ഒട്ടും വൈകാരികമല്ലാതെ തന്നെ, ശ്രീ @ശ്രേയസ് ഈ ചര്‍ച്ചയെ തികച്ചും പോസിറ്റാവായ അര്‍ത്ഥത്തില്‍ മാത്രം എടുത്തു എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യമാണ്. ദൈവ വിശ്വാസത്തെ ആളുകള്‍ ഒരു സ്വകാര്യമായി മാത്രം കൊണ്ട് നടക്കുകയും അത് പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവിധം എന്തോ ഒരു മറ നില നില്‍ക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പൊട്ടിത്തെറികളായി മാറുന്നു. ഇത് മൂലം ദൈവ വിശ്വാസമാണ് എല്ലാ പ്രശ്നങ്ങളുടെ മൂല കാരണം എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങളുടെ നടുവില്‍ കിടന്ന് വിശ്വാസമേ നഷ്ടപെട്ടവരാണവര്‍.
അത്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും നാം മനസ്സിലാക്കിയത് പരസ്പരം പങ്ക് വെക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് വായിക്കുന്ന താങ്കളെയും ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു.
ചര്‍ച്ചയില്‍ ദൈവത്തെകുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കൊണ്ടിട്ട കമന്റ് മാത്രം ഞാനിവിടെ ചേര്‍ക്കുന്നു. പൂര്‍ണ്ണരൂപം ഇവിടെ നിന്ന് വായിക്കാനപേക്ഷിക്കുന്നു.
ശ്രീ @ശ്രേയസ് പറഞ്ഞു....
ചിന്തകനും ഒരു പുലിയായി തീരാന്‍ ശ്രമിച്ചോള്ളൂ. മനുഷ്യര്‍ മാത്രം പോരല്ലോ പുലി, എലി, മുതലായ മൃഗങ്ങളും ഈ ലോകത്ത് വേണമല്ലോ.:-)
ഈയുള്ളവന്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാനും കുറച്ചു ചിന്തിക്കാനും ചിന്തകന്‍ ശ്രമിക്കുക. അപ്പോള്‍ ഉണ്മ എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് ഉണ്മ, ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നൊക്കെ പറയുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ആരാധിക്കുന്നത്, എന്നൊക്കെ മനസ്സിലാവും. അല്ലാതെ ഒരു നിരീശ്വരവാദിക്കോ അന്ധവിശ്വാസിക്കോ അതൊന്നും മനസ്സിലാവില്ല, ഒരിക്കലും.താങ്കള്‍ യുക്തിവാദിയോ ഏതെങ്കിലും ഒരു മതവിശ്വാസിയോ മറ്റോ ആയിക്കൊള്ളട്ടെ.
ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനും വേണം ഒരു യോഗം എന്നുതോന്നുന്നു.കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ കുറെയേറെ നല്ല പുസ്തകങ്ങള്‍ ഉണ്ട്, വായിക്കുക. എന്നിട്ട് സ്വയം ചിന്തിക്കുക - ഞാന്‍ എന്തിന് ഈ ഭൂമിയില്‍ പിറന്നു? എന്തിനായിരിക്കും? എന്നൊക്കെ.ഈയുള്ളവന്‍റെ ആശംസകള്‍.
ചിന്തകന്‍ പറഞ്ഞു...
പ്രിയ ശ്രീ ആഗ്രഹമുണ്ടായിരുന്നു .അത്രക്കങ്ങട് ധൈര്യം പോരാത്തതു കൊണ്ടു തല്‍ക്കാലം ഒരു പുലിയാവണ്ട മനുഷ്യനായിതന്നെങ്ങട് ജീവിച്ചാല്‍ മതി. വെറുതെ ശരീരം ചീത്തയാക്കണ്ടല്ലോ :-)
ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനുള്ള ആ യോഗം എനിക്കുണ്ടാകുമോ എന്ന് നോക്കാനാണ് ഞാനീ ചര്‍ച്ച താങ്കളുമായി തുടങ്ങിയത്. താങ്കള്‍ പഠിച്ച നല്ലതെന്ന് തോന്നുന്ന പുസ്തങ്ങള്‍ വല്ലതും എനിക്ക് റഫര്‍ ചെയ്യൂ.(മലയാളത്തില്‍ ഉള്ളത് മാത്രം) ഞാനത് വാങ്ങി വായിക്കാന്‍ ശ്രമിക്കാം.
