2010, ഫെബ്രുവരി 13, ശനിയാഴ്‌ച

പെരിക്ലിറ്റസോ പാരാക്ലീറ്റസോ? (മുഹമ്മദ് നബി സുവിശേഷങ്ങളില്‍; മൂന്നാം ഭാഗം)

ആദ്യപോസ്റ്റില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടേ രണ്ട് സാധ്യതകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഒന്ന്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് പൂര്‍ണമായി സത്യമായിരിക്കണം. രണ്ട്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് കളവാണ്. ഒന്നാമത്തെ ഉത്തരമാണ് സത്യമെങ്കില്‍ കൃസ്ത്യാനികള്‍ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടതായി വരും. മറിച്ച് രണ്ടാമത്തേതാണ് സത്യമെങ്കില്‍ ഖുര്‍ ആന്‍ കളവാണെന്ന് മുസ്ലീങ്ങളും അംഗീകരിക്കേണ്ടിവരും. ഈ രണ്ടിലൊന്ന്, രണ്ട് കൂട്ടരും അംഗീകരിക്കണമെങ്കില്‍ യേശു സംസാരിച്ച ഭാഷയിലെ അതേ സുവിശേഷം തന്നെ നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കണം. ആ ഭാഷയിലെ സുവിശേഷങ്ങളോന്നും ഇന്ന് ലഭ്യമല്ല എന്നത് രണ്ടാമത്തെ പോസ്റ്റിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ബൈബിളിലെ സുവിശേഷകരൊന്നും തന്നെ യേശുവില്‍ നിന്ന് നേരിട്ടല്ല കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും വ്യക്തമായി കഴിഞ്ഞു.

ഇവിടെയും ചില സാധ്യതകളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുക്തിക്ക് ബോധ്യപെടുന്നതാണെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളായാം.

യവനഭാഷയില്‍തന്നെ പെരിക്ലിറ്റസ്‌ (Periclytos) എന്ന മറ്റൊരു വാക്കുണ്ടെന്നതാണ്‌ കൗതുകകരമായ കാര്യം. സ്തുതിക്കപ്പെട്ടവന്‍ എന്നാണതിനര്‍ഥം. ഇത്‌ അറബിഭാഷയിലെ 'മുഹമ്മദ്‌' എന്ന പദത്തിന്‌ തികച്ചും സമാനമായ അര്‍ഥമാണ്‌. ഉച്ചാരണത്തിലാവട്ടെ, അത്‌ Paracletus എന്ന പദത്തോട്‌ സാദൃശ്യം പുലര്‍ത്തുകയും ചെയ്യുന്നു. വേദവാക്യങ്ങളില്‍ സ്വന്തം ഇഷ്ടത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായ ഭേദഗതികളാവാമെന്നു കരുതുന്ന ക്രൈസ്തവ പണ്ഡിതന്‍മാര്‍ തങ്ങളുടെ വിശ്വാസത്തിനെതിരായി കണ്ട ഈ വാക്ക്‌ പകര്‍ത്തിയെഴുതിയപ്പോള്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കാമെന്നു കരുതുന്നതില്‍ അസാംഗത്യമൊന്നുമില്ല. യോഹന്നാന്‍ എഴുതിയ മൂലസുവിശേഷത്തിന്റെ കോപ്പി എവിടെയും ലഭ്യമല്ലാത്തതിനാല്‍, മൂലവുമായി ഒത്തുനോക്കി പ്രസ്തുത പദങ്ങളില്‍ ഏതാണ്‌ അദ്ദേഹം ഉപയോഗിച്ചതെന്ന്‌ കണ്ടെത്തുക അസാധ്യമാകുന്നു.

