2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

മതം യുക്തിവാദം - ഒരു തുറന്ന സംവാദം

സംവാദം ഒരു കലയാണ്. മാത്രമല്ല അത് വിജ്ഞാനത്തിനുള്ള ഒരു നല്ല മാര്‍ഗ്ഗമാവുമാണ്. കുറേ പുസ്തകങ്ങള്‍ വായിച്ചാല്‍ കിട്ടാത്തത്ര അറിവ് ഒരു പക്ഷേ നമുക്ക് ഒരു സംവാദത്തില്‍ നിന്ന് ലഭിച്ചെന്നിരിക്കും. പങ്കെടുക്കുന്നവര്‍വര്‍ക്കും അത് വീക്ഷിക്കുന്നവര്‍ക്കും ഒരു പോലെ ജ്ഞാനം ആര്‍ജ്ജിക്കാനും, അതു മുഖേന തങ്ങളുടെ ചിന്തകളെ പരിപോഷിപിക്കാനും, യുക്തിക്ക് തെളിച്ചം നല്‍കുന്നതുമായിരിക്കും ആരോഗ്യകരമായ എതൊരു സംവാദവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആശയങ്ങള്‍ പ്രചരിപ്പിക്കപെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗവും സംവാദം തന്നെയാണ്. നമ്മെ വരിഞ്ഞു മുറുക്കിയ സങ്കുചിതവും തെറ്റായയതുമായ ചിന്തകളില്‍ നിന്നും തെറ്റിദ്ധാരണകളില്‍ന്നും മനസ്സിനെ സ്വതന്ത്രമാക്കിയെടുക്കാനും അത് വഴി നമ്മളുടേതായ ഒരു യുക്തി വിഷയകമായി രൂപപെടുത്തിയെടുക്കാനും ഇത് നമ്മെ സാഹായിക്കുന്നു. ഒരു കാര്യത്തെ നാം പഠിക്കുമ്പോള്‍ അല്ലെങ്കില്‍ വിമര്‍ശന വിധേയമാക്കേണ്ടതുണ്ടാവുമ്പോള്‍, ആ കാര്യത്തില്‍ ആധികാരികമായുള്ള ഉറവിടങ്ങളില്‍ നിന്ന് നാം അതിനെ മനസ്സിലാക്കിയെടുക്കുന്നതായിരിക്കും ഉചിതം. അതിന് ശേഷം വിമര്‍ശന പഠനങ്ങളില്‍ നിന്നും. ആദ്യം തന്നെ നാം വിമര്‍ശനത്തെയാണ് സമീപിക്കുന്നതെങ്കില്‍ നമ്മുടെ അക്കാര്യത്തിലുള്ള അറിവും ആധികാരികമായിരിക്കുകയില്ല. കാരണം വിമര്‍ശനം പഠനം നടത്തിയ ആളുടെ യുക്തിയും ആദര്‍ശവും വിമര്‍ശനത്തില്‍ പ്രതിഫലിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തികച്ചും സ്വതന്ത്രമായ ഒരു വിമര്‍ശനം എന്നൊന്നുണ്ടായിക്കൊള്ളണമെന്നില്ല.

രണ്ട് ആദര്‍ശങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഒരു പക്ഷേ അത് വീഷിക്കുന്നവര്‍ ആയിരിക്കും. ആ‍ധികാരമായ അറിവുള്ളവരാണ് സംവാദത്തില്‍ പങ്കെടുക്കുന്നവരെങ്കില്‍ തീര്‍ച്ചയായും അത് വിജഞാന പ്രദവുമായിരിക്കും.