എന്തിനാണ് നാമീ ഭൂമിയില്‍ വന്നത്? ഏങ്ങോട്ടാണ് നാം പോകേണ്ടത് ?, നാം വല്ല ദൌത്യവും നിര്‍വ്വഹിക്കേണ്ടതുണ്ടോ? നമ്മുടെ കര്‍മ്മങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ടോ?....ഇങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട് എന്ന്ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാനും.
എന്റെ പ്രിയ ശ്രീ ഞാന്‍ ആദ്യമെ താങ്കളോട് സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. വേദങ്ങളെ കുറിച്ച് പഠിക്കുക എന്നുള്ളത് എന്റ് ഒരാഗ്രഹമാണ്. അതിലാണല്ലോ ഇത്തരം കാര്യങ്ങളെ കുറിച്ച് സൂചനയുള്ളത്.ഒരു ഭാരതീയനെന്ന നിലക്ക് അതിന് ഞാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല വേദങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്തെന്ന് അറിയേണ്ടതുണ്ടല്ലോ. വേദങ്ങളെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് അത് ഫോളോ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരിലൂടെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് എനിക്ക് തോന്നി.
"വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും" എന്ന ശ്രീനാരായണസ്വാമിയുടെ വാക്കുകള്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്ന ഒരാളാണ് ഞാന്‍.
ഒരു കാര്യത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ എല്ലാ വീക്ഷണകോണുകളിലൂടെയും നാം സമീപിക്കേണ്ടതുണ്ട് എന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു. അതില്‍ ഒരു പക്ഷേ എന്റെ നിലവിലുള്ള നിലപാടുകളില്‍ നിന്നുള്ള വീക്ഷണങ്ങളും കണ്ടേക്കാം. മറ്റുള്ളവരുടെ വീക്ഷണങ്ങളും കണ്ടെക്കാം. എനിക്കൊരു നിലപാടുണ്ട് അത് ഞാന്‍ സാധാരണ വ്യക്തമാക്കാറാളുള്ളതാണ്. അത് എന്തിനാണെന്ന് ചോദിച്ചാല്‍ ആളുകള്‍ക്ക് എന്റെ നിലപാടിനെ ചോദ്യം ചെയ്താല്‍ എനിക്കതിന് ഉത്തരമുണ്ടോ എന്ന് എനിക്കറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഞാനതിന് ബാധ്യസ്ഥനാണെന്ന് ഞാന്‍ മാനസ്സിലാക്കുന്നു. മാത്രമല്ല അത് എന്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും തെറ്റാണെങ്കില്‍ തിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും. താങ്കള്‍ ദൈവത്തെ മനസ്സിലാക്കിയതെങ്ങനെയെന്ന പ്രായോഗിക തലത്തില്‍ നിന്നുള്ള ഒരു ശൈലിയില്‍ നിന്നാണ് ഞാനതാരംഭിച്ചത്. താങ്കള്‍ക്കാവും വിധം താങ്കളത് അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത്. എന്നെ സംബന്ധിച്ചേടത്തോളം അതില്‍ ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഉള്ളതായി തോന്നി. (ഒരു പക്ഷേ എനിക്ക് മനസ്സിലാവത്തതിന്റെ കുഴപ്പമാവാം. അങ്ങിനെയെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക)
അതിനാല്‍ കുറച്ച് കൂടിവ്യക്തതക്ക് വേണ്ടി ഞാന്‍ എന്റ നിലവിലുള്ള ദൈവ സങ്കല്പവും താങ്കള്‍ ഇവിടെ അവതരിപ്പിച്ച ദൈവ സങ്കല്പത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതും നമ്പറിട്ട് കൊണ്ട് ചുവടെ ചേര്‍ക്കാം. അത് രണ്ടില്‍ നിന്നും താങ്കള്‍ യോജിക്കുന്ന നമ്പറുകള്‍ ഏതെന്ന് സെലക്റ്റ് ചെയ്യുക. ഇല്ലാത്തത് വല്ലതും ഉണ്ടെങ്കില്‍ അത് താങ്കള്‍ ചേര്‍ക്കുക. വിയോജിക്കുന്ന പോയന്റുകളുമായി നമുക്ക് ചര്‍ച്ച തുടരുകയും ചെയ്യാം.ഇവിടെ സ്വഭാവികമായും എന്ത് കൊണ്ട് യോജിക്കുന്നു എന്ത് കൊണ്ട് വിയോജിക്കുന്നു എന്നുള്ള ചോദ്യങ്ങളും വരാം. താങ്കള്‍ക്കെന്നെ ചോദ്യം ചെയ്യാനുള്ള പൂര്‍ണം അവകാശം ഉണ്ട്. ഞാന്‍ എന്ത് വിചാരിക്കും എന്ന് കരുതി ഒരു ചോദ്യവും താങ്കള്‍ വിട്ടു കളയേണ്ടതില്ല.(താങ്കളുടെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി മാത്രമേ ഞാന്‍ കാണുകയുള്ളൂ)
നിലവിലുള്ള എന്റെ ദൈവ സങ്കല്പം
--------------------------------------------
- സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
- സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
- ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
- ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
- ദൈവത്തെ പോലെ ദൈവമല്ലാതെ മറ്റൊന്നുമില്ല തന്നെ.
