മാന്യത പ്രത്യേകം പ്രശംസ അർഹിക്കുന്നു. അന്യ മതസ്ഥരുടെ പുണ്യപുരുഷന്മാരെ പുലഭ്യം പറയാതെ എങ്ങനെ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ലേഖനം. തുടരുക.

Unknown പറഞ്ഞു...

ഏതായാലും ബര്‍ണാബസ് സുവിശേഷം വരട്ടെ, പുതിയൊരു കഥ കൂടി നമുക്ക് കിട്ടും. ഞാനിതിനെപ്പറ്റി ഇതുവരെ കേട്ടിരുന്നില്ല. ചിന്തകന് അക്കാര്യത്തില്‍ നന്ദി. മേല്പടി സാധനത്തെപറ്റിയുള്ള വിക്കി വഴി ഇവിടെ

അപ്പൊകലിപ്തോ പറഞ്ഞു...

ബര്‍ണബാസ്‌ സുവിശേഷത്തില്‍ നിന്ന് രണ്ട്‌ വചനം ...

And having said this, Jesus smote his face with both his hands, and then smote the ground with his head. And having raised his head, he said: "Cursed be every one who shall insert into my sayings that I am the son of God" (53:6)


Jesus answered: "And you; what say you that I am?" Peter answered: "You are Christ, son of God". Then was Jesus angry, and with anger rebuked him, saying: "Begone and depart from me, because you are the devil and seek to cause me offences" (70:1)

ചിന്തകന്‍ പറഞ്ഞു...

കമന്റിയ സുഹൃത്തുകള്‍ക്ക് നന്ദി.
കമന്റാതെ, വായിച്ചു പോയവര്‍ക്കും നന്ദി.

ചിന്തകന്‍ പറഞ്ഞു...

ബര്‍നബാസിന്റെ സുവിശേഷം തുറന്ന മനസ്സോടെ നിഷ്പക്ഷമായി വായിക്കുകയും പുതിയ നിയമത്തിലെ നാലു സുവിശേഷങ്ങളുമായി തട്ടിച്ചുനോക്കുകയും ചെയ്യുന്ന ആര്‍ക്കും ആ നാല്‌ സുവിശേഷങ്ങളേക്കാള്‍ വിശിഷ്ടമാണ്‌ അതെന്ന്‌ ബോധ്യപ്പെടാതിരിക്കുകയില്ല. അതില്‍ ഈസാ(അ)യുടെ ചരിത്രം കൂടുതല്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. എല്ലാം നേരില്‍ കാണുകയും സംഭവങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത ഒരാള്‍ വര്‍ണിക്കുന്നതുപോലെയാണദ്ദേഹം വര്‍ണിക്കുന്നത്‌. നാല്‌ സുവിശേഷങ്ങളിലെ ശ്ലഥമായ കഥകളെ അപേക്ഷിച്ച്‌ ഈ ചരിത്രകഥനം ഏറെ സുഘടിതവുമാകുന്നു. അതു മുഖേന സംഭവപരമ്പരകള്‍ വളരെ സുഗ്രഹവുമാണ്‌.......
ബര്‍നബാസ് ആരായിരുന്നു?

ഷിബു ചേക്കുളത്ത്‌ പറഞ്ഞു...

trackingggg......

ചിന്തകന്‍ പറഞ്ഞു...

ക്രിസ്ത്യാനികള്‍ ബര്‍നബാസിന്റെ സുവിശേഷം തള്ളിക്കളയുന്നതിന്റെ യഥാര്‍ഥ കാരണം അതില്‍ പലയിടത്തും മുഹമ്മദ്‌ നബിയുടെ ആഗമനം സംബന്ധിച്ച വ്യക്തമായ പ്രവചനമുണ്ട്‌ എന്നതു മാത്രമല്ല. എന്തുകൊണ്ടെന്നാല്‍, മുഹമ്മദ്‌ നബിയുടെ ജനനത്തിന്‌ എത്രയോ മുമ്പുതന്നെ ബര്‍നബാസിന്റെ സുവിശേഷം തള്ളപ്പെട്ടിരുന്നുവല്ലോ. ബര്‍നബാസിന്റെ സുവിശേഷത്തോടുള്ള ക്രിസ്ത്യാനികളുടെ നിഷേധത്തിന്റെ യഥാര്‍ഥ കാരണം മനസ്സിലാക്കുവാന്‍ അല്‍പം വിശദീകരണം ആവശ്യമാണ്‌.

Jins Nalleparampil പറഞ്ഞു...

