2009, മാർച്ച് 24, ചൊവ്വാഴ്ച

യേശു ദൈവമോ അതോ ദൈവ പുത്രനോ ?

ബൈബിള്‍ വിവരണമനുസരിച്ച്‌ യേശുവിന്റെ മേല്‍ആരോപിക്കപ്പെട്ട കുറ്റം ദൈവമെന്നും ദൈവപുത്രനെന്നും അവകാശപ്പെട്ടതത്രെ. 'നീ അങ്ങനെ അവകാശപ്പെട്ടുവോ' എന്ന്പീലാത്തോസിന്റെ കോടതിയില്‍ ചോദിച്ചപ്പോള്‍ 'എന്ന്‌ നിങ്ങള്‍പറയുന്നു' എന്നായിരുന്നു നിഷേധാര്‍ഥത്തിലും പരിഹാസസ്വരത്തിലുമുള്ള അതിഹ്രസ്വമായ അദ്ദേഹത്തിന്റെ മറുപടി(ലൂക്കാ 22:70; 23:3). അതായത്‌ ഞാന്‍ അങ്ങനെ പറഞ്ഞതായോ പറയുന്നതായോ നിങ്ങള്‍ പറയുന്നു എന്നാണ്‌.ഒന്നു കൂടി വിശദീകരിച്ചാല്‍ അങ്ങനെപറയുന്നത്‌ ഞാനല്ല, നിങ്ങളാണ്‌. ദൈവമെന്നോ ദൈവപുത്രനെന്നോ ഞാന്‍ പറയില്ല.

അത്‌ ശരിവെച്ചുകൊണ്ട്‍്‌ ഖുര്‍ആന്‍പറയുന്നു: "അല്ലാഹു ഒരു മനുഷ്യന്‌ വേദവും വിധിവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട്‌ അദ്ദേഹംജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ വിട്ട്‌ എന്റെ ദാസന്മാരായിരിക്കുവിന്‍ എന്നുപറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊ ണ്ട്‍ിരുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്കളങ്ക ദാസന്മാരായിരിക്കണം (എന്നായിരിക്കും അദ്ദേഹം പറയുന്നത്‌).

മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട്കല്‍പിക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിനു ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്‌ കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്)" (3:79,80). -----
തുടര്‍ന്നിവിടെ വായിക്കുക.


2009, മാർച്ച് 16, തിങ്കളാഴ്‌ച

മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയും

ഡോ. ജമാല്‍ എ. ബദവി

സ്ഥാനമോഹവും അധികാരക്കൊതിയും

ഇനി, സ്ഥാനവും അധികാരവും ഭൗതികയശസ്സും നേടാൻ വേണ്ടിയാണ്‌ മുഹമ്മദ്‌ നബി പ്രവാചകത്വം വാദിച്ചതെന്ന്‌ പറയാമോ? സ്ഥാനത്തിനും അധികാരത്തിനുമുള്ള മോഹത്തോടൊപ്പം സുഭിക്ഷാഹാരം, ആഡംബരവസ്ത്രങ്ങൾ, മണിമന്ദിരങ്ങൾ, അംഗരക്ഷകർ, ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വം തുടങ്ങിയവക്കുള്ള മോഹവും സാധാരണഗതിയിൽ ഉണ്ടായിരിക്കും. മുഹമ്മദ്‌ നബിക്ക്‌ ഇതു വല്ലതും ഉണ്ടായിരുന്നുവോ? താഴെ പറയുന്ന സംഭവങ്ങൾ ഇതിനു മറുപടി പറയും.

പ്രവാചകൻ, അധ്യാപകൻ, ഭരണകർത്താവ്‌, ന്യായാധിപൻ തുടങ്ങി ബഹുമുഖമായ ഉത്തരവാദിത്വങ്ങളാണ്‌ അദ്ദേഹത്തിന്‌ നിർവഹിക്കാനുണ്ടായിരുന്നത്‌. അതിനിടയിലും അദ്ദേഹം ആടിനെ കറക്കുകയും വസ്ത്രങ്ങൾ തുന്നുകയും ചെരിപ്പു നന്നാക്കുകയും ഭാര്യമാരെ വീട്ടുവേലകളിൽ സഹായിക്കുകയും ചെയ്തു. ലാളിത്യത്തിന്റെയും താഴ്മയുടെയും ഒരൽഭുത മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിലത്താണ്‌ കിടന്നിരുന്നത്‌. അകമ്പടിയും പരിചാരകപ്പടയുമില്ലാതെ അങ്ങാടിയിൽ ഇറങ്ങി നടന്നിരുന്നു. ആർക്കും അദ്ദേഹത്തെ തടഞ്ഞുനർത്തി സംസാരിക്കാം. അദ്ദേഹമത്‌ ശ്രദ്ധാപൂർവം കേൾക്കും, വിനയപൂർവം മറുപടി പറയും. പാവപ്പെട്ടവരുടെ ക്ഷണം അദ്ദേഹം നിരസിക്കാറുണ്ടായിരുന്നില്ല. അവർ വിളമ്പിക്കൊടുക്കുന്ന ഏത്‌ ഭക്ഷണവും സംതൃപ്തിയോടെ കഴിക്കും. ഒരിക്കൽ അദ്ദേഹം അനുചരൻമാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ ഒരിടത്ത്‌ താവളമടിച്ചു. ഭക്ഷണം പാകം ചെയ്യാനായി അവർ ജോലികൾ പങ്കുവെക്കാൻ തുടങ്ങി. വിറക്‌ കൊണ്ടുവരുന്ന ജോലി പ്രവാചകൻ സ്വയം ഏടുത്തപ്പോൾ അനുചരൻമാർ സമ്മതിച്ചില്ല. അത്‌ തങ്ങൾ തന്നെ ചെയ്തുകൊള്ളാമെന്ന്‌ അവർ പറഞ്ഞു. അപ്പോൾ പ്രവാചകന്റ മറുപടി ഇതായിരുന്നു. നിങ്ങൾക്കത്‌ ചെയ്യാൻ കഴിയുമെന്ന്‌ എനിക്കറിയാം. പക്ഷേ, നിങ്ങളേക്കാൾ ഉയർന്ന ഒരു പദവി ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊ‍രിക്കൽ ഒരപരിചിതൻ അദ്ദേഹത്തെ സമീപിച്ചു. ബഹുമാനാദരവുകൾ കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു അയാൾ. അത്‌ കണ്ടപ്പോൾ പ്രവാചകൻ, അയാളെ തന്റെ അടുത്തേക്ക്‌ ചേർത്തു നിർത്തി. സ്നേഹപുരസ്സരം അയാളുടെ ചുമലിൽ തട്ടിക്കൊണ്ട്‌ പറഞ്ഞു സഹോദരാ, സമാധാനപ്പെടുക. ഉണക്കറൊട്ടി തിന്നു ശീലിച്ച ഒരു സ്ത്രീയുടെ പുത്രനാകുന്നു ഞാൻ.