എന്റെ അഭിപ്രായത്തില്‍ ബ്ലോഗ് ഏറ്റവും നല്ല സംവാദ വേദിയാണ്. നമ്മുടെ ചിന്തകളെ തികച്ചും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നതും, മറുപക്ഷത്തിന്റെ ആശയത്തില്‍ തന്റെ നിലപാട് വേണ്ടത്ര റഫര്‍ ചെയ്ത് അവതരിപ്പിക്കാനുള്ള സമയം ഇരുഭാഗത്തിനും ലഭ്യമാണെന്ന് എന്നതും ബ്ലോഗു സംവാദങ്ങളുടെ മാറ്റു കൂട്ടുന്നു. എതിര്‍ സംവാദകന്റെ ആശയങ്ങളോട് വളരെയധികം മുന്‍ വിധികളോടെയും അതു മൂലമുണ്ടാകുന്ന അസഹിഷ്ണതയുടെയും ഫലമായി, നേരിട്ട് തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ശേഷിയില്ലാത്ത ചില നപുംസകങ്ങള്‍ അനോണികളായി വന്ന് ഇത്തരം ചര്‍ച്ചകളെ അലങ്കോലപെടുത്താന്‍ ശ്രമിക്കുന്നു എന്നത് ബ്ലോഗ് സംവാദങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏറ്റവും വലിയ പ്രശ്നമാണ്. ബ്ലോഗിന്റെ മോഡറേറ്റര്‍ വിചാരിച്ചാല്‍ ഇത്തരക്കാരെ ഫലപ്രദമായി നേരിടാന്‍ കഴിയും.

കാര്യമായി ഒരു സംവാദത്തില്‍ പങ്കെടുക്കുന്ന ഏതൊരാളും അയാളുടെ ഐഡന്റിറ്റി സ്വയം വെളുപ്പെടുത്താന്‍ തയ്യാറകാണം. ഒരു കാര്യത്തില്‍ നിലവില്‍ ഒരു നിലപാടുള്ളവരുമായി മാത്രമേ ഒരു സംവാദം സാധ്യമാകുകയുള്ളൂ.

മതവും യുക്തിവാദവും തമ്മിലുള്ള സംവാദങ്ങളാണ് ഇന്ന് ബ്ലോഗില്‍ നാം ഏറ്റവും കൂടുതല്‍ കാണപെടുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്നാണ് ഞങ്ങള്‍ കാര്യങ്ങളെ മനസ്സിലാക്കുന്നതെന്ന്‌ യുക്തിവാദികള്‍ അവകാശപെടുന്നു. വിജ്ഞാന ത്തിന്‍് ശാസ്ത്രത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നും ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തും വിജ്ഞാന മാര്‍ഗങ്ങളുണ്ടെന്നും, ശാസ്ത്രജ്ഞാനത്തെ പോലെ അത് തെറ്റാനുള്ള സാധ്യത ഇല്ലെന്നും മതവിശ്വാസികള്‍ കരുതുന്നു. അതെന്തായാലും രണ്ട് കൂട്ടരും അവര്‍ക്കുള്ള വാതങ്ങള്‍ നിരത്തട്ടെ.

നമ്മളില്‍ പലരും യുക്തിവാദികളോ മതവിശ്വാസികളോ ആണ്. ചിലപ്പോള്‍ രണ്ടിന്റെയും നടുക്ക് കിടന്നാടുന്നവരും ഇതിലൊന്നും താത്പര്യമില്ലാത്തവരും കാണും. ഏതായാലും ഒരു നല്ല സംവാദം വഴി, നമ്മുടെ പലധാരണകളെയും തിരുത്താനും അത് മുഖേന ആളുകളുമായി കൂടുതല്‍ അടുക്കാനും അടഞ്ഞുകിടക്കുന്ന മനസ്സുകളെ തുറപ്പിക്കാനും ഒരു പക്ഷേ സാധിച്ചേക്കും.

അത്കൊണ്ട് ഞാന്‍ താങ്കളെ അത് പോലൊരു സംവാദത്തിലേക്ക് ക്ഷണിക്കുകയാണ്. സംവാദം നയിക്കുന്നത് യുവ സംവാദകനും സാമൂഹ്യപ്രവര്‍ത്തകനും വാഗ്മിയുമായ ടി പി മുഹമ്മദ് ശമീം പാപിനിശ്ശേരിയാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഇവിടെയുണ്ട്. സാംവാദം നടക്കുന്ന ബ്ലോഗിന്റെ ലിങ്ക് ഇവിടെ ==> മതം യുക്തിവാദം -ഒരു സംവാദം

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്

തടിയന്റെവിട നസീര്‍ എവിടെനിന്നാണ് പുറപ്പെടുന്നത്


കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (അല്‍ഹജ് 38).

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.......

ടി.മുഹമ്മദ് വേളം എഴുതിയ ഈ ലേഖനത്തിന്റെ തുടര്‍ച്ച അദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിക്കുക.....