@@ഈ വസ്തുതകള്‍ മുന്‍നിര്‍ത്തിക്കൊണ്ട്‌ ഇങ്ങനെ അനുമാനിക്കാവുന്നതാണ്‌: ബര്‍നബാസിനെ അപ്പോസ്തലന്‍മാരില്‍നിന്ന്‌ പുറത്താക്കാനും അതുവഴി അദ്ദേഹത്തിന്റെ സുവിശേഷം തള്ളിക്കളയാനുംവേണ്ടി പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്റെ പേരിന്റെ സ്ഥാനത്ത്‌ തോമായുടെ പേരു ചേര്‍ക്കുകയായിരുന്നു. തങ്ങളുടെ വിശുദ്ധ പുസ്തകത്തില്‍ ഇത്തരം ഭേദഗതികള്‍ നടത്തുന്നത്‌ ക്രൈസ്തവ പണ്ഡിതന്‍മാരെ സംബന്ധിച്ചിടത്തോളം അനാശാസ്യമൊന്നുമായിരുന്നില്ലല്ലോ.

ചതുര്‍ സുവിശേഷങ്ങളിലൊരിടത്തും ബര്‍ണബാസ് എന്ന ശിഷ്യനെപ്പറ്റി പ്രതിപാദ്യം ഇല്ല. എന്നാല്‍ തോമായെക്കുറിച്ച് ഒന്നിലേറെ പ്രതിപാദ്യങ്ങള്‍ സുവിശേഷങ്ങളില്‍ കാണാന്‍ കഴിയും. തോമായെ മാറ്റി സ്വന്തം പേര് അപ്പസ്തോലന്മാരുടെ ഗണത്തില്‍ തിരുകി കയറ്റിയത് പ്രസ്തുത ഗ്രന്ഥത്തിന് ആധികാരികത സ്ഥാപിച്ചെടുക്കുവാനുള്ള ഗ്രന്ഥകാരന്റെ ശ്രമം മാത്രമാണ്. ഇനിയിപ്പോള്‍ തോമായെ പ്രതിപാദിക്കുന്ന ഇടങ്ങളിലെല്ലാം ബര്‍ണബാസിന്റെ പേര് ചേര്‍ത്ത് വായിക്കണം എന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ ബൌദ്ധികമായ അല്പത്വം എന്നു മാത്രമേ പറയുവാന്‍ സാധിക്കൂ.


@@ഹ. ദാവൂദിനെയും ഹ. സുലൈമാനെയും അദ്ദേഹം പ്രവാചകന്‍മാരായി അംഗീകരിച്ചിരുന്നു. ജൂതന്‍മാരും ക്രിസ്ത്യാനികളും അവരെ പ്രവാചകന്‍മാരുടെ പട്ടികയില്‍നിന്ന്‌ പുറംതള്ളിയിരിക്കുകയാണ്‌.

ദാവീദിനെയും സോളമനെയും ഒരേസമയം രാജാക്കന്മാരും പ്രവാചകന്മാരുമായാണ് ക്രിസ്ത്യാനികള്‍ ഗണിക്കുന്നത്. ഇവര്‍ രചിച്ച സങ്കീര്‍ത്തനങ്ങള്‍ പലതും പ്രവചനങ്ങളുമാണ്. താങ്കളുടെ അജ്ഞതയില്‍ നിന്നുമാണ് പ്രസ്തുത വാചകം വന്നിരിക്കുന്നത്.

@@മുസ്ലിം രചിച്ചതായിരുന്നുവേങ്കില്‍ മുസ്ലിംകള്‍ക്കിടയില്‍ ഇത്‌ വ്യാപകമായി പ്രചരിക്കേണ്ടതും മുസ്ലിം പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങളില്‍ ധാരാളമായി പരാമര്‍ശിക്കേണ്ടതുമായിരുന്നു.......നിരവധി മുസ്ലിം ഗ്രന്ഥകാരന്‍മാര്‍ ക്രൈസ്തവസാഹിത്യങ്ങളില്‍ അഗാധമായ വ്യുല്‍പത്തിയുള്ളവരായിരുന്നു. അതിലാരുംതന്നെ ക്രിസ്തുമതം ചര്‍ച്ച ചെയ്യുമ്പോള്‍ ബര്‍നബാസിന്റെ സുവിശേഷത്തെ സൂചിപ്പിക്കുക പോലും ചെയ്യുന്നില്ല.

മുസ്ലീം രചിച്ചതായിരുന്നുവെങ്കില്‍ എന്നു മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ആധികാരികത പ്രസ്തുത ഗ്രന്ഥത്തിനു മേല്പറഞ്ഞ പണ്ഡിതര്‍ നല്‍കിയിരുന്നുവെങ്കില്‍ അത് അവരുടെ പ്രബോധനങ്ങളില്‍ തീര്‍ച്ചയായും ഉള്‍പ്പെടുമായിരുന്നു എന്നു കരുതുന്നതല്ലേ യുക്തി ഭദ്രം. ‘വഴി തെറ്റിപ്പോയ വിശ്വാസികളെ നേര്‍വഴിക്കു നയിക്കുവാന്‍’ അവര്‍ പ്രസ്തുത ഗ്രന്ഥത്തെ ഉപയോഗിക്കുമായിരുന്നുവെന്ന് സംശയമില്ല.