അനുചരൻമാർ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവിശ്വസനീയമാംവണ്ണം അവരദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. എന്നിട്ടും അനുസരണവും സമർപ്പണവും അല്ലാഹുവിന്റെ മുമ്പിൽ മാത്രമേ പാടുള്ളു എന്നാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നത്‌. ദൈവത്തിൽ നിന്ന്‌ ലഭിച്ച വെളിപാടുകളെയും മനുഷ്യന്റെ ബുദ്ധിക്ക്‌ വിട്ടുകൊടുത്ത വശങ്ങളെയും അദ്ദേഹം വ്യക്തമായി വേർതിരിച്ചു. ബുദ്ധിക്കു വിട്ടുകൊടുത്ത മേഖലയിൽ മുള്ളവരുമായി കൂടിയാലോചന നടത്തി. അദ്ദേഹത്തിന്റെ ഈ കൂടിയാലോചനാ മനസ്ഥിതി സുവിദിതമാണ്‌. ഖന്തഖ്‌ യുദ്ധത്തിന്‌ തൊട്ടുമുമ്പ്‌; മദീനയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സന്ദർഭം. തത്സംബന്ധമായുള്ള അനുചരൻമാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമെന്തെന്ന്‌ അദ്ദേഹം ആരാഞ്ഞു. ഒടുവിൽ, മദീനക്ക്‌ ചുറ്റും കിടങ്ങു കുഴിക്കുക എന്ന പേർഷ്യക്കരനായ സൽമാന്റെ നിർദ്ദേശമാണ്‌ അദ്ദേഹം സ്വീകരിച്ചതു. കിടങ്ങുകുഴിക്കുന്ന പണിയിൽ മുള്ളവരോടൊപ്പം അദ്ദേഹവും പങ്കെടുത്തു. സമാനമായ മാതൃക ബദർ യുദ്ധവേളയിലും അദ്ദേഹം കാഴ്ചവെക്കുകയുണ്ടായി.


അദ്ദേഹത്തിന്റെ ജീവിതം ലളിതവും വിനയാന്വിതവും പരോപകാരനിഷ്ഠവുമായിരുന്നു എന്നതു ശരിതന്നെ. എന്നാലും പ്രശസ്തിക്കും അധികാരത്തിനും വേണ്ടിയുള്ള ആഗ്രഹം ആദ്യകാലത്ത്‌ അദ്ദഹത്തിൽ ഉണ്ടാവാമല്ലോ എന്നൊരാൾക്ക്‌ ചോദിക്കാവുന്നതാണ്‌. പക്ഷേ, അത്തരമൊരു ആഗ്രഹം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നതായി തെളിയിക്കാൻ വിമർശകർക്ക്‌ ഇന്നോളം സാധിച്ചിട്ടില്ല. പ്രശസ്തനായിത്തീരാനുള്ള ഒരു രഹസ്യമോഹം മുഹമ്മദിന്‌ ഉണ്ടായിരുന്നു എന്ന്‌ സ്ഥാപിച്ചെടുക്കാൻ ദീർഘമായി ഉപന്യസിച്ച എഴുത്തുകാരനാണ്‌ ആൻഡ്രേ. അദ്ദേഹത്തിനുപോലും മുഹമ്മദ്‌ നബി പ്രവാചകനാവാൻ സ്വയം ശ്രമിച്ചിട്ടില്ലെന്ന വസ്തുത അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്ന മുഹമ്മദ്‌ നബി ആദ്യമായി വെളിപാട്‌ ലഭിച്ചവേളയിൽ ഭയന്ന്‌ വിറച്ച്‌ വീട്ടിലേക്ക്‌ ഓടുകയാണ്‌ ചെയ്തത്‌. പ്രശസ്തി ആഗ്രഹിക്കുകയും അതിനായി ആസൂത്രണങ്ങൾ നടത്തുകയും ചെയ്തിരുന്നു എങ്കിൽ തന്റെ ആ ചിരകലാഭിലാഷം സാക്ഷാൽക്കരിക്കപ്പെടുന്ന വേളയിൽ ആഹ്ലാദിക്കുകയും ആനന്ദിക്കുകയുമാണല്ലോ വേണ്ടത്‌. രഹസ്യമോഹത്തെക്കുറിച്ചുള്ള ആൻഡ്രേയുടെ സിദ്ധാന്തവും സമാനമായ മറ്റു സിദ്ധാന്തങ്ങളും പുതിയതല്ല, മുഹമ്മദ്‌ നബിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച്‌ മക്കയിലെ ബഹുദൈവാരാധകർ ആദ്യകാലത്തു നൽകിയ വ്യാഖ്യാനങ്ങളുടെ വകഭേദങ്ങൾ മാത്രമാണവ. പ്രവാചകനും അനുചരൻമാരും കടുത്ത മർദനപീഡനങ്ങങ്ങൾക്കു വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന കാലം. പുതിയ മതത്തിന്റെ വിജയസാധ്യതയെക്കുറിച്ച്‌ ആർക്കും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത്തരമൊരു ഘട്ടത്തിൽ വിലോഭനീയമായൊരു വാഗദാനം പ്രവാചകനു ലഭിച്ചു. ബഹുദൈവാരാധകരുടെ പ്രതിനിധിയായി വന്ന ഉത്ബത്‌ അദ്ദേഹത്തോടു പറഞ്ഞു താങ്കൾ ആഗ്രഹിക്കുന്നത്‌ സമ്പത്താണെങ്കിൽ താങ്കളെ ഞങ്ങൾ ഈ നാട്ടിലെ ഏവും വലിയ സമ്പന്നനാക്കിത്തരാം. നേതൃത്വമാണ്‌ താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ താങ്കളെ ഞങ്ങളുടെ നേതാവാക്കുകയും സകലകാര്യങ്ങളും താങ്കളുടെ അനുമതിയോടുകൂടി മാത്രം തീരുമാനിക്കുകയും ചെയ്തുകൊള്ളാം. രാജാവാകണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്ക​‍ിൽ ഞങ്ങളുടെ രാജാവായി കിരീടമണിയിക്കാം. ഇതൊന്നുമല്ല, താങ്കൾക്ക്‌ വന്നുകിട്ടുന്ന വെളിപാടുകളെ തടുത്തുനിർത്താൻ സാധിക്കാത്തത്താണ്‌ പ്രശ്നമെങ്കിൽ താങ്കളെ ചികിത്സിക്കുന്നതിനുവേണ്ടി എന്തുവേണമെങ്കിലും ഞങ്ങൾ ചെലവഴിച്ചുകൊള്ളാം. പകരം മുഹമ്മദിൽ നിന്ന്‌ ഓരോ കാര്യമാണ്‌ അവർ ആവശ്യപ്പെട്ടത്‌. .. ജനങ്ങളെ ഭിന്നിപ്പിക്കുന്നത്‌ നിർത്തുക. .. സ്വന്തം കാര്യലാഭമാണ്‌ ലക്ഷ്യമാക്കിയിരുന്നതെങ്കിൽ ഈ അഭ്യർഥന അംഗീകരിച്ചു കൊടുക്കാൻ അത്രബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. എന്നാൽ പ്രസ്തുത വാഗ്ദാനം നൽകപ്പെട്ടപ്പോൾ യാതൊരു ചാഞ്ചാട്ടവും അദ്ദേഹത്തിൽ ഉണ്ടായില്ല. കൂടുതൽ മെച്ചപ്പെട്ട വാഗ്ദാനത്തിനുവേണ്ടി വിലപേശുകയുണ്ടായില്ല. അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു ..ഹാമ്മീം, ഏകനും അജയ്യനുമായ ദൈവത്തിങ്കൽ നിന്നുള്ള വെളിപാടാണിത്‌. സൂക്തങ്ങൾ വ്യക്തമായി വിവരിക്കപ്പെട്ട ഗ്രന്ഥം. അറബി ഭാഷയിലുള്ള ഖുർആൻ. അറിവാളർക്കുള്ള സുവാർത്തയും മൂന്നറിയിപ്പും പക്ഷേ, ഇവരിൽ ഒട്ടുമിക്കപേരും അതിനെ അവഗണിച്ചിരിക്കുകയാണ്‌. അവർ കേൾക്കുന്നേയില്ല.