എന്നാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം, യോഹന്നാന്‍ യവനഭാഷയിലെഴുതിയ മൂലസുവിശേഷത്തിലുപയോഗിച്ച പദമേത്‌ എന്നതിനെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്‌. എന്തുകൊണ്ടെന്നാല്‍, എന്തൊക്കെയായാലും അതും തര്‍ജമ തന്നെയാണല്ലോ. ഈസാ(അ)യുടെ ഭാഷ നാം നേരത്തെ വ്യക്തമാക്കിയപോലെ ഫലസ്തീനി സുറിയാനിയായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം തന്റെ സുവിശേഷത്തില്‍ ഉപയോഗിച്ചത്‌ അനിവാര്യമായും ഒരു സുറിയാനി പദംതന്നെയായിരിക്കണം. ഭാഗ്യവശാല്‍ ആ സുറിയാനി മൂലപദം സീറതു ഇബ്നി ഹിശാമില്‍നിന്ന്‌ (ഇബ്നു ഹിശാം രചിച്ച ചരിത്രഗ്രന്ഥം) നമുക്ക്‌ ലഭിക്കുന്നുണ്ട്‌. അതിനു സമാനമായ യവനപദമേതാണെന്നും ആ ഗ്രന്ഥത്തില്‍നിന്നു തന്നെ മനസ്സിലാക്കാം. മുഹമ്മദുബ്നു ഇഷാഖിനെ അവലംബിച്ചുകൊണ്ട്‌ ഇബ്നുഹിശാം യോഹന്നാന്റെ സുവിശേഷം 15-​‍ാം അധ്യായം 23 മുതല്‍ 27 വരെ വാക്യങ്ങളുടെയും 16-​‍ാം അധ്യായം ഒന്നാം വാക്യത്തിന്റെയും തര്‍ജമ ഉദ്ധരിച്ചിട്ടുണ്ട്‌. അതില്‍ 'പാറക്കലീറ്റ്‌' എന്ന യൂനാനി പദത്തിനു പകരം 'മുന്‍ഹമന്നാ' എന്ന സുറിയാനി പദമാണുപയോഗിച്ചിട്ടുള്ളത്‌. തുടര്‍ന്ന്‌ ഇബ്നു ഹിശാം (അല്ലെങ്കില്‍ ഇബ്നു ഇഷാഖ്‌ തന്നെ) അതിനെ ഇപ്രകാരം വിശദീകരിച്ചിരിക്കുന്നു: "മുന്‍ഹമന്നാ എന്ന സുറിയാനി പദത്തിന്‌ അറബിയില്‍ 'മുഹമ്മദ്‌' എന്നും യവനഭാഷയില്‍ ബര്‍ക്കലീത്വുസ്‌ എന്നുമാണര്‍ഥം"(ഇബ്നു ഹിശാം വാ. 1 പേ. 248).

ഇനി നോക്കുക: ചരിത്രപരമായി ഫലസ്തീനിലെ സാധാരണക്കാരായ ക്രൈസ്തവ പൗരന്‍മാരുടെ ഭാഷ ക്രി. 9-​‍ാം നൂറ്റാണ്ടുവരെ സുറിയാനിയായിരുന്നു. ഏഴാം നൂറ്റാണ്ടിന്റെ ആദ്യാര്‍ധത്തില്‍തന്നെ ഈ പ്രദേശങ്ങള്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഇബ്നു ഇഷാഖ് ക്രി.വ. 768-ലും ഇബ്നു ഹിശാം ക്രി.വ. 828-ലുമാണ്‌ മരിച്ചത്‌. ഈ രണ്ടു പേരുടെയും കാലത്ത്‌ ഫലസ്തീനീ ക്രൈസ്തവര്‍ സുറിയാനി ഭാഷ സംസാരിച്ചിരുന്നുവെന്നാണിതിനര്‍ഥം. തങ്ങളുടെ നാട്ടിലെ ക്രിസ്ത്യന്‍ പൗരന്‍മാരുമായി ബന്ധപ്പെടുവാന്‍ ഈ രണ്ടുപേര്‍ക്കും യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. അതുപോലെ യവനഭാഷ സംസാരിക്കുന്ന ലക്ഷക്കണക്കില്‍ ക്രിസ്ത്യാനികളും അക്കാലത്ത്‌ മുസ്ലിം പ്രദേശങ്ങളിലുണ്ടായിരുന്നു. അതുകൊണ്ട്‌ സുറിയാനി ഭാഷയിലെ ഏതുപദം യവനഭാഷയിലെ ഏതു പദത്തിനു തുല്യമാണെന്നു മനസ്സിലാക്കുക ആര്‍ക്കും പ്രയാസകരമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇബ്നു ഇഷാഖ്‌ ഉദ്ധരിച്ച തര്‍ജമയില്‍ 'മുന്‍ഹമന്നാ' എന്ന സുറിയാനി പദം ഉപയോഗിക്കുകയും ഇബ്നു ഇഷാഖോ ഇബ്നു ഹിശാമോ ആ പദത്തിന്‌ സമാനമായ അറബിപദം 'മുഹമ്മദ്‌' എന്നും യവനപദം 'ബര്‍ക്കലീത്വുസ്‌' എന്നുമാണെന്നും വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത്‌ ഈസാ (അ) അന്ത്യപ്രവാചകന്റെ പേര്‌ പ്രസ്താവിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ആഗമന സുവാര്‍ത്ത നല്‍കിയതാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും പഴുതില്ല. യോഹന്നാന്‍ യവനഭാഷയിലെഴുതിയ സുവിശേഷത്തിലുപയോഗിച്ച പദം Periclytos ആയിരുന്നുവെന്നും ക്രിസ്ത്യാനികള്‍ പില്‍ക്കാലത്തെപ്പോഴോ അതു Paracletus ആക്കി ഭേദഗതി ചെയ്തതാണെന്നും കൂടി അതോടൊപ്പം വ്യക്തമാകുന്നുണ്ട്‌.

ഇതിനെക്കാള്‍ പുരാതനമായ ചരിത്രസാക്ഷ്യമാണ്‌ ഹ. അബ്ദുല്ലാഹിബ്നു മസ്‌ഊദിന്റെ ഈ നിവേദനം: അബിസീനിയന്‍ മുഹാജിറുകളെ നജ്ജാശി(നേഗസ്) രാജാവ്‌ തന്റെ രാജധാനിയില്‍ വിളിച്ചുവരുത്തിയപ്പോള്‍ ജഅ​‍്ഫറുബ്നു അബീത്വാലിബ്‌ (റ) റസൂല്‍ (സ) തിരുമേനിയുടെ ഉപദേശങ്ങള്‍ അദ്ദേഹത്തെ കേള്‍പ്പിക്കുകയുണ്ടായി. അതു കേട്ടപ്പോള്‍ നജ്ജാശി രാജാവ്‌ പറഞ്ഞു:

مَرْحَبًا بِكُمْ ومِمَّنْ جِئْتُمْ مِنْ عِنْدِهِ، أَشْهَدُ أَنَّهُ رَسُولُ اللهِ وَاَنَّهُ الَّذِي نَجِدُ فِى الإنْجِيلِ وَاَنَّهُ الَّذِي بَشَّرَ بِهِ عِيسَى بْنُ مَريَم

(നിങ്ങള്‍ക്ക്‌ സ്വാഗതം! നിങ്ങള്‍ ആരുടെ അടുക്കല്‍നിന്നു വരുന്നുവോ അദ്ദേഹത്തിനും സ്വാഗതം. അദ്ദേഹം ദൈവദൂതനാണെന്നും സുവിശേഷങ്ങളില്‍ ഞങ്ങള്‍ കാണുന്നവനാണെന്നും മര്‍യമിന്റെ മകന്‍ ഈസാ സുവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ അദ്ദേഹത്തെക്കുറിച്ചാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു) (മുസ്നദ്‌ അഹ്മദ്‌). ഈ കഥ ഹദീസുകളില്‍ ഹ. ജഅ​‍്ഫറില്‍നിന്നും ഹ. ഉമ്മുസല്‍മയില്‍നിന്നുംച ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഈസാ (അ) ഒരു പ്രവാചകന്റെ ആഗമനം പ്രവചിച്ചിട്ടുണ്ടെന്ന്‌ ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ച നജ്ജാശി(നേഗസ്) രാജാവിന്നറിയാമായിരുന്നുവെന്നു മാത്രമല്ല ഇതില്‍നിന്നു തെളിയുന്നത്‌; പ്രത്യുത, ആ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യാണെന്ന്‌ നജ്ജാശിക്ക്‌ സംശയലേശമന്യേ തിരിച്ചറിയാന്‍ കഴിയുംവണ്ണമുള്ള അടയാളങ്ങള്‍ സുവിശേഷങ്ങളിലുണ്ടായിരുന്നുവെന്നുകൂടി തെളിയുന്നുണ്ട്‌. എന്നാല്‍, യേശുവിന്റെ ഈ പ്രവചനം സംബന്ധിച്ച്‌ നജ്ജാശിക്കുണ്ടായിരുന്ന അറിവുകളുടെ മാധ്യമം യോഹന്നാന്റെ ഈ സുവിശേഷം മാത്രമായിരുന്നുവോ അതല്ല, അതറിയാന്‍ വേറെ ചില മാധ്യമങ്ങള്‍ കൂടി അന്നു ലഭ്യമായിരുന്നുവോ എന്ന്‌ ഈ നിവേദനങ്ങളില്‍നിന്ന്‌ വ്യക്തമാകുന്നില്ല.