പൌലോസിന്റെ കൂട്ടായ്മയുടെ വലം കൈ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ബര്‍ണബാസ് ആണ് അടിമുടി പൌലോസ് വിരുദ്ധത നിറഞ്ഞു നില്‍ക്കുന്ന ഈ കൃതി രചിച്ചതെന്ന് സുവിശേഷങ്ങളെക്കുറിച്ച് സാമാന്യ ജ്ഞാനമെങ്കിലും ഉള്ള ഒരാള്‍ക്കും ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.

ബര്‍ണബാസിന്റെ സുവിശേഷത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Unknown പറഞ്ഞു...

@@@@കാനോനികവും പ്രബലവും എന്നു വിധിച്ചുകൊണ്ട്‌ ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാലു സുവിശേഷങ്ങളിലൊന്നിന്റെ പോലും ലേഖകന്‍ ഈസാ(അ)യുടെ നേര്‍ ശിഷ്യനല്ല. യേശുമിശിഹായുടെ നേര്‍ശിഷ്യന്‍മാരില്‍നിന്നു ലഭിച്ച വിവരങ്ങളാണ്‌ അവര്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അവരാരും വാദിച്ചിട്ടില്ല..........................മണ്ടത്തരങ്ങള്‍ പറയുമ്പോള്‍ കുറച്ചൂടെ ശ്രധിക്കണ്ടേ...വിശുദ്ധ യോഹന്നാന്‍ യേശുവിന്റെ അപ്പസ്തോലന്മാരില്‍ ഒരാളും യേശു ഏറ്റവും സ്നേഹിച്ചിരുന്ന ഒരാളും ആയിരുന്നു...മറ്റു ശിഷ്യന്മാര്‍ പോകാത്ത പലയിടത്തും യേശു ഇദ്ദേഹത്തെ കൂടെ കൂട്ടിയതായി സുവിശേഷങ്ങളില്‍ കാണാം.മാത്രമല്ല ഇത് കണ്ടയാള്‍ തന്നെ ആണ് ഇത് സാക്ഷ്യ പെടുത്തുന്നത് എന്ന് യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ എടുത്തു പറയുന്നുമുണ്ട്.....പിന്നെ താങ്കള്‍ ഈ പറഞ്ഞതിന്റെ ആധികാരികത എന്താണ്..ആളുകളാല്‍ ശ്രധിക്കപെടാനുള്ള ഒരു മാര്‍ഗമായി പലരും കണ്ടെത്തിയിരിക്കുന്ന എളുപ്പ മാര്‍ഗം ക്രിസ്തുവിനെയും സഭയും അപമാനിക്കുക എന്നുള്ളതാണ്..താങ്കളും ആ വഴി തന്നെ തിരഞ്ഞെടുത്തിരിക്കുന്നു,

ചിന്തകന്‍ പറഞ്ഞു...

പ്രിയ ടിറ്റോ ദേവസ്യ...

മണ്ടത്തരമായാലും അല്ലെങ്കിലും ഇതൊന്നും ഞാൻ പറഞ്ഞതല്ല. ഇത്തരം കാര്യങ്ങളിൽ വിത്യസ്ഥ അഭിപ്രായങ്ങളാണ് കൃസ്ത്യൻ പണ്ഡിതന്മാർക്ക് തന്നെയുള്ളത്.

ഈ ലിങ്കൊന്നു ശ്രദ്ധിക്കൂ

ഇതൊന്നും താങ്കളോ ഞാനോ അവസാന വാക്കായി എടുക്കേണ്ടതുമില്ല. ഒരു വിത്യസ്ഥ അഭിപ്രായ പറയുമ്പോഴേക്ക് ഇല്ലാതായി പോകുന്നതാണ് സഭ എന്നൊന്നും ഞാൻ കരുതുന്നില്ല.

ഇതൊന്നും പറഞ്ഞ് ആളുകളുടെ ശ്രദ്ധയാകർഷിക്കേണ്ട കാര്യമൊന്നുമില്ല. താങ്കൾക്കുള്ള അഭിപ്രായം താങ്കളും എനിക്കുള്ള അഭിപ്രായം ഞാനും പറയട്ടെ. പറ്റിയാൽ പരസ്പരം സ്വീകരിക്കാം. അല്ലെങ്കിൽ തള്ളിക്കളയാം... ഇത്ര മാത്രം... ഒന്നും വൈകാരികമായെടുക്കേണ്ടതില്ല. :)