മറ്റൊരിക്കൽ, എന്തെങ്കിലും നീക്കുപോക്കുചെയ്തുകൊടുക്കണമെന്നുള്ള സ്വന്തം പിതൃവ്യന്റെ അപേക്ഷക്ക്‌ അദ്ദേഹം ഇപ്രകാരമാണ്‌ മറുപടി നൽകിയത്‌ ..അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആണയിട്ടു പറയുന്നു എന്റെ വലതുകയ്യിൽ സൂര്യനെയും ഇടതുകയ്യിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഞാൻ പിന്തിരിയുകയില്ല. അല്ലാഹു ഈ ദൗത്യത്തെ വിജയിപ്പിക്കുയോ അതിനെ സംരക്ഷിച്ചുകൊണ്ട്‌ ഞാൻ മരിച്ചുവീഴുകയോ ചെയ്യുന്നതുവരെ..

പതിമൂന്ന്‌ വർഷക്കാലം നബിയും അനുചരൻമാരും നാനാവിധ മർദനപീഡനങ്ങൾ സഹിച്ചു. തന്റെ ഇളക്കമില്ലാത്ത നിലപാടു കാരണമായി പലതവണ ജീവൻ നഷ്ടപ്പെടുന്ന അവ്സഥവരെ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്‌. അധികാരമോഹിയും സ്വാർത്ഥതാൽപര്യക്കാരനുമായ ഒരു മനുഷ്യന്റെ സ്വഭാവം ഇതായിരിക്കുമോ? എതിരാളികൾക്ക്‌ മേൽ സമ്പൂർണവിജയം കൈവരിച്ച ശേഷവും എന്തൊരു സഹനവും ത്യഗവുമാണ്‌ അദ്ദേഹത്തിൽ നാം കാണുന്നത്‌ ഇത്തരമൊരു ജീവിതത്തെ എങ്ങനെയാണ്‌ വിശദീകരിക്കേണ്ടത്‌? തന്റെ ഏവും മഹത്തായ വിജയത്തിന്റെ മുഹൂർത്തത്തിൽപോലും അദ്ദേഹം പ്രഖ്യാപിക്കുന്നത്‌, തന്റെ കഴിവുകൊണ്ടല്ല ദൈവത്തിന്റെ സഹായം കൊണ്ടാണ്‌ വിജയം കവന്നത്‌ എന്നത്രെ. ഈ വിനയത്തിനും മാന്യതക്കും എന്ത്‌ പേരാണ്‌ പറയുക.
മനഃപൂർവ്വ വ്യജവാദം
ഇങ്ങനെ, മുഹമ്മദിന്റെ സത്യസന്ധതയെ സംശയിക്കാൻ ന്യായം തേടുന്ന നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും പരാജയപ്പെടുകതന്നെ ചെയ്യും. ഓറിയന്റലിസ്​‍ുകളിലും മിഷനറിമാരിലും പെട്ട ചിലർ തന്നെ ഈ വസ്തുത അംഗീകരിക്കുന്നുണ്ട്‌.എന്നിട്ടും ഇസ്ലാം ദൈവപ്രോക്തമാണെന്ന വസ്തുതയെ നിഷേധിക്കുന്നതിനുവേണ്ടി ..നയതന്ത്രപര..വും ഭാവനാത്മകവും വഞ്ചനാപരം തന്നെയുമായ ശ്രമങ്ങൾ അവർ നടത്തുന്നു എന്നത്‌ വിരോധാഭാസമാണ്‌. ഖുർആൻ മുഹമ്മദിന്റെ മസ്തിഷ്കത്തിൽ നിന്ന്‌ ഉണ്ടായതാണെന്നാണ്‌ അവർക്ക്‌ വരുത്തിത്തീർക്കേണ്ടത്‌. തുടരെത്തുടരെയുള്ള ..ദർശന..ങ്ങൾ; വിഗ്രഹഹപൂജയോടുള്ള മനം മടുപ്പ്‌ ഇവ രണ്ടും കൂടി ചേർന്നപ്പോൾ, താനാണ്‌ ഈ ജനതയുടെ രക്ഷകൻ എന്ന്‌ മുഹമ്മദിന്‌ തോന്നുകയാണുണ്ടായത്‌.. ചിലരുടെ വാദമാണിത്‌ ഇത്തരം വാദങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയുണ്ട്‌. തന്റെ ദൗത്യനിർവഹണത്തിന്റെ 23 വർഷക്കാലവും സ്ഥിരമായും തുടർച്ചയായും അദ്ദേഹം പ്രവാചകത്വവാദം ഉന്നയിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്‌ എന്നതാണത്‌. കാലക്രമത്തിൽ മനസ്സിലുദിച്ചതോ വികസിച്ചു വന്നതോ ആയിരുന്നില്ല അത്‌. മറിച്ച്‌ നാല്പതാമത്തെ വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാത്ത നിലയിൽ വന്നുദിച്ചതായിരുന്നു അത്‌.

ജനങ്ങളെ സഹായിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തിൽ നിന്ന്‌ പൊന്തിവന്നതാണ്‌ പ്രവാചകത്വവാദമെങ്കിൽ തനിക്ക്‌ ദൈവത്തിങ്കൽനിന്നു വെളിപാടു ലഭിക്കുന്നു എന്നുള്ള കള്ളവാദം 23 വർഷക്കാലം തന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരാളെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഇങ്ങനെയുള്ള ഒരാൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളായിരിക്കും. മുഹമ്മദ്‌ സത്യസന്ധനല്ലെന്ന്‌ വസ്തുനിഷ്ഠമായി തെളിയിക്കുക സാധ്യമായിരുന്നില്ല. അങ്ങനെയാണ്‌ അദ്ദേഹം ചുഴലിദീനക്കാരനായിരുന്നു എന്ന വാദം ഉന്നയിക്കപ്പെട്ടത്‌.

മുഹമ്മദ്‌ ആത്മാർഥതയുള്ള ആൾ തന്നെയായിരുന്നു. പക്ഷേ, ചുഴലിദീനക്കാരനായിരുന്നു അദ്ദേഹം. ചുഴലിദീനമുള്ള അവസ്ഥയിൽ അദ്ദേഹം പുലമ്പിയ വാക്കുകളാണ്‌ പിന്നീട്‌ ..ഖുർആൻ.. ആയത്‌... ചെറിയ തോതിലാണെങ്കിലും ഇങ്ങനെ വാദിക്കുന്നവർ ഇന്നുമുണ്ട്‌.

ചുഴലിദീനാവസ്ഥയിൽ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാവും. ബോധപൂർവം സംസാരിക്കാൻ ആ അവസ്ഥയിൽ സാധ്യമല്ല. ആശയകാലുഷ്യമുണ്ടാക്കുന്ന വാക്കുകൾ രോഗി ഉച്ചരിക്കും. രോഗം ഭേദമായ ശേഷം നേരത്തെ സംസാരിച്ചതൊന്നും ഓർമയുണ്ടാവുകയുമില്ല. എന്നാൽ മുഹമ്മദ്‌ നബിയുടെ ജീവിതത്തെക്കുറിച്ച്‌ കിട്ടാവുന്ന രേഖകളൊക്കെ എടുത്ത്‌ പരിശോധിച്ച്​‍്‌ നോക്കുക. ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാനയ ഒരാളായിട്ട്‌ മാത്രമേ അദ്ദേത്തെ നമുക്കു കാണാൻ കഴിയൂ. ഒരിക്കലും ചുഴലിദീനത്തിന്‌ അദ്ദേഹം ഇരയായിട്ടില്ല. ജീവതകാലത്ത്‌ ഒരുപാട്‌ സന്നിഗ്ദ്ധഘട്ടങ്ങളെ അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ ഒരു ഘട്ടത്തിൽ പോലും മാനസികസംഘർഷത്തിന്‌ അടിപ്പെട്ട്‌ അദ്ദേഹം തളർന്നുവീണിട്ടില്ല. ഇതാണോ ചുഴലിദീനം ബാധിച്ച ഒരാളുടെ ലക്ഷണം. ചുഴലിദീനക്കാരാനായിരുന്നു അദ്ദേഹമെങ്കങ്കിൽ മഹാബുദ്ധിമാൻമാരും വിവേകശാലികളുമായിരുന്ന അനുചരൻമാർക്ക്‌ എങ്ങനെ അദ്ദേഹത്തിൽ വിശ്വസിക്കാൻ കഴിഞ്ഞു? ചുഴലി ദീനം ആരോപിക്കുന്ന ഇവർ ഖുർആൻ തുറന്ന്‌ ഒരു വട്ടം വായിച്ചുനോക്കട്ടെ. അത്‌ ചുഴലിദീനത്തിന്റെ ഉൽപന്നമാണോ എന്ന്‌ അപ്പോൾ ബോധ്യമാകും.

ചുരുക്കത്തിൽ മുഹമ്മദ്‌ നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്‌ യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന്‌ വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന്‌ എന്ത്‌ ന്യായമാണുള്ളത്‌. (തുടരും...)

2009, മാർച്ച് 6, വെള്ളിയാഴ്‌ച

മുഹമ്മദ് പ്രവാചകനോ ?

ഡോ. ജമാല്‍ എ. ബദവി
ഇസ് ലാം മത പ്രവാചകനെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എഴുതിയവരില്‍ വിമര്‍ശകരുണ്ട് വിശ്വാസികളുണ്ട്. എന്നാല്‍ എഴുതപ്പെട്ടവയെല്ലാം എഴുത്തുകാരുടെ മുന്‍വിധികള്‍ കലര്‍ന്നിട്ടുള്ളവയത്രെ. വിശ്വാസികള്‍ എഴുതിയവയും വിമര്‍ശകര്‍ എഴുതിയവയും ഇക്കാര്യത്തില്‍ സമമാണ്.

വിശ്വാസിക്ക് മുഹമ്മദ് നബി സത്യ പ്രവാചകനാണ്.ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ദൈവം അവതരിപ്പിച്ച് കൊണ്ടിരുന്ന ദിവ്യബോധന പരമ്പര പൂര്‍ത്തീകരികരിക്കപ്പെട്ടതും അങ്ങനെ അത് മനുഷ്യ രാശിക്ക് ദൈവത്തിന്റെ ശാശ്വത സന്ദേശമായിതീര്‍ന്നതും അദ്ദേഹത്തിലൂടെയാണ്. വിശ്വാസികളുടെ വീക്ഷണത്തില്‍ ഇതെല്ലാം തര്‍ക്കമറ്റ കാര്യങ്ങളാകുന്നു.ഉറച്ച വിശ്വാസം അവര്‍ക്കതിലുണ്ട്.വിമര്‍ശകരെ സംബന്ധിച്ചേടത്തോളമാകട്ടെ ഇസ് ലാം മതം സ്ഥാപിച്ചത് ദൈവമല്ല; മുഹമ്മദാണതിന്റെ സ്ഥാപകന്‍. ഇസ് ലാമിന്റെ അധ്യാപനങ്ങളെല്ലാം ആവിഷ്കരിച്ചത് അദ്ദേഹമാണ്. വിശുദ്ധ ഖുര്‍ ആന്‍ അദ്ദേഹത്തിന്റെ രചനയുമാണ്.

പരസ്പര വിരുദ്ധമായ ഈ രണ്ട് വാദങ്ങളെയും താരതമ്യം ചെയ്ത് സ്വന്തമായൊരു നിഗമനത്തിലെത്തിച്ചേരാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷതയുമുള്ള ഒരന്വേഷകന് എങ്ങനെ സാധിക്കും?

വസ്തുനിഷ്ഠ ഗവേഷണത്തിന്റെ ലളിതമായൊരു നിയമം പാലിച്ചു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. അന്വേഷകന്‍ വൈകാരികത, മുന്‍ വിധി, മുന്‍ധാരണ സ്വയം അകന്നു നില്‍ക്കുക എന്നതാണാ നിയമം.

മുന്‍ വിധികളില്‍ നിന്നും വൈകാരികതളില്‍ നിന്നും പരിപൂര്‍ണമായ വിമുക്തി നേടുക എന്നത് ഒരുപക്ഷേ അസാധ്യമായിരിക്കും. എങ്കിലും പരമാവധി ശ്രമം നടത്താന്‍ സത്യസന്ധനായ ഒരു ഗവേഷകന് സാധിക്കും.
ആവഴിക്കുള്ള എളിയൊരു ശ്രമമാണീ പ്രബന്ധം.

മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങളാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. അവയെ അപഗ്രഥിച്ച് സ്വാഭാവികമായി എത്തിച്ചേരുന്ന നിഗമനമേതോ അത് എടുത്ത് കാട്ടുവാനാണ് ആഗ്രഹിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്യപെടാത്തവിധം അംഗീകരിച്ചു കൊണ്ടല്ല ചര്‍ച്ച ആരംഭിക്കുന്നത്. അതിനെ മുന്‍ ധാരണയോടെ തള്ളികളഞ്ഞു കൊണ്ടുമല്ല. മറിച്ച് യുക്തി സഹമായ ഒരു സമീപനമാണ് ഇതില്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്നത്.

മുഹമ്മദ് നബിയുടേ പ്രവാചകത്വത്തെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയുലുള്ളത് അദ്ദേഹത്തിന്റെ വിമര്‍ശകരാണല്ലോ. അതിനാല്‍, അവരുടെ വിമര്‍ശനങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പരാമര്‍ശിച്ച് കൊണ്ട് ഇത് തുടങ്ങുന്നത് കൂടുതല്‍ ഉചിതമായിരിക്കും.
മാറുന്ന മനോഭാവം
ഈ വിമര്‍ശനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാന്‍ സാധിക്കും.
1. ശത്രുതാ ഘട്ടം: ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മതപരമായ മുന്‍ വിധികളാല്‍ പ്രചോദിതമായവരായിരുന്നു. സത്യ സന്ധമായ അന്വേഷണ ത്വര അവരുടെ സമീപനത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. മുസ് ലീങ്ങള്‍ക്കെതിരില്‍ വെറുപ്പും വിദ്വേഷവും ഇളക്കി വിടാനുദ്ദേശിച്ച് കൊണ്ട് രചിക്കപ്പെട്ടതായിരുന്നു അവരുടെ കൃതികള്‍. വിഷമയമയമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവ വിജയിക്കുകയും അത്, അന്നത്തെ മതപരവും മതേതരവുമായ സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. കുരിശു യുദ്ധങ്ങള്‍ അതിന്റെ സൃഷ്ടിയായിരുന്നു. ഈ വിഭാഗത്തിലുള്ള എഴുത്തുകാര്‍ ഇസ് ലാമിന്റെയും പ്രവാചകന്റെയും മേല്‍ ആരോപിക്കാത്ത ആഭാസത്തരങ്ങളില്ല. ഭ്രാന്തമായ മതദ്വേഷം മൂലം വസ്തു നിഷ്ഠമായ അന്വേഷണത്തിനോ സ്വതന്ത്രാമായ സമീപനത്തിനോ യുക്തി ദീക്ഷക്ക് പോലുമോ യാതൊരിടവും നല്‍കപ്പെട്ടില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു.വളച്ചൊടിക്കല്‍, ദുര്‍വ്യാഖ്യാനം, മുരത്ത നുണപറച്ചില്‍ ഇവയെല്ലാം നിര്‍ബാധം നടത്തപ്പെട്ടു.


2. പ്രഛന്ന ശത്രുതയുടെ ഘട്ടം: ശത്രുതാ ഘട്ടത്തിന്റെ ശക്തി ശയിച്ചപ്പോള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും വേഷപ്രഛന്നവുമായ മറ്റൊരുതരം ശത്രുതക്ക് തുടക്കം കുറിക്കപ്പെട്ടു. ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മുങ്കാമികളെ തീവ്രവാദികളായി മുദ്രകുത്തി. ഇസ് ലാമിനും പ്രവാചകനുമെതിരെ പരസ്യമായും ആഭാസകരമായും ആക്രമണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. എങ്കിലും, വലിയൊരളവോളം, മുങ്കാമികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെയാണിവര്‍ക്കുണ്ടായിരുന്നത്. ജനങ്ങള്‍ കൂടുതല്‍ വിദ്യാ സമ്പന്നരായിട്ടുണ്ടെന്നും അതിനാല്‍ പച്ച നുണകള്‍ പണ്ടത്തെ പോലെ വിലപോകുകയില്ലെന്നും ഇവര്‍ മനസ്സിലാക്കിയിരുന്നു. തദടിസ്ഥാനത്തില്‍ ഇസ് ലാമിനെ തകര്‍ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മറ്റു ആയുധങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അവരുടെ ഈ സമീപന രീതി. മിക്കപ്പോഴും എഴുത്തുകാരുടെ കൊളോണിയല്‍ ബന്ധങ്ങളുമായും മിഷണറി ലക്ഷ്യങ്ങളുമായും അത് ഒത്ത് വന്നതില്‍ അത്ഭുതപെടാനില്ല.

3. ചാഞ്ചല്യത്തിന്റെ ഘട്ടം: താരതമ്യേന സഹിഷ്ണുതാപരവും, എന്നാല്‍ ചഞ്ചലവുമാ‍യ മനോഭാവമാണ് പിന്നീട് പ്രത്യക്ഷപെട്ടാത്. സുശക്തവും പ്രായോഗികവുമായ പ്രത്യയ ശാസ്ത്രമെന്ന മഹത്വം ഇസ് ലാമിന് വക വെച്ചു കൊടുക്കാന്‍ ചില എഴുത്തുകാര്‍ സന്നദ്ധത കാണിച്ചു. ഭവാത്മകവും ധാര്‍മ്മികവുമായ ഗുണങ്ങളുള്ള ഒരു വ്യക്തി എന്ന ബഹുമതി മുഹമ്മദ് നബിക്ക് നല്‍കാനും അവര്‍ സന്നദ്ധരായി. മുഹമ്മദ് നബിയുടെ ആത്മാര്‍ഥതയെയും ആത്മ സമര്‍പണത്തെയും അവര്‍ സമ്മതിച്ചു. മനുഷ്യ രാശിക്ക് ആത്മീയവും ധാര്‍മ്മികവുമായ മേഖലകളില്‍ അദ്ദേഹം ഉണ്ടാ‍ക്കി കൊടുത്ത പങ്കിനെയും അവര്‍ അംഗീകരിച്ചു. എന്നാല്‍ ദൈവത്തില്‍ നിന്ന് വെളിപാട് ലഭിക്കുന്ന യഥാര്‍ഥ പ്രവാചകനായി അവരദ്ദേഹത്തെ അംഗീകരിച്ചില്ല. ഖുര്‍ ആന്‍ ദൈവിക വചനമാണെന്ന് സമ്മതിക്കാനും അവര്‍ തയ്യാറാ‍യിരുന്നില്ല.

ഈ വിഭാഗം എഴുത്തുകാരുടെ ശൈലിയില്‍ അനുഭാവവും മൃദുലതയും പ്രകടമാണ്. പ്രത്യക്ഷത്തില്‍ വസ്തുനിഷ്ഠയുള്ളതായും തോന്നും. പക്ഷേ ഗുരുതരമായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. ഇവര്‍ മുഹമ്മദിന്റെ ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളെയും സത്യസ്ന്ധതയെയും അംഗീകരിക്കുന്നു. അതേ സമയം താന്‍ ദൈവദൂതനാണെന്നും ഖുര്‍ ആന്‍ ദൈവ വചനമാണെന്നുമുള്ള അദ്ദേഹത്തിന്റെ വാ‍ദം അംഗീകരിക്കുന്നുമില്ല. ഈ സമീപനം യുക്തി സഹമാണോ എന്നതാണ് ചോദ്യം. അതാണിവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. അതിന് മുമ്പായി ഇതില്‍ സ്വീകരിച്ച വിശകലന രീതിയെ ഒന്ന് പരിചയപെടുത്തുന്നത് ഉപകാരപ്രദമായിരിക്കും.

ഉദ്ദിഷ്ട സമീപന രീതി
എന്തായിരുന്നു മുഹമ്മദിന്റെ അവകാശവാദമെന്ന് ആദ്യം നിര്‍ണയിക്കുക. എന്നിട്ട് അവകാ‍ശ വാദത്തെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാതെ തന്നെ അതിനെ വിശകലന വിധേയമാക്കുക. അംഗീകരിക്കലും തിരസ്കരിക്കലും വിശദമായ അപഗ്രഥനത്തിനും വിശകലനത്തിനും ശേഷം മാത്രം ആയിരിക്കുക. ഇതാണീ പ്രബന്ധത്തില്‍ സ്വീകരിക്കുന്ന വിശകലന രീതി.മുന്‍ ചൊന്ന ചോദ്യത്തിനു സത്യസന്ധമായ മറുപടി കണ്ടെത്താനുള്ള ഏറ്റവും യുക്തിസഹമായ രീതിയും ഇത് തന്നെയായിരിക്കും.

അവകാശ വാദം
എന്താണ് മുഹമ്മദ് നബിയുടെ വാദമെന്ന് ഖുര്‍ ആനും നബിവചനങ്ങളും ചരിത്ര രേഖകളും അടിക്കടി വ്യക്തമാക്കുന്നുണ്ട്. താന്‍ മനുഷ്യ രാശിക്കാകമാനം ദൈവത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകനാണ്. ഖുര്‍ ആന്‍ തന്റെ രചനയല്ല;ദൈവത്തിന്റെ വചനങ്ങളാണ്; താന്‍ പ്രബോധനം ചെയ്യുന്ന ഇസ് ലാം മനുഷ്യ പ്രചോദിതമല്ല; ദൈവപ്രോക്തമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍.

വിശകലനം
ഈ അവകാശവാദത്തെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് സാധ്യതകള്‍ കാണാന്‍ കഴിയും. ഒന്ന് അത് സത്യമാണ്. രണ്ട് അത് സത്യമല്ല. ഒന്നാമത്തെ സാധ്യത യുക്തികൊണ്ടോ വിശ്വാസം കൊണ്ടോ അവ രണ്ടും കൊണ്ടോ അംഗീകരിക്കപെട്ടു കഴിയുന്നതോടെ മുഹമ്മദിന്റെ പ്രവാചകത്വം എന്ന പ്രശ്നം പരിഹൃതമാവും. എന്നാല്‍ രണ്ടാമത്തെ സാധ്യത നിലനില്‍ക്കണമെങ്കില്‍ അതിനെ വിശകലനം ചെയ്യേണ്ടതുണ്ട്.

രണ്ട് സാധ്യതകള്‍ മാത്രം
മേല്‍ പറഞ്ഞ രണ്ട് സാധ്യതകള്‍ മാത്രമേ മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദത്തിന് ഉള്ളൂ എന്ന വസ്തുത അടിവരയിട്ട് പറയേണ്ടതുണ്ട്. ഒന്നുകില്‍ സത്യം അല്ലെങ്കില്‍ വ്യാജം. വ്യാജ വാദം എന്ന വാക്ക് വിമര്‍ശകരില്‍ അധികപേരും ഉപയോഗിക്കുന്നില്ല എന്ന് വാദിച്ചേക്കാം. മറ്റു പല മഹാന്മാരെയും എന്ന പോലെ ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് അദ്ദേഹത്തെയും അവര്‍ പരാമാര്‍ശിക്കുന്നത്. മഹാനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവെന്നും ചരിത്രത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥത്തിന്റെ കര്‍ത്താവെന്നും അദ്ദേഹത്തെ പറ്റി അവര്‍ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ഇതിനെ അദ്ദേഹം സത്യസന്ധനായിരുന്നില്ല എന്ന ആരോപണമായി കണക്കാക്കാമോ? അഥവാ അവര്‍ മുഹമ്മദ് തിരുമേനിയുടെ മേല്‍ സത്യ സന്ധതയില്ലായ്മ ആരോപിക്കുന്നു എന്ന് പറയാന്‍ ഇത് മതിയോ?

വളച്ച് കെട്ടില്ലാതെ പറയാം. എത്രകണ്ട് മൃദുലമായും നയതന്ത്രപരമായും അനുഭാവ പൂര്‍വ്വമായും പറയുന്നു എന്നതല്ല പ്രശ്നം. ആ പറച്ചില്‍ കൊണ്ട് അനിവാര്യമായും എന്ത് വന്ന്കൂടും എന്നാണ് നോക്കേണ്ടത്. ഖുര്‍ ആന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന് ഒരാ‍ള്‍ പറയുമ്പോള്‍ അത് കൊണ്ട് വന്ന് ചേരുന്നത് ഇസ് ലാം ദൈവ പ്രോക്തമാണ് എന്ന അദ്ദേഹത്തിന്റെ അവകാശ വാദം സത്യ സന്ധമല്ല എന്നാണല്ലോ. അല്ലെങ്കില്‍ അദ്ദേഹം മതിഭ്രമം ബാധിച്ചവനാണ് എന്നയിരിക്കും അതിന്റെ അര്‍ത്ഥം. മുഹമ്മദിന്റെ സ്വഭാവ ശുദ്ധിയും സത്യ സന്ധതയും കൂടി ചോദ്യം ചെയ്യുകയാണിവിടെ. ഇത് മുസ് ലീംകളും അമുസ് ലീംകളുമായ വായനക്കാരെ ഒരുപോലെ വഴിതെറ്റിക്കാന്‍ പോന്നതാണ്. നയതന്ത്രപരമായ ഇത്തരം പ്രസ്താവനകള്‍ കണിശവും വസ്തുനിഷ്ഠവുമായ ഗവേഷണത്തിന് പകരമാവുകയില്ല.

എന്തിന് വ്യാജ വാദം?
ഇത്തരം വിരുദ്ധോക്തി ഒഴിവാ‍ക്കുവാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഗവേഷകന്‍ നേരത്തെ പറഞ്ഞ സാധ്യതകളില്‍ ഒന്ന് സങ്കല്പിക്കുക. അനന്തരം അതിനെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിനുള്ള മുഴുവന്‍ ന്യായങ്ങളും കണ്ടെത്തി സംശോധന ചെയ്യുക. രണ്ട് സാധ്യതകളും പരസ്പര വിരുദ്ധമായതിനാല്‍ ഏത്കൊണ്ടും തുടങ്ങാവുന്നതാണ്. സൌകര്യത്തിന് വേണ്ടി നമുക്ക് വ്യാജവാദത്തിനുള്ള സാധ്യതയെ ആദ്യം പരിഗണിക്കാം.

മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദം വെറും വ്യാജമായിരുന്നു എന്ന് സങ്കല്പിക്കുമ്പോള്‍, ഒന്നുകില്‍ അദ്ദേഹം മനപൂര്‍വ്വം കള്ളവാദം നടത്തിയതാവണം. അല്ലെങ്കില്‍ അത് അറിയാതെ സംഭവിച്ചതാകണം. ഈ രണ്ട് സാധ്യതകളേയും നമുക്ക് പരിശോധിച്ച് നോക്കാം.

മനപൂര്‍വ്വം കള്ളവാദം
ഒരാള്‍ ഒരു കള്ളവാദം കല്പിച്ചു കൂട്ടി ഉന്നയിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. സാമ്പത്തിക നേട്ടം, സ്ഥാന മോഹം, അധികാര ലബ്ധി തുടങ്ങി എന്തെങ്കിലുമൊന്ന്. മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തിന് മുന്നില്‍ ഇങ്ങനെ വല്ലതും ഉണ്ടായിരുന്നോ?

സാമ്പത്തിക നേട്ടം
ചില സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് മുഹമ്മദ് നബി പ്രവാചകത്വം വാദിച്ചത് എന്ന് പറയാമോ? പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അദ്ദേഹത്തിന്റെ സാ‍മ്പത്തിക സ്ഥിതി ഇതിന് മറുപടി പറയും. പ്രവാചക ദൌത്യം ഏറ്റെടുക്കുന്നതിന് മുമ്പ് സാമ്പത്തികമാ‍യ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധനികയും സ്നേഹവതിയുമായിരുന്ന പത്നി ഖദീജ വേണ്ടതെല്ലാം അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു.മിടുക്കനും ആദരണീയനുമായ ഒരു കച്ചവടക്കാരനെന്ന നിലക്ക് നല്ല വരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രവാചക ദൌത്യം ഏറ്റെടുത്ത ശേഷം ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാവുകയാണുണ്ടായത്. എങ്ങനെയാണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ പത്നി ആയിശ വ്യക്തമാക്കുന്നുണ്ട്. അവരുടെ അടുപ്പില്‍ തീ പുകയാത്ത ഒന്നും രണ്ടും മാസങ്ങള്‍ കടന്നു പോകാറുണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ആ ദിവസങ്ങളില്‍ പാലും ഈത്തപ്പഴവുമായിരുന്നു അവരുടെ ഭക്ഷണം. പ്രവാചക ദൌത്യം ഏറ്റെടുത്ത് പതിനെട്ട് വര്‍ഷം പിന്നിടുകയും മുസ് ലീംകളുടെ ആധിപത്യം സ്ഥാപിതമാവുകയും ചെയ്തശേഷവും ജീവിത പ്രയാസങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം പ്രയാസമനുഭവിക്കുന്നത് നാം കാണുന്നു. ഈ ദാരിദ്ര്യം ഒരളവോളം അടിച്ചേല്പിച്ചതായിരുന്നു. മുസ് ലീംകളുടെ പൊതുഖജനാവ് സ്വന്തം കൈകളിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. പ്രവാചകന്റെ വിശ്രമത്തെകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഹഫ്സ പറഞ്ഞു: “ചണം കൊണ്ടുള്ള ഒരു തുണിയിലാണ് അവിടുന്ന് കിടന്നിരുന്നത്. ഞാനത് രണ്ട് മടക്കായി വിരിച്ച് കൊടുക്കും. ഒരിക്കല്‍ തിരുമേനിക്ക് കൂടുതല്‍ സുഖം ലഭിക്കട്ടെ എന്ന് കരുതി ഞാനത് നാലായി മടക്കി വിരിച്ച് കൊടുത്തു. പിറ്റേന്ന് പ്രഭാതത്തില്‍ അവിടുന്ന് ചോദിച്ചു : ഇന്നലെ രാത്രി നീ എനിക്ക് വിരിച്ച് തന്നത് എന്തായിരുന്നു? ഞാന്‍ പറഞ്ഞു: അതേ തുണിതന്നെ. പക്ഷേ ഞാനത് നാലായി മടക്കിയിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : “അത് പഴയ മാതിരി തന്നെ വിരിച്ച് തന്നാല്‍ മതി. മാര്‍ദ്ദവം കൂടിയാല്‍ അത് നിശാ നമസ്കാരത്തിന്(തഹജ്ജുദ്) തടസ്സമാകും.” ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ചെന്ന ഉമര്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഊറക്കിട്ട് പതം വരുത്തിയ മൂന്ന് തോല്‍കഷ്ണവും ഒരു പിടി ബാര്‍ലിയും മാത്രമാണ് കണ്ടത്. “ഞാന്‍ ചുറ്റും കണ്ണോടിച്ച് നോക്കി. മറ്റൊന്നും കാണാന്‍ സാധിച്ചില്ല.ഞാന്‍ വിതുമ്പി പോയി. അത് കണ്ട് എന്തിനാണ് കരയുന്നതെന്ന് പ്രവാചകന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പ്രവാചകരെ അവിടുത്തെ ശരീരത്തില്‍ പായയുടെ അടയാളം പതിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് കരയാതിരിക്കുക. അവിടുത്തെ മുറിയില്‍ ആകെയുള്ള സാധനങ്ങള്‍ എന്തെന്നും ഞാന്‍ കണ്ടു. അല്ലാഹുവുന്റെ പ്രവാചകരെ നമുക്ക് മതിയായ ഭക്ഷണം തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. പേര്‍ഷ്യക്കാരും റോമാക്കാരും വിശ്വാസികളല്ല. അവര്‍ ആരാധിക്കുന്നത് അല്ലാഹുവിനെയല്ല. എന്നിട്ടും അവരുടെ രാജാക്കന്മാരായ കുസ്രുവും സീസറും ഇടയിലൂടെ ആറുകള്‍ ഒഴുകുന്ന ആരാമങ്ങളിലാണ് താമസിക്കുന്നത്.“ നബി തിരുമേനി തലയിണയില്‍ ചാരികിടക്കുകയായിരുന്നു. എന്റെ വാക്കുകള്‍ കേട്ട് എഴുന്നേറ്റിരുന്നു കൊണ്ട് അദ്ദേഹം പറഞ്ഞു. താങ്കള്‍ക്ക് ഈ മതത്തെ പറ്റി ഇപ്പോഴും സന്ദേഹമാണോ? ഇഹലോക സുഖത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പരലോക സുഖം.”

തനിക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ നബി തിരുമേനി എന്താണ് ചെയ്യുന്നതെന്ന് ബിലാല്‍‍ ദീര്‍ഘമാ‍യി വിവരിക്കുന്നുണ്ട്. പിന്നീട് ഉപയോഗിക്കുവാനായി യാതൊന്നും തന്നെ നബി കരുതിവെക്കാറുണ്ടായിരുന്നില്ലെന്ന് ബിലാല്‍ പറയുന്നു. ഉള്ളത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യും. ഒരിക്കല്‍ ചുമട് കയറ്റിയ നാല് ഒട്ടകങ്ങള്‍ നബിക്ക് പാരിതോഷികമായി നല്‍ക്പെട്ടു. പക്ഷേ യാതൊന്നും തന്നെ തിരുമേനി എടുക്കുകയുണ്ടായില്ല. അവ പൂര്‍ണമയും പാവം പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷമല്ലാതെ വീട്ടിലേക്ക് മടങ്ങുകയില്ല എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഹത്തായ ഒട്ടേറെ വിജയങ്ങളും നേട്ടങ്ങളും കൈവരിച്ച ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എന്നിട്ടും അദ്ദേഹം കടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പരിച മദീനയിലെ ഒരു ജൂതന്റെ പക്കല്‍ പണയത്തിലും.

പ്രവാചകത്വവാദം അദ്ദേഹം ഉന്നയിച്ചത് സാമ്പത്തിക നേട്ടങ്ങള്‍ കണ്ടു കൊണ്ടായിരുന്നു എന്നാണോ ഇതെല്ലാം വ്യക്തമാക്കുന്നത്? (തുടരും)