തുടരും......

2 അഭിപ്രായങ്ങൾ:

ചിന്തകന്‍ പറഞ്ഞു...

ആദ്യപോസ്റ്റില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടേ രണ്ട് സാധ്യതകള്‍ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ഒന്ന്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് പൂര്‍ണമായി സത്യമായിരിക്കണം. രണ്ട്, ആ സൂക്തം(വി:ഖു 61:6) പറഞ്ഞത് കളവാണ്. ഒന്നാമത്തെ ഉത്തരമാണ് സത്യമെങ്കില്‍ കൃസ്ത്യാനികള്‍ മുഹമ്മദ് നബിയെ അംഗീകരിക്കേണ്ടതായി വരും. മറിച്ച് രണ്ടാമത്തേതാണ് സത്യമെങ്കില്‍ ഖുര്‍ ആന്‍ കളവാണെന്ന് മുസ്ലീങ്ങളും അംഗീകരിക്കേണ്ടിവരും. ഈ രണ്ടിലൊന്ന്, രണ്ട് കൂട്ടരും അംഗീകരിക്കണമെങ്കില്‍ യേശു സംസാരിച്ച ഭാഷയിലെ അതേ സുവിശേഷം തന്നെ നമ്മുടെ മുന്നില്‍ ലഭ്യമായിരിക്കണം. ആ ഭാഷയിലെ സുവിശേഷങ്ങളോന്നും ഇന്ന് ലഭ്യമല്ല എന്നത് രണ്ടാമത്തെ പോസ്റ്റിലൂടെ വ്യക്തമാക്കി കഴിഞ്ഞു. ബൈബിളിലെ സുവിശേഷകരൊന്നും തന്നെ യേശുവില്‍ നിന്ന് നേരിട്ടല്ല കാര്യങ്ങള്‍ മനസ്സിലാക്കിയതെന്നും വ്യക്തമായി കഴിഞ്ഞു.

ഇവിടെയും ചില സാധ്യതകളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുക്തിക്ക് ബോധ്യപെടുന്നതാണെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളിക്കളായാം.

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ്‌ നബി(സ)യെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങള്‍ മാത്രമല്ല, യേശുക്രിസ്തുവിന്റെ യഥാര്‍ഥ സ്ഥിതിഗതികളും അദ്ദേഹത്തിന്റെ മൗലികമായ അധ്യാപനങ്ങളും കൂടി മനസ്സിലാക്കാനുള്ള ആധികാരിക മാധ്യമം, ക്രൈസ്തവ സഭകള്‍ ആധികാരികവും അംഗീകൃതവുമായി കരുതുന്ന നാലു സുവിശേഷങ്ങള്‍ (Canonical Gospels)മാത്രമല്ല എന്നതാണ്‌ യാഥാര്‍ഥ്യം. കാനോനികമല്ലാത്തതും സംശയിക്കപ്പെടുന്ന (Apocryphal)തുമാണെന്ന്‌ ക്രൈസ്തവസഭകള്‍ വാദിക്കുന്ന ബര്‍നബാസിന്റെ സുവിശേഷം ചതുര്‍സുവിശേഷങ്ങളേക്കാള്‍ അവലംബാര്‍ഹമായ മാധ്യമമാകുന്നു.

നാ‍ലാംഭാഗം: സുവിശേഷങ്ങള്‍ നാലെണ്ണം മാത്രമോ?" ഇവിടെ..