- ദൈവത്തിന് ഒരു പങ്കുകാരുമില്ല.
- രക്ഷാ ശിക്ഷകളുടെ ആത്യന്തികത ദൈവത്തിങ്കല്‍ കുടികൊള്ളുന്നു.
- ആത്യന്തിക നീതി ദൈവത്തിങ്കല്‍ മാത്രമാണ്
- മറ്റെല്ലാകാര്യങ്ങളുടെയും ആത്യന്തികത ദൈവത്തില്‍ മാത്രമാണ്.
- സൃഷ്ടിക്കപ്പെട്ടതൊന്നും ദൈവമല്ല.
- ആത്യന്തികമായ അനുസരണം(കീഴ്വണക്കം) ദൈവത്തോട് മാത്രമുള്ളതാണ്.
- ആരാധന ദൈവത്തോട് മാത്രമേ പാടുള്ളൂ.
- ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്
താങ്കളുടേ ദൈവ സങ്കല്പം എന്ന് ഞാന്‍ മനസ്സിലാക്കിയത്
-----------------------------------------------------------------
- ദൈവം (ഈശ്വരന്‍) നിര്‍ഗുണ നിരാകാരം പരബ്രഹ്മമാണ്.
- ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ്. (ഈ ചൈതന്യമാണ് ദൈവം)
- വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാണോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല.
- നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ് (ദൈവത്തിന് ഒരിക്കലും നാശമില്ല)
- ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.
- ഇശ്വരന്‍ ഒന്നിന്റെയും സൃഷ്ടാവല്ല. അങ്ങിനെ വന്നാല്‍ ഈശ്വരെ ആരുണ്ടാക്കി എന്ന ചോദ്യം വരും.
- മുകളില്‍ പറഞ്ഞഗുണങ്ങളെല്ലാം അവനവനില്‍ തന്നെയുണ്ട്. അങ്ങിനെ അറിഞ്ഞാല്‍ ഞാന്‍ തന്നെയാണ് ദൈവം(അഹം ബ്രഹ്മാസ്മി) എന്ന് ബോധ്യമാവും.
- രൂപമില്ലാത്ത വെള്ളം ശീതികരിച്ച പാത്രത്തില്‍ മഞ്ഞുകട്ടയുടെ രൂപം പ്രാപിക്കുന്നത് പോലെ ഭക്തന്റെ മനസ്സില്‍ ഭക്തി ശൈത്യം മൂലം ദൈവം രൂപം പ്രാപിക്കുന്നു.
- നിര്‍ഗ്ഗുണ(നിരാകാര) പരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
- ഒരോരുത്തരുടേയും ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്.
- ഈശ്വരന്‍റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്‍റെ സമനില നിലനിര്‍ത്താനും തന്‍റെ ദുരിതങ്ങള്‍ തന്നെക്കാള്‍ ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ് അവന്‍റെ ഈശ്വരന്‍. (ഒരോരുത്തരുടെ മനോനില അനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഇശ്വരനെ തേടാം)
- ഈശ്വരനെ ആരാധിച്ചാലും ഇല്ലെങ്കിലുല്‍ ഒരു കുഴപ്പവുമില